റമ്പൂട്ടാൻ
റമ്പൂട്ടാൻ | |
---|---|
റമ്പൂട്ടാൻ പഴക്കുലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. lappaceum
|
Binomial name | |
Nephelium lappaceum | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും തെക്കുകിഴക്കേ ഏഷ്യയിലും മറ്റും കണ്ടുവരുന്ന ഒരു ഫലമാണ് റമ്പുട്ടാൻ. ലിച്ചി, ലോങ്ങൻ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പുട്ടാന്റെ പുറന്തോടിൽ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. ഏഴുവർഷം പ്രായമായ മരങ്ങളാണ് കായ്‌ച്ച് തുടങ്ങുന്നത്. 'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും വിശേഷിക്കപ്പെടുന്ന റംബുട്ടാൻ സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമാണ്. ഔഷധമായും ഇത് ഉപയോഗിക്കുന്നു. [3] വിത്ത് വഴിയും വായുവിൽ പതി വെച്ചും ഗ്രാഫ്റ്റ്, മുകുളനം വഴിയും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.
സവിശേഷതകൾ
[തിരുത്തുക]റമ്പൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം തായ്‌ലന്റ് ആണ്. ചുവപ്പ്, കടും മഞ്ഞ, മഞ്ഞ എന്നീ നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ റമ്പൂട്ടാനിൽ ഉണ്ട്. കൂടാതെ ജാതി മരത്തേപ്പോലെ ആൺ മരങ്ങളും പെൺ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണെങ്കിലും വളരെ അപൂർവ്വമായി രണ്ട് പൂക്കളും ഒരു മരത്തിൽ തന്നെ കാണപ്പെടുന്ന ഇനങ്ങളും ഉണ്ട്. പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാവുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്.
നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയുട്ടുണ്ട്. റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കുന്നു. കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും അനീമിയയും മുടികൊഴിച്ചിലും തടയാനും നല്ലതാണ്. റംബൂട്ടാൻ പഴം പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും ഗുണകരം. ജ്യൂസ് ആയോ സാലഡിൽ ഉൾപ്പെടുത്തിയോ ഇത് കഴിക്കാം.[4]
കൃഷിരീതി
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും 1800 - മുതൽ 2000 അടിവരെ ഉയരത്തിൽ കൃഷി ചെയ്യാവുന്ന ഒരു സസ്യമാണിത്. നീർവാഴ്ചയും ജൈവാംശവും ഉള്ള മണ്ണിൽ കൃഷിചെയ്യാവുന്നതാണ്. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലമാണ് റമ്പൂട്ടാൻ കൃഷി ചെയ്യാൻ പറ്റിയ സമയം. കൃഷി സ്ഥലത്തിന് അല്പം ചരിവുള്ളതാണ് കൃഷിക്ക് ഏറ്റവും നല്ല സ്ഥലം. 3 അടി നീളത്തിലും വീതിയിലും താഴ്ചയിലും ഉള്ള കുഴികളിൽ 15 മുതൽ 20 അടി വരെ അകലത്തിൽ റമ്പൂട്ടാൻ കൃഷി ചെയ്യാവുന്നതാണ്. കുഴികളിൽ മുക്കാൽ ഭാഗത്തോളം മേൽമണ്ണ്, ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവകൊണ്ട് നിറച്ച കുഴികൾ നിറച്ച് റമ്പൂട്ടാൻ നടാവുനതാണ്. നടുന്നതിനായി സങ്കരയിനം തൈകളുടെ ബഡ്ഡു ചെയ്ത തൈകൾ; കുഴിയുടേ നടുവിൽ ഒരു ചെറിയ കുഴി ഉണ്ടാക്കി അതിൽ വാം എന്ന മിത്രകുമിൾ വിതറി തൈകൾ നടാവുന്നതാണ്. തൈകൾ നട്ടതിനു ശേഷം, കുഴിയുടെ വശങ്ങൾ അരിഞ്ഞിട്ട് ഏകദേശം നിരപ്പാക്കുക.
