Jump to content

തിരുവണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവണ്ണൂർ

തിരുവണ്ണൂർ
11°13′42″N 75°48′13″E / 11.22835°N 75.80365°E / 11.22835; 75.80365
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) കോഴിക്കോട് കോർപ്പറേഷൻ
മേയർ തോട്ടത്തിൽ രവീന്ദ്രൻ
'
'
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673029
+91 495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തിരുവണ്ണൂർ ശൂരൻപട

കോഴിക്കോട് നഗരത്തിലെ ഒരു പ്രദേശമാണ് തിരുവണ്ണൂർ(തിരുവന്നൂർ), Thiruvannur(Thiruvannoor)

നിരുക്തം

[തിരുത്തുക]

തിരു(ഐശ്വര്യം)വന്ന ഊരായിരുന്നതിനാൽ ആദ്യമിത് 'തിരുവന്നൂരെന്നും' പിന്നീട് തിരുവണ്ണൂരെന്നും അറിയപ്പെട്ടു. 'തിരുമുന്നൂർ' തിരുമണ്ണൂർ എന്നീ പേരുകൾ രൂപാന്തരപ്പെട്ടാണ് തിരുവണ്ണൂരായതെന്നും അഭിപ്രായമുണ്ട്.[1]

തിരുവണ്ണൂർ കോവിലകം

[തിരുത്തുക]

കോഴിക്കോട് നഗരം കേന്ദ്രികരിച്ചു ഭരണം നടത്തിയിരുന്ന സാമൂതിരി രാജ വംശത്തിന്റെ ഒരു ശാഖ പുതിയ കോവിലകം എന്ന പേരിൽ തിരുവണ്ണൂരിൽ താമസിക്കുന്നു [2] , [3]

തിരുവണ്ണൂർ ശ്രീ മഹാദേവക്ഷേത്രം

[തിരുത്തുക]

ഇവിടുത്തെ ചോള വാസ്തുശില്പമാതൃകയിലുള്ള ശിവ ക്ഷേത്രത്തിന് ആയിരം വർഷത്തെ പഴക്കം ഉണ്ടെന്ന് കരുതുന്നു സാമൂതിരിക്കു മുൻപ് ഭരിച്ചിരുന്ന ചേരരാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം.മധ്യകാല ചോള ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള സ്തംഭപഞ്ചരാധികളാണ് (സ്‌തംഭതോരണാദികൾ)ചുമരിൽ കൊത്തിവെച്ചിരിക്കുന്നത്.ഗജപൃഷ്ഠാകൃതിയിൽ മുക്കാൽ വട്ടമായ് ശ്രീകോവിൽ രൂപപ്പെടുത്തിയിരിക്കുന്നത് പതിനൊന്നാം നൂറ്റാണ്ടിൽ ക്ഷേത്രം പുതുക്കിപ്പണിഞ്ഞപ്പോഴാണെന്ന് കരുതുന്നു. പരശുരാമൻ ഒരേ ദിവസം മൂന്ന് നേരത്തായ് പ്രതിഷ്ഠിച്ച മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവണ്ണൂർ ശിവ ക്ഷേത്രം.രാവിലെ തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്ക് മണ്ണൂരിലും വൈകിട്ട് തിരൂർ തൃക്കണ്ടിയൂരിലും എന്നാണ് വിശ്വാസം.

തിരുവണ്ണൂർ ലിഖിതം

[തിരുത്തുക]

തിരുവണ്ണൂർ ശിവക്ഷേത്രത്തിൽ നിന്ന് ലഭിച്ച ലിഖിതത്തിൽനിന്ന് കോഴിക്കോട്ടും പരിസരത്തുമുള്ള ജൈനസ്ഥാപനങ്ങളെപ്പറ്റി സൂചന ലഭിക്കുന്നു [4] .പണ്ട് തിരുവണ്ണൂർ ക്ഷേത്രം ഒരു ജൈനവിഹാരമായിരുന്നിരിക്കാൻ സാധ്യതയുണ്ട് എന്ന് തിരുവണ്ണൂർ ലിഖിതത്തിൽനിന്ന് സൂചന ലഭിക്കുന്നു.

തിരുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം

[തിരുത്തുക]

സാമൂതിരി രാജ കുടുംബത്തിലെ തല മുതിർന്ന സ്ത്രീ അമ്പാടി കോവിലകം തമ്പുരാട്ടി എന്ന പേരിലാണ് വിശേഷിപ്പിക്കപെട്ടിരുന്നത്. അവരുടെ മഞ്ചൽ ചുമക്കുവാൻ വേണ്ടി തമിഴ് വംശജരായ പോണ്ടന്മാർ തിരുവണ്ണൂരിൽ താമസിച്ചിരുന്നു. ഇന്ന് തിരുവണ്ണൂർ സുബ്രഹ്മണ്യ കോവിൽ നിൽക്കുന്നിടത്തു അവരുടെ ഇഷ്ട ദേവനായ സുബ്രഹ്മണ്യ സ്വാമിയെ ആരാധിച്ചിരുന്നു.പിന്നീട് അവിടെ ഒരു സുബ്രഹ്മണ്യ കോവിൽ നിർമിച്ചു.

തിരുവണ്ണൂർ ശൂരസംഹാരം (ശൂരൻപട)

[തിരുത്തുക]

തമിഴ് പാരമ്പര്യത്തിലുള്ള ശൂരൻ പോര് എന്നറിയപ്പെടുന്ന ശൂരസംഹാരം തിരുവണ്ണൂരിൽ ശൂരൻപട എന്ന പേരിൽ ആചരിക്കപ്പെട്ടു വരുന്നു [5],[6] , [7] . പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും വലുതായ സ്കന്ദപുരാണത്തിൽ പരാമർശിക്കുന്ന ഇതിവൃത്തമാണ് ഈ ഉത്സവത്തിന് ആധാരം [8]. തിരുവണ്ണൂർ സുബ്രഹ്മണ്യ സ്വാമിയുടെ ശൂരസംഹാരം ജാതി മത ഭേദമന്യേ തിരുവണ്ണൂരുകാർ ഒന്നടങ്കം പങ്കു കൊള്ളുന്ന ഉത്സവം കൂടിയാണിത് [9], [10] , [11].

നരൻ എന്ന മലയാള ചലച്ചിത്രത്തിലെ "ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം" എന്ന ഗാനത്തിലെ "ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോതിരുവന്നൂരിൽ വടിവേലൻ വന്നൂ" എന്നീ വരികളിലൂടെ കേരളത്തിൽ പ്രശസ്തമാണ് തിരുവണ്ണൂർ ശൂരസംഹാരം (ശൂരമ്പട). തിരുവണ്ണൂരിലെ ശൂരംമ്പട കലാകാരൻമാരാണ് പ്രസ്തുത ചിത്രത്തിലെ ഗാനത്തിനായ് തിരുവണ്ണൂർ ശൂരസംഹാരം ഒരുക്കിയതും [12].

തിരുവണ്ണൂർ കോട്ടൺ മിൽ വർക്കേഴ്സ് യൂണിയൻ

[തിരുത്തുക]

കേരളത്തിലെ ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാന ചരിത്രത്തിലെ ആദ്യ അവകാശ സമരങ്ങളിൽ ഒന്നാണ് തിരുവണ്ണൂർ കോട്ടൺ മിൽ സമരം.കോട്ടൺ മിൽ തൊഴിലാളികളെ ഒരു സംഘടിത ശക്തിയാക്കിമാറ്റിയത് കൃഷ്ണപിള്ളയും, എ.കെ. ഗോപാലനും ചെയ്ത കഠിന പരിശ്രമമാണ്. തുടക്കത്തിൽ തൊഴിലാളികൾ ഇവരോട് ശത്രുക്കളോടെന്ന പോലെ പെരുമാറിയിരുന്നു.എന്നാൽ ഇത്തരം കാര്യങ്ങളിലൊന്നും നിരാശരാവാതെ അവർ ഫാക്ടറി മുതലാളിമാർ തൊഴിലാളികളോട് ചെയ്യുന്ന ക്രൂരതയെ വസ്തുതകൾ സഹിതം വിശദീകരിച്ചു. കോട്ടൺ മിൽ വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ സംഘടന തുടങ്ങുകയും ഏതാണ്ട് എഴുപത്തഞ്ചു ശതമാനത്തോളം ആളുകൾ അതിൽ ചേരുകയും ചെയ്തു.

