Jump to content

സ്വാമിനി നിവേദിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sister Nivedita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിസ്റ്റർ നിവേദിത
Image of Sister Nivedita, sitting!
Sister Nivedita in India
ജനനം
മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ

(1867-10-28)28 ഒക്ടോബർ 1867
County Tyrone, Ireland
മരണം13 ഒക്ടോബർ 1911(1911-10-13) (പ്രായം 43)
തൊഴിൽSocial worker, author, teacher,Nurse
മാതാപിതാക്ക(ൾ)Samuel Richmond Noble (father) and Mary Isabel (mother)

സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത (ഒക്ടോബർ 28, 1867 - ഒക്ടോബർ 13, 1911). സ്വാമിനി നിവേദിത എന്നും അറിയപ്പെടുന്നു. സാമൂഹ്യ പ്രവർത്തകയും അദ്ധ്യാപികയും ഗ്രന്ഥകാരിയും ആയിരുന്ന മാർഗരറ്റ്‌ എലിസബത്ത്‌ നോബിൾ ആണ്‌, സ്വാമി വിവേകാനന്ദന്റെ ഒട്ടുമിക്ക ഇംഗ്ലീഷ്‌ അമേരിക്കൻ പ്രഭാഷണങ്ങളിലും പങ്കെടുക്കുകയും, പിന്നീട്‌ ഇന്ത്യയിലെത്തി സന്യാസസംഘാംഗമാകുകയും സ്വാമിനി നിവേദിത ആകുകയും ചെയ്തത്‌.

നവെംബർ 1898-ൽ നിവേദിത 'നിവേദിതാ വിദ്യാലയം' എന്ന പേരിൽ കൊൽക്കത്തയിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും വേണ്ടി ഒരു വിദ്യാലയം തുടങ്ങി.

ഭാരത സംസ്കാരത്തിനു പുറത്തു നിന്നു വന്ന ഒരാൾ എന്ന നിലയിൽ തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സംസ്കാരച്യുതിക്കെതിരെയും, ഭാരതത്തിലെ സ്വാതന്ത്ര്യ സമരങ്ങൾക്കും ഏറെ ഉപകാരങ്ങൾ ചെയ്തു.

1911 ഒക്ടോബർ 13-ന്‌ മരണമടഞ്ഞു.

ജീവിതരേഖ

[തിരുത്തുക]

അയർലണ്ടുകാരായ സാമുവലിന്റെയും മേരിയുടെയും മകളായി 1867 ഒക്ടോബർ 28-ന് ജനിച്ചു. മാർഗരറ്റ് നോബിൾ എന്നാണ് യഥാർഥപേര്. ഇംഗ്ലണ്ടിൽ ജീവിതമാരംഭിച്ച മാർഗരറ്റ് ടൊറെന്റണിലെ ഹാലിഫാക്സ് സ്കൂളിൽ, വിദ്യാഭ്യാസം നടത്തിയശേഷം, പതിനെട്ടാം വയസ്സിൽ കെസ്വിക്കിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ അധ്യാപികയായി. തീവ്രമായ മതവീക്ഷണം ചെറുപ്പത്തിലേ തന്നെ ഉണ്ടായിരുന്ന മാർഗരറ്റിന് ലൗകിക ജീവിത സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. കെസ്വിക്ക് വിട്ടശേഷം ഒരു അനാഥാലയത്തിൽ കുറച്ചുകാലം കുട്ടികൾക്കൊപ്പം ജീവിച്ചു. പിന്നീട് റെക്സ്ഹാം സെക്കണ്ടറി സ്കൂളിൽ ജോലി കിട്ടിയതോടെ ജീവിതത്തിന് പുതിയ വഴിത്തിരിവുണ്ടായി. സുവിശേഷ പ്രവർത്തകയായി മാറിക്കഴിഞ്ഞിരുന്ന മാർഗരറ്റ്, പള്ളി വികാരികളുടെ ചില നിർദയമായ സാമൂഹിക നടപടികളോട് പ്രതിഷേധിച്ച് ശക്തമായ ലേഖനങ്ങൾ എഴുതിത്തുടങ്ങി. നിരവധി തൂലികാനാമങ്ങളിൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് എഴുതി.

