Jump to content

നീതിന്യായ വ്യവസ്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രാജ്യത്തിന്റെ നിയമം വ്യാഖ്യാനിക്കുന്നതിനും തർക്കങ്ങളിൽ തീർപ്പു കൽപ്പിക്കുന്നതിനും കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതിനുമുള്ള സംവിധാനമാണ് നീതിന്യായ വ്യവസ്ഥ (ഇംഗ്ലീഷ്: Judiciary). ഭരണ കൂടങ്ങൾ സ്വന്തം താല്പര്യത്തിനായി പൗരന്മാരെ അന്യായമായി തടങ്കലിൽ വെക്കുകയൊ,ശിക്ഷിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ജുഡീഷ്യറിയാണ് അവസാന ആശ്രയം. ഒരു രാജ്യത്തിന്റെ നിലവാരം അളക്കുന്നത് അവിടുത്തെ കോടതികൾ എത്ര മാത്രം സ്വതന്ത്രമാണ് എന്ന് കൂടി പരിഗണിച്ചാണ്. ഇന്ത്യ ഇക്കാര്യത്തിൽ ലോകത്ത് മുൻ നിരയിലുള്ള രാജ്യമാണ്. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ ജുഡീഷ്യറിയുടെ ആപ്തവാക്യം. ഇന്ത്യയിലെ പരമോന്നത നീതിപീഠമാണ് "സുപ്രീം കോടതി". ഇന്ത്യയിൽ സുപ്രീംകോടതിയും ഹൈക്കോടതികളുമാണ് നീതിന്യായവ്യവസ്ഥയുടെ പ്രധാന നെടുംതൂണുകൾ.

വിവിധ കോടതികൾ

[തിരുത്തുക]

സുപ്രീം കോടതി ഇന്ത്യയിലെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ ബോഡിയും അന്തിമ അപ്പീൽ കോടതിയുമാണ്. ഇന്ത്യ രാജ്യം മുഴുവൻ അധികാരപരിധിയിലുള്ള സുപ്രീം കോടതി ന്യൂ ഡൽഹിയിലാണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങളിലും, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും, പൊതു പ്രാധാന്യമുള്ള കാര്യങ്ങളിലും ഇടപെടാൻ സുപ്രീം കോടതിക്ക് യഥാർത്ഥ അധികാരമുണ്ട്. ഇത് പ്രാഥമികമായി ഒരു അപ്പീൽ കോടതിയായി പ്രവർത്തിക്കുന്നു, ഹൈക്കോടതികളിൽ നിന്നും മറ്റ് കീഴ് കോടതികളിൽ നിന്നുമുള്ള അപ്പീലുകൾ കേൾക്കുന്നു. മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിനായി റിട്ട് പുറപ്പെടുവിക്കാനും സുപ്രീം കോടതിക്ക് അധികാരമുണ്ട്.

ഹൈക്കോടതികൾ

[തിരുത്തുക]
പ്രധാന ലേഖനം: ഹൈക്കോടതി

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഒരു ഹൈക്കോടതിയുണ്ട്, അത് ആ സംസ്ഥാനത്തെ പരമോന്നത കോടതിയാണ്. ഹൈക്കോടതികൾക്ക് അതത് സംസ്ഥാനങ്ങളിൽ അധികാരപരിധിയുണ്ട്, കൂടാതെ അവരുടെ അധികാരപരിധിയിലുള്ള ജില്ലാ കോടതികളിൽ നിന്ന് ഉത്ഭവിക്കുന്ന അപ്പീലുകൾ, റിട്ട് ഹർജികൾ, മറ്റ് വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു. ചില കേസുകളിൽ ഹൈക്കോടതികൾക്കും യഥാർത്ഥ (ഒറിജിനൽ) അധികാരപരിധിയുണ്ട്. നിലവിൽ ഇന്ത്യയിൽ ഡൽഹി ഹൈക്കോടതി, ബോംബെ ഹൈക്കോടതി, കൽക്കട്ട ഹൈക്കോടതി, കേരള ഹൈക്കോടതി തുടങ്ങി 25 ഹൈക്കോടതികളുണ്ട്. ബോംബെ ഹൈക്കോടതി, ഗുവാഹത്തി ഹൈക്കോടതി, തുടങ്ങി ചില ഹൈക്കോടതികളുടെ അധികാര പരിധിയിൽ ഒന്നിലധികം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു.

