Jump to content

എട്ടുവീട്ടിൽ പിള്ളമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എട്ടുവീട്ടിൽ പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എട്ടുവീട്ടിൽ പിള്ളമാർ

എട്ടുവീടുകളുടെ പ്രഭുക്കൾ എന്ന് വിശേഷണം ചെയ്യപ്പെട്ടത് കേരളത്തിലെ പഴയ വേണാട്ടിലെ എട്ട് നായർ വീടുകളിൽ നിന്നുള്ള ഒരു കൂട്ടം പ്രഭുക്കന്മാരെ ആയിരുന്നു. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായും എട്ടരയോഗവുമായും ഇവർ ബന്ധപ്പെട്ടിരുന്നു. ഇവർക്കെല്ലാം പിള്ള എന്ന സ്ഥാനപ്പേര് നൽകിയിരുന്നു. കഴക്കൂട്ടത്തു പിള്ള, രാമനാമഠം പിള്ള, ചെമ്പഴന്തി പിള്ള, കുടമൺ പിള്ള, വെങ്ങാനൂർ പിള്ള, മാർത്താണ്ഡമഠം പിള്ള, പള്ളിച്ചൽ പിള്ള, കൊളത്തൂർ പിള്ള എന്നിവരായിരുന്നു എട്ട് വീട്ടിൽ പിള്ളമാർ എന്ന് അറിയപ്പെട്ട അഷ്ടപ്രഭുക്കൾ

[വി നാഗം അയ്യയുടെ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ വാല്യം II പേജ് 311] .മാവേലിക്കരയിലെ വലിയത്തറയിൽ കുടുംബാംഗങ്ങൾ എട്ടു വീട്ടിൽ പിള്ളമാരുടെ വംശ പരമ്പരകൾ ആണ് എന്ന് ചരിത്രം സൂചിപ്പിക്കുന്നു...[1]

ഉത്ഭവം

[തിരുത്തുക]

ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് തിരുവാനന്തപുരത്തു സഭ ആയിരുന്നു. കൂപക്കരപ്പോറ്റി, വഞ്ചിയൂർ അത്തിയറപ്പോറ്റി, കൊല്ലൂർ അത്തിയറപ്പോറ്റി, മുട്ടവിളപ്പോറ്റി, കരുവാ  പോറ്റി, നെയ്തശ്ശേരിപ്പോറ്റി എന്നിവരാണ് സഭാംഗങ്ങൾ. സഭ കൂടുമ്പോൾ ആധ്യക്ഷ്യം വഹിക്കുന്നത് പുഷ്‌പാഞ്‌ജലി സ്വാമിയാരാണ്. ശ്രീകാര്യത്തു പോറ്റിയാണ് സഭാഞ്ജിതൻ അഥവാ സഭയുടെ കാര്യദർശി. സഭയുമായി ബന്ധപ്പെട്ട എട്ടുപേരും വേണാട്ടരചനും ചേർന്നതാണ് എട്ടരയോഗം. സഭയെടുക്കുന്ന തീരുമാനങ്ങൾ അരചൻ അംഗീകരിച്ചാൽ മാത്രമേ അവ നടപ്പിലാകൂ.

ക്ഷേത്രത്തിന്റെ വമ്പിച്ച ഭൂസ്വത്തുക്കളിൽ നിന്ന് പാട്ടം പിരിക്കാൻ എട്ടരയോഗം ഏൽപിച്ച എട്ടു പ്രഭുക്കന്മാരാണ് എട്ടുവീട്ടിൽ പിള്ളമാർ.

പിള്ളമാരും കലാപങ്ങളും

[തിരുത്തുക]

മാർത്താണ്ഡവർമ്മയുടെ കാലത്തിവർ ഉണ്ടാക്കിയ കലാപങ്ങൾക്കാണ്‌ ശരിയായ രേഖകൾ ഉള്ളത്. മാർത്താണ്ഡവർമ്മയുടെ അമ്മാവനായ രാമവർമ്മയുടെ മക്കൾ ആയ പപ്പു തമ്പി, രാമൻ തമ്പി തുടങ്ങിയവരും യോഗക്കാരായ അന്നത്തെ ദേവസ്വം ഭരണാധികാരികളായ യോഗക്കാരിൽ പ്രധാനികളായ മൂത്തേടത്തു പണ്ടാരം , ഏഴും‌പാല പണ്ടാരം, ഏഴും‌പിള്ള പണ്ടാരം എന്നീ ബ്രാഹ്മണന്മാരും ചേർന്നാണ്‌ ഇവർ ഗൂഢാലോചനകൾ നടത്തിയിരുന്നത്. കൂടാതെ സഹായത്തിന്‌ നിരവധി മാടമ്പിമാരും ഉണ്ടായിരുന്നു. രാമ വർമ്മയുടെ മക്കളായിരുന്ന പപ്പുത്തമ്പിയും(വലിയ തമ്പി) അനുജൻ രാമൻതമ്പിയും (കുഞ്ഞു തമ്പിയും) മാർത്താണ്ഡ വർമ്മയുടെ ബദ്ധ ശത്രുക്കളായിരുന്നു. അവർക്ക്‌ മാർത്താണ്ഡ വർമ്മ രാജാവാകുന്നതിലായിരുന്നു എതിർപ്പ്‌. എന്നാൽ 1341 മുതൽക്കേ വേണാട്ടു രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്‌. എന്നാൽ തമ്പിമാർ ഈ ഏർപ്പാട്‌ പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച്‌ മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യത്തെ ചോദ്യം ചെയ്തു. നാഗർകോവിൽ തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഊരാളന്മാരായ പോറ്റിമാരും (ജന്മിമാർ) അവരെ അകമഴിഞ്ഞു സഹായിച്ചു.

അവലംബം

[തിരുത്തുക]

ടി.കെ വേലുപിള്ള, ട്രാവൻകോർ സ്റേറ്റ് മാന്വൽ

വെള്ളനാട് രാമചന്ദ്രൻ, എട്ടുവീട്ടിൽ പിള്ളമാരും വെട്ടടിക്കാവും കിളിപ്പാട്ട്  മാസിക, 2018 മേയ്, പുറം37

  1. സി.വി.രാമൻപിള്ള, സി. വി (1891). മാർത്താണ്ഡവർമ്മ. DC Books. ISBN 9780865782419.