Jump to content

ജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയൻ
ജനനം(1939-07-25)25 ജൂലൈ 1939
കൊല്ലം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ (ഇന്നത്തെ കൊല്ലം ജില്ല, കേരളം, ഇന്ത്യ
മരണം16 നവംബർ 1980(1980-11-16) (പ്രായം 41)
മരണ കാരണം'കോളിളക്കം) ചിത്രീകരണത്തിനിടെ ഷോളവരം, ചെന്നൈ എന്ന സ്ഥലത്ത് ഹെലികോപ്റ്റർ തകർന്നു.
മറ്റ് പേരുകൾകൃഷ്ണൻ നായർ
തൊഴിൽ
സജീവ കാലം1972 – 1980
ഉയരം5.9”
മാതാപിതാക്ക(ൾ)
  • മാധവൻ പിള്ള
  • ഭാരതിയമ്മ
ബന്ധുക്കൾസോമൻ നായർ എന്ന അജയൻ (സഹോദരൻ) ജയഭാരതി (ബന്ധു)
Military career
ദേശീയത India
വിഭാഗം Indian Navy
ജോലിക്കാലം1954 – 1970
പദവി Master Chief Petty Officer

ജയൻ എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ നായർ (ജീവിതകാലം: ജൂലൈ 25, 1939 - നവംബർ 16, 1980) ഒരു പ്രമുഖനായ മലയാള ചലച്ചിത്ര നടനും നാവികസേനാ ഓഫീസറും സ്റ്റണ്ട് നടനും 1970-കളിലെ കേരളത്തിൻറെ സാംസ്കാരികചിഹ്നവും ആയിരുന്നു. ഏകദേശം 120-ലധികം മലയാള ചലച്ചിത്രങ്ങളിൽ അദ്ദേഹം അതുല്യ വേഷങ്ങൾ അവതരിപ്പിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രധാനമായും ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഏതാനും ചിത്രങ്ങളിൽ സ്വഭാവ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. പൗരുഷഭാവങ്ങൾക്കും അതുല്യമായ അഭിനയ ശൈലിയുടേയും പേരിലാണ് അദ്ദേഹം കൂടുതലായി അറിയപ്പെടുന്നത്. അതിസങ്കീർണ്ണമായ സാഹസിക രംഗങ്ങളിൽ അവയുടെ അപകടസ്വഭാവം ഗൗനിക്കാതെ തന്മയത്വമായ പ്രകടനം കാഴ്ചവയ്ക്കുന്നതിലായിരുന്നു പ്രധാനമായും അദ്ദേഹത്തിന്റെ മികവ്.

1970-കളുടെ അന്ത്യപാദങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടനായി പ്രശസ്തി നേടിയ അദ്ദേഹത്തെ മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം തേടിവന്നു.[1] അദ്ദേഹത്തിന്റെ യഥാർഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ.[2]

വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനേതാവായി ഉയർന്നുവന്ന കാലയളവിനു മുമ്പ് ജയൻ ഇന്ത്യൻ നാവികസേനയിലെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ആയിരുന്നു. 41-ആം വയസിൽ തന്റെ പ്രശസ്തിയുടെ കൊടുമുടിയിലായിരിക്കവേ തമിഴ്നാട്ടിലെ ഷോളവരത്തുവച്ച് നടന്ന ഒരു ഹെലിക്കോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. ഒരു ഹെലികോപ്ടർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻറെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്റർ തകർന്നുവീഴുകയായിരുന്നു.  

കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ മറഞ്ഞുവെങ്കിലും പൌരുഷത്തിന്റേയും സാഹസകതയുടേയും പ്രതീകമായി ഇന്നും ജനമനസുകളിൽ സ്ഥാനം ലഭിക്കുന്ന എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രമാണ് സാധിച്ചിട്ടുള്ളത്. 2011-ൽ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ ജയനെ പുനർനിർമ്മിച്ച് അവതാരം എന്ന ചിത്രത്തിൽ നായകനായി അവതരിപ്പിക്കുകയുണ്ടായി.

