Jump to content

കെ.പി.എ.സി. ലളിത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി.എ.സി. ലളിത
കെ. പി. എ. സി. ലളിത
കൊല്ലത്ത് കേരളസംഗീതനാടക അക്കാഡമി അവാർഡ് നൈറ്റിൽ
ജനനം
മഹേശ്വരിയമ്മ

25 ഫെബ്രുവരി 1947
മരണംഫെബ്രുവരി 22, 2022(2022-02-22) (പ്രായം 74)
തൊഴിൽമലയാള ചലച്ചിത്ര അഭിനേത്രി
സജീവ കാലം1970- 2022
ജീവിതപങ്കാളി(കൾ)ഭരതൻ (1978-1998)
കുട്ടികൾസിദ്ധാർഥ്, ശ്രീക്കുട്ടി
മാതാപിതാക്ക(ൾ)കെ. അനന്തൻ പിള്ള
ഭാർഗവി അമ്മ

2016 മുതൽ 2021 വരെ കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണും പ്രശസ്തയായ മലയാള ചലച്ചിത്ര അഭിനേത്രിയുമായിരുന്നു കെ.പി.എ.സി ലളിത[1] എന്നറിയപ്പെടുന്ന മഹേശ്വരിയമ്മ[2] (1947-2022) [3][4] [5][6] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 22ന് രാത്രി 10:45ന് അന്തരിച്ചു.[7][8][9]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ കായംകുളം താലൂക്കിലെ രാമപുരം ഗ്രാമത്തിൽ 1947 ഫെബ്രുവരി 25ന് ജനനം. മഹേശ്വരിയമ്മ എന്നാണ് ശരിയായ പേര്.[10] പിതാ‍വ് - കടയ്ക്കത്തറയിൽ വീട്ടിൽ കെ. അനന്തൻ പിള്ള, മാതാവ് - ഭാർഗവിയമ്മ. ഇന്ദിര, ബാബു, രാജൻ, ശ്യാമള എന്നിവർ സഹോദരങ്ങളാണ്. രാമപുരം ഗവ.ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് ഡാൻസ് അക്കാദമിയിൽ നൃത്ത പഠനത്തിന് ചേർന്നതോടെ പഠനം മുടങ്ങി. ചങ്ങനാശേരി ഗീഥാ ആർട്ട്സ് ക്ലബിൻ്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് സജീവമായത്. ഗീഥയിലും എസ്.എൽ.പുരം സദാനന്ദൻ്റെ പ്രതിഭ ആർട്ട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെ.പി.എ.സിയിൽ എത്തിയത്. ആദ്യകാലത്ത് കെ.പി.എ.സിയിൽ ഗായികയായി പ്രവർത്തിച്ചു. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിൽ ഗായികയായിരുന്ന ലളിത പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.

അഭിനയ ജീവിതം

[തിരുത്തുക]

തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലും തമിഴിലുമായി ഇതുവരെ 550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു പ്രാവശ്യവും ലഭിച്ചു. 2016 മുതൽ കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

1970-ൽ റിലീസായ കൂട്ടുകുടുംബം സിനിമ വിജയിച്ചതോടെ പിന്നീട് ഇറങ്ങിയ ഏകദേശം എല്ലാ സിനിമകളിലും ലളിതയ്ക്ക് വേഷം കിട്ടി. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് താത്കാലികമായി ഒഴിവായെങ്കിലും 1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും സജീവ സാന്നിധ്യമായി മാറി. സന്മനസുള്ളവർക്ക് സമാധാനം, പൊന്മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കിയന്ത്രം, ദശരഥം, വിയറ്റ്നാം കോളനി, സ്ഫടികം, അനിയത്തിപ്രാവ് എന്നീ സിനിമകളിലും രണ്ടാം വരവിൽ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച് കൈയടി നേടി.

ഏറ്റവും സവിശേഷമായ ഒരു കഥാപാത്രമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘മതിലുകൾ’ എന്ന സിനിമയിൽ കെ.പി.എ.സി. ലളിത അവതരിപ്പിച്ച 'നാരായണി.'  ഏകാന്തത, മുഷിപ്പ്, ജീവിതത്തോടുള്ള മുരടിപ്പ്, ഒപ്പംതന്നെ ആഗ്രഹം, പ്രതീക്ഷ, സ്നേഹത്തിനുള്ള ആർത്തി, പരുഷനെ ഭ്രമിപ്പിക്കാനുള്ള വശ്യത ഒക്കെനിറഞ്ഞ ഒരു കഥാപത്രമായിരുന്നു നാരായണി. ശബ്ദം മാത്രമേ ചലച്ചിത്രത്തിലുള്ളൂ. അത്തരമൊരു വേഷത്തിന് ലളിതയല്ലാതെ മറ്റൊരാൾ ഉണ്ടായിരുന്നില്ല എന്ന് സംവിധായകൻ തെന്നെ പറഞ്ഞിട്ടുണ്ട്. [11]

