ഡയാന
ഒരു റോമൻ ദേവതയാണ് ഡയാന. ഡയാനഎന്ന പദത്തിനു പ്രകാശം ചൊരിയുന്നവൾ എന്നാണ് അർഥം. രാത്രിയിലെ വെളിച്ചത്തെ പ്രതിനിധീകരിക്കുന്ന ഈ ദേവതയെ റോമൻ ഐതിഹ്യങ്ങളിൽ ചന്ദ്രനുമായി സാമ്യപ്പെടുത്തിയിട്ടുണ്ട്. വനങ്ങളിലും തോട്ടങ്ങളിലുമൊക്കെയായിരുന്നു ഡയാനയുടെ ആരാധന ആദ്യകാലത്തു നടന്നത്. ഡയാനയുടെ ദർപ്പണം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രസിദ്ധ ഡയാന ക്ഷേത്രം അരിഷ്യയിലെ നെമി തടാകക്കരയിലുള്ള തോട്ടത്തിലായിരുന്നു. ഏഷ്യാമൈനറിലെ എഫീസസിലുണ്ടായിരുന്ന ഡയാന ക്ഷേത്രം പുരാതനകാലത്തെ ഏഴ് മഹാഭ്ഭുതങ്ങളിൽ ഒന്നായി പരിഗണിക്കപ്പെട്ടു. അൻപത്തിനാല് അടിവീതം ഉയരമുള്ള നൂറ് സ്തംഭങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
അടിമകളുടെ ദിനം
[തിരുത്തുക]ബി. സി 6-ആം നൂറ്റാണ്ടിലാണ് റോം ഡയാന ഉപാസനയുടെ കേന്ദ്രസ്ഥാനമായി മാറിയത്. ഇതിനു മുൻകൈയെടുത്ത ടുളിയസ് രാജാവ് അവന്റിനി (Aventine)ലെ ഡയാനക്ഷേത്രത്തിന്റെ നിർമാതാവുമായി.
ഇറ്റലിയിലാകമാനം ആഗസ്റ്റ് 13-ന് ഡയാനദേവതയുടെ ഉത്സവം ആഘോഷിക്കുന്നു; മാസത്തിലെ ഏറ്റവും പ്രകാശമേറിയ ദിവസം എന്ന സങ്കല്പമാണ് ഇതിന് ആധാരം. സൂര്യൻ അസ്തമിച്ച ഉടൻ തന്നെ പൂർണചന്ദ്രൻ പ്രകാശിച്ചു തുടങ്ങുന്നു എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. അവന്റിനിലെ ആഘോഷങ്ങളിൽ ഈ ദിവസം അടിമകളുടെ ദിനം എന്നാണ് അറിയപ്പെടുന്നത്.
അരിഷ്യയിലെ ക്ഷേത്രത്തിലും നിരവധി ചടങ്ങുകൾ അക്കാലത്ത് നടന്നു. വളരെ പുരാതനകാലം തൊട്ടുതന്നെ സ്ത്രീകൾ റോമിൽ നിന്ന് അരിഷ്യയിലേക്കു പന്തങ്ങൾ കൊണ്ടു പോകുമായിരുന്നു. ദേവിക്കു പ്രകാശം കൊണ്ടുപോയി കൊടുക്കുക എന്നതാണ് സങ്കല്പം. അന്നേദിവസം സ്ത്രീകൾ അവരുടെ തലമുടി കഴുകുന്ന ഒരു ചടങ്ങും ആചരിച്ചുപോന്നു.
ഗ്രീക്കു ദേവത
[തിരുത്തുക]ഡയാനയെ ഗ്രീക്ക് ദൈവങ്ങളുമായി, പ്രത്യേകിച്ച് ആർട്ടമിസ് ഹെർക്കുലീസ് എന്നിവരുമായി ബന്ധപ്പെടുത്തിയിരുന്നു. ഒരു പകർച്ചവ്യാധി തടയുന്നതിനായിട്ടാണ് ഇങ്ങനെ ചെയ്തതെന്നു കരുതപ്പെടുന്നു. അപ്പോളോയുടെ സഹോദരിയായും ഡയാനയെ ചിത്രീകരിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ മാതാവും സംരക്ഷകയുമായിട്ടാണ് ഡയാനയെ കണക്കാക്കിയിരുന്നത്. മനുഷ്യരുടെ ഉർവരതയുമായും ഡയാനയ്ക്ക് ബന്ധമുത്രേ. ദാമ്പത്യ സുഖത്തിനും സന്താനലബ്ധിക്കുമായി സ്ത്രീകൾ ഡയാനയെ ആരാധിച്ചുപോന്നു.
