കരിമ്പന
കരിമ്പന Borassus flabellifer Asian palmyra palm, Sugar palm | |
---|---|
Borassus flabellifer | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. flabellifer
|
Binomial name | |
Borassus flabellifer L.
| |
Synonyms | |
|
ദക്ഷിണേഷ്യയിൽ ധാരാളമായി കാണപ്പെടുന്ന ഒറ്റത്തടിവൃക്ഷമാണ് കരിമ്പന. ശാസ്ത്രീയനാമം Borassus flabellifer [1]. ഇത് പനവർഗത്തിൽ പെടുന്നു. ഇതിന്റെ തടിക്ക് സാമാന്യേന കറുപ്പുനിറമാണ്. നല്ല ഉയരത്തിൽ വളരാറുണ്ട്. ഇതിന്റെ ഇലകളെ പട്ടകൾ എന്നാണ് പറയുന്നത്. കരിമ്പനപ്പട്ടകൾ പുര മേയാൻ ധാരാളമായി ഉപയോഗിക്കുന്നു. ഈ പട്ടകൾ വെട്ടിയെടുത്ത് അവയിലെ ഈർക്കിലുകൾ മാറ്റിയെടുക്കുമ്പോൾ കിട്ടുന്ന ഓലകളാണ് പണ്ടുകാലത്ത് എഴുതാൻ ഉപയോഗിച്ചിരുന്നത്. രണ്ടര- മൂന്ന് സെ.മീ. വീതിയിലും മുപ്പത് സെ.മീ. വരെ നീളത്തിലും ഇവ അരികുകൾ വൃത്തിയാക്കി വെട്ടി എടുത്ത് താളുകളായി അടുക്കിക്കെട്ടി ഉപയോഗിച്ചിരുന്നു. ഇവയിൽ എഴുത്താണികൊണ്ട് എഴുതപ്പെട്ടിരുന്ന ഗ്രന്ഥങ്ങളെ താളിയോലഗ്രന്ഥങ്ങളെന്ന് പറഞ്ഞുവരുന്നു.
ഒരു മീറ്ററോളം നീളമുള്ള തണ്ടിന്റെ അറ്റത്താണ് പട്ടകൾ വിശറി പോലെ വിരിഞ്ഞുനില്ക്കുക. തണ്ടുകളുടെ ഉൾഭാഗത്ത് രണ്ട് വശങ്ങളിലും നിരയായി മുള്ളുകൾ ഉണ്ടായിരിക്കും. ഈ തണ്ടിന്റെ പുറത്തെ തൊലിഭാഗം നല്ല ബലമുള്ള നാരുകളുടെ ഒരു തലമാണ്. ഇതിനെ പാന്തകം എന്നു വിളിക്കുന്നു. ഇത് പൊളിച്ചെടുത്ത് വൃത്തിയാക്കി പിരിച്ചെടുത്ത് വളരെയേറെ ബലമാവശ്യമുള്ള കയറുകൾ പോലും ഉണ്ടാക്കാറുണ്ട്. പാന്തകക്കയറുകൾക്ക് ഈർപ്പത്തേയും ജൈവപ്രവർത്തനങ്ങളേയും പ്രതിരോധിക്കാൻ സാമാന്യമായ കഴിവുണ്ട്. ഇവ തന്നെയാണ് പുര മേയുമ്പോൾ പട്ടകൾ കെട്ടിയുറപ്പിക്കാനുള്ള നാരുകളായും ഉപയോഗിക്കുന്നത്.
കരിമ്പനകളിൽ ആൺപനകളും പെൺപനകളും വെവ്വേറെ ഉണ്ട്. .കേരളത്തിലും തമിഴ് നാട്ടിലും കരിമ്പനകൾ ചെത്തി കള്ളുണ്ടാക്കാറുണ്ട്. ആൺപനകളാണ് സാധാരണയായി ചെത്തുപനകളായി ഉപയോഗിക്കപ്പെടുന്നത്. കരിമ്പനക്കള്ളിൽ നിന്നാണ് പനഞ്ചക്കര (palm jaggery) ഉണ്ടാക്കുന്നത്.