1998-ൽ ഭരതൻ മരിച്ചതിനു ശേഷം ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ലളിത തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഭരതൻ്റെ ജന്മനാടായ എങ്കക്കാട് വീട് നിർമിച്ച് സ്ഥിരതാമസമാക്കുകയായിരുന്നു. പിന്നീട് ചലച്ചിത്ര അഭിനേത്രിയെന്ന നിലയിൽ വടക്കാഞ്ചേരിയുടെ നിറസാന്നിധ്യമായി ലളിത മാറി. സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച് 1999-ൽ റിലീസായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അവർ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അഭിനയത്തിലെ അനായാസതയായിരുന്നു കെ.പി.എ.സി ലളിതയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥയാക്കിയ ഘടകം. ഏതു വേഷങ്ങളും ചെയ്യാൻ കഴിവുള്ള ഒരു അഭിനേത്രി കൂടിയായിരുന്നു അവർ. കോമഡി വേഷങ്ങളെ അവതരിപ്പിക്കാനുള്ള കഴിവാണ് കെ.പി.എ.സി ലളിതയെ ജനപ്രിയ നടിയാക്കി മാറ്റിയത്. 2022-ൽ റിലീസായ ഭീഷ്മപർവ്വം, ഒരുത്തി എന്നീ സിനിമകളിലാണ് കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ചത്. [12][13][14].

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന കെ.പി.എ.സി ലളിതയെ 2016-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി തീരുമാനിച്ചപ്പോൾ സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു ലളിതയുടെ അഭിപ്രായം. പിന്നീട് പാർട്ടി ലളിതയ്ക്ക് സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം നൽകി.[15]

ആത്മകഥ

  • കഥ തുടരും

സ്വകാര്യ ജീവിതം

പ്രശസ്ത ചലച്ചിത്ര സംവിധായകനായിരുന്ന ഭരതനാണ് ഭർത്താവ്. ശ്രീക്കുട്ടി, ചലച്ചിത്ര അഭിനേതാവായ സിദ്ധാർത്ഥ് ഭരതൻ എന്നിവർ മക്കളാണ്.

പ്രധാന സിനിമകൾ

  • കൂട്ടുകുടുംബം
  • വാഴ്വേ മായം
  • സ്വയംവരം
  • രാജഹംസം
  • കൊടിയേറ്റം
  • ആരവം
  • സന്മനസുള്ളവർക്ക് സമാധാനം
  • പൊന്മുട്ടയിടുന്ന താറാവ്
  • കുടുംബപുരാണം
  • തലയണമന്ത്രം
  • ശുഭയാത്ര
  • കനൽക്കാറ്റ്
  • കാട്ടുകുതിര
  • മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
  • കോട്ടയം കുഞ്ഞച്ചൻ
  • കേളി
  • അമരം
  • ഗോഡ്ഫാദർ
  • സദയം
  • മാളൂട്ടി
  • ആയുഷ്കാലം
  • തേന്മാവിൻ കൊമ്പത്ത്
  • പവിത്രം
  • മണിചിത്രത്താഴ്
  • സ്ഫടികം
  • വിയറ്റ്നാം കോളനി
  • വെങ്കലം
  • ആദ്യത്തെ കൺമണി
  • ചുരം
  • ശാന്തം
  • തിളക്കം
  • മനസിനക്കരെ
  • മായാവി
  • ചന്ദ്രേട്ടൻ എവിടെയാ
  • ചാർളി
  • ഞാൻ പ്രകാശൻ
  • ഒടിയൻ

ജീവിത സായാഹ്നത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോയ പ്രമേഹ രോഗിയായിരുന്ന ലളിത കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടയിൽ അൽഷിമേഴ്സും സ്ഥിതീകരിച്ചു. ഒടുവിൽ വടക്കാഞ്ചേരിയിലെ വീടൊഴിഞ്ഞ് മകനൊപ്പം തൃപ്പൂണിത്തുറയിൽ താമസിക്കുകയായിരുന്നു.[16] 2022 ഫെബ്രുവരി 22ന് രാത്രി 10:45ലോടെ അന്തരിച്ചു.[17]ഫെബ്രുവരി 23ന് വൈകിട്ട് 6 മണിയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ എങ്കക്കാട്ടിലുള്ള വീട്ടുവളപ്പിൽ സംസ്കാരം നടന്നു.[18]

അവാർഡുകൾ

[തിരുത്തുക]

ദേശീയ ചലച്ചിത്ര പുരസ്കാരം

[തിരുത്തുക]
  • മികച്ച സഹനടി - ശാ‍ന്തം (2000)
  • മികച്ച സഹനടി - അമരം (1991)

സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ

[തിരുത്തുക]
  • രണ്ടാമത്തെ മികച്ച നടി - അമരം(1990), കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം (1991)
  • രണ്ടാമത്തെ മികച്ച നടി - ആരവം(1980)
  • രണ്ടാമത്തെ മികച്ച നടി - നീലപൊന്മാൻ(1975)