ജില്ലാ കോടതികൾ

[തിരുത്തുക]
പ്രധാന ലേഖനം: ജില്ലാ കോടതി

ഒരു സംസ്ഥാനത്തെ ഓരോ ജില്ലയിലെയും പ്രാഥമിക വിചാരണ കോടതികളാണിത്. അവർ തങ്ങളുടെ പ്രാദേശിക അധികാരപരിധിക്കുള്ളിൽ സിവിൽ, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നു. ജില്ലാ കോടതികൾ ഒരു ജഡ്ജിയുടെ അധ്യക്ഷതയിലാണ്, അവ സിവിൽ കോടതികളായും ക്രിമിനൽ കോടതികളായും തിരിച്ചിരിക്കുന്നു. ജില്ലാ കോടതികളുടെ കീഴിൽ കീഴ്ക്കോടതികളെ സിവിൽ കോടതികൾ, ക്രിമിനൽ കോടതികൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. വ്യക്തികൾ തമ്മിലുള്ള ഇടപാടുകളും അവയിൽ നിന്നുത്ഭവിക്കുന്ന തർക്കങ്ങളും അവകാശ ബാധ്യതകളും തീരുമാനിക്കുന്നത് സിവിൽ കോടതികൾ (Civil Courts ) ആണ്. ഒരു പൗരൻ എന്ന നിലയിലുള്ള അവകാശങ്ങളും വ്യവഹാരത്തിന് വിഷയമാകാറുണ്ട്‌. എനാൽ ക്രിമിനൽ കോടതികൾ (Criminal Courts ) കുറ്റവാളികളെ വിചാരണ ചെയ്തു ശിക്ഷ കൽപ്പിക്കുന്ന കോടതികളാണ് . സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന ഏറ്റവും താഴെ തട്ടിലുള്ള കോടതികൾ ആണ് മുൻസിഫ് കോടതികൾ. ക്രിമിനൽ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന താഴെ തലത്തിലുള്ള കോടതികളാണ് മജിസ്ട്രേറ്റ് കോടതികൾ. ജില്ലാ കോടതികളുടെ അതെ അധികാരമുള്ള അഡീഷണൽ ജില്ലാ കോടതികളും ഉണ്ട്, അവയുടെ അധ്യക്ഷത വഹിക്കുന്നത് അഡീഷണൽ ജില്ലാ ജഡ്ജിമാർ ആണ്. ജില്ലാ, അഡീഷണൽ ജില്ലാ കോടതികൾ ക്രിമിനല് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ സെഷൻസ് കോടതി എന്ന് അറിയപ്പെടുന്നു.

സിവിൽ കോടതികളുടെ ഘടന ക്രിമിനൽ കോടതികളുടെ ഘടന
കോടതി അധ്യക്ഷൻ അധികാര പരിധി കോടതി അധ്യക്ഷൻ അധികാരപരിധി
ജില്ലാ കോടതി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി അപ്പീൽ സെഷൻസ് കോടതി സെഷൻസ് ജഡ്ജി നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും നൽകാം (എന്നാൽ വിധിക്കുന്ന ഏതൊരു വധശിക്ഷയും ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് വിധേയമായിരിക്കും.)
അഡീഷണൽ ജില്ലാ കോടതി അഡീഷണൽ ജില്ലാ ജഡ്ജി അപ്പീൽ അധികാര പരിധി അഡീഷണൽ സെഷൻസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി - സെഷൻസ് കോടതിയുടെ തുല്യ അധികാരം.
സബ് കോടതി സബ് ജഡ്ജി 10 ലക്ഷത്തിൽ കൂടിയ മൂല്യമുള്ള സിവിൽ കേസുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രാദേശിക അധികാര പരിധിക്ക് പുറമെ 7 വർഷത്തിൽ കൂടാത്ത തടവ് ശിക്ഷ വിധിക്കാനുള്ള അധികാരവും ഉണ്ട്.
മുൻസിഫ് കോടതി മുൻസിഫ് ജഡ്ജി പ്രാദേശിക അധികാര പരിധിയും, 10 ലക്ഷത്തിൽ കവിയാത്ത മൂല്യവും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഫസ്റ്റ് ക്ലാസ്സ്) പ്രാദേശിക അധികാര പരിധിക്ക് പുറമെ 3 വർഷത്തിൽ താഴെ തടവു ശിക്ഷ വിധിക്കാനുള്ള അധികാരവും

