കരിമ്പ്
കരിമ്പ് | |
---|---|
വിളവെടുത്ത കരിമ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Saccharum |
Species | |
Saccharum arundinaceum |
ഭാരതത്തിൽ വ്യാവസായികമായി വളരെയധികം കൃഷിചെയ്യുന്ന ഒരു വിളയാണ് കരിമ്പ് (ആംഗലേയം:Sugarcane). ഇതിന്റെ തണ്ടുകൾ ചതച്ച് പിഴിഞ്ഞ് നിർമ്മിക്കുന്ന നിത്യോപയോഗ ഉത്പന്നങ്ങളാണ് ശർക്കരയും പഞ്ചസാരയും[1]. പൊവേസീ കുടുബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Saccharum officinarum Linn എന്നാണ്.[2].ഗ്രാമിയേനയിലെ ഒരു ഉപവിഭാഗമായ ആൻഡോപ്പൊഗൊണിയേയിലുള്ള ഒരു പ്രമുഖാംഗമായിട്ടണ് സസ്യ ശാസ്ത്രജ്ഞർ കരിമ്പിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയുണ്ടാക്കുന്നതിനും വേനൽക്കാലത്ത് ദാഹശമനത്തിനായും ഇതിന്റെ നീര് ഉപയോഗിക്കുന്നുണ്ട്.
ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ന്യൂ ഗിനിയ എന്നിവയാണ്.
സവിശേഷതകൾ
[തിരുത്തുക]പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്[2]. മണ്ണ് സാധാരണ തവാരണ കോരിയാണ് കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന് മുൻപായി വിളവെടുപ്പ് നടത്തുന്നു. ചരകസംഹിതയിൽ മൂത്രവർദ്ധകദ്രവ്യമായി കരിമ്പിനെ വർണ്ണിക്കുന്നു[3].
ചരിത്രം
[തിരുത്തുക]ബി.സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്നും സോളമൻ ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് കൊണ്ടു വന്നതായി പറയപ്പെടുന്നു. തുടർന്ന് ബി.സി 6000 ൽ ഇൻഡോനേഷ്യ ഫിലിപ്പൈൻസ് , ഉത്തരേന്ത്യ തുടങ്ങിയിടങ്ങളിലേക്ക് കരിമ്പ് വ്യാപിച്ചു.[4]
അലക്സാണ്ടറുടെ ഇന്ത്യയിലേക്കുള്ള ആക്രമണവേളയിൽ, തേനീച്ചയിൽ നിന്നല്ലാതെയുള്ള ഒരുതരം തേൻ ലഭിച്ചതായി പരാമർശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിൽ കരിമ്പിൽ നിന്നുണ്ടാക്കിയ അസംസ്കൃതശർക്കരയായിരിക്കണം എന്നു കരുതുന്നു[5].
പുരാണം
[തിരുത്തുക]നീല കരിമ്പുകൊണ്ടാണ് കാമദേവന്റെ വില്ല്
പോഷകമൂല്യം
[തിരുത്തുക]300 മി ലി കരിമ്പിൻ നീരിൽ
ഊർജ്ജം 100 കിലോ കാലറി പഞ്ചസാരകൾ 25 ഗ്രാം
പഞ്ചസാര
[തിരുത്തുക]കരിമ്പുനീരു തിളപ്പിച്ച വിവിധപ്രക്രിയകളിലൂടെ ക്രിസ്റ്റൽ രൂപത്തിലാക്കുന്നു. ഇരുണ്ടനിറമുള്ള ഈ ഖരരൂപത്തിനു നിറശുദ്ധിവരുത്താൻ വിവിധ വസ്തുക്കൾ ചേർത്താണ് സംസ്കരിക്കുന്നത്. ഘടനാപരമായി പഞ്ചസാര കാർബോഹൈഡ്രേറ്റ് ആണ് മോണോ ഹൈഡ്രേറ്റുകളായ ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, എന്നിവയും സുക്രോസും പഞ്ചസാരയിലുണ്ട്. പായസം, ചായ,കാപ്പി മറ്റ് മധുരപലഹാരങ്ങൽ തുടങ്ങി പഞ്ചസാരയുടെ ഉപയോഗം പലതിലാണ്.
