Jump to content

ചൈനീസ് കലണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2017 ലെ ചൈനീസ് കലണ്ടർ
ചൈനീസ് കലണ്ടറിന്റെ ഒരു താള്

ജ്യോതിശാസ്ത്രപ്രതിഭാസങ്ങളെ അടിസ്ഥാനമാക്കി ദിവസങ്ങളും മാസങ്ങളും വർഷവും കണക്കാക്കാൻ കഴിയുന്നതും പുരാതന ചൈനക്കാർ ആവിഷ്കരിച്ചതുമായ ചാന്ദ്ര-സൗര കലണ്ടറാണ് ചൈനീസ് കലണ്ടർ (ഔദ്യോഗികമായി ഗ്രാമീണ കലണ്ടർ [農曆; 农历; Nónglì; "കൃഷി കലണ്ടർ"]), അഥവാ പൂർവ്വ കലണ്ടർ (舊曆; 旧历; Jiùlì), പരമ്പരാഗത കലണ്ടർ (老曆; 老历; Lǎolì) അഥവാ ചാന്ദ്രകലണ്ടർ (陰曆; 阴历; Yīnlì; "യിൻ കലണ്ടർ"). ചൈനയുടെ ഔദ്യോഗിക ഗുണനിലവാര സ്ഥാപനമായ ജിബി/ടി യുടെ 2017 മെയ് 12 ലക്കത്തിൽ ഇതിനെ "ചൈനീസ് കലണ്ടറിന്റെ കണക്കുകൂട്ടലും പ്രസിദ്ധീകരണവും" എന്ന് നിർവ്വചിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

ആരംഭകാലത്ത് ചൈനക്കാർ ചാന്ദ്ര കലണ്ടറാണ് ഉപയോഗിച്ചിരുന്നത്. ഋതുക്കളെ ആശ്രയിക്കുന്ന സൗര കലണ്ടർ നടപ്പിലാക്കിയത് യാവോ ചക്രവർത്തിയാണ് (ബി.സി. 2357 കാലത്ത് ).[1] വർഷം തികയ്ക്കുന്നതിനായി ചാന്ദ്രവർഷത്തിലെ 354 ദിവസങ്ങളുടെ കൂടെ 11 അധിദിവസങ്ങൾ കൂടി ചേർത്തു. എ.ഡി. ഏഴാം ശതകത്തിൽ ജസ്യൂട്ട് മിഷനറിമാർ ഈ കലണ്ടർ പരിഷ്കരിച്ചു.[1] ദിവസങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും അർദ്ധരാത്രിയിലാണ്. അമാവാസിദിനത്തിലാണ് മാസാരംഭം. ദക്ഷിണ അയനാന്തം കഴിഞ്ഞ് രണ്ടാമത്തെയോ മൂന്നാമത്തെയോ അമാവാസിയാണ് വർഷാരംഭം. മാസാരംഭവും അവസാനവും കണക്കാക്കുന്നത് സൗര കാലയളവിന് അനുസരിച്ചാണ്.

സൗരകണ്ടറുകൾ

[തിരുത്തുക]
See caption
5 ഘട്ടങ്ങളും 4 കാൽഭാഗങ്ങളുമുള്ള കലണ്ടർ

ക്രി.മു. 771-476 കാലഘട്ടത്തിൽ കിഴക്കൻ ഷൗ രാജവംശത്തിന്റെ വസന്തത്തിന്റെയും ശരത്കാലത്തിന്റെയും ഘട്ടത്തിലാണ് പരമ്പരാഗത ചൈനീസ് കലണ്ടർ വികസിപ്പിച്ചെടുത്തത്. ഷൗ രാജവംശത്തിനു മുൻപ് സൗര കലണ്ടറുകളാണ് ഉപയോഗിച്ചിരുന്നത്.