ജീവചരിത്രം

[തിരുത്തുക]

1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്ത് കൃഷ്ണൻ നായർ എന്ന പേരിലാണ് ജയൻ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവായിരുന്ന മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മയായിരുന്നു. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. വീടിനു സമീപത്ത് സ്ഥിതിചെയ്തിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

നേവിയിൽ

[തിരുത്തുക]

പതിനഞ്ച് വർഷക്കാലം ജയൻ ഇന്ത്യൻ നേവിയിൽ ഓഫീസറായി സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.

സിനിമാജീവിതം

[തിരുത്തുക]

1974-ൽ ശാപമോക്ഷം ജേസി എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ചലച്ചിത്ര നടൻ ജോസ് പ്രകാശാണ്‌ ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ചലച്ചിത്ര നടി ജയഭാരതി.[3] പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും മെയ് വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി.

സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പ്പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു.

ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നൽകിയ ആദ്യവേഷം. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് "പൂട്ടാത്ത പൂട്ടുകൾ" എന്ന തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

ഐ.വി. ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ് പ്രായമേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള കോളിളക്കം ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ജയന്റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ "ദീപ"ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. മറ്റ് ചിലർ ഇതു വിശ്വസിക്കാൻ തയ്യാറാവാതെ വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ് എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു.

ജയന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അനുജൻ സോമൻ നായരാണ് ചിതയ്ക്ക് തീ കൊളുത്തിയത്. നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. ജയന്റെ മരണത്തോടെ തകർന്നുപോയ അദ്ദേഹത്തിന്റെ അമ്മ ഭാരതിയമ്മ തുടർന്ന് കിടപ്പിലാകുകയും രണ്ടുവർഷങ്ങൾക്കുശേഷം അവരും മരിക്കുകയും ചെയ്തു.

ജയന്റെ മരണസാഹചര്യങ്ങൾ ഒരു ഗൂഢാലോചനയെക്കുറിച്ച് കഥകൾ പുറത്ത് വരാൻ ഇടയാക്കി. ഇതിനു കാരണമായത് കൂടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന സഹനടനായിരുന്ന ബാലൻ കെ നായരും പൈലറ്റും സാരമായ പരുക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു എന്നതാണ്. പക്ഷേ ഈ അപകടം ഒരു ദുരൂഹതയായി ഇന്നും അവശേഷിക്കുന്നു.

മരണത്തിന് ശേഷം

[തിരുത്തുക]
ജയൻ നഗറിലെ ജയന്റെ പ്രതിമ

ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊല്ലം 'ഓലയിൽ' എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൽകുകയും അദ്ദേഹത്തിന്റെ പേരിൽ ഒരു ക്ലബ് രൂപികരിക്കുകയും ചെയ്തു. ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്. എല്ലാ വർഷവും ജയന്റെ ജന്മ ദിനത്തിൽ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു വരുന്നു. മിമിക്രി കലാകാരന്മാർ ഹാസ്യം കലർത്തി ജയനെ അവതരിപ്പിക്ക ലുണ്ട്.

2013 ആഗസ്റ്റ് മാസം ജയന്റെ പ്രതിമ പ്രശസ്ത സിനിമ താരവും കൊല്ലം സ്വദേശിയുമായ മുകേഷ് അനാച്ഛാദനം ചെയ്തു.

