Jump to content

ഖഗോളമദ്ധ്യരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഖഗോളമദ്ധ്യവൃത്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭൂമദ്ധ്യരേഖയ്ക്കു സമകേന്ദ്രീയമായി ഖഗോളപരിധിയിലൂടെ പടിഞ്ഞാറുനിന്നും കിഴക്കുദിശയിൽ കടന്നുപോകുന്ന സാങ്കൽപ്പികവൃത്തമാണു് ഖഗോളമദ്ധ്യരേഖ അഥവാ ഖഗോളമദ്ധ്യവൃത്തം(Celestial equator). ഭൂമിയുടെ കേന്ദ്രം തന്നെ ഖഗോളമദ്ധ്യരേഖയുടേയും കേന്ദ്രമായി പരിഗണിക്കുന്നു. ഖഗോളമദ്ധ്യരേഖയുമായി ബന്ധപ്പെടുത്തി വിവിധ ഖഗോളവസ്തുക്കളുടെ സ്ഥാനങ്ങളെ രേഖപ്പെടുത്താൻ ഖഗോളമദ്ധ്യരേഖാനിർദ്ദേശാങ്കവ്യവസ്ഥ (celestial equatorial coordinate system) ഉപയോഗിക്കുന്നു. വിഷുവൽഭോഗം, അവനമനം എന്നീ മൂല്യങ്ങളാണു് ഈ വ്യവസ്ഥയിൽ പരിഗണിക്കുന്നതു്. നക്ഷത്രങ്ങളുടെ വിവരപ്പട്ടികകൾ തയ്യാറാക്കാനും സ്ഥാനനിർണ്ണയം ചെയ്യാനും ഈ വ്യവസ്ഥയാണു് അംഗീകരിക്കപ്പെട്ടിരിക്കുന്നതു്.

ഭൂമിയിൽ നിൽക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഖഗോളമദ്ധ്യരേഖ ഒരു ദിവസത്തെ വിവിധസമയങ്ങളിൽ തെക്കുവടക്കു ദിശയിൽ മാറിക്കൊണ്ടിരിക്കുന്നില്ല. (എന്നാൽ അതിന്റെ മൂലബിന്ദുവായി കണക്കാക്കുന്ന മേഷാദി ഒരു ദിവസം കൊണ്ടു് ഒരു പ്രാവശ്യം എന്ന ക്രമത്തിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ട് കറങ്ങുന്നുണ്ടു്.) നേരേ മറിച്ച്, ഖഗോളവൃത്തതിൽ നിന്നും 23.5 ഡിഗ്രി ചെരിഞ്ഞു സ്ഥിതിചെയ്യുന്ന ക്രാന്തിവൃത്തം അതിന്റെ ഈ ചെരിവുമൂലം ദിവസേന ഒരിക്കൽ എന്ന ക്രമത്തിൽ തെക്കുവടക്കു് ആന്ദോളനം ചെയ്യുന്നു.