ഫാക്ടറി തൊഴിലാളികളുടെ പ്രവർത്തന സമയം ആഴ്ചയിൽ 54 മണിക്കൂറായി നിജപ്പെടുത്തിക്കൊണ്ട് ഒരു നിയമം നിലവിൽ വന്നു. 1922 ലെ ഇന്ത്യൻ ഫാക്ടറീസ് ആക്ട് പ്രകാരം തൊഴിലാളികളുടെ ജോലി സമയം ആഴ്ചയിൽ അറുപതു മണിക്കൂറും, ഞായറാഴ്ച അവധി ദിവസവുമായിരുന്നു.എന്നാൽ പുതിയ നിയമത്തിൽ ജോലിക്കാരുടെ സമയം കൃത്യമായി പറഞ്ഞിരുന്നില്ല. അതുകൊണ്ട് മുതലാളിമാർ തൊഴിലാളികളെക്കൊണ്ട് അവർക്കു തോന്നുന്ന പോലെ പണിയെടുപ്പിച്ചു. പ്രതിദിനം പത്തുമണിക്കൂർ വീതം അമ്പതു മണിക്കൂറും, ആറാമത്തെ ദിവസം നാലു മണിക്കൂറും പണിയെടുപ്പിച്ച് തൊഴിലാളികൾക്ക് അര ദിവസത്തെ കൂലി നഷ്ടമാക്കി. ജോലി സമയം ദിനം പ്രതി ഒമ്പതു മണിക്കൂറാക്കി നിജപ്പെടുത്താനായി കമ്പനി ഉടമസ്ഥരോട് ആവശ്യപ്പെടാൻ തൊഴിലാളികളുടെ യോഗം തീരുമാനിച്ചു [13] .

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം

[തിരുത്തുക]

1937 ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ടത് തിരുവണ്ണൂരിൽ ആണ്.[14] ഇതിന്റെ ഭാഗമായി തിരുവണ്ണൂരിൽ വെച്ചു നടന്ന ഒരു യോഗത്തിൽ ഇ.എം.എസ്സ്, പി. കൃഷ്ണപിള്ള, കെ. ദാമോദരൻ, എൻ.സി. ശേഖർ എന്നിവരും കേന്ദ്ര കമ്മറ്റിയിൽ നിന്നുള്ള എസ്.വി.ഘാട്ടേയും ചേർത്ത് ഒരു അഞ്ചംഗ കമ്മറ്റി രൂപീകരിക്കുകയുണ്ടായി [15].ആദ്യഘട്ടത്തിൽ കോൺഗ്രസ്സിനകത്തു നിന്നായിരുന്നു ഈ കമ്മ്യൂണിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത് [16]


തിരുവണ്ണൂർ സ്വദേശികളും താമസക്കാരുമായ പ്രശസ്ത വ്യക്തികൾ

[തിരുത്തുക]
  • യു.ഗോപാലമേനോൻ [17]

സ്വാതന്ത്ര സമര സേനാനി. തിരുവണ്ണൂർ ഉള്ളാട്ടിൽ തറവാട്ടിൽ 1883 ജൂലായ് 1-ന് ജനിച്ചു.കോഴിക്കോട്ടെ കേരള വിദ്യാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലും മദ്രാസ് ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.സൂററ്റ് കോൺഗ്രസ്സിന് (1907) ചെന്നൈയിൽ നിന്നും പോയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഗോപാല മേനോനും ഉണ്ടായിരുന്നു.പിൽക്കാലത്തു പ്രശസ്തി നേടിയ സുബ്രഹ്മണ്യ ഭാരതി,അല്ലാടി കൃഷ്ണ സ്വാമി,ടി എം കൃഷ്ണ സ്വാമി അയ്യർ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് അംഗങ്ങൾ.മേനോൻ1908-ൽ കോഴിക്കോട് പ്രാക്ടീസ് ആരംഭിച്ചു.അഭിഭാഷകവൃത്തിയോടൊപ്പം സാമൂഹിക കാര്യങ്ങളിലും പ്രവർത്തിച്ചിരുന്നു.1919-ൽ കേരള ലിറ്റററി സൊസൈറ്റി എന്ന പേരിൽ ഒരു ഗ്രന്ഥശാലാ ആരംഭിച്ചു.അതാണ് പിന്നീട് കോഴിക്കോട് മുനിസിപ്പൽ ഗ്രന്ഥശാലയായി വികസിച്ചത്.1920-ലെ കൊൽക്കത്ത കോൺഗ്രസിലും 1921-ലെ നാഗ്പൂർ കോൺഗ്രസിലും നിസ്സഹകരണ പ്രമേയം പാസ്സാക്കിയതിനെ തുടർന്ന് ഗോപാലമേനോൻ പ്രാക്ടീസ് ഉപേക്ഷിച്ചു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി നീക്കി വച്ചു.1921-ലെ മലബാർ ലഹള കാലത്തു സമാധാനം സ്ഥാപിക്കാനും നിരാധാരാരായി തീർന്ന ആളുകളെ കൂടിയിരുത്തുന്നതിനും ഇദ്ദേഹം പ്രവർത്തിച്ചു. 1921-22- ൽ ഗോപാലമേനോൻ തന്റെ പ്രവർത്തനരംഗം ചെന്നൈയിലേക്ക് മാറ്റി.അവിടെ ടി.പ്രകാശവുമായി ചേർന്ന് സ്വാരാജ്യ എന്നൊരു വാരിക പ്രസിദ്ധികരിക്കാൻ തുടങ്ങി.1930-ൽ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടു.1931-32 ൽ മലബാർ തീണ്ടൽ വിരുദ്ധ സമിതിയുടെ പ്രസിഡണ്ടും 1932-ൽ ഗുരുവായൂർ ക്ഷേത്രപ്രവേശന റഫറണ്ടത്തിന്റെ പ്രവർത്തകനുമായി പ്രവർത്തിച്ചു.സ്വാതന്ത്രത്തിനുശേഷം ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിക്കപ്പെട്ടു.1946-ൽ ഐക്യ കേരള പ്രസ്ഥാനത്തിൽ കെ.കേളപ്പൻ,കെ.പി.കേശവമേനോൻ എന്നിവരോടൊപ്പം പ്രവർത്തിച്ചു. 1952-ൽ രോഗബാധിതനായതിനെ തുടർന്ന് പൊതുകാര്യങ്ങളിൽ നിന്നും ഒഴിഞ്ഞ ഗോപാലമേനോൻ 1964 ജൂൺ 30-ന് 81-ആം വയസ്സിൽ അന്തരിച്ചു.


