Jump to content

അങ്കപ്പോര്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു പ്രത്യേകതരം ദ്വന്ദ്വയുദ്ധമാണ് അങ്കപ്പോര്”. അങ്കവും പോരും ഏതാണ്ട് ഒരേ അർഥത്തിലുള്ള പദങ്ങളാണ്. അങ്കം, അങ്കംവെട്ട് എന്നീ പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. രണ്ടുപേർ തമ്മിൽ നേരിട്ടോ പോരാളികളെ ഏർപ്പെടുത്തിയോ യുദ്ധം ചെയ്ത് ജയാപജയങ്ങൾകൊണ്ട് ന്യായാന്യായങ്ങൾ തീരുമാനിക്കുന്ന സമ്പ്രദായമായിരുന്നു ഇത്. വ്യക്തികളും കുടുംബങ്ങളും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ തീർക്കുന്നതിന് മറ്റ് ഉപായങ്ങൾ ഫലപ്പെടാതെ വരുമ്പോൾ അങ്കംവെട്ടി വിധി നിർണയിക്കുകയായിരുന്നു പതിവ്. രാജാവിന്റെ അനുമതിയോടെയാണ് അങ്കപ്പോര് നടത്തേണ്ടത്. ആ അനുവാദം കിട്ടാൻ പ്രത്യേകം അങ്കപ്പണം (കരം) കെട്ടിവയ്ക്കണം. മറ്റു പലതരം ചുങ്കങ്ങളോടൊപ്പം രാജഭണ്ഡാരത്തിലേക്കുള്ള ആദായമാർഗങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അങ്കപ്പണം. അങ്കചുങ്കങ്ങളും ഏഴകോഴകളും എല്ലാം പഴയ രേഖകളിൽ ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. അങ്കം വെട്ടാൻ അനുവാദമുണ്ടായിരുന്നത് സ്ഥാനികളായ ചില കുടുബങ്ങൾക്ക് മാത്രമായിരുന്നു.

എന്ന് വടക്കൻ പാട്ടുകളിൽ പറഞ്ഞിരിക്കുന്നതിൽനിന്ന് അങ്കംവെട്ടിന് അന്ന് ഉണ്ടായിരുന്ന പ്രാധാന്യം വ്യക്തമാണ്. ആരോമൽ ചേകവർ എന്ന വടക്കൻപാട്ടിൽനിന്ന് ഈ വിഷയത്തെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ മനസ്സിലാക്കാം. വിവാദങ്ങൾ തീർക്കാൻ സ്വീകരിച്ചിരുന്ന ഉപായങ്ങളിൽ അവസാനത്തെ കൈയായിരുന്നു അങ്കപ്പോര്. തറകൂട്ടം, നാട്ടുകൂട്ടം മുതലായ ജനകീയസംഘങ്ങൾ ശ്രമിച്ചിട്ടും തീർപ്പുകൾ ഉണ്ടാക്കാത്ത സംഗതികളിലായിരുന്നു കക്ഷികൾ അങ്കംവെട്ടിന് മുതിർന്നിരുന്നത്. അങ്കപ്പോരിനുള്ള നിശ്ചയം നാടുവാഴിയെയും മാലോകരെയും അറിയിച്ചിരുന്നു. പിന്നെ അങ്കംവെട്ടാനുളള തയ്യാറെടുപ്പ് തുടങ്ങുകയായി. കക്ഷികൾക്ക് തമ്മിൽ അങ്കംവെട്ടി ഫലം നിർണയിക്കാം; അല്ലെങ്കിൽ അങ്കംവെട്ടാൻ കെല്പുള്ള ചേകോൻമാരെ ഏർപ്പെടുത്താം, വടക്കൻ കേരളത്തിലെ തീയ്യരായിരുന്നു ചേകവന്മാർ എന്നറിയപ്പെട്ടത്. ചേകോന് പോരിൽ അപായം നേരിടാമെന്നുള്ളതുകൊണ്ട് അയാൾക്ക് നഷ്ടപരിഹാരമായി പണക്കിഴി കൊടുക്കണം. അതുപോലെ മറ്റു ചിലർക്കും കിഴികൾ കൊടുക്കേണ്ടിയിരുന്നു.

എന്നാണ് പാട്ടിൽ പറയുന്നത്. വീട്ടുകിഴി ചേകോന്റെ തറവാട്ടിലേക്കും നാട്ടുകിഴി നാടുവാഴിക്കും അങ്കക്കിഴി ചേകോർക്കും ആയിരുന്നു. അങ്കത്തിനു ദിവസം നിശ്ചയിക്കുക, അങ്കംവെട്ടാൻ തട്ടുപണിയുക, മാലോകരെ വിവരം അറിയിക്കുക എന്നിവ പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു. നിശ്ചിതസമയത്ത് നാട്ടുകാരും നാടുവാഴിയും കക്ഷികളും സ്ഥലത്തു ചെല്ലും. പിന്നെ ഇരുകക്ഷികളും അങ്കത്തട്ടിൽ കയറി തർക്കകാര്യങ്ങൾ മുഴുവൻ വിസ്തരിച്ചു പറയും. അതിനുശേഷം അങ്കപ്പോരു തുടങ്ങുകയോ, അല്ലെങ്കിൽ ഒരു കോഴി അങ്കം നടത്തി ഭാഗ്യപരീക്ഷ ചെയ്യുകയോ ആകാം. പ്രത്യേകം പരിശീലിപ്പിച്ച പോരുകോഴികളെക്കൊണ്ടായിരുന്നു കോഴിയങ്കം നടത്തിയിരുന്നത്. കോഴി അങ്കത്തിന്റെ ഫലംകൊണ്ടും കക്ഷികൾക്ക് സമ്മതമായില്ലെങ്കിൽ പിന്നെ ആളങ്കമാണ് - കക്ഷികളോ, ചേകോൻമാരോ തമ്മിലുള്ള ദ്വന്ദ്വയുദ്ധം - നടക്കേണ്ടത്. അങ്കംവെട്ടുന്ന സമയത്ത് സഹായത്തിനായി ചേകോൻമാർ ഓരോ തുണയാളെക്കൂടി വയ്ക്കാറുണ്ടായിരുന്നു.

ഇത്തരം ചടങ്ങുകൾ ഒന്നും ഇല്ലാതെ നടത്തിയിരുന്ന ദ്വന്ദ്വയുദ്ധത്തിനു പൊയ്ത്തു എന്ന് പറഞ്ഞിരുന്നു.

മധ്യകാലങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിലും ചില പ്രശ്നങ്ങളെച്ചൊല്ലി ദ്വന്ദ്വയുദ്ധം (Duel) നടത്തുന്ന പതിവുണ്ടായിരുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കപ്പോര്‌ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.