Jump to content

സുക്കോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടാബർനാകിൾസ് ഉത്സവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുക്കോത്ത്
(കൂടാരപ്പെരുന്നാൾ)
Etrog and lulav used on Sukkot
ഔദ്യോഗിക നാമംHebrew: סוכות or סֻכּוֹת
"Booths, Tabernacles"
ആചരിക്കുന്നത്Jews, Hebrews, Israelites and Messianic Jews
പ്രാധാന്യംOne of the three pilgrim festivals
അനുഷ്ഠാനങ്ങൾEating in sukkah, taking the Four Species, hakafot in Synagogue.
അവസാനം21st day of Tishrei (22nd outside of Israel)
തിയ്യതി15 Tishrei, 16 Tishrei, 18 Tishrei, 19 Tishrei, 20 Tishrei, 21 Tishrei, 17 Tishrei
2024-ലെ തിയ്യതിdate missing (please add)

യഹൂദരുടെ മൂന്നു തീർത്ഥാടകപ്പെരുന്നാളുകളിലൊന്നാണ് സുക്കോത്ത്. കൂടാരപ്പെരുന്നാൾ അഥവാ ടാബർനാകിൾസ് ഉത്സവം (Feast of Tabernacle) എന്ന പേരിലും ഈ ആഘോഷം അറിയപ്പെടുന്നു. ടാബർനാകിൾ എന്ന പദത്തിനർഥം താത്കാലിക വാസസ്ഥാനം എന്നാണ്.

ശരത്കാല ആഘോഷം

[തിരുത്തുക]

ഹീബ്രു ഭാഷയിൽ സുക്കോത്ത് (സുക്ക-കുടിൽ) എന്നു പറയുന്നു. യഹൂദരുടെ ഒരു പ്രധാന ശരത്കാല ആഘോഷമായ ടാബർനാകിൾ വിളവെടുപ്പുത്സവം കൂടിയാണ്. യഹൂദകലണ്ടറിലെ ഏഴാമത്തെ മാസമായ തിഷ്റി 15-ന്ആരംഭിക്കുന്ന സുക്കോത്ത് ഏഴു ദിവസം നീണ്ടു നിൽക്കാറുണ്ട്. എട്ടാം ദിവസത്തെ ഉത്സവത്തിന് ഷെമിനി അത്സെരിത് (Shemini Atzeret) എന്നാണ് പേര്. സിംചത്ത്തോറ എന്നറിയപ്പെടുന്ന മറ്റൊരാഘോഷവും എട്ടാം ദിവസം നടത്തിപ്പോരുന്നു. ചില യഹൂദവിഭാഗങ്ങൾ ഒമ്പതാം ദിവസമാണ് സിംചത്ത് തോറ ആഘോഷിക്കാറുള്ളത്. യഹൂദരുടെ മതാചാരപ്രകാരം പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന ആഘോഷങ്ങളാണ് സുക്കോത്ത്, അത്സെരിത്, സിംചത്ത് തോറ എന്നിവ.

രണ്ടു പ്രധാന ചടങ്ങുകൾ

[തിരുത്തുക]