വിഡീയോ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "കോഴിക്കോട്ടെ സ്ഥലപ്പേരുകളുടെ വേരുകൾ". www.mathrubhumi.com. Archived from the original on 2020-11-30. Retrieved 2018-07-23.
  2. "തിരുവണ്ണൂർ കോവിലകം". www.mathrubhumi.com. Archived from the original on 2020-11-24. Retrieved 2020-05-16.
  3. "തിരുവണ്ണൂർ കോവിലകത്തെ ശ്രീനികേതൻ ബംഗ്ലാവ്‌". www.mathrubhumi.com.[പ്രവർത്തിക്കാത്ത കണ്ണി]
  4. "തിരുവണ്ണൂർ ലിഖിതം ‌". www.keralaculture.org.
  5. "തിരുവണ്ണൂർ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശൂരസംഹാര മഹോൽസവം". thehindusthan.in. Archived from the original on 2020-09-26. Retrieved 2020-05-18.
  6. "തിരുവണ്ണൂർ ശൂരസംഹാരം -1959 ൽ". www.keralaculture.org.
  7. "തിരുവണ്ണൂർ ശൂരസംഹാരം". www.keralaculture.org.
  8. "സ്കന്ദഷഷ്ഠിയിൽ ശൂരൻപോര് തൊഴുത് അനുഗ്രഹം നേടാം-തിരുവണ്ണൂർ ശൂരസംഹാരം". www.manoramaonline.com.
  9. "ശൂരസംഹാരോത്സവം', ഇത് ഒരുമയുടെ ആഘോഷം-ഉത്സവ നഗരം- സുധീഷ്‌ തിരുവണ്ണൂർ". www.mathrubhumi.com. Archived from the original on 2019-12-21. Retrieved 2020-05-19.
  10. "തിരുവണ്ണൂർ ക്ഷേത്രമതിലിൽ ചിത്രങ്ങൾ വരച്ച് ചേർത്ത് ഹഫീഫ; 'ശൂരസംഹാരോത്സവം', ഇത് ഒരുമയുടെ ആഘോഷം‌". www.asianetnews.com.
  11. "തിരുവണ്ണൂർ ക്ഷേത്രമതിലിൽ വർണം ചാർത്തി ഹഫീഫ". www.vanitha.in.
  12. "ശൂരൻപടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം‌". www.manoramaonline.com.
  13. "അവകാശസമരത്തിന്റെ ആദ്യ സൈറൺ". www.mathrubhumi.com.[പ്രവർത്തിക്കാത്ത കണ്ണി]
  14. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - ഇ.എം.എസ് നമ്പൂതിരിപ്പാട് പുറം 19
  15. "കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം" (PDF). cpimkerala.org. Archived from the original (PDF) on 2014-03-26. Retrieved 2018-07-24.
  16. "കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം" (PDF). cpimkerala.org. Archived from the original (PDF) on 2014-03-26. Retrieved 2018-07-24.
  17. 1. സർവവിജ്ഞാനകോശം വാല്യം 10 പേജ്313; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവന്തപുരം.