പനനൊങ്ക്
[തിരുത്തുക]കരിമ്പനയുടെ കായാണ് പനനൊങ്ക്. ഇളനീർ പ്രായത്തിൽ ഇത് ഒരു നല്ല ദാഹശമനിയും പോഷകാഹാരവുമായി ഉപയോഗിക്കുന്നു. പനനൊങ്കുകൾ മണ്ണിൽ വീണ് മുളച്ച് ഇല വിരിയുന്നതിന്നു മുൻപേ അവ മണ്ണിനടിയിൽ നിന്നു പിഴുതെടുക്കുമ്പോൾ കിട്ടുന്ന പനംകൂമ്പും ഒരു നല്ല ആഹാരമാണ്. മൂത്തുപഴുത്ത നൊങ്കുകൾ താഴെ വീഴുമ്പൊൾ അവ ശേഖരിച്ച് മണ്ണടരുകൾ ഇടചേർത്തടുക്കി മുളപ്പിച്ചെടുത്ത് ധാരാളം പനംകൂമ്പുകൾ വ്യാപാരടിസ്ഥാനത്തിൽ ഉണ്ടാക്കിയെടുക്കാറുണ്ട്.
പ്രായം ചെന്ന കരിമ്പനയുടെ തടി പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ഇതിന്റെ പറം പാളികളിൽ നല്ല ബലമുള്ള ആരുകൾ തടിയുടെ നീളത്തിന്റെ ദിശയിൽ ഉണ്ടായിരിക്കും.പുരപ്പണിയിൽ ഇതുകൊണ്ട് കഴുക്കോലുകളാണ് ഉണ്ടാക്കാറുള്ളത്. പത്ത്-പന്ത്രണ്ട് ഇഞ്ചു വീതിയിൽ എട്ടോ പത്തോ അടി നീളമുള്ള പാളികളാക്കി എടുത്ത് കമഴ്ത്തിയിട്ട് ഇവ മുൻ കാലങ്ങളിൽ കാലിത്തൊഴുത്തുകളുടെ നിലം ബലപ്പെടുത്താൻ ഉപയോഗിച്ചിരുന്നു. പനനൊങ്കിനെ ഇളന്നൻ എന്നും പറയാറുണ്ട്.
ഐതിഹ്യം
[തിരുത്തുക]വളരെ അടുത്തടുത്ത് തിങ്ങിനിൽക്കുന്ന ഇതിന്റെ പട്ടകൾ കാറ്റിൽ തമ്മിലുരഞ്ഞ് ഏകാന്തതകളിൽ ഭയം ജനിപ്പിക്കുന്ന സ്വരം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടാകാം കേരളത്തിലെ മിത്തുകളിൽ കരിമ്പനകൾ യക്ഷികളുടെ ആവസസ്ഥാനങ്ങളാണ്. രാത്രികളിൽ ഒറ്റക്കു നടന്നുപോകുന്നവരെ സുന്ദരീവേഷം കെട്ടി മുറുക്കാൻ തരുമോ എന്നു ചോദിച്ച് വഴി തെറ്റിച്ച് പിടികൂടി അവർ കൊണ്ടൂപോകാറുള്ളത് ഒറ്റപ്പനകളുടെ മുകളിലേക്കാണത്രെ. പിറ്റേന്നു രാവിലെ എല്ലും മുടിയും നഖങ്ങളും പനയുടെ ചുവട്ടിൽ നോക്കിയാൽ കിട്ടുമെന്ന് മുത്തശ്ശിക്കഥകൾ.
കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.flowersofindia.net/catalog/slides/Palmyra%20Palm.html
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.worldagroforestry.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=18139 Archived 2018-04-08 at the Wayback Machine.
ചിത്രശാല
[തിരുത്തുക]-
പാലക്കാട് രാപ്പാടി ഉദ്യാനത്തിലെ കരിമ്പനകൾ
-
കരിമ്പന
-
കരിമ്പനക്കൂട്ടം