Jump to content

ഓട്ടൻ തുള്ളൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓട്ടൻ തുള്ളൽ

മുന്നൂറോളം കൊല്ലം‌മുമ്പ് കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമാണ് ഓട്ടൻ‌തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.

വേഷക്രമം

[തിരുത്തുക]

ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം ,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അമ്പലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം.

തുള്ളലിലെ താളങ്ങൾ

[തിരുത്തുക]

തുള്ളലിൽ ഉപയോഗിയ്ക്കുന്ന താളങ്ങൾ ഇവയാണ്

തുള്ളൽ തുടങ്ങുമ്പോൾ ചുവടുവെയ്ക്കുന്നത് ഈ താളത്തിനനുസരിച്ചാണ്.

ചമ്പ താളം

[തിരുത്തുക]

10 അക്ഷര താളം. വായ്ത്താരി ഇപ്രകാരമാണ്"തത്തിന്തത്താ കിടധീ ധിതി ത്തിത്തൈ"

ചെമ്പട താളം

[തിരുത്തുക]

8 അക്ഷരതാളം. കൂടാതെ മർ‌മ്മ താളം,ലക്ഷ്മീ താളം,കുംഭ താളം,കാരികതാളം,കുണ്ടനാച്ചിതാളം തുടങ്ങിയവയും ഉണ്ട്.

വാദ്യങ്ങൾ

[തിരുത്തുക]

ആദ്യകാലങ്ങളിൽ കുഴിതാളവും തൊപ്പിമദ്ദളവുമാണ്‌ ഉപയോഗിച്ചു വന്നിരുന്നത്‌ പിൽക്കാലത്തെ പരിഷ്കൃതഫലമായി സംഗീതത്തിലും വാദ്യങ്ങളിലും മാറ്റമുണ്ടായി. ശ്രുതിക്കായി ഹാർമോണിയവും, തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗവും ഉപയോഗിച്ചു വരുന്നു. മേളക്കൊഴുപ്പിനായി ഇടക്കയും ഉപയോഗിക്കുന്നുണ്ട്.

സംഗീതം

[തിരുത്തുക]

രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽ‌പറഞ്ഞ താളങ്ങളും ഉപയോഗിക്കുന്നു. പ്രധാനമായും അഠാണ, നീലാംബരി, ബിലഹരി, ദ്വിജാവന്തി, ഭൂപാളം, ഇന്ദിശ, കാനക്കുറുഞ്ഞി, നാട്ടക്കുറുഞ്ഞി, പുറനീര്, ആനന്ദഭൈരവി, ബേഗഡ എന്നിവയാണ് ഉപയോഗിക്കുന്ന രാഗങ്ങൾ. നർ‌ത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിക്കുന്നത് പൊന്നാനിയും കൈമണി(കുഴിത്താളം) ഉപയോഗിക്കുന്നത് ശിങ്കിടിയുമാണ്. നർത്തകൻ പാടുന്ന തുള്ളൽ‌പാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിക്കുന്നത്.

തുള്ളലിലെ വൃത്തങ്ങൾ

[തിരുത്തുക]

ഓട്ടൻ തുള്ളലിൽ പൊതുവേ ഉപയോഗിച്ച് കാണുന്നത് തരംഗിണി എന്ന വൃത്തമാണ്‌.

കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം

[തിരുത്തുക]

ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ‍ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.

നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-

ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,

തമ്പുരാൻ ദേവനാരായണസ്വാമിയും കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം; കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം

1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.

കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി-

ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.

എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]