സബ് കോടതികൾ

[തിരുത്തുക]
പ്രധാന ലേഖനം: സബ് കോടതി

"സബോർഡിനേറ്റ് കോടതി" എന്നതിന്റെ ചുരുക്കെഴുത്താണ് "സബ് കോടതി". മുൻസിഫ് കോടതി പോലെ സിവിൽ നീതിന്യായ സംവിധാനത്തിലെ പ്രാഥമികതലത്തിലുള്ള കോടതിയും, അതേസമയം ജില്ലാക്കോടതി ചുതലപ്പെടുത്തുന്നതനുസരിച്ച് അപ്പീൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയും കൂടിയാണ് സബ്കോടതി. 10 ലക്ഷം രൂപയിൽ കവിഞ്ഞ മൂല്യമുള്ള ഏതു സിവിൽ വ്യവഹാരവും സബ്കോടതിയിൽ ബോധിപ്പിക്കാം. ഇവയുടെയും പ്രദേശപരമായ അധികാര പരിധി നിശ്ചയിച്ചിട്ടുണ്ട്.

മുൻസിഫ് കോടതികൾ

[തിരുത്തുക]
പ്രധാന ലേഖനം: മുൻസിഫ് കോടതി
ഇന്ത്യയിലെ സിവിൽ നീതിന്യായ സംവിധാനത്തിലെ പ്രാഥമിക തലത്തിലുള്ള കോടതി ആണ് "മുൻസിഫ് കോടതി". കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മിക്കവാറും താലൂക്ക് അടിസ്ഥാനത്തിൽ മുൻസിഫ് കോടതികൾ പ്രവർത്തിക്കുന്നു. ഇവയ്ക്ക് പ്രദേശപരവും ധനപരവുമായ അധികാര പരിധി നിശ്ചയിച്ചിട്ടുണ്ട്. സിവിൽ സ്വഭാവമുള്ള എല്ലാ വ്യവഹാരങ്ങളും മുൻസിഫ് കോടതിയിൽ ബോധിപ്പിക്കാം. എന്നാൽ തർക്കത്തിന് ആസ്പദമായ തുകയോ, വസ്തവകകളുടെ മൂല്യം അഥവാ വിലയോ 10 ലക്ഷം രൂപയിൽ കവിയരുത്. ചില സംസ്ഥാനങ്ങളിൽ ജൂനിയർ സിവിൽ ജഡ്ജിയുടെ കോടതി എന്നും അറിയപ്പെടുന്നു.

അസിസ്റ്റന്റ് സെഷൻസ് കോടതി

[തിരുത്തുക]

ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയാന്ന് അസിസ്റ്റന്റ് സെഷൻസ് കോടതി. അസിസ്റ്റന്റ് സെഷൻസ് ജഡ്ജി അധ്യക്ഷനായ ഈ കോടതിക്ക് പത്തു വർഷത്തിൽ കുറഞ്ഞ ശിക്ഷ വിധിക്കാൻ അധികാരമുണ്ട്. ഈ കോടതികൾക്കും പ്രാദേശിക അധികാരപരിധി നിശ്ചയിച്ചിട്ടുണ്ട്.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ

[തിരുത്തുക]

ഇന്ത്യയിലെ ക്രിമിനൽ കോടതി ഘടനയിൽ രണ്ടാമതായി വരുന്ന കോടതിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (Chief Judicial Magistrate Court). ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് ഈ കോടതിയുടെ അധ്യക്ഷൻ. എല്ലാ ജില്ലകളിലെയും മജിസ്ട്രേറ്റ് കോടതികളുടെ ചുമതലക്കാരൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരിക്കും. ഈ കോടതികൾക്ക് പ്രാദേശിക അധികാര പരിധി ഉണ്ടായിരിക്കും. ഒരു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ കോടതിക്ക് വധശിക്ഷയോ ജീവപര്യന്തമോ ഏഴ് വർഷത്തിൽ കൂടുതലുള്ള തടവോ ഒഴികെയുള്ള നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും വിധിക്കാം. ഈ കോടതിയുടെ തുല്യ അധികാരമുള്ള അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളും പ്രവർത്തിക്കുന്നുണ്ട്.

