ജിജ്ഞാസ
ജിജ്ഞാസ; വ്യക്തമായി പറഞ്ഞാൽ അറിയാനുള്ള ആഗ്രഹം. ഇംഗ്ലീഷിൽ Curiosity (from Latin cūriōsitās, from cūriōsus "careful, diligent, curious", akin to cura "care") എന്നു പറയും. ഇത് ഒരു ജന്മവാസനയാണു. മനുഷ്യനെ പുരോഗതിയിലേക്കു നയിക്കുന്നതും ഉന്നതിയിലെത്തിക്കുന്നതും ഇതിന്റെ പ്രേരണയാലാണു. അപരിചിതവും നൂതനവുമായ വസ്തുക്കളും, സാഹചര്യങ്ങളും ജിജ്ഞാസയെ ഉണർത്തുന്നു. ഈ വാസനയോടു ബന്ധപ്പെട്ട വികാരം "അത്ഭുത"മാണു.
കുട്ടികളിൽ വളരെ പ്രബലമായി കാണുന്ന ഈ വാസന, തങ്ങളുടെ ചുറ്റുപാടുകളെ മനസ്സിലാക്കാൻ അവരെ സഹായിക്കുന്നു. ഒരു വസ്തുവിനെ തിരിച്ചും മറിച്ചും നോക്കുന്നതും, സാധങ്ങളെ ഉടച്ചു പൊട്ടിക്കുന്നതും, മരങ്ങളിൽ കയറുന്നതും, വെള്ളത്തിൽ നീന്തുന്നതുമെല്ലാം ജ്ഞാനസമ്പാദനതൃഷ്ണയെ തൃപ്തിപ്പെടുത്താനാണു. ശരിയായ ബോധനരീതികൾ സ്വീകരിച്ച് ഈ വാസനയെ ഉണർത്താനും, വളർത്താനും വിദ്യാഭ്യാസരീതികൾക്ക് കഴിയേണ്ടതായുണ്ട്. എങ്കിലേ ഭാവിയിലെ അബ്ദുൾ കലാമുമാരാകാൻ അവർക്ക് കഴിയുകയുള്ളൂ.[1]
ഭൗതിക ജിജ്ഞാസ
[തിരുത്തുക]ജിജ്ഞാസയുടെ വളർച്ചയിലെ ഒന്നാമത്തെ ഘട്ടമാണിത്. ശൈശവത്തിൽ ഇത് പ്രകടമായി കാണാം. ചില വസ്തുക്കൾ കാണുമ്പോൾ എടുക്കുന്നതിനും, അത് എറിഞ്ഞുടക്കുന്നതിനും അവരെ പ്രേരിപ്പിക്കുന്നത് ഈ ജന്മവാസനയാണു. ജ്ഞാനസമ്പാദനത്തിന്നാവശ്യമായ വസ്തുപരിചയം സമ്പാദിക്കാൻ ഇതു കുട്ടികളെ സഹായിക്കുന്നു.
സാമൂഹ്യ ജിജ്ഞാസ
[തിരുത്തുക]അന്യരോടു ചോദിച്ചു കാര്യം മനസ്സിലാക്കാമെന്നു കുട്ടികൾക്കു ബോധ്യം വരുമ്പോൾ ആ വഴിയിൽ കൂടി അറിവു സമ്പാദിക്കാൻ അവർ ഒരുങ്ങുന്നു. ഉത്തരം പറയാൻ വിഷമമേറിയ പല ചോദ്യങ്ങളിലൂടെയും അവർ അറിവു സമ്പാദിച്ചുകൊണ്ടേയിരിക്കും. അതെന്താണു? ഇതെന്താണു? അതെന്തുകൊണ്ടാണു? ഈവക ചോദ്യങ്ങളെ കുട്ടികളിൽ നിന്നും അഭിമുഖീകരിക്കേണ്ട രക്ഷിതാക്കൾ, ക്ഷമാപൂർവ്വം അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടറിഞ്ഞ് അവർക്ക് സംശയനിവൃത്തി തീർത്തു കൊടുക്കേണ്ടതാണു. ഇല്ലെങ്കിൽ അവർ ഉൾവലിഞ്ഞ സ്വഭാവക്കാരാവാനിടയുണ്ട്.
ബുദ്ധിപരമായ ജിജ്ഞാസ
[തിരുത്തുക]കാണുന്ന കാര്യങ്ങൾ അന്യരോടു ചോദിച്ചാൽ മാത്രം സംശയം തീരുകയില്ല, എന്നുവരുമ്പോൾ പരീക്ഷിച്ചറിയണമെന്ന ബോധമുണ്ടാകുന്നു. അതാണു ബുദ്ധിപരമായ ജിജ്ഞാസ. ഇത്തരം ജിജ്ഞാസയിൽ നിന്നാണു ശാസ്ത്രങ്ങളും മറ്റും ഉത്ഭവിച്ചിട്ടുള്ളത്. പ്രായം വർദ്ധിക്കുന്തോറും ക്ഷയിച്ചു പോവാൻ സാദ്ധ്യതയുള്ള ഈ വാസനയെ നേരത്തെതന്നെ ഉണർത്തി നേർവഴിക്കു കുട്ടികളെയും, യുവാക്കളെയും തിരിക്കാൻ കഴിഞ്ഞാൽ അവരിലുള്ള ശാസ്ത്രപ്രതിഭയെ ജ്വലിപ്പിക്കാൻ കഴിഞ്ഞേക്കും.
അവലംബം
[തിരുത്തുക]- ↑ വിശ്വവിജ്ഞാനകോശം-ആറാം വാള്യം