കൊല്ലം 'ഓലയിൽ' നാണി മെമ്മോറിയൽ ഹോസ്പിറ്റലിനു മുൻവശം സ്ഥാപിച്ച പ്രതിമ കാണനും കൂടെ നിന്നു ചിത്രങ്ങൾ എടുക്കാനും സിനിമ താരങ്ങളും, സിനിമയിൽ പ്രവർത്തിക്കുന്നവരും, അദ്ദേഹത്തിന്റെ ആരാധകരും കൊല്ലം ഓലയിൽ ജയൻ മെമ്മോറിയൽ ക്ലബിൽ എത്താറുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ സംവിധായകൻ ഒപ്പം അഭിനയിച്ചവർ
1974 ശാപമോക്ഷം ജേസി ഷീല, അടൂർഭാസി, ജോസ്പ്രകാശ്
1974 പൂന്തേനരുവി ജെ. ശശികുമാർ പ്രേംനസീർ, നന്ദിതാബോസ്
1975 ടൂറിസ്റ്റ് ബംഗ്ലാവ് എ.ബി.രാജ് പ്രേംനസീർ, സോമൻ, ജയഭാരതി
1975 സൂര്യവംശം എ.ബി.രാജ് പ്രേംനസീര്, ജയഭാരതി
1975 ഉല്ലാസയാത്ര എ.ബി.രാജ് രവികുമാർ, ഷീല, ലക്ഷ്മി
1976 പിക്പോക്കറ്റ് ശശികുമാര് പ്രേംനസീർ, വിധുബാല
1976 മധുരം തിരുമധുരം ഡോ. ബാലകൃഷ്ണൻ സോമന്, റാണിചന്ദ്ര, ഉണ്ണിമേരി, വിന്സന്റ്
1976 രാജാങ്കണം ജേസി സോമന്, ഷീല, സാധന
1976 അഗ്നിപുഷ്പം ജേസി കമലഹാസന്, സോമന്, ജയഭാരതി, സുധീര്, റീന
1976 മല്ലനും മാതേവനും കുഞ്ചാക്കോ പ്രേംനസീർ, ഷീല, ഉണ്ണിമേരി
1976 പാൽക്കടൽ ടി.കെ. പ്രസാദ് സോമന്, രാഘവന്, ഷീല, ശാരദ, പ്രേമ
1976 പഞ്ചമി ഹരിഹരൻ പ്രേംനസീർ
1976 കാമധേനു ശശികുമാര് പ്രേംനസീര്, ജയഭാരതി, ശ്രീവിദ്യ
1976 അമൃതവാഹിനി ശശികുമാർ പ്രേംനസീര്, ശാരദ, ശോഭ, റീന
1976 ലൈറ്റ്ഹൌസ് പ്രേംനസീര്, ജയഭാരതി
1977 എ.ടി. രഘു സോമന്, ലക്ഷ്മി
1977 മകം പിറന്ന മങ്ക എൻ. ആർ. പിള്ള സോമന്, ജയഭാരതി. ഉഷാറാണി
1977 ആശീർവാദം കമലഹാസന്, സോമന്, ഷീല, ശ്രീദേവി
1977 മനസ്സൊരു മയിൽ പി. ചന്ദ്രകുമാർ വിന്സന്റ്, ജയഭാരതി, രാഘവന്
1977 തോൽക്കാൻ എനിക്കു മനസ്സില്ല ഹരിഹരന് പ്രേംനസീര്, ജയഭാരതി, സോമന്
1977 ആദ്യപാഠം അടൂർഭാസി കമലഹാസന്, ഷീല, ശ്രീദേവി
1977 അപരാജിത ശശികുമാര് പ്രേംനസീര്, ശാരദ, ജയഭാരതി
1977 ഇവനെൻറെ പ്രിയപുത്രൻ ഹരിഹരൻ പ്രേംനസീർ
1977 ശുക്രദശ അന്തിക്കാട് മണി ജയഭാരതി, രാഘവന്
1977 കാവിലമ്മ എൻ ശങ്കരൻ നായർ മധു, ഷീല, മല്ലികസുകുമാരന്
1977 അഭിനിവേശം ഐ.വി. ശശി സോമന്, രവികുമാര്, സുമിത്ര, പത്മപ്രിയ