ശർക്കര
[തിരുത്തുക]ശർക്കര എന്നത് സംസ്കൃതവാക്കാണ്. കരിമ്പുനീരുകുറുക്കി ആണ് ശർക്കര നിർമ്മിക്കുന്നത്. കട്ടിയാക്കി അച്ചശർക്കരയാക്കാൻ ഉപ്പും, കുമ്മായവും ഉപയോഗിക്കാറുണ്ട്. പലയിടത്തും ഉണ്ടശർക്കര ഉപയോഗിക്കുന്നു. മറയൂർ ശർക്കര, തിരുവിതാംകൂർ ശർക്കര എന്നിവക്ക് ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്.
കൽക്കണ്ടം
[തിരുത്തുക]പഞ്ചസാരയുടെ ലായനി ക്രിസ്റ്റലൈസ് ചെയ്താണ് കൽക്കണ്ടമുണ്ടാക്കുന്നതെങ്കിലും കൽക്കണ്ടത്തിനു ഔഷധഗുണം ഏറേ ആണ്. ചുമപോലെയുള്ള രോഗങ്ങൾക്ക് കൽക്കണ്ടം ഔഷധമാണ്.ഖണ്ടശർക്കര എന്ന സംസ്കൃതപദത്തിന്റെ മലയാളതത്ഭവമാണ് കൽക്കണ്ടം എന്ന കരുതുന്നു.
മൊളാസസ്
[തിരുത്തുക]കരിമ്പിൽനിന്നും പ്ഞ്ചസാര വേർതിരിച്ചുകിട്ടുന്ന കൊഴുത്ത ലായനിയാണ് മൊളാസസ്. ഇത് പലഹാരങ്ങളിലും ഇതു പുളിപ്പിച്ച് ലഹരിപദാർത്ഥമായും ഉപയോഗിക്കുന്നു. വ്യാവസായികമായി ഇന്ധനത്തിനും ഈ എത്നോൽ ഉപയോഗിക്കുന്നുണ്ട്.
കരിമ്പുചണ്ടി
[തിരുത്തുക]കരിമ്പുനീർ എടുത്തശേഷമുള്ള ചണ്ടി ഇന്ധനമായി ഉപയോഗിക്കുന്നു. കാലിത്തീറ്റ എന്നനിലക്കും ഈ കരിമ്പിൻ ചണ്ടി ഉപയോഗിക്കാറുണ്ട്. തേനീച്ചകളൂം ഈ ചണ്ടിയിലെ അവശിഷ്ട മധുരം ഉപയോഗിക്കുന്നു. .
രസ്ബന്തി(കരിമ്പുജൂസ്)
[തിരുത്തുക]ഇന്ത്യയിൽ മൊത്തമായും കരിമ്പുനീർ ഒരു ഉത്തമപാനീയമായി ഉപയോഗിക്കുന്നു. അതിനായി കരിമ്പു ചതച്ച് നീരെടുക്കുന്ന ചക്കുകൾ വഴിയോരങ്ങളിൽ കാണാം. ധാതുസമ്പുഷ്ടമായ ഈ ജൂസ് ദാഹശമനിയായി ഉപയോഗിക്കുന്നു. പച്ചസ്വാദു നീക്കുന്നതിനായി ഇഞ്ചി, ചെറുനാരങ്ങ, എന്നിവ ചേർക്കുന്നു.
കൃഷി
[തിരുത്തുക]ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്. ഇതിനു പുറകിൽ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം[7]. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉത്തർപ്രദേശ് ആണ് ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്[5][8]. അയനരേഖക്ക് വെളിയിലാണെങ്കിലും ഗംഗാതടം കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്. കരിമ്പ് കർഷകരുടെ ഒരു നാണ്യവിളയാണ്.
വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുൻപ് പലവട്ടം കൃഷിയിടം ഉഴുതുമറിക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്. ഏതാണ്ട് ഒരേക്കറിൽ 12000-ത്തോളം തണ്ടുകൾ നടുന്നു. വളർച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകുന്നു. അരിവാളുപയോഗിച്ചാണ് കർഷകർ കരിമ്പ് വെട്ടിയെടുക്കുന്നത്[5].