രണ്ടു പ്രധാന ചടങ്ങുകൾ ഉൾപ്പെട്ടതാണ് സുക്കോത്ത് ഉത്സവം. സുക്കാ എന്ന പേരിൽ അറിയപ്പെടുന്ന കുടിലിൽ പാർക്കുക എന്നതാണ് ഇതിന്റെ ആദ്യത്തെ ചടങ്ങ്. ഇതിനായി വീട്ടുമുറ്റത്ത് കുടിലുകൾ നിർമ്മിക്കുന്നു. മൂന്നു ഭിത്തികൾ ഉള്ള ഈ കുടിലിന് മേൽക്കൂര ഉണ്ടായിരിക്കുകയില്ല, വയ്ക്കോൽ കൊണ്ടോ ഇലകൾ കൊണ്ടോ മുകൾഭാഗം മൂടിയിരിക്കും. ഉത്സവനാളുകളിൽ ഈ കുടിലിനുള്ളിലാണ് ആഹാരം പാകം ചെയ്തു കഴിക്കുന്നത്. ഉഷ്ണമേഖലയിൽ യഹൂദർ ഈ കുടിലിനുള്ളിൽ തന്നെ അന്തിയുറങ്ങുകയും ചെയ്യാറുണ്ട്. കുടിലിൽ പാർക്കുന്നതിന്റെ പ്രാധാന്യം ലേവിയർ 23:42, 43-ൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു- ഏഴു ദിവസം നിങ്ങൾ കൂടാരങ്ങളിൽ പാർക്കണം.... ഈജിപ്തു ദേശത്തുനിന്ന് ഇസ്രായേൽ ജനതയെ കൊണ്ടുപോന്നപ്പോൾ, ഞാൻ, അവരെ കൂടാരങ്ങളിൽ പാർപ്പിച്ചിരുന്നു എന്ന് നിങ്ങളുടെ സന്തതി പരമ്പരകൾ ഗ്രഹിക്കാൻ വേണ്ടിയാണ് ഇത്. ഭൗതികസുഖങ്ങളുടെ നശ്വരതയെക്കുറിച്ച് മനുഷ്യനെ ബോധവാനാക്കുവാൻ വേണ്ടിയാണ് കുടിലുകളിൽ പാർക്കണം എന്ന നിർദ്ദേശം നൽകിയിരിക്കുന്നത് എന്ന് മതപണ്ഡിതന്മാർ ഈ ആചാരത്തെ വ്യാഖ്യാനിക്കുന്നു. ബൈബിളിലെ കഥാപാത്രങ്ങൾ സുക്കോത്ത് നാളുകളിൽ കുടിലുകൾ സന്ദർശിക്കുമെന്നൊരു വിശ്വാസം നിലവിലുണ്ട്. തന്മൂലം ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കല്പത്തിൽ സ്വാഗതഗീതങ്ങൾ ആലപിക്കുക പതിവാണ്. ചെറുനാരകം, അരളി, കൊളുന്ത് എന്നീ ചെടികളുടെ ചെറുചില്ലകളും കുരുന്നു പനയോലയും ഉപയോഗിച്ചുള്ളതാണ് സുക്കോത്ത് ഉത്സവത്തിന്റെ രണ്ടാമത്തെ പ്രധാനചടങ്ങ്. ആരാധനായോഗങ്ങളിൽ ഇവ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു. ദുഷ്ടശക്തികളെ അകറ്റി ദൈവത്തിന്റെ സർവാധിപത്യം ഉറപ്പാക്കുവാനാകും എന്ന വിശ്വാസമനുസരിച്ചാണ് ഈ അനുഷ്ഠാനം നിർവഹിക്കുന്നത്. നല്ല വിളവ് കൊയ്തെടുക്കാൻ സാധിക്കുന്നതിന്റെ നന്ദി സൂചകമായാണ് ഈ ചടങ്ങ് നടത്തുന്നത് എന്നും ചിലർ അഭിപ്രായപ്പെടുന്നു.

സിംചത്ത് തോറ ആഘോഷം

[തിരുത്തുക]

എട്ടാം ദിവസമായ 'ഷെമിനി അത്സെരിതി'ൽ മഴയ്ക്കുവേണ്ടി പ്രത്യേകം പ്രാർഥന നടത്തുന്നു. തോറ വായനയുടെ ഒരു വാർഷികചക്രത്തിന്റെ അവസാനവും പുതിയ ചക്രത്തിന്റെ ആരംഭവും കുറിക്കുന്നതാണ് സിംചത്ത് തോറ ആഘോഷം. തോറ വായനയുടെ വാർഷിക ചക്രം അവസാനിപ്പിക്കുന്ന വ്യക്തിയെ തോറയുടെ മണവാളൻ എന്നും പുതിയ ചക്രം ആരംഭിക്കുന്ന വ്യക്തിയെ ഉൽപ്പത്തിയുടെ മണവാളൻ എന്നും പറയുന്നു.

ഇതും കാണുക

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാബർനാകിൾസ് ഉത്സവം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.