1977 അവൾ ഒരു ദേവാലയം എ.ബി.രാജ് പ്രേംനസീര്, ഷീല, ജയഭാരതി
1977 അഞ്ജലി ഐ.വി. ശശി പ്രേംനസീര്, സോമന്, ശാരദ
1977 രാജപരമ്പര ഡോ. ബാലകൃഷ്ണൻ ജയഭാരതി, രാഘവന്, ശോഭ, റീന
1977 രതിമന്മഥൻ ശശികുമാർ പ്രേംനസീർ
1977 രണ്ടു ലോകം ശശികുമാർ പ്രേംനസീർ
1977 ഓർമ്മകൾ മരിക്കുമോ കെ. എസ്. സേതുമാധവൻ കമലഹാസൻ, ശോഭ
1977 ഇതാ ഇവിടെ വരെ ഐ.വി. ശശി മധു
1977 അച്ചാരം അമ്മിണി ഓശാരം ഓമന അടൂർ ഭാസി പ്രേംനസീർ, ഷീല (ഡബിൾ റോൾ)
1977 കണ്ണപ്പനുണ്ണി കുഞ്ചാക്കോ പ്രേംനസീർ, ഷീല, ജയഭാരതി
1978 പാവാടക്കാരി റോച്ചി അലക്സ് വിന്സന്റ്, ഉണ്ണിമേരി, സാധന
1978 ഹേമന്ദരാത്രി പി. ബൽതസർ ജയഭാരതി, സോമന്, രാഘവന്
1978 അവകാശം എ.ബി.രാജ് സോമന്, ജയഭാരതി
1978 അനുഭൂതികളുടെ നിമിഷം പി. ചന്ദ്രകുമാർ സോമന്, ശാരദ, സീമ
1978 അവൾ കണ്ട ലോകം എം. കൃഷ്ണൻ നായർ സീമ, രവികുമാര്
1978 അനുമോദനം ഐ.വി. ശശി കമലഹാസന്,സോമന്, സീമ, വിധുബാല
1978 രണ്ടു പെൺകുട്ടികൾ മോഹൻ മധു, ശോഭ, സുകുമാരന്, വിധുബാല
1978 സ്നേഹിക്കാൻ സമയമില്ല. വിജയാനന്ദ് മധു, റീന, വിജയലളിത
1978 വിശ്വരൂപം നാരായണൻ പി.വി & വാസുദേവൻ ടി.കെ. സോമന്, വിധുബാല, വിന്സന്റ്
1978 ഓർക്കുക വല്ലപ്പോഴും എസ്. ബാബു ജയഭാരതി, സോമന്
1978 മദനോത്സവം N. ശങ്കരൻ നായർ കമലഹാസൻ, സറീനാവഹാബ്
1978 മിടുക്കിപ്പൊന്നമ്മ AB Raj ജയഭാരതി
1978 ശത്രുസംഹാരം ജെ. ശശികുമാർ പ്രേംനസീര്, പ്രവീണ, ഉണ്ണിമേരി
1978 അടിമക്കച്ചവടം ഹരിഹരന് സോമന്, ജയഭാരതി, ശുഭ
1978 പട്ടാളം ജാനകി ക്രോസ്ബൽറ്റ് മണി രവികുമാര്, വിജയലളിത, ഉണ്ണിമേരി
1978 അസ്തമയം പി. ചന്ദ്രകുമാർ മധു, ശാരദ, ജയഭാരതി.
1978 കൽപ്പവൃക്ഷം ശശികുമാർ പ്രേംനസീർ
1978 കന്യക ശശികുമാർ മധു, ഷീല, ജയഭാരതി.
1978 ഏതോ ഒരു സ്വപ്നം ശ്രീകുമാരൻ തമ്പി ഷീല, സുകുമാരന്, കനകദുഃര്ഗ്ഗ
1978 തച്ചോളി അമ്പു അപ്പച്ചൻ പ്രേംനസീർ, ശിവാജിഗണേശന്
1978 സൂത്രക്കാരി റോച്ചി അലക്സ് സുകുമാരന്, ഉണ്ണിമേരി, സീമ
1978 മറ്റൊരു കർണ്ണൻ ശശികുമാർ ജയഭാരതി, സോമന്, പ്രവീണ
