രാജ്യസമാചാരം
തരം | മാസത്തിൽ ഒന്ന് |
---|---|
ഉടമസ്ഥ(ർ) | ഹെർമൻ ഗുണ്ടർട്ട് |
സ്ഥാപിതം | 1847 |
ഭാഷ | മലയാളം |
ആസ്ഥാനം | ഇല്ലിക്കുന്ന്, തലശ്ശേരി |
ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം. ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലികവും പത്രവുമായി വിലയിരുത്തപ്പെടുന്നു.[1][2] [3]. തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്നാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്. [4]. അച്ചടിക്കു പകരം സൈക്ലോസ്റ്റൈൽ സങ്കേതം ഉപയോഗിച്ചായിരുന്നു പകർപ്പുകളെടുത്തിരുന്നതു്. (ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരണം ആരംഭിച്ച മാസിക കോട്ടയത്തുനിന്നും ഇറങ്ങിയിരുന്ന ജ്ഞാനനിക്ഷേപം ആണു്).
എട്ടു പേജുകളുള്ള ഈ പത്രം മാസത്തിൽ ഒരു ലക്കം വീതമാണ് പ്രസിദ്ധീകരിച്ചിരുന്നത്. പൂർണ്ണമായും സൗജന്യമായാണ് പത്രം വിതരണം ചെയ്തിരുന്നത്.[2]
ആവിർഭാവം
[തിരുത്തുക]ഇല്ലിക്കുന്നിൽ താമസം തുടങ്ങിയ കാലം മുതൽ ഒരു മലയാളപ്രസിദ്ധീകരണം തുടങ്ങുന്നതിനെക്കുറിച്ച് ഗുണ്ടർട്ട് ചിന്തിച്ചിരുന്നു. അതുവരെ ലഘുലേഖകളിലും ഒറ്റപ്പെട്ടതും ചെറുതുമായ പുസ്തകങ്ങളിലും ഒതുങ്ങിനിന്നിരുന്ന അച്ചടിച്ച മലയാളപ്രസാധനങ്ങൾ വേണ്ടത്ര ഫലപ്രദമല്ലെന്നു് അദ്ദേഹം മനസ്സിലാക്കി. 1841 ജനുവരി 20-നു് അദ്ദേഹം ബാസൽ മിഷൻ ആസ്ഥാനത്തേക്കു് ഇങ്ങനെ ഒരു കത്തയച്ചു: "എനിക്കിപ്പോഴുള്ള ചിന്ത മടി കൂടാതെ രേഖപ്പെടുത്തട്ടെ: മലയാളത്തിൽ ഒരാഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചാൽ ലഘുലേഖകളേക്കാൾ അതു ശ്രദ്ധേയമായിത്തീരില്ലേ? ആഴ്ച്ചപ്പതിപ്പു തുടങ്ങാൻ അധികം പ്രയത്നം വേണ്ടി വരില്ല. ഇംഗ്ലണ്ടിൽ നിന്നും പ്രസ്സ് വാങ്ങാൻ കുറച്ചു പണം വേണ്ടി വരും. മാറ്റർ തയ്യാറാക്കാനും വിഷമമില്ല. കുറച്ചദ്ധ്വാനിച്ചാൽ വരിക്കാരേയും കിട്ടും. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അക്ഷരങ്ങളുണ്ടാക്കി അച്ചു നിരത്തി അച്ചടിക്കുക എന്നതാണു്. കോട്ടയത്തുനിന്നും ഒരു ലഘുലേഖ അച്ചടിച്ചുവരാൻ കുറേ നാൾ കാത്തിരിക്കണം. അതിലും വേഗത്തിൽ അവിടെനിന്നു് ഒരു അച്ചടിക്കാരനെ കിട്ടും. ഈ നിർദ്ദേശം ഇവിടത്തെ പ്രമാണിമാരുടെ മുന്നിൽ രേഖാമൂലം അവതരിപ്പിക്കാൻ എന്നെ അനുവദിക്കുമോ?" [1]
ഈ കത്തിനു ശേഷം ഏകദേശം ആറുവർഷത്തെ കാത്തിരിപ്പിന്റേയും പരിശ്രമത്തിന്റേയും ഒടുവിലാണു് 1847 ജൂണിൽ രാജ്യസമാചാരം ആദ്യമായി പ്രകാശിക്കപ്പെട്ടതു്[2]. ജോർജ്ജ് ഫ്രെഡെറിൿ മുള്ളർ ആയിരുന്നു പ്രധാന പത്രാധിപർ എങ്കിലും മാസികയിൽ അത്തരം സ്ഥാനങ്ങളൊന്നും രേഖപ്പെടുത്താറുണ്ടായിരുന്നില്ല. മുഖ്യമായും മിഷണറി പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകളായിരുന്നു രാജ്യസമാചാരത്തിലെ ഉള്ളടക്കം.[1]
രൂപം
[തിരുത്തുക]മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ആനുകാലികത്തിന്റെ രൂപം ഏറ്റവും ലളിതവും അനാകർഷകവുമായിരുന്നു. ഡെമി ഒക്ടാവോ (ഡെമി എട്ടിലൊന്നു്: 216 മി.മീ. x 138 മി.മീ.) വലിപ്പത്തിൽ സൈക്ലോസ്റ്റൈൽ ഉപയോഗിച്ച് പകർത്തിയ എട്ടു പേജുകളായിരുന്നു രാജ്യസമാചാരത്തിന്റെ ഒരു ലക്കം. അതിന്റെ തലക്കെട്ടിലോ മറ്റെവിടെയെങ്കിലുമോ പത്രാധിപരുടെ പേരു്, വില തുടങ്ങിയവ കാണിച്ചിരുന്നില്ല (രാജ്യസമാചാരം വില ഈടാക്കാതെ സൗജന്യമായി വിതരണം ചെയ്യപ്പെടുകയായിരുന്നു). കോളങ്ങളായി വിഭജിക്കുകയോ ഉപശീർഷകങ്ങൾ നൽകുകയോ ചെയ്യാതെ, ആദ്യതാൾ മുതൽ അവസാനതാൾ വരെ ഒരേ ക്രമത്തിൽ എഴുതിയതായിരുന്നു ലേഖനങ്ങൾ.[2]
1850 അവസാനത്തോടുകൂടി രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണം നിന്നുപോയി. അപ്പോഴേക്കും ആകെ 42 ലക്കങ്ങൾ പുറത്തിറങ്ങിയിരുന്നു.[2]
പശ്ചിമോദയം
[തിരുത്തുക]രാജ്യസമാചാരത്തിന്റെ ആരംഭത്തിനു തൊട്ടുപിന്നാലെ ഗുണ്ടർട്ട് മറ്റൊരു മാസിക കൂടി പ്രസിദ്ധീകരണം ആരംഭിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ വിജ്ഞാനശാഖകൾക്കു പ്രാധാന്യം നൽകി 1847 ഒക്ടോബറിൽ തുടങ്ങിവെച്ച ഈ മാസികയാണു് പശ്ചിമോദയം[1] [2]. ഫ്രെഡെറിൿ മുള്ളർ തന്നെയായിരുന്നു ഔദ്യോഗികനിലയിൽ പത്രാധിപർ. പ്രകൃതിശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