കേരളത്തിൽ പന്തളത്ത് കരിമ്പുനീരിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്ന ഫാക്റ്ററി ആരംഭിച്ചെങ്കിലും ഇന്ന് പ്രധാനമായും മദ്യം ആണ് അവിടെ ഉണ്ടാക്കുന്നത്. 1926ൽ കോയമ്പത്തൂരിൽ കരിമ്പുഗവേഷണകേന്ദ്രം ആരംഭിച്ചു. കേരളത്തിൽ കണ്ണൂരിൽ തലാപ്പ് എന്ന സ്ഥലത്താണ് കരിമ്പുഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇ. കെ ജാനകിയമ്മാൾ എന്ന മഹതിയാണ് കേരളത്തിൽ കരിമ്പുഗവേഷണത്തിൽ നേതൃത്വം വഹിച്ചത്[9].
പുതിയ ഇനങ്ങൾ
[തിരുത്തുക]- മാധുരി :- ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്ന ഇനം.
- മധുരിമ: ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു. വെള്ളക്കെട്ടിലും വെള്ള ക്ഷാമം അനുഭവപ്പെടുന്നിടത്തും ഉത്തമം.
- തിരുമധുരം:- പഞ്ചസാരയുടെ ഉയർന അളവ്. ചെഞ്ചീയൽ രോഗത്തെ ചെറുക്കുന്നു.
- സി.ഓ. - 92175:- വെള്ളത്തിലെ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ കൃഷി.
- സി.ഓ. - 70 :- കാലാ കരിമ്പിന് പറ്റിയ ഇനം.
- സി.ഓ. -6907:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.
- സി.ഓ. - 7405:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.[10]
ഔഷധ ഗുണം
[തിരുത്തുക]കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും കഫവും വർദ്ധിപ്പിക്കും. മലം ഇളക്കും. രക്തപിത്തം ശമിപ്പിക്കും. വാതവും പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം. പഴയ ശർക്കരയാണു് ഔഷധങ്ങളിൽ ചേർക്കുന്നത്. ചെറുനാരങ്ങ നീരോ ഇഞ്ചി നീരോ കരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ ആമാശയ വൃണവും അഗ്നിമാന്ദ്യവും മാറും. കരിമ്പിൻ നീരും കൊടിത്തൂവ കഷായവും ചേർത്ത് ഉണ്ടാക്കുന്നതാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്ന യാഷശർക്കര. [11]
കുറിപ്പുകൾ
[തിരുത്തുക]ബ്രസീലിൽ കരിമ്പിൽ നിന്നും ഉണ്ടാക്കുന്ന മദ്യം കാറുകൾക്കും മറ്റു വാഹനങ്ങൾക്കും ഇന്ധനമായി ഉപയോഗിക്കുന്നു[1].
ചിത്രശാല
[തിരുത്തുക]-
കരിമ്പ്
-
കരിമ്പ്
-
കരിമ്പ്
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-07. Retrieved 2007-12-09.
- ↑ 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-01-24. Retrieved 2007-12-09.
- ↑ മനോരമ പത്രം, 2018 സെപ്റ്റംബർ 21 വെള്ളി. പേജ് 8.
- ↑ മാതൃഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4
- ↑ 5.0 5.1 5.2 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 153.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ മനോരമ പത്രം, 2018 സെപ്റ്റംബർ 21 വെള്ളി. പേജ് 8.
- ↑ http://www.fao.org/es/ess/top/commodity.html?lang=en&item=156&year=2005 (ശേഖരിച്ചത് 2009 ഏപ്രിൽ 3)
- ↑ http://indiabudget.nic.in/es2001-02/chapt2002/tab115.pdf Archived 2008-04-09 at the Wayback Machine. (ശേഖരിച്ചത് 2009 ഏപ്രിൽ 3)
- ↑ മനോരമ പത്രം, 2018 സെപ്റ്റംബർ 21 വെള്ളി. പേജ് 8.
- ↑ കർഷകശ്രീ മാസിക. ഒക്ടോബർ 2009.പുറം 53
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്