1978 കാത്തിരുന്ന നിമിഷം ബേബി ജയഭാരതി, കമലഹാസന്, സുകുമാരന്
1978 ജയിക്കാനായ് ജനിച്ചവൻ ശശികുമാർ പ്രേനസീര്, ഷീല
1978 ഇതാ ഒരു മനുഷ്യൻ ഐ.വി. ശശി മധു, ഷീല, ജയഭാരതി
1978 ഇനിയും പുഴയൊഴുകും ഐ.വി. ശശി സോമന്, വിധുബാല, ലക്ഷ്മി.
1978 ഈ മനോഹര തീരം ഐ.വി. ശശി മധു, ജയഭാരതി, സീമ, വിധുബാല
1978 അടവുകൾ പതിനെട്ട് വിജയാനന്ദ് കനകദുർഗ്ഗ
1978 ആനപ്പാച്ചൻ എ. വിൻസൻറ് പ്രേംനസീര്,
1978 മുക്കുവനെ സ്നേഹിച്ച ഭൂതം ശശികുമാർ സോമന്, ഉണ്ണിമേരി
1978 കടത്തനാട്ടു മാക്കം നവോദയ അപ്പച്ചൻ പ്രേംനസീര്, ഷീല, ജയഭാരതി.
1978 ലിസ ബേബി പ്രേംനസീർ
1979 രാത്രികൾ നിനക്കു വേണ്ടി
1979 കല്ലു കാർത്ത്യായനി പി.കെ. ജോസഫ് പ്രമീള
1979 പിച്ചാത്തിക്കുട്ടപ്പൻ പി. വേണു പ്രേംനസീർ
1979 ശിഖരങ്ങൾ ഷീല ഷീല
1979 പുഷ്യരാഗം സി. രാധാകൃഷ്ണന് മധു, ശാരദ, ശ്രീവിദ്യ
1979 സന്ധ്യാരാഗം പി. ഗോവിന്ദൻ സുകുമാരന്, വിധുബാല
1979 പെണ്ണൊരുമ്പെട്ടാൽ
1979 ഒരു രാഗം പല താളം എം. കൃഷ്ണൻ നായർ മധു, ശ്രീവിദ്യ
1979 സായൂജ്യം ജി. പ്രേംകുമാർ എം.ജി.സോമന്, ജയഭാരതി
1979 ശരപഞ്ജരം ഹരിഹരൻ ഷീല
1979 വെള്ളായണി പരമു ശശികുമാർ പ്രേംനസീർ
1979 പുതിയ വെളിച്ചം ശ്രീകുമാരൻ തമ്പി ശ്രീവിദ്യ, ജയഭാരതി.
1979 പ്രഭു ബേബി പ്രേംനസീർ, , സീമ
1979 മോചനം തോപ്പിൽ ഭാസി ജയഭാരതി, ഉണ്ണിമേരി
1979 മാമാങ്കം അപ്പച്ചൻ പ്രേംനസീർ
1979 ഇവിടെ കാറ്റിനു സുഗന്ധം പി.ജി. വിശ്വംഭരൻ ജയഭാരതി, ശ്രീവിദ്യ
1979 സർപ്പം ബേബി പ്രേംനസീർ, സീമ
1979 ഇരുമ്പഴികൾ എ.ബി.രാജ് പ്രേംനസീർ, ജയഭാരതി, കെ.പി.ഉമ്മര്
1979 വേനലിൽ ഒരു മഴ ശ്രീകുമാരൻ തമ്പി മധു, ശ്രീവിദ്യ
1979 കഴുകൻ എ.ബി. രാജ് ശുഭ
1979 ചുവന്ന ചിറകുകൾ എൻ. ശങ്കരൻ നായർ ജയഭാരതി, ഷര്മ്മിള ടാഗോര്
1979 അവനോ അതോ അവളോ ബേബി കനകദുർഗ്ഗ
1979 അനുപല്ലവി ബേബി ശ്രീവിദ്യ
1979 അങ്കക്കുറി വിജയാനന്ദ് ജയഭാരിതി, സീമ
1979 ആവേശം വിജയാനന്ദ് ഷീല
1980 ശക്തി വിജയാനന്ദ് സീമ, ശ്രീവിദ്യ,
1980 ചന്ദ്രഹാസം ബേബി പ്രേംനസീർ, ജയഭാരതി
1980 തീനാളങ്ങൾ ശശികുമാർ സീമ
