Jump to content

അമീഥിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമീഥിസ്റ്റ്
ഒരു കൂട്ടം അമീഥിസ്റ്റ് ദക്ഷിണാഫ്രിക്കയിൽ.
General
CategoryMineral variety
Formula
(repeating unit)
Silica (silicon dioxide, SiO2)
Identification
നിറംPurple, violet
Crystal habit6-sided prism ending in 6-sided pyramid (typical)
Crystal systemrhombohedral class 32
TwinningDauphine law, Brazil law, and Japan law
CleavageNone
FractureConchoidal
മോസ് സ്കെയിൽ കാഠിന്യം7–lower in impure varieties
LusterVitreous/glossy
StreakWhite
DiaphaneityTransparent to translucent
Specific gravity2.65 constant; variable in impure varieties
Optical propertiesUniaxial (+)
അപവർത്തനാങ്കംnω = 1.543–1.553 nε = 1.552–1.554
Birefringence+0.009 (B-G interval)
PleochroismNone
Melting point1650±75 °C
Solubilityinsoluble in common solvents
Other characteristicsPiezoelectric

ക്വാർട്ട്സിന്റെ (Quartz) ഒരു ഉപഗണമാണ് അമീഥിസ്റ്റ്. സാമാന്യം വിലപിടിപ്പുള്ള ഈ ധാതു ബി.സി. 4-ം ശതകത്തിനു മുൻപു തന്നെ പരക്കെ അറിയപ്പെട്ടിരുന്നു. യവനദാർശനികനായ തിയോഫ്രസ്റ്റസിന്റെ (ബി.സി. 372-288) കല്ലുകളെപ്പറ്റി (On Stones) എന്ന ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ചുള്ള പരാമർശം ഉണ്ട്. സാധാരണയായി വളരെ ചെറിയ പരലുകളായിട്ടാണ് ഇതു കണ്ടുവരാറുള്ളതെങ്കിലും 15 സെ.മീ. വരെ നീളമുള്ളവ ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്. താഴ്ന്ന താപമർദനിലകളിലാണ് ഈ ധാതു ഉണ്ടാകുന്നത്. പ്രധാനമായും ഇവ അല്പസിലിക ആഗ്നേയശിലാ (basic igneous rock) സുഷിരങ്ങളിൽ അഗേറ്റിനോടും (agate) സിയോലൈറ്റിനോടും (Zeolite) ചേർന്നു കണ്ടുവരുന്നു. ബ്രസീൽ, മെക്സിക്കോ, കാനഡ, യു.എസ്സ്., ജർമനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സമ്പന്ന നിക്ഷേപങ്ങളുള്ളത്. ഇന്ത്യയിൽ നാഗ്പൂർ‍, ഛിന്ദ്വാഡ, പൂനെ എന്നിവിടങ്ങളിൽ ജിയോഡ് (geode) ആയി ഇവ കാണപ്പെടുന്നു. വളരെ പ്രധാനപ്പെട്ട ചില അമീഥിസ്റ്റ് ക്രിസ്റ്റലുകൾ ഇന്ത്യയിൽനിന്നും ഖനനം ചെയ്യപ്പെട്ടവയാണ്. ആഭരണങ്ങൾ ഉണ്ടാക്കുവാൻ ഇവ ഉപയോഗിച്ചുവരുന്നു.

ഈ ധാതുവിന്റെ നീലലോഹിത (purple) നിറം ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ടാണെന്നും, ഹൈഡ്രോകാർബൺ, ടൈറ്റാനിയം, മാങ്ഗനീസ് എന്നിവയുടെ സങ്കലനം കൊണ്ടാണെന്നും അഭിപ്രായങ്ങളുണ്ട്. ഇവയിൽ ആദ്യം പറഞ്ഞതിനാണ് മുൻതൂക്കമുള്ളത്. നിറം സാധാരണയായി ഒന്നുപോലെയല്ല. ക്രിസ്റ്റൽ ഭാഗങ്ങൾ നിറം കുറഞ്ഞും കൂടിയുമിരിക്കും. ക്രിസ്റ്റൽ മുഖങ്ങൾക്കു സമാന്തരമായ അട്ടികളായിട്ടാണ് ഇതിന്റെ ഘടന. ക്രിസ്റ്റലുകളുടെ അഗ്രഭാഗം സാധാരണ കുറ്റമറ്റതും ഏകദേശം ഒരേ നിറമുള്ളതുമായിരിക്കും. വളരെ ലളിതമായ ക്രിസ്റ്റൽ രൂപമാണ് ഇവയ്ക്കുള്ളത്. ബ്രസീൽ നിയമത്തിലുള്ള (Brazil law) പുനരാവൃത്തയമളങ്ങളായി (repeated twins) കാണപ്പെടുന്നു. ഓരോ യമളപടലികയും (lamella) ദക്ഷിണവർത്തിയും വാമവർത്തിയുമാണ്. അമീഥിസ്റ്റിലെ പ്രധാനഘടകം സിലിക (SiO2) ആണ്. അല്പമായി ഇരുമ്പിന്റെ അംശം (Fe2O3) അടങ്ങിയിട്ടുണ്ട്. നിറം കൂടുന്നതനുസരിച്ച് ഇരുമ്പിന്റെ അംശവും കൂടിയിരിക്കും.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമീഥിസ്റ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.