മജിസ്ട്രേറ്റ് കോടതികൾ

[തിരുത്തുക]

ഇന്ത്യയിലെ താഴെ തട്ടിലുള്ള ക്രിമിനൽ കോടതികളാണ് "മജിസ്ട്രേറ്റ് കോടതികൾ" എന്നറിയപ്പെടുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതികൾ. ഒരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് ഈ കോടതികളുടെ അദ്ധ്യക്ഷൻ. ക്രിമിനൽ കോടതി ഘടനയിലെ ഏറ്റവും പ്രാഥമിക കോടതി ആണ് ഇത്. ക്രിമിനൽ നടപടി ക്രമം, 1973 (CrPc) യുടെ 11-ാം വകുപ്പ് അനുസരിച്ച്, ഒരു ജില്ലയിലെ ഏത് സ്ഥലത്തും അതാത് സംസ്ഥാനങ്ങളിലെ ഹൈക്കോടതിയുമായി കൂടിയാലോചിച്ച് സംസ്ഥാന സർക്കാരിന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കാവുന്നതാണ്.

മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതികൾ

[തിരുത്തുക]

ജില്ലയിലെന്ന പോലെ തന്നെയാണ് ഒരു മെട്രോപൊളിറ്റൻ നഗരങ്ങളിലെയും ജുഡീഷ്യൽ ഘടന. ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതികൾക്ക് സമാനമായ കോടതികൾ "മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതികൾ" എന്ന പേരിൽ അറിയപ്പെടുന്നു. ഹൈക്കോടതിയാണ് ഇവരെ നിയമിക്കുന്നത്. ഈ കോടതികളുടെ അധികാരപരിധി മെട്രോപൊളിറ്റൻ ഏരിയാ മാത്രമാണ്.

പ്രത്യേക കോടതികളും ട്രൈബ്യൂണലുകളും

[തിരുത്തുക]

ഈ കോടതികൾ കൂടാതെ, നിയമത്തിന്റെ പ്രത്യേക മേഖലകൾ അല്ലെങ്കിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളും ട്രൈബ്യൂണലുകളും ഇന്ത്യയിൽ ഉണ്ട്. വിവിധ തർക്കങ്ങൾ കൈകാര്യം ചെയ്യുന്ന ജുഡീഷ്യൽ അധികാരങ്ങളാൽ ശാക്തീകരിക്കപ്പെട്ട അർദ്ധ ജുഡീഷ്യൽ ബോഡികളാണ് ട്രൈബ്യൂണലുകൾ. ചില ഉദാഹരണങ്ങളിൽ താഴെക്കൊടുക്കുന്നു;

കുടുംബ കോടതികൾ

[തിരുത്തുക]
പ്രധാന ലേഖനം: കുടുംബ കോടതി

വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, ജീവനാംശം എന്നിവ ഉൾപ്പെടെയുള്ള കുടുംബ തർക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ കോടതികൾ കൈകാര്യം ചെയ്യുന്നു. ജില്ലാ ജഡ്ജിയുടെ പദവിയിൽ ഉള്ള ഒരു ജഡ്ജിയാണ് കുടുംബ കോടതികളുടെ അധ്യക്ഷൻ.

പ്രത്യേക വിജിലൻസ് കോടതികളും ട്രൈബ്യൂണലുകളും

[തിരുത്തുക]

വിജിലൻസ് സമർപ്പിക്കുന്ന കേസുകൾ വിചാരണ ചെയ്യുന്നതിന് മാത്രമായി സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിൽ ആറ് പ്രത്യേക കോടതികൾ പ്രവർത്തിക്കുന്നു. അഴിമതി നിരോധന നിയമ പ്രകാരമുള്ള (Prevention of Corruption Act) കേസുകൾ വിചാരണ ചെയ്യുന്നു.