വു സിങിൽ നിന്ന് ആവിർഭവിച്ച അഞ്ച് ഘട്ട കലണ്ടറായിരുന്നു സൗരോർജ്ജ കലണ്ടറിലെ ഒരു പതിപ്പ്. 365-ദിവസങ്ങളുള്ള ഒരു വർഷത്തെ 73 ദിവസങ്ങളുള്ള അഞ്ച് ഘട്ടങ്ങളായി വിഭജിച്ചിരുന്നു, ഓരോ ഘട്ടവും വു സിങിന്റെ ഒരു ഘടകത്തെ പ്രതിനീധീകരിച്ചു. ഒരോ ഘട്ടവും ആരംഭിക്കുന്നത് ഒരു അധികാര ദിവസത്തോടെയാണ്. തുടർന്ന് 12 ദിവസങ്ങളുള്ള ആറ് ആഴ്ചകൾ. ഓരോ ഘട്ടത്തിലും രണ്ടോ മൂന്നോ ആഴ്ചകൾ ചേർന്ന മാസങ്ങളും ഒരു വർഷത്തിൽ ആകെ 10 മാസങ്ങളും. ജിയാസി ദിനത്തിലാണ് വർഷാരംഭം. തുടർന്ന് 72 ദിവസം നീണ്ടുനില്ക്കുന്ന തടി ഘട്ടം. തടി ഘട്ടത്തിന് ശേഷം ബിംഗ്സി ദിവസവും 72 ദിവസം നീണ്ടു നില്ക്കുന്ന അഗ്നി ഘട്ടവും. തുടർന്ന് വൂസി ദിനവും 72 ദിവസം നീണ്ടു നില്ക്കുന്ന ഭൂമി ഘട്ടവും, ഗെംഗ്സി ദിനവും 72 ദിവസം നീണ്ടു നില്ക്കുന്ന ലോഹ ഘട്ടവും, റെൻസി ദിനവും 72 ദിവസം നീണ്ടു നില്ക്കുന്ന ജല ഘട്ടവും.

സാംസ്കാരിക സ്വാധീനം

[തിരുത്തുക]

ഗ്രിഗോറിയൻ കലണ്ടർ പിന്തുടരുന്നുണ്ടെങ്കിലും ചൈനീസ് പുതുവർഷം, മറ്റു പരമ്പരാഗത അവധി ദിവസങ്ങൾ എന്നിവ കണക്കാക്കുന്നതിന് ചൈനയിലും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹവും ചൈനീസ് കലണ്ടറിനെ ആശ്രയിക്കുന്നു. പരമ്പരാഗത അവധി ദിവസങ്ങൾ, വിവാഹങ്ങൾക്കായുള്ള ശുഭ ദിനങ്ങൾ, വിശേഷ ദിവസങ്ങൾ, ശവസംസ്കാരം, യാത്ര, ശുഭാരംഭങ്ങൾ എന്നിവ കണക്കാക്കുന്നതിന് വ്യാപകമായി ചൈനീസ് ജനത ഈ കലണ്ടറിനെ ആശ്രയിക്കുന്നു.

ചൈനീസ് ലിപി പോലെ തന്നെ, ചൈനീസ് സംസ്കാരത്തിന്റെ സ്വാധീനമുള്ള കൊറിയ, വിയറ്റ്നാം, രുക്യു ദ്വീപുകൾ എന്നിവിടങ്ങളിലും ഈ കലണ്ടറിന്റെ വകഭേദങ്ങൾ ഉപയോഗിക്കുകയും ഇവ ആ പ്രദേശങ്ങളിലെ തനത് കലണ്ടറുകളായി പരിണമിക്കുകയും ചെയ്തുട്ടുണ്ട്. ഭൗമശാസ്ത്രപരമായി ദിവസങ്ങൾക്കുണ്ടാകുന്ന മാറ്റമാണ് പ്രധാന വ്യത്യാസം. പരമ്പരാഗത ജപ്പാൻ കലണ്ടറും ചൈനീസ് കലണ്ടറിൽ നിന്നും രൂപപ്പെട്ടതാണ്. എന്നാൽ ഇതിന്റെ ഉപയോഗം 1873ൽ ഔദ്യോഗികമായി നിരോധിക്കപ്പെട്ടു. മംഗോളിയൻ. ടിബറ്റൻ കലണ്ടറുകളും ചൈനീസ് കലണ്ടറിന്റെ അടിസ്ഥാന വസ്തുതകളെയാണ് ആധാരമാക്കിയിട്ടുള്ളത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ജ്യോതിശാസ്ത്ര വിജ്ഞാനകോശം, പേജ് 176, സംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്