1980 പാലാട്ടു കുഞ്ഞിക്കണ്ണൻ ബോബൻ കുഞ്ചാക്കോ പ്രേംനസീർ
1980 ഇത്തിക്കരപ്പക്കി ശശികുമാർ പ്രേംനസീർ
1980 നായാട്ട് ശ്രീകുമാരൻ തമ്പി പ്രേംനസീർ, സറീനാവഹാബ്
1980 കാന്തവലയം ഐ.വി. ശശി സീമ
1980 അങ്ങാടി (film) ഐ.വി. ശശി സീമ
1980 കരിമ്പന ഐ.വി. ശശി സീമ
1980 ഇടിമുഴക്കം ശ്രീകുമാരൻ തമ്പി ശോഭന (old-ചെമ്പരുത്തി ഫെയിം), രതീഷ്.
1980 മീൻ ഐ.വി. ശശി മധു, സീമ
1980 കരിപുരണ്ട ജീവിതങ്ങൾ ശശികുമാർ പ്രേംനസീർ, ജയഭാരതി
1980 അന്തഃപുരം കെ.ജി. രാജശേഖരൻ പ്രേംനസീർ, അംബിക, സീമ
1980 ലവ് ഇൻ സിംഗപ്പൂർ ബേബി പ്രേംനസീർ, ലത, മാഡലിൻ ടോ.
1980 ചാകര പി.ജി. വിശ്വംഭരൻ ശ്രീവിദ്യ
1980 പൂട്ടാത്ത പൂട്ടുകൾ മഹേന്ദ്രൻ തമിഴ് സിനിമ
1980 ബെൻസ് വാസു ഹസൻ സീമ
1980 ദീപം പി. ചന്ദ്രകുമാർ മധു, ശ്രീവിദ്യ, സീമ
1980 മൂർഖൻ ജോഷി സമലത
1980 മനുഷ്യമൃഗം ബേബി സീമ
1981 തടവറ പി. ചന്ദ്രകുമാർ സീമ
1981 കോളിളക്കം പി.എൻ സുന്ദരം മധു, സോമൻ, സുകുമാരൻ
1981 ആക്രമണം ശ്രീകുമാരൻ തമ്പി മധു, ശ്രീവിദ്യ, ജയഭാരതി
1981 അഭിനയം ബേബി വിധുബാല
1981 അഗ്നിശരം എ.ബി. രാജ് ജയഭാരതി
1981 സഞ്ചാരി ബോബൻ കുഞ്ചാക്കോ പ്രേംനസീർ, മോഹൻലാൽ
1981 അറിയപ്പെടാത്ത രഹസ്യം പ്രേംനസീർ, ജയഭാരതി
1981 ഗര്ജ്ജനം സി.വി. രാജേന്ദ്രൻ രണ്ടു ഗാനരംഗങ്ങള് ഉള്പ്പെടെ ചിത്രം പകുതിയോളം പൂര്ത്തിയാക്കിയിരുന്നു. ചിത്രം പിന്നീട് പൂര്ണ്ണമായി രജനീകാന്ത് അഭിനയിച്ച് റിലീസ് ചെയ്തു
1982 കോമരം ജേസി
1982 എന്റെ ശത്രുക്കൾ എസ്. ബാബു
1983 സുരേഷ്
1983 പഞ്ചപാണ്ഡവർ എ. നടരാജൻ സൌമിനി, രാഘവന്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Mathrubhumi weekly, 2010 November 21 issue, Page 9
  2. Mathrubhumi weekly, 2010 November 21 issue, Page 9
  3. "'ചേച്ചീ അടുക്കളയിൽ എല്ലാം ഉണ്ടല്ലോ ഇല്ലേ' എന്ന് ചോദിച്ച് വരാറുള്ള ജയൻ". Archived from the original on 2022-01-17. Retrieved 2022-01-17.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജയൻ&oldid=4135988" എന്ന താളിൽനിന്ന് ശേഖരിച്ചത്