ഫാസ്റ്റ് ട്രാക്ക് പ്രതേക കോടതികൾ

[തിരുത്തുക]

കുട്ടികൾക്കെതിരെയുള്ള ലൈംഗികഅതിക്രമങ്ങൾ തടയൽ നിയമം (പോക്സോ) കേസുകൾ വിചാരണ ചെയ്യുന്ന പ്രതേക കോടതികളാണിവ. പോക്സോ കോടതി എന്നും അറിയപ്പെടുന്നു. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു ജുഡീഷ്യൽ ഓഫീസർ ആണ് കോടതി അധ്യക്ഷൻ. പോക്സോ കേസുകൾ അധിവേകം വിചാരണ ചെയ്യാൻ വേണ്ടിയാണ് ഈ പ്രതേക കോടതികൾ നിർമ്മിച്ചത്.

ഉപഭോക്തൃ കോടതികൾ

[തിരുത്തുക]

ഈ ഫോറങ്ങൾ വികലമായ ഉൽപ്പന്നങ്ങൾ, അന്യായമായ വ്യാപാര രീതികൾ മുതലായവയെ സംബന്ധിച്ച ഉപഭോക്തൃ തർക്കങ്ങളും പരാതികളും തീർപ്പാക്കുന്നു. കൺസ്യൂമർ ഫോറമുകൾ എന്ന പേരിൽ ആണ് ഇവ അറിയപ്പെടുന്നത്.

ലേബർ കോടതികളും ഇൻഡസ്ട്രിയൽ ട്രിബ്യൂണലുകളും

[തിരുത്തുക]

ഈ കോടതികളും ട്രൈബ്യൂണലുകളും വ്യവസായ തർക്കങ്ങൾ, തൊഴിൽ കാര്യങ്ങൾ, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നു.

ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലുകൾ

[തിരുത്തുക]

ആദായനികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വിധികൾക്കും എതിരായ അപ്പീലുകൾ ഈ ട്രൈബ്യൂണലുകൾ പരിഗണിക്കുന്നു.

മോട്ടോർവാഹന അപകട ക്ലയിം ട്രിബ്യൂണൽ

[തിരുത്തുക]

മോട്ടോർ വാഹനങ്ങളുടെ അപകടങ്ങളുടെ നഷ്ട്ടപരിഹാര കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് (Motor Vehicles Accidents Tribunal-MACT) ഇത്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ജഡ്ജിയാണ് ഈ കോടതിയുടെ അധ്യക്ഷൻ.

ജുവനൈൽ ജസ്റ്റിസ് ബോർഡ്

[തിരുത്തുക]

ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) ആക്ട് 2000-ത്തിന്റെ 4-ാം അനുഛേദപ്രകാരം എല്ലാ ജില്ലകളിലും പ്രിൻസിപ്പൽ മജിസ്ട്രേട്ട് (ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്) അധ്യക്ഷനായും രണ്ട് സാമൂഹിക പ്രവർത്തകർ അംഗങ്ങളായും ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അർദ്ധ ജുഡീഷ്യൽ ഭോഡിയാണ് ജുവൈനൽ ജസ്റ്റിസ് ബോർഡ്. പ്രായ പൂർത്തിയാകാത്ത കുട്ടികൾ പ്രതികളായിട്ടുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന ബോഡിയാണ് ഇവ.

ദേശീയ ഹരിത ട്രൈബ്യൂണൽ

[തിരുത്തുക]

ഈ പ്രത്യേക ട്രൈബ്യൂണൽ പാരിസ്ഥിതിക വിഷയങ്ങൾ കൈകാര്യം ചെയ്യുകയും പരിസ്ഥിതി നിയമങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്നു.[1]


അവലംബങ്ങൾ

[തിരുത്തുക]
  1. "ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കാൻ കോട്ടയത്തിന് സമയബന്ധിത കർമ്മ പദ്ധതി | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2023-07-16.

ഇതും കാണുക

[തിരുത്തുക]