വിദ്യാഭ്യാസ പ്രവർത്തക എന്ന നിലയിൽ മാർഗരറ്റ് സജീവമായി പ്രവർത്തിച്ചു. ലണ്ടനിൽ ന്യൂ സ്കൂൾ സ്ഥാപിക്കുന്നതിന് ഹസിസ്ഭേല്യു മാർഗരറ്റിന്റെ സഹായം തേടിയിരുന്നു. 1895-ൽ അവിടംവിട്ട്, റസ്കിൻ സ്കൂൾ സ്ഥാപിച്ചു. അക്കാലത്ത് ലേഡി ഇസബെല്ലിന്റെ ഭവനത്തിൽ വച്ചുനടന്ന മതപ്രഭാഷണത്തിനിടയിലാണ് മാർഗരറ്റ് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടുന്നത്. പിന്നീടദ്ദേഹത്തെ അവർ ഗുരുവായി സ്വീകരിച്ചു. 1898 ജനുവരി 28-ന് അവർ ഭാരതത്തിലെത്തി.

മാർച്ച് 25-ന് ബംഗാളിൽവച്ച് മാർഗരറ്റിന് സ്വാമിജി 'നിവേദിത' എന്ന പേര് കൊടുത്തു. ശ്രീരാമകൃഷ്ണസമ്പ്രദായത്തിലുള്ള പരിശീലനമാണ് നിവേദിത അഭ്യസിച്ചത്. ശ്രീശാരദാദേവിയുമായുള്ള കൂടിക്കാഴ്ചയും നിവേദിതയുടെ ആത്മീയജീവിതത്തിന് കൂടുതൽ ഉണർവേകി. വിവേകാനന്ദസന്ദേശങ്ങളുടെ പ്രചരണാർഥം അൽമോറ, കാശ്മീർ എന്നിവിടങ്ങളിൽ കുറച്ചുകാലം താമസിച്ചു. പിന്നീട് നൈഷ്ഠിക ബ്രഹ്മചാരിണിയായി ഏറെക്കാലം ബേലൂർ മഠത്തിൽ കഴിച്ചു കൂട്ടിയ നിവേദിത, 1898 നവംബർ 12-ന് ബാഗ്ബസാറിൽ ഒരു പുതിയ സ്കൂളിന് തുടക്കമിട്ടു. വിദ്യാർഥിനികൾക്ക് മാത്രമായുള്ള ഈ സ്കൂളിൽ ആധ്യാത്മികാന്വേഷണത്തിന് കൂടുതൽ പ്രാധാന്യം നല്കിയിരുന്നു. ഇക്കാലത്ത് ടാഗൂർ കുടുംബവുമായി സമ്പർക്കം പുലർത്തുകയും രബീന്ദ്രനാഥ ടാഗൂറിന്റെ ഉറ്റ സുഹൃത്തായി മാറുകയും ചെയ്തു. ഇതിനോടകം സന്ന്യാസജീവിതത്തിൽ തീവ്രമായി ആകൃഷ്ടയായിത്തീർന്ന നിവേദിത, കാളിമാതാവിന്റെ കടുത്ത ഭക്തയായി മാറിയിരുന്നു. ആത്മീയ പ്രചാരണത്തിനിടെ വന്നുപെട്ട സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനുള്ള വഴി തേടി സ്വാമി വിവേകാനന്ദൻ, തുരീയാനന്ദസ്വാമികൾ എന്നിവർക്കൊപ്പം ലണ്ടനിലേക്കു പോയി. പിന്നീട് അമേരിക്കയിലുമെത്തി. അവിടങ്ങളിൽ നിരവധി വിവേകാനന്ദ ശിഷ്യരെ സംഘടിപ്പിക്കുകയും സംഭാവനകൾ സ്വീകരിക്കുകയും ചെയ്തു. 