പരിചരണം
[തിരുത്തുക]വളർച്ച രണ്ടു മൂന്നു വർഷം ആകുന്നതുവരെ ഭാഗീകമായി തണൽ ആവശ്യമുള്ള ഒരു സസ്യമാണ് റമ്പൂട്ടാൻ. തണലിനായി ഇതിന്റെ ഇടവിളകളായി വാഴ കൃഷി ചെയ്യാവുന്നതാണ്. മൂന്നാം വർഷം മുതൽ നല്ല രീതിയിൽ സൂര്യപ്രകാശവും ഈ ചെടികൾക്ക് ആവശ്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങൾ നല്ല രീതിയിൽ കായ്ഫലവും നൽകുന്നു. തണലിനേക്കൂടാതെ വളർച്ചയുടെ ആദ്യ കാലങ്ങളിൽ; നല്ല രീതിയിൽ വളപ്രയോഗവും ജലസേഷനവും വേണ്ടുന്ന ഒരു സസ്യമാണിത്. തൈകളിൽ ആദ്യത്തെ ഇലകൾ പച്ച നിറമാകുന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്കോ വേപ്പിൻ പിണ്ണാക്കോ തുല്യ അളവിൽ കൂട്ടിച്ചേർത്ത് നിർമ്മിക്കുന്ന ജൈവവളക്കൂട്ട്, ജീവാണുവളം അസോസ്പൈറില്ലം അല്ലെങ്കിൽ ബയോ പൊട്ടാഷ് എന്നിവയും വളമായി നൽകാവുന്നതാണ്.
ചെടിയ്ക്ക് ഒരു വർഷം പ്രായമാകുമ്പോൾ ജൈവവളകൂട്ട് 4 തവണയും ജീവാണൂവളങ്ങൾ 2 തവണയും മറ്റുള്ള വളങ്ങൾ രണ്ട് തവണയും നൽകാവുന്നതാണ്. രണ്ടാം വർഷത്തിലും മൂന്നാം വർഷത്തിലും ഇതേ രീതിയിൽ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. നാലുവർഷത്തിൽ കൂടുതൽ പ്രായമായ ചെടികളിൽ ജൈവവളക്കൂട്ടിനും മറ്റു വളങ്ങൾക്കും പുറമേ ചാണകപ്പൊടി കൂടുതലായി നൽകുന്നതും നല്ലതാണ്. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 - 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ്. ഇങ്ങനെ പുഷ്പിക്കുന്ന സസ്യങ്ങൾ പരാഗണം വഴി കായ് ആയ മാറി ഏകദേശം മേയ് - ജൂലൈ മാസത്തോടെ വിളവെടുപ്പിന് പാകമാകുന്നു. പാകമായ പഴങ്ങൾ തോട്ടികൊണ്ട് പറിച്ചെടുക്കാവുന്നതാണ്.
കീട-രോഗ ബാധകൾ
[തിരുത്തുക]സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത ഒരു സസ്യമാണിത്. എങ്കിലും നേരിയ തോതിൽ ശൽക കീടങ്ങൾ, മീലിമൂട്ട, ഇല തിന്നുന്ന വണ്ടുകൾ, പുഴുക്കൾ, പുൽചാടികൾ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകുന്ന ഒരു സസ്യം കൂടിയാണിത്. കീടശല്യം ഒഴിവാക്കുന്നതിന് സാധാരണയായി വേപ്പിൻ കുരു സത്ത് ആണ് ജൈവ കീടനാശിനിയായി ഉപയോഗിക്കുന്നത്. കൂടാതെ കളനിയന്ത്രണം, ശൽക കീടങ്ങൾ ബാധിച്ചിരിക്കുന്ന കമ്പുകൾ വെട്ടി തീയിട്ട് നശിപ്പിച്ചാലും കീടശല്യം കുറയ്ക്കാവുന്നതാണ്.
ചിത്രശാല
[തിരുത്തുക]-
റമ്പൂട്ടാൻ മരത്തിൽ
-
റമ്പൂട്ടാൻ-ഉൾഭാഗവും
-
റംബൂട്ടാൻ പഴത്തിനുള്ളിലെ കായകൾ
-
റമ്പൂട്ടാൻ തൈ
-
റമ്പൂട്ടാൻ പഴങ്ങൾ - നെടുകെയും കുറുകെയും മുറിച്ചത്
-
റമ്പൂട്ടാൻ പഴങ്ങൾ
അവലംബം
[തിരുത്തുക]- ↑ World Conservation Monitoring Centre (1998). Nephelium lappaceum. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
- ↑ "Nephelium lappaceum". Integrated Taxonomic Information System. Retrieved 18 September 2010.
- ↑ "http://www.mathrubhumi.com/agriculture/story-209994.html". Archived from the original on 2011-12-15. Retrieved 2013-04-18.
{{cite web}}
: External link in
(help)|title=
- ↑ https://www.manoramaonline.com/health/healthy-food/2018/12/24/rambutan-health-benefits.html