ഈ ദേവിയെ അധികരിച്ചുള്ള പ്രാചീനപൂജാവിധികളിൽ ചില ഗ്രീക്കു ഘടകങ്ങൾ കാണാനാവും. ആർട്ടമിസ് എന്ന പേരിൽ പരാമർശിക്കപ്പെട്ടു വരുന്ന ആർട്ടമിസ് ഗ്രീക്ക് ദേവിയും ഡയാന തന്നെ. ഡയാനയെ ഉപാസിക്കുന്ന പല ആരാധന ക്രമങ്ങളുണ്ടെങ്കിലും ഉപവന ദേവിയായ ഡയാന (Diana Nemorensis-'Diana of the grove') എന്നു വിശേഷിപ്പിച്ചു കൊണ്ടുള്ള പൂജാക്രമമാണ് എറ്റവും പ്രശസ്തം.
വിചിത്ര കഥകൾ
[തിരുത്തുക]ഡയാനയെ ചുറ്റിപ്പറ്റി വിചിത്രവും രസകരവുമായ അനേകം കഥകളും ആചാരങ്ങളും നിലവിലുണ്ടായിരുന്നു. ആൽബൻ മലകളിലെ അരിസിയയിലെ ക്ഷേത്രത്തിലെ പുരോഹിതപദവി സമ്പാദനം പ്രത്യേക പരാമർശം അർഹിക്കുന്നു. ഒരു പ്രത്യേക വൃക്ഷക്കൊമ്പ് ഒടിച്ചെടുത്ത് യജമാനന്റെ സവിധത്തിൽ നിന്ന് ഒളിച്ചോടി വന്ന് ഒരൊറ്റ മല്ലയുദ്ധത്തിൽ നിലവിലുള്ള പുരോഹിതനെ വധിച്ച് വിജയിയാകുന്ന അടിമ ആയിരിക്കും ഇവിടത്തെ പുരോഹിതനാകുക. സർ. ജെ. ഫ്രയ്സറുടെ ഗോൾഡൻ ബൗ (Golden Bough)[1] എന്ന കൃതിയിൽ ഈ സമ്പ്രദായത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആർട്ടമിസ് ദേവിയും ഡയാനദേവിയും ഒരേ ദേവത തന്നെ എന്ന സങ്കല്പത്തിന്റെ ചുവടു പിടിച്ച് ഇവരെ ചാന്ദ്രദേവിയായും ആർട്ടമിസും ഹെക്കറ്റിയും ഒന്നാണെന്ന സങ്കല്പത്തിന്റെ പേരിൽ ഭൂമിദേവിയായും ഡയാനയെ പരാമർശിക്കുകയും പൂജിക്കുകയും ചെയ്യുന്നുണ്ട് . ഡയാനയെ അഭിസംബോധന ചെയ്തുകൊണ്ട് കാത്തുള്ളുസ് (Catullus) രചിച്ച ഒരു കീർത്തനത്തിൽ ഈ ദേവിയുടെ അധികാരത്തേയും ചുമതലകളേയും കുറിച്ചുള്ള വിശദീകരണം കാണാം.
അവലംബം
[തിരുത്തുക]- ↑ http://www.mythencyclopedia.com/Fi-Go/Golden-Bough.html Golden Bough - Myth Encyclopedia - mythology, god, story, tree ...
പുറംകണ്ണികൾ
[തിരുത്തുക]- http://www.mythencyclopedia.com/Cr-Dr/Diana.html
- http://www.theoi.com/Olympios/Artemis.html
- http://www.newworldencyclopedia.org/entry/Diana_%28mythology%29
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയാന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |