Jump to content

ദ റിംഗ് (2002 സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ റിംഗ്
പ്രമാണം:Theringpostere.jpg
Theatrical release poster
സംവിധാനംGore Verbinski
നിർമ്മാണം
തിരക്കഥEhren Kruger
ആസ്പദമാക്കിയത്
അഭിനേതാക്കൾ
സംഗീതംHans Zimmer
ഛായാഗ്രഹണംBojan Bazelli
ചിത്രസംയോജനംCraig Wood
വിതരണംDreamWorks Pictures
റിലീസിങ് തീയതിഒക്ടോബർ 18, 2002 (2002-10-18)
രാജ്യംUnited States[1]
ഭാഷEnglish
ബജറ്റ്$48 million[2]
സമയദൈർഘ്യം115 minutes[3]
ആകെ$249.3 million[2]

ദ റിംഗ് ഗോർ വെർബിൻസ്കി സംവിധാനം ചെയ്ത് നവോമി വാട്ട്സ്, മാർട്ടിൻ ഹെൻഡേഴ്സൺ, ഡേവിഡ് ഡോർഫ്മാൻ, ബ്രയാൻ കോക്സ്, ഡേവിഗ് ചേസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2002 ലെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രമാണ്. കോജി സുസുക്കിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി 1998 ൽ പുറത്തിറങ്ങിയ ജാപ്പനീസ് ഹൊറർ ചിത്രമായ റിംഗിന്റെ റീമേക്കാണിത്. കണ്ട് ഏഴു ദിവസത്തിന് ശേഷം അതിന്റെ കാഴ്ചക്കാരൻ കൊല്ലപ്പെടുമെന്ന് ശപിക്കപ്പെട്ടിരിക്കുന്ന ഒരു വീഡിയോടേപ്പിനേക്കുറിച്ച് അന്വേഷിക്കുന്ന ഒരു പത്രപ്രവർത്തകയെ നവോമി വാട്ട്സ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

ദ റിംഗ് 2002 ഒക്ടോബർ 18 ന് പുറത്തിറങ്ങുകയും ചിത്രത്തിന് മികച്ച അവലോകനങ്ങൾ ലഭിക്കുകയും ചെയ്തു. ഏഷ്യൻ ഹൊറർ ചിത്രങ്ങളുടെ ഇംഗ്ലീഷ് ഭാഷാ റീമേക്കുകളായ ദി ഗ്രഡ്ജ്, ഡാർക്ക് വാട്ടർ, പൾസ്, വൺ മിസ്ഡ് കോൾ, ദി ഐ, ഷട്ടർ, മിറേർസ്, ദി അൺഇൻവിറ്റഡ് എന്നിവയുടെ നിർമ്മാണത്തിന് ദ റിംഗ് എന്ന ചിത്രം വഴിയൊരുക്കി.

ടേപ്പിന്റെ ഐതിഹ്യം

[തിരുത്തുക]

1970 ൽ ബർക്ക് എന്ന പുരോഹിതൻ എവ്‌ലിൻ ഒസോറിയോ എന്ന സ്ത്രീയെ ഒരു പള്ളിയുടെ നിലവറയിൽ‌ ബന്ദിയാക്കുകയും ബന്ധനത്തിലായ അവളെ അയാളുടെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കുകയും ചെയ്തു. ബർക്കിൽനിന്നു ഗർഭം ധരിച്ച എവ്‍ലിൻ എട്ടര മാസത്തിനുശേഷം അടിമത്തത്തിൽ നിന്നു രക്ഷപ്പെട്ടോടുകയും ഒരു ക്രിസ്ത്യൻ ആശുപത്രിയിൽ അഭയം തേടുകയും ചെയ്തു.

എവ്‍ലിന് ആശുപത്രിയിൽവച്ച് ജനനസമയത്തു കരയാൻ വിസമ്മതിക്കുന്ന അമാനുഷിക കഴിവുകളുള്ള സമാറ എന്ന പെൺകുട്ടി ജനിച്ചു. അവളുടെ ജൈവിക മാതാപിതാക്കൾ രണ്ടുപേരും പൂർണമായും മനുഷ്യരായിരുന്നതിനാൽ ഈ കഴിവുകൾ അവൾക്ക് എവിടെ നിന്നാണ് ലഭിച്ചതെന്നത് തികച്ചും ദുരൂഹമായിരുന്നു. ഒരുപക്ഷേ മിക്കവാറും അത് എവ്‌ലിൻ നിരന്തരം ഭയന്ന് ജീവിച്ചിരുന്നതും ജലാന്തർഭാഗത്തു വസിക്കുന്നതുമായ ഒരു പൈശാചിക ആത്മാവിന്റെ മനുഷ്യാവതാരമായിരിക്കാം.

ജനിച്ചതിനു തൊട്ടുപിന്നാലെ, സമാറയ്ക്കുള്ളിൽ കുടിയിരിക്കുന്ന ദുരാത്മാക്കളിൽനിന്നു രക്ഷപെടാനുള്ള ഒരേയൊരു വഴി അവളെ വെള്ളത്തിൽ മുക്കിക്കൊല്ലുകയാണെന്ന തരത്തിൽ അവളുടെ തലയ്ക്കുള്ളിൽനിന്നു ശബ്ദം കേൾക്കുന്നതായി എവ്‌ലിൻ അവകാശപ്പെട്ടു. ഈ ശബ്ദങ്ങൾ അവളുടെ മനസ്സിൽനിന്നാണോ അതോ സമാറ ടെലിപ്പതിയിലൂടെ അവളോട് അങ്ങനെ പറയിപ്പിക്കുന്നതാണോ എന്നകാര്യം തീർച്ചയില്ല. ഒടുവിൽ എവ്‌ലിൻ പെൺകുഞ്ഞിനെ ആശുപത്രിക്ക് പുറത്തുള്ള ജലധാരയിൽ മുക്കിക്കൊല്ലാൻ തീരുമാനിച്ചുവെങ്കിലും ഒരു കൂട്ടം കന്യാസ്ത്രീകൾ അവളെ ഈ പ്രവൃത്തിയിൽനിന്നു തടയുകയും കുഞ്ഞിനെ അവളിൽനിന്നു വേർപെടുത്തുകയും ചെയ്തു. അമ്മയെ മനോരോഗാശുപത്രിയിൽ തടവിലാക്കവേ ആശുപത്രി അധികൃതർ സമാറയെ ഏതെങ്കിലും കുട്ടികളില്ലാത്ത ദമ്പതികളെ ദത്തെടുക്കാൻ പ്രേരിപ്പിച്ചു.

ഒടുവിൽ, മൊയ്‌സ്‌കോ ദ്വീപിലെ പുരസ്കാര ജേതാക്കളായ കുതിര വളർത്തുകാരായ അന്നയും റിച്ചാർഡ് മോർഗനും സമാറയെ ദത്തെടുത്തു. സമാറയ്ക്ക് തന്റെ സ്വന്തം മാതാവിനേക്കുറിച്ച് ഓർമ്മയില്ലാത്ത സമയത്ത് എവ്‌ലിൻ എഴുതി സമാറയ്‌ക്കായി സമർപ്പിച്ച ഒരു പുസ്തകം മോർഗൻ റാഞ്ചിന്റെ നിലവറയിൽ സൂക്ഷിച്ചുവച്ചിരുന്നു. 1963 മുതൽ 1969 വരെയുള്ള കാലത്തെ നിരവധി ഗർഭമലസലുകൾ കാരണം അന്ന അവരുടെ സ്വന്തം കുട്ടിയാണെന്നപോലെ സമാറയെ അത്യധികം സ്നേഹിക്കുകയും ഈ സ്നേഹം സമാറ തിരിച്ചു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സമാറ വളർന്നപ്പോൾ, അവൾ നെൻഷ എന്നറിയപ്പെടുന്ന വിചിത്രമായ അമാനുഷിക ശക്തികൾ വികസിപ്പിച്ചെടുക്കുകയും അവൾ ചുറ്റുമുള്ളപ്പോഴെല്ലാം മനഃപൂർവ്വമായി ഭയാനകമായ ചിത്രങ്ങൾ മാതാപിതാക്കളുടെ മനസ്സിൽ പതിപ്പിക്കുവാൻ ഇത് അവളെ പ്രാപ്തയാക്കുകയും ചെയ്തു.

അവളുടെ പൂർണ്ണമായ കഴിവുകളെക്കുറിച്ച് യാതൊരു അറിവുമില്ലാത്തതിനാൽ, സമാറ വളർന്നപ്പോൾ അവളിലെ ശക്തികൾ മനഃപൂർവ്വമല്ലാതെ നിയന്ത്രണാതീതമായിത്തീർന്നു. മതിയായ മത്സ്യത്തെ പിടിക്കാൻ കഴിയാതിരുന്നതുപോലുള്ള ദ്വീപിന്റെ ദുരിതങ്ങൾക്ക് അവളെ കുറ്റപ്പെടുത്തിയ പ്രാദേശിക സമൂഹം, അവളെ ഇതിൽ ബലിയാടാക്കി. കൂടാതെ, സമാറാ മനസ്സിലേയ്ക്കു പതിപ്പിക്കുന്ന ഭീകരമായ ചിത്രങ്ങൾ കാരണം അന്ന മാനസികമായി കൂടുതൽ അസ്ഥിരയാകുകയും സമാറയോട് അകലം പാലിക്കുകയും ചെയ്തു. ഒറ്റപ്പെടുത്തപ്പെട്ട ബാലിക മോർഗൻ റാഞ്ചിന് പുറത്തുള്ള ഊഞ്ഞാലുകളിൽ കൂടുതൽ സമയവും ഒറ്റയ്ക്ക് ചെലവഴിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ഒരു ജല രാക്ഷസന്റെ മനുഷ്യാവതാരമായിരിക്കാമെന്നു വിചാരിക്കപ്പെട്ട അവൾ, ക്രമേണ ജലത്തിന്മേലുള്ള ഒരു ഭയം അവളിൽ വികസിപ്പിച്ചെടുത്തു.

തലയ്ക്കുള്ളിൽ അനുഭവപ്പെടുന്ന ഭീകരമായ ചിത്രങ്ങളെക്കുറിച്ചുള്ള ചികിത്സയ്ക്കായി അന്ന പ്രാദേശിക ഡോക്ടർ ഡോ. ഗ്രാസ്നിക്കിനെ സമീപിച്ചെങ്കിലുംഇക്കാര്യത്തിൽ ഡോക്ടർക്കു സഹായിക്കാൻ കഴിയാതെ വന്നപ്പോൾ ഡോ. ഗ്രാൻസ്നിക് അന്നയെയും സമാറയെയും ഇയോല സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു. 24/7 എന്ന നമ്പറിലെ മേൽനോട്ടത്തിൽ അന്ന വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകൾക്കും ചികിത്സിക്കപ്പെടുകയും അതേസമയം സമാറായുടെ ശക്തികൾ ഡോ. സ്കോട്ട് എന്ന മനോരോഗവിദഗ്ദ്ധൻ നിരന്തരം നിരീക്ഷിക്കുകയും ചെയ്തു. ഇയോല സൈക്യാട്രിക് ഹോസ്പിറ്റലിൽ താമസിക്കുന്നതിനിടെ, സമാറയ്ക്ക് ഉറങ്ങാൻ കഴിയാതെ വരുകയും സുതാര്യമായ ഫിലിമുകളിലേയ്ക്ക് ചിത്രങ്ങൾ പകർ‌ത്തുവാനുള്ള നെൻഷ കഴിവുകൾ അവൾ പ്രദർശിപ്പിച്ചത് ഡോ. സ്കോട്ട് അവളുടെ അമാനുഷിക കഴിവുകളുടെ തെളിവായി ഉപയോഗിക്കുന്നു.

ഡോ. സ്കോട്ട് തന്റെ സൈക്യാട്രിക് സെഷൻ ക്യാമറയിൽ പകർത്തുകയും സമാറയോട് എങ്ങനെയാണ് അവൾക്കു തന്റെ അമാനുഷിക കഴിവുകൾ നിർവഹിക്കാൻ കഴിയുന്നുവെന്ന് ചോദിക്കുകയും ചെയ്യുന്നുവെങ്കിലും "ഞാൻ അവരെ കാണുന്നു ... എന്നിട്ട് ... അവർ ...” എന്നിങ്ങനെ ഉരുവിടുകമാത്രം അവൾ ചെയ്യുന്നു. തന്റെ അമാനുഷിക കഴിവുകൾ ഉപയോഗിച്ച് ആരെയും വേദനിപ്പിക്കാൻ സമാറ ആഗ്രഹിക്കുന്നില്ലെന്നു് അദ്ദേഹം അനുമാനിക്കുന്നുവെങ്കിലും ഉള്ളിൽ കുടിയിരിക്കുന്ന പൈശാചിക ശക്തിയുടെ കഴിവുകൾ വളരെ ശക്തമാണെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തനിക്ക് അവസാനിപ്പിക്കാനാവില്ലെന്നും സമാറ വക്രമായി സമ്മതിക്കുന്നത് അവൾ പതുക്കെ ഒരു ദ്വയ വ്യക്തിത്വമുള്ള മനോരോഗിയാകുന്നുവെന്നതിനെ സൂചിപ്പിക്കുന്നു. റെക്കോർഡിംഗ് പെട്ടെന്ന് നിശ്ചലതയിൽ അവസാനിക്കുകയും സമാറ ഡോ. സ്കോട്ടിനെ അവളുടെ അമാനുഷിക ശക്തികൊണ്ട് കൊന്നതായി അനുമാനിക്കപ്പെടുകയും ചെയ്യുന്നു.

താമസിയാതെതന്നെ ഈ ദൃശ്യങ്ങൾ അവിടെനിന്നു കാണാതാകുന്നു. സമാറ മറ്റാരെങ്കിലും ഉപദ്രവിക്കുന്നത് തടയുവാനായി അവളുടെ വളർത്തു പിതാവായ റിച്ചാർഡ് അവളെ കുതിര ലായങ്ങളുടെ മുകളിലത്തെ നിലയിൽ പൂട്ടിയിടുകയും അവൾക്ക് സമയം കൊല്ലാനായി ഒരു ടിവി സെറ്റ് മാത്രം നൽകുകയും ചെയ്യുന്നു. കുതിരകൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ കാരണം എല്ലാ രാത്രിയിലും ഉറങ്ങാനായി സമാറ പാടുപെടുന്നു. മനോരോഗത്തിൽ, സമാറ കുതിരകളുടെ മനസ്സിലേയ്ക്കു ഭീകരമായ ചിത്രങ്ങൾ കടത്തിവിടുകയും അവയെ അടുത്തുള്ള ഒരു മലഞ്ചെരിവിൽ നിന്ന് ചാടി ചാകുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.

കുതിരകളുടെ ഈ കൂട്ട മരണം ഒരു പകർച്ചവ്യാധിയായി കണക്കാക്കപ്പെടുകയും പിന്നീട് മോർഗൻ കുടുംബം അനാവശ്യ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. നിരവധി വാർത്താ റിപ്പോർട്ടുകൾ പ്രകാരം, കുതിരകളുടെ ഈ വിചിത്രമായ കൂട്ട ആത്മഹത്യയിൽ ഏകദേശം 36 ഓളം കുതിരകൾ കൊല്ലപ്പെട്ടു. കുതിരലായം അധികൃതർ അടച്ചുപൂട്ടിയെങ്കിലും മുകളിലെ മുറിയിലെ സമാറായുടെ സാന്നിധ്യത്തെക്കുറിച്ച് അവരാരും അറിഞ്ഞിരുന്നില്ല. കുതിരകളെ നഷ്ടപ്പെട്ടതിൽ അസ്വസ്ഥനായ അന്നയെ ഇയോല സൈക്യാട്രിക് ആശുപത്രിയിലേക്ക് തിരിച്ചയച്ചു. അഞ്ച് ദിവസത്തിന് ശേഷം അന്നയെ ആശുപത്രിയിൽ നിന്ന് മോചിപ്പിച്ചു. അടുത്തിടെയുണ്ടായ ദുരന്തങ്ങളിൽ നിന്ന് മോചനം നേടാനുള്ള ഒരു മാർഗ്ഗമായി കുടുംബം ഒരു അവധിക്കാലം ആസ്വദിക്കുവാനായി ഷെൽട്ടർ മൗണ്ടൻ സത്രം നിലനിൽക്കുന്ന സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു.

ഷെൽട്ടർ മൌണ്ടനു സമീപമുള്ള ഒരു കിണറിനരികിൽ സമാറ നിൽക്കുന്ന സമയത്ത് അന്ന മോർഗൻ അവരെയും കുതിരകളെയും മാനസികമായി ഉപദ്രവിക്കുന്നത് തടയാനായി ഒരു കറുത്തനിറമുള്ള സഞ്ചിയാൽ അവളെ മൂടുകയും ശ്വാസം മുട്ടിച്ച് കിണറ്റിലേക്ക് വലിച്ചെറിയുകയും ചെയ്തു. തന്റെ പ്രവൃത്തിയിൽ പരിഭ്രാന്തയായ അന്ന മനസാക്ഷിക്കുത്ത് അനഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള ഒരു മലഞ്ചെരിവിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അതേസമയം, സമാറ കിണറിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഒരു കൽമൂടിയാൽ സാവധാനം കിണറിന്റെ മുകൾഭാഗം മൂടപ്പെട്ടതോടെ അവളുടെ  അവളുടെ വിരൾ നഖങ്ങൾ മുറിഞ്ഞുപോകുകയും അവൾ ജീവനോടെ കിണറ്റിൽ അടച്ചു മുദ്രവെക്കപ്പെടുകയും ചെയ്തു. കിണറ്റിൽ 7 ദിവസം ചെലവഴിച്ച ശേഷം അവൾ മുങ്ങിമരിച്ചു. സമാറ മരിച്ചതിനുശേഷം മോർഗൻ കൃഷിയിടത്തിലെ കുതിരകൾ സാധാരണ നിലയിലായെങ്കിലും അവയെ വളർത്തുന്നത് നിർത്താൻ റിച്ചാർഡ് തീരുമാനിച്ചു. മരണസമയത്ത് അവൾക്ക് ഏകദേശം 10 വയസ്സായിരുന്ന പ്രായം. അതേസമയം, മൊയ്‌സ്‌കോ ദ്വീപിലെ ബാക്കി പൗരന്മാർക്ക് സമാറയുടെ പ്രശ്‌നകരമായ സാന്നിധ്യം വീണ്ടും നേരിടേണ്ടിവരില്ലെന്നതിൽ ആശ്വാസം തോന്നി. സമാറയുടെ മരണം മുതൽ "കാര്യങ്ങൾ മെച്ചപ്പെട്ടു" എന്ന് ഡോ. ഗ്രാസ്നിക് സ്വയം സമ്മതിക്കുകയും ചെയ്തു.

എന്നാൽ ഇത് പ്രശ്നങ്ങളുടെ അവസാനമല്ലായിരുന്നു. കിണറിനു മുകൾഭാഗം കാഴ്ചയിൽനിന്നു മറക്കുന്നതിനായി മേലേയയായി സത്രത്തിന്റെ മുറികൾ പണിതുയർത്തപ്പെടുകയും ചെയ്തു. സമാറ മരിച്ചുവെങ്കിലും പക്ഷേ അവളുടെ സാന്നിദ്ധ്യം അവിടെനിന്നു പോയില്ല. പുരാതനമായ കിണറ്റിൽ മുങ്ങി മരിച്ച ശേഷം സമാറ തന്റെ സൈക്കോ ഫോട്ടോഗ്രാഫി ശക്തികൾ ഉപയോഗിച്ച് ഒരു വീഡിയോ ടേപ്പ് സൃഷ്ടിക്കുകയും ഇത് കാണുന്നവരെ ശപിക്കുകയും ചെയ്യുന്നു. ഈ ശാപം 7 ദിവസത്തിനുശേഷമുള്ള ഇരകളുടെ മരണത്തിൽ കലാശിക്കുന്നു.

ശപിക്കപ്പെട്ട ചിത്രങ്ങളും സമരയുടെ ഭൂതകാലത്തെക്കുറിച്ചുള്ള സൂചനകളുമാണ് ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്നത്. ശാപത്തെ അതിജീവിക്കാനുള്ള ഒരേയൊരു പോംവഴി വീഡിയോയുടെ ഒരു പകർപ്പ് സൃഷ്ടിച്ച് മറ്റൊരാൾക്കു നൽകുകയും ശാപത്തിന്റെ ഏഴ് ദിവസം കടന്നുപോകുന്നതിന് മുമ്പായി വീഡിയോയുടെ ഉള്ളടക്കം അയാളെ കാണിക്കുകയുമെന്നതാണ്.

കഥാസാരം

[തിരുത്തുക]

ശപിക്കപ്പെട്ട വീഡിയോടേപ്പിനെക്കുറിച്ചുള്ള ഒരു ഐതിഹ്യം കൗമാരക്കാരായ കാത്തിയും ബെക്കയും ചർച്ച ചെയ്യുന്നു; ആരെങ്കിലും അത് വീക്ഷിച്ചാൽ അവർ ഏഴു ദിവസത്തിന് ശേഷം മരിക്കുമെന്നാണ് ഐതിഹ്യം. കഴിഞ്ഞയാഴ്ച സുഹൃത്തുക്കളോടൊപ്പം താൻ ടേപ്പ് കണ്ടതായി കാത്തി സമ്മതിക്കുന്നു. ആ രാത്രിയിൽ, കാത്തി ഒരു അദൃശ്യശക്തിയാൽ കൊല്ലപ്പെടുന്നു.

കാത്തിയുടെ ശവസംസ്കാര വേളയിൽ, കാറ്റിയുടെ അമ്മയായ റൂത്ത്, സിയാറ്റിൽ പത്രപ്രവർത്തകയായ തന്റെ സഹോദരി റേച്ചലിനോട് മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അഭ്യർത്ഥിക്കുന്നു. അന്നു രാത്രി കാത്തിയുടെ വികൃതമാക്കപ്പെട്ട ശവശരീരം ക്ലോസറ്റിനു സമീപം കണ്ടെത്തിയ രാത്രി അവർ ഓർമ്മിച്ചു.  മരണകാരണം വിശദീകരിക്കാൻ അന്നു ഡോക്ടർമാർക്ക് കഴിഞ്ഞില്ല. കാത്തിയുടെ സുഹൃത്തുക്കൾ അവൾ മരിച്ച ദിവസം രാത്രിയിൽ വിചിത്രമായ അപകടങ്ങളിൽ കൊല്ലപ്പെട്ടതായി റേച്ചൽ കണ്ടെത്തുന്നു. കാത്തിയും കൂട്ടുകാരും ശപിക്കപ്പെട്ട ടേപ്പ് വീക്ഷിച്ച മലയോര വിശ്രമകേന്ദ്രമായ ഷെൽട്ടർ മൗണ്ടൻ സത്രത്തിലേയ്ക്ക് റേച്ചൽ പോകുന്നു. കാത്തിയെയും അവളുടെ സുഹൃത്തുക്കളുടേയും അവിടുത്തെ താമസത്തെകുറിച്ചുള്ള വിശദാംശങ്ങൾക്കായി സത്രത്തിന്റെ മാനേജരെ അന്വേഷിക്കുമ്പോൾ, അതിഥികൾക്കായി വാടകക്കു വീഡിയോ ടേപ്പുകൾ ലഭിക്കുന്നതായി പരസ്യമുള്ള തൊട്ടടുത്ത ഷെൽഫിലെ അടയാളപ്പെടുത്താത്ത ഒരു വീഡിയോടേപ്പ് അവൾ ശ്രദ്ധിക്കുന്നു; മാനേജരുടെ  ശ്രദ്ധ പുറകോട്ട് തിരിയുമ്പോൾ അവൾ ടേപ്പ് അവളുടെ പേഴ്‌സിലേക്ക് വീഴ്ത്തുന്നു. കാത്തി താമസിച്ച അതേ ക്യാബിൻ അവൾ വാടകയ്ക്ക് എടുക്കുകയും മനസ്സില്ലാമനസ്സോടെ ടേപ്പ് കാണുകയും ചെയ്യുന്നു; അതിൽ ഭയാനകവും അലോസരപ്പെടുത്തുന്നതുമായ പ്രതിബിംബങ്ങൾ അടങ്ങിയിരിക്കുന്നതോടൊപ്പം ശൂന്യമായ ഒരു മൈതാനത്ത് ഒറ്റപ്പെട്ട കിണറിന്റെ നിശ്ചല ദൃശ്യത്തിൽ ടേപ്പ് അവസാനിക്കുന്നു. ടേപ്പ് അവസാനിച്ചുകഴിഞ്ഞപ്പോൾ, "ഏഴ് ദിവസം" എന്ന് മന്ത്രിക്കുന്ന ഒരു ഫോൺ സന്ദേശം ഒരു അജ്ഞാതനായ ഒരാളിൽനിന്ന് അവൾക്ക് ലഭിക്കുന്നു.

സംശയാസ്പദമായ വീഡിയോകൾ വിശകലനത്തിൽ വിദഗ്ദ്ധനായ തന്റെ മുൻ കാമുകൻ നോഹയെ സഹായിയായി റാഫേൽ നിയമിക്കുന്നു. അയാൾ ടേപ്പ് കാണുകയും അതിന്റെ ഉടവിടത്തെക്കുറിച്ച് ഇരുവർക്കും അന്വേഷിക്കാൻ കഴിയുമെന്ന ധാരണയിൽ അയാൾക്ക് റേച്ചൽ ടേപ്പിന്റെ ഒരു പകർപ്പെടുത്തു നൽകുകയും ചെയ്യുന്നു. ക്രമരഹിതമായ മൂക്കിൽനിന്നുള്ള രക്തസ്രാവം, തൊണ്ടയിൽ ചരടുകൾ കുടുങ്ങുന്നതോടെ ഛർദ്ദിക്കാൻ നിർബന്ധിതയാകുക എന്നിങ്ങനെ ടേപ്പിലെ ശാപത്തിന്റെ അമാനുഷിക ലക്ഷണങ്ങൾ റേച്ചലിന് അനുഭവപ്പെടുന്നു. അവൾ ടേപ്പിൽ ഒരു വിളക്കുമാടത്തിന്റെ മറഞ്ഞിരിക്കുന്ന പ്രതിബിംബം കണ്ടെത്തുകയും ഒരു കുതിര വളർത്തുകാരിയായ അന്ന മോർഗൻ എന്ന ഒരു സ്ത്രീയെ തിരിച്ചറിയുകയും ചെയ്യുന്നു. അവരുടെ ചില കുതിരകൾ മൊയ്‌സ്കോ ദ്വീപിൽ നിന്നകലെ മുങ്ങിച്ചത്തതിനേത്തുടർന്ന് അവർ ആത്മഹത്യ ചെയ്തു. വീഡിയോടേപ്പ് കാണുന്ന പുത്രൻ ഐഡാനെ റേച്ചൽ കണ്ടെത്തുന്നു.

ഐഡാനെ തന്റെ മാതാവ് റൂത്തിന്റെ സംരക്ഷണത്തിനുവിട്ട്, അന്നയുടെ ഭർത്താവ് റിച്ചാർഡുമായി സംസാരിക്കാൻ റേച്ചൽ മൊയ്‌സ്‌കോ ദ്വീപിലേക്ക് പോകുന്ന സമയം നോഹ അന്നയുടെ മെഡിക്കൽ ഫയലുകൾ പരിശോധിക്കുന്നതിനായി ഇയോള സൈക്യാട്രിക് ഹോസ്പിറ്റലിലേക്ക് പോകുന്നു. ദ്വീപിലേക്കുള്ള കടത്തുവള്ളത്തിൽ, റേച്ചലിന്റെ ശാപത്തിന്റെ സാന്നിധ്യം ഒരു കുതിരയിൽ ബാധിക്കുകയും അതിന്റെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദ്വീപിൽ, അന്നയ്ക്ക് സമാറ എന്ന പേരുള്ള ദത്തെടുക്കപ്പെട്ട ഒരു മകളുണ്ടെന്ന് റേച്ചൽ മനസ്സിലാക്കുന്നുവെങ്കിലും റിച്ചാർഡ് അത് നിഷേധിക്കുന്നു. റേച്ചൽ ദ്വീപിലെ ഡോക്ടറുമായി സംസാരിക്കുകയും അന്ന വന്ധ്യയായതു കാരണമാണ് സമാറയെ ദത്തെടുത്തതെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. വസ്തുക്കളിലേക്കും മനസ്സിലേക്കും ഇമേജുകൾ സന്നിവേശിപ്പിക്കുവാനുള്ള ഒരു അതീന്ദ്രിയ ശേഷിക്ക് ഉടമയായ സമാറ അവളുടെ മാതാപിതാക്കളെയും അവരുടെ കുതിരകളെയും ഈ കഴിവുകൾ ഉപയോഗിച്ച് ഉപദ്രവിക്കാറുണ്ടായിരുന്നു. റിച്ചാർഡ് അവസാനമായി കണ്ടതായ ഒരു വീഡിയോ റെക്കോർഡിനെക്കുറിച്ച് പരാമർശിക്കുന്ന ഒരു മനോരോഗ ഫയൽ നോവ സമാറയെക്കുറിച്ചു കണ്ടെത്തി.

റേച്ചൽ മോർഗൻ വീട്ടിലേക്ക് ഒളിച്ചു കടന്ന് ഒരു സൈക്കോതെറാപ്പി സെഷനിൽ സമാറ തന്റെ ശക്തി വിശദീകരിക്കുന്നതായി കാണിക്കുന്ന നഷ്ടപ്പെട്ടുപോയ വീഡിയോ കാണുന്നു. റിച്ചാർഡ് അവളെ കണ്ടെത്തുകയും പ്രഹരിക്കുകയും ചെയ്യുന്നു. സമാറായുടെ തിന്മ ഇപ്പോഴും ഏറെ വലുതാണെന്ന് ഭയന്ന അയാൾ ബാത്ത് ടബ്ബിൽ സ്വയം വൈദ്യുതി പ്രവഹിപ്പിച്ച് മരിക്കുന്നു. നോഹ സ്ഥലത്തെത്തുകയും അയാളും റേച്ചലുംകൂടി കളപ്പുരയിൽ പ്രവേശിക്കുന്നു. സമാറയെ അമ്മയിൽ നിന്ന് ഒറ്റപ്പെടുത്തുന്നതിനായി ഒരു കിടപ്പുമുറിയായി പരിവർത്തനം ചെയ്ത ഒരു തട്ടിൻപുറത്ത്, വാൾപേപ്പറിന് പിന്നിലുള്ള ഒരു മരത്തിന്റെ ചിത്രം അവർ കാണ്ടെത്തുകയും അത് ഷെൽട്ടർ മൗണ്ടൻ സത്രത്തിനു സമീപത്തെ ഒരു വൃക്ഷമാണെന്നു റേച്ചൽ തിരിച്ചറിയുകയും ചെയ്യുന്നു.

റേച്ചൽ നോഹയ്‌ക്കൊപ്പം ഷെൽട്ടർ മൗണ്ടൻ സത്രത്തിലെ ക്യാബിനിലേക്ക് മടങ്ങിയെത്തുകയും, അവിടെ അവർ തറയോടുകൾ അടർത്തിമാറ്റുകയും അതിനു താഴെയുള്ള ഒരു കിണറ്റിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. അവർ കിണറിന്റെ അടപ്പു നീക്കംചെയ്യുകയും റേച്ചൽ അകത്തേക്ക് തള്ളിയിടപ്പെടുകയും ചെയ്യുന്നു. കിണറ്റിലെ വെള്ളത്തിൽനിന്ന് ഒരു കൈ അവളെ പിടിക്കുന്നതോടെ ശ്വാസം മുട്ടിച്ച് സമാറയെ കിണറ്റിലേക്ക് വലിച്ചെറിയുന്ന അന്നമോർഗന്റെ ഒരു കാഴ്ചയും സമാറ കിണറ്റിൽ ഏഴുദിവസം കഴിയുന്നതിന്റേയും ഒരു കാഴ്ച റേച്ചലിന് അനുഭവേദ്യമാകുന്നു. സമാറയുടെ മൃതദേഹം വെള്ളത്തിൽ നിന്ന് പൊങ്ങിവരുന്നു. റേച്ചലിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം അവർ സമാറയ്ക്ക് ശരിയായ രീതിയിലുള്ള സംസ്കാരം ഒരുക്കുന്നു. വീഡിയോടേപ്പ് കണ്ടതിന് ശേഷം ഏഴു ദിവസങ്ങൾ പിന്നിട്ടതിനാൽ അവർ ഇപ്പോൾ സുരക്ഷിതരാണെന്ന് നോഹ റേച്ചലിനോട് പറയുന്നു.

സമാറയെ സഹായിക്കാൻ ശ്രമിച്ചത് തെറ്റാണെന്ന് ഐഡൻ റേച്ചലിന് മുന്നറിയിപ്പ് നൽകുന്നു. നോഹയുടെ ഏഴു ദിവസം കഴിയാൻപോകുന്നുവെന്ന് റേച്ചൽ മനസ്സിലാക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ അവനെ രക്ഷിക്കാനായി ഓടിയെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ സമാറായുടെ പ്രതികാരദാഹിയായ പ്രേതം ടിവി സ്ക്രീനിൽ ദൃശ്യമാകുകയും അതിൽ നിന്ന് പുറത്തേയ്ക്കു കടന്ന് അയാളെ കൊല്ലുകയും ചെയ്യുന്നു. റേച്ചൽ നോഹയുടെ  വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയശേഷം ടേപ്പ് നശിപ്പിക്കുവാനായി വീട്ടിലേക്ക് മടങ്ങുന്നു. ഐഡൻ കണ്ടതായ ഒരു കോപ്പി താൻ ഉണ്ടാക്കിയതിനാലാണ് തന്നെ ഒഴിവാക്കിയതെന്ന് അവൾ നിഗമനം ചെയ്യുന്നു. സമാറയിൽ നിന്ന് ഐഡാനെ രക്ഷിക്കുവാനായി വേറൊരാൾക്കു കാണിക്കുന്നതിന് റേച്ചൽ അവനേക്കൊണ്ട് ടേപ്പിന്റെ ഒരു പകർപ്പെടുപ്പിക്കുന്നു.  അവർ കാണിക്കുന്ന വ്യക്തിക്ക് എന്ത് സംഭവിക്കുമെന്നുള്ള ഐഡാന്റെ ചോദ്യത്തിന് റേച്ചൽ ഉത്തരം നൽകുന്നില്ല.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "The Ring". American Film Institute. Retrieved March 1, 2019.
  2. 2.0 2.1 "The Ring (2002)". Box Office Mojo. IMDb. Retrieved March 1, 2019.
  3. "The Ring (15)". British Board of Film Classification. October 21, 2002. Retrieved March 1, 2019.