1902-ൽ വിവേകാനന്ദസ്വാമികൾ സമാധിയായശേഷവും നിവേദിതയുടെ ഊർജ്ജിത പ്രവർത്തനങ്ങൾക്ക് ഇളക്കം തട്ടിയില്ല. ബാലഗംഗാധര തിലകൻ, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങിയ പ്രമുഖരുമായി രാഷ്ട്രീയ ചർച്ചകൾ നടത്താനും പുതിയ രാഷ്ട്രീയ സങ്കല്പം പടുത്തുയർത്താനും നിവേദിത മുന്നിലുണ്ടായിരുന്നു. ഹിന്ദുധർമത്തിന്റെ ശക്തിയിൽ അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ബറോഡയിൽവച്ച് അരവിന്ദഘോഷിനെ പരിചയപ്പെട്ടതും നിവേദിതയുടെ ജീവിതസങ്കല്പത്തെ ഊർജ്ജസ്വലമാക്കി. ദക്ഷിണേന്ത്യയിൽ ഇവർ നടത്തിയ സന്ദർശനങ്ങളും ചർച്ചകളും ഏറെ ശ്രദ്ധേയമായിരുന്നു. ദേശീയ പ്രവർത്തനങ്ങളിലേക്ക് ശക്തമായരീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിൽ അണിചേരുകയും ചെയ്തു. വിദ്യാഭ്യാസം, സ്വാതന്ത്ര്യപ്രസ്ഥാനം, ബംഗാൾ വിഭജനം, സ്വദേശി പ്രസ്ഥാനം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും ആത്മീയമായ ഒരുണർവ് വിപ്ളവചലനങ്ങൾക്ക് പകർന്നുകൊടുക്കാനും ഭഗിനി നിവേദിത ശ്രമിച്ചു. ഭാരതത്തിന്റെ ദേശീയതയ്ക്കുവേണ്ടിയുള്ള സമരങ്ങളിൽ നിവേദിതയും മുന്നിട്ടുനിന്നു. ഭാരതീയരുടെ വിഗ്രഹാരാധനാ സങ്കല്പത്തെ അവർ മാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ സ്വാതന്ത്യ്ര പ്രക്ഷോഭങ്ങൾക്കും ആത്മീയ ധാരകൾക്കുമിടയിൽ പ്രവർത്തിച്ച നിവേദിതവിധവാബാലികമാർക്കുവേണ്ടി ഒരു ബോർഡിങ് സ്കൂൾ പണികഴിപ്പിക്കുകയുണ്ടായി. വനിതകൾക്കായി പ്രത്യേക സന്ന്യാസ ചിട്ടകളോടെ ഒരു മാതൃമന്ദിരവും അവരുടെ നേതൃത്വത്തിൽ ഉയർന്നുവന്നു. ധീരമായ ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ ഉയർന്നുവന്ന വിമർശനങ്ങളെ അസാമാന്യ ധീരതയോടെ നേരിട്ട നിവേദിത ക്രമേണ, രോഗാതുരയായിത്തീർന്നു.

നിവേദിതയുടെ സമ്പൂർണ കൃതികൾ അഞ്ചുവാല്യങ്ങളിലായി കൽക്കത്ത അദ്വൈതാശ്രമത്തിൽനിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔവർ മാസ്റ്റർ ആൻഡ് ഹിസ് മെസ്സേജ്, ദ് മാസ്റ്റർ ആസ് ഐ സോ ഹിം തുടങ്ങിയ ഗ്രന്ഥങ്ങൾ വിഖ്യാതങ്ങളാണ്. 1911 ഒക്ടോബർ 13-ന് 44-ാം വയസ്സിൽ ഡാർജിലിങ്ങിൽ വച്ച് സിസ്റ്റർ നിവേദിത ദിവംഗതയായി.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ - 1911) സിസ്റ്റർ നിവേദിത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.