Jump to content

ഡൽഹൗസി പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ മാർക്വെസ് ഓഫ് ഡൽഹൗസി
ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
1848–1856
Monarchവിക്റ്റോറിയ
പ്രധാനമന്ത്രിജോൺ റസ്സൽ
എഡ്വേഡ് സ്മിത്ത്-സ്റ്റാൻലി
ജോർജ് ഹാമിൽട്ടൺ-ഗോർഡൻ
ഹെൻറി ജോൺ ടെമ്പിൾ
മുൻഗാമിഹെൻറി ഹാർഡിഞ്ച്
പിൻഗാമിചാൾസ് കാനിങ്
വാണിജ്യബോർഡിന്റെ അദ്ധ്യക്ഷൻ
ഓഫീസിൽ
1845 ഫെബ്രുവരി 5 – 1846 ജൂൺ 27
Monarchവിക്റ്റോറിയ
പ്രധാനമന്ത്രിറോബർട്ട് പീൽ
മുൻഗാമിവില്യം ഗ്ലാഡ്സ്റ്റോൺ
പിൻഗാമിജോർജ് വില്ലിയേഴ്സ്
വ്യക്തിഗത വിവരങ്ങൾ
ജനനം(1812-04-22)22 ഏപ്രിൽ 1812
ഡൽഹൗസി കോട്ട, മിഡ്ലോത്തിയൻ
മരണം19 ഡിസംബർ 1860(1860-12-19) (പ്രായം 48)
ഡൽഹൗസി കോട്ട, മിഡ്ലോത്തിയൻ
പൗരത്വംയു.കെ.
ദേശീയതസ്കോട്ടിഷ്
പങ്കാളിസൂസൻ ഹേ (മരണം. 1853)
അൽമ മേറ്റർക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫഡ്

1848 മുതൽ 1856 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്നു ഡൽഹൗസി പ്രഭു യഥാർഥ പേര് ജെയിംസ് ആൻഡ്രൂ ബ്രൗൺ റാംസെ എന്നാണ്. സ്കോട്ട്ലൻഡിൽ ഡൽഹൗസിയിലെ ഒൻപതാമതു പ്രഭു ആയ ജോർജ് റാംസെ (1770-1838)യുടെ മകനായി ഇദ്ദേഹം 1812 ഏപ്രിൽ 22-ന് ജനിച്ചു. ഓക്സ്ഫോഡിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം 1837-ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1838-ൽ പത്താമത്തെ പ്രഭു ആയി. ബോർഡ് ഒഫ് ട്രേഡിന്റെ വൈസ് പ്രസിഡന്റും (1843) പ്രസിഡന്ററും (1845), ആയിരുന്നിട്ടുണ്ട്. മുപ്പത്തിയഞ്ചാം വയസിൽ ഇന്ത്യയിലെ ഗവർണർ ജനറലായ അദ്ദേഹം ആ സ്ഥാനത്തെത്തിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു.[1]

ഇന്ത്യയിലെ ഗവർണർ ജനറൽ

[തിരുത്തുക]

1848 ജനുവരിയിൽ ഇന്ത്യയിലെ ഗവർണർ ജനറലായി നിയമിതനായി. ഹാർഡിഞ്ച് പ്രഭുവിന്റെ പിൻഗാമിയായാണ് 35-ആമത്തെ വയസ്സിൽ ഇദ്ദേഹം ഇന്ത്യയിലെത്തിയത്. ദൃഢചിത്തനും സ്ഥിരോത്സാഹിയുമായ ഇദ്ദേഹം സുസ്ഥിരവും സുസംഘടിതവുമായ ഒരു ബ്രിട്ടിഷ് ഭരണ വ്യവസ്ഥിതിക്ക് ഇന്ത്യയിൽ തുടക്കം കുറിച്ചു. അതിനുവേണ്ടി ധാരാളം നാട്ടുരാജ്യങ്ങളെ ഈസ്റ്റിന്ത്യാകമ്പനിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ ഇദ്ദേഹം കൊണ്ടുവന്നു. കമ്പനിയുടെ ആശ്രിതരായ നാട്ടുരാജ്യങ്ങളിൽ അനന്തരാവകാശികളായി രാജകുടുംബാംഗങ്ങളില്ലെങ്കിൽ ആ രാജ്യങ്ങൾ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ലയിപ്പിക്കുന്ന നിയമം (ദത്തപഹാരനയം) നടപ്പാക്കി. അങ്ങനെ, 1848-നും 54-നും ഇടയ്ക്ക് സത്താറ, ജയ്പ്പൂർ. സാംബൽപ്പൂർ, ഭഗത്ത്, ഉദയപ്പൂർ, നാഗ്പ്പൂർ, ഝാൻസി തുടങ്ങിയ നാട്ടുരാജ്യങ്ങൾ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി. രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ സിഖുകാരെ തോൽപ്പിച്ച് പഞ്ചാബ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. അഫ്ഗാൻ മലനിരകൾ വരെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങൾ ബ്രിട്ടിഷ് ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി(1848-49).പഞ്ചാബിന്റെ റവന്യൂ, നീതിനിർവഹണ, ഭരണകാര്യങ്ങൾക്കായി പ്രത്യേക കമ്മിഷനെ നിയമിച്ചു.

സാമ്രാജ്യ വിപുലീകരണം

[തിരുത്തുക]

രണ്ടാം ബർമാ യുദ്ധത്തിൽ ബർമാ രാജാവിനെ തോൽപിച്ച് ബർമയും തുടർന്ന് സിക്കിമും ഉൾപ്പെടുത്തി സാമ്രാജ്യം വിപുലീകരിച്ചു (1852). സൈനിക സഹായ കരാറുകളിലൂടെ നാട്ടുരാജ്യങ്ങളിൽനിന്ന് ചുങ്കം പിരിക്കുകയും ചുങ്കം മുടക്കം വരുത്തുന്ന രാജ്യങ്ങളെ കമ്പനിയുടെ ഭാഗമാക്കുകയും ചെയ്യുന്ന നയം നടപ്പിലാക്കി. ഇതനുസരിച്ച്, ഹൈദരാബാദിലെ നൈസാമിന്റെ അധീനതയിലായിരുന്ന ബീറാർ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി. (1853). ദുർഭരണം ആരോപിച്ച് അയോദ്ധ്യയും അവധും പിടിച്ചടക്കി. കൂടാതെ നാട്ടുരാജാക്കന്മാർക്ക് അനുവദിച്ചിരുന്ന പദവികളും സ്ഥാനമാനങ്ങളും മറ്റും നിർത്തലാക്കുന്ന നിയമങ്ങളെ ഡൽഹൗസി കൊണ്ടുവന്നു. ബംഗാൾ ഭരണം ഗവർണർ ജനറൽ നേരിട്ട് നടത്തുന്നതിനു പകരം ഒരു ലഫ്റ്റനന്റ് ഗവർണറുടെ കീഴിലാക്കി. ഈ പരിഷ്ക്കാരം കേന്ദ്രഭരണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഡൽഹൗസിക്ക് സഹായകമായി. പൊതുമരാമത്തിന് പ്രത്യേക വകുപ്പുണ്ടാക്കുകയും റോഡുനിർമ്മാണവും ജലസേചന പദ്ധതികളും വിപൂലീകരിക്കുകയും ചെയ്തു. റെയിൽവെ, ടെലിഗ്രാഫ്, ഇന്ത്യയ്ക്ക് മൊത്തത്തിലുള്ള ഏകീകൃത തപാൽ വ്യവസ്ഥ എന്നിവയ്ക്ക് രൂപം നൽകി. വാണിജ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ പരിഷ്ക്കാരങ്ങളും സാമൂഹിക വ്യവസ്ഥിതിയിൽ ദൂരവ്യാപക ഫലങ്ങളുളവാക്കിയ മാറ്റങ്ങളും വരുത്തി. ഇദ്ദേഹത്തിന് 1849-ൽ മാർക്വസ് (പ്രഭു) പദവി ലഭിച്ചിരുന്നു, 1856 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഗവർണർ ജനറൽ പദവിയിൽ നിന്ന് വിരമിച്ചു. ഡൽഹൗസിയുടെ പല പരിഷ്ക്കാരങ്ങളും ഇന്ത്യയിലെ ജനങ്ങളിലുണ്ടാക്കിയ രോഷം 1857-ലെ ലഹളയ്ക്ക് ഒരു കാരണമായി. 1860 ഡിസംബർ 19-ന് ഇദ്ദേഹം ഡൽഹൗസി കൊട്ടാരത്തിൽ മരണമടഞ്ഞു.

അവലംബം

[തിരുത്തുക]
  1. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 232. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൽഹൌസി പ്രഭു (1812 - 60) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.