അവലംബം

[തിരുത്തുക]
  1. "മഹാനടിക്ക് വിട, കെ.പി.എ.സി ലളിത ഇനി ദീപ്തസ്മരണ, kpac lalitha passed away, kpac lalitha movies, kpac lalitha tamil movies" https://www.mathrubhumi.com/special-pages/kpac-lalitha/kpac-lalitha-funeral-1.7286962
  2. "അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു: കെപിഎസി ലളിത ഇനി ഓർമ | KPAC Lalitha | Manorama Online" https://www.manoramaonline.com/news/latest-news/2022/02/22/actress-kpac-lalitha-passes-away.html
  3. "കെപിഎസി ലളിത അന്തരിച്ചു | KPAC Lalitha | Manorama Online" https://www.manoramaonline.com/news/kerala/2022/02/23/actress-kpac-lalitha-passes-away.html
  4. "കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കേരളം; സംസ്കാരം വൈകിട്ട് | KPAC Lalitha | Manorama News" https://www.manoramaonline.com/news/latest-news/2022/02/23/kerala-bid-adieu-to-actress-kpac-lalitha.html
  5. മനോരമ വാർത്ത
  6. "കെ.പി.എ.സി ലളിത അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2022-02-22.
  7. "അമ്മ മഴക്കാർ പെയ്‌തൊഴിഞ്ഞു, KPAC Lalitha passed away Film Fraternity grieving Sidharth bharathan Mammootty Mohanlal pay tribute" https://www.mathrubhumi.com/movies-music/features/kpac-lalitha-passed-away-film-fraternity-grieving-sidharth-bharathan-mammootty-mohanlal-pay-tribute-1.7286456
  8. "ഭരതന്റെ സ്വന്തം 'ലൽസ്', മലയാളികളുടെ കെ.പി.എ.സി.ലളിത, kpac lalitha passes away, bharathan, Wadakkanchery" https://www.mathrubhumi.com/special-pages/kpac-lalitha/kpac-lalitha-passes-away-bharathan-wadakkanchery-1.7286443
  9. "മലയാളസിനിമയിൽ ലളിത നിന്നയിടം ശൂന്യമാണിപ്പോൾ, Kpac Lalitha, M.Shaji writes the theatre life of Kpac lalitha" https://www.mathrubhumi.com/special-pages/kpac-lalitha/kpac-lalitha-m-shaji-writes-the-theatre-life-of-kpac-lalitha-1.7286438
  10. "'ഞാൻ മഹേശ്വരി, മഹേശ്വരിയെ നിങ്ങൾക്കറിയില്ല', KPAC Lalitha-maheshwari" https://www.mathrubhumi.com/special-pages/kpac-lalitha/kpac-lalitha-maheshwari-1.7284692
  11. മാതൃഭൂമി സിനിമ
  12. Weblokam-Profile: Page 1 Archived 2008-05-07 at the Wayback Machine
  13. deepthi.com-Profile
  14. Weblokam-Profile: Page 2 Archived 2007-02-24 at the Wayback Machine
  15. "സഖാവ് ലളിതയെന്ന് ആദ്യം വിളിച്ചത് ഇഎംഎസ്; കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിതാ അധ്യക്ഷ, KPAC Lalitha appointed as Kerala Sangeetha Nataka Academy Chairperson" https://www.mathrubhumi.com/special-pages/kpac-lalitha/kpac-lalitha-appointed-as-kerala-sangeetha-nataka-academy-chairperson-1.7284693
  16. "കെ.പി.എ.സി. ലളിത 'ഓർമ'യിൽനിന്ന് പടിയിറങ്ങി; ഇനി മകനൊപ്പം എറണാകുളത്ത്, KPAC Lalitha health Update, Shifted to Kochi, Sidharth Bharathan" https://www.mathrubhumi.com/movies-music/news/kpac-lalitha-health-update-shifted-to-kochi-sidharth-bharathan-1.6356128
  17. "'ഒരാൾ ഇല്ലാതാവുമ്പോൾ ഒരു കഥാപാത്രംതന്നെ ഇല്ലാതാവുന്നു, ലളിതച്ചേച്ചി ഇല്ലാതാകുമ്പോൾ...', KPAC Lalitha, Sathyan Anthikad" https://www.mathrubhumi.com/special-pages/kpac-lalitha/sathyan-anthikad-remembers-kpac-lalitha-1.7286428
  18. "മഹാനടി ഇനി ഓർമകളുടെ അമരത്ത്; കെപിഎസി ലളിതയ്ക്ക് കണ്ണീരോടെ വിട | KPAC Lalitha | Manorama News" https://www.manoramaonline.com/news/latest-news/2022/02/23/kerala-bid-adieu-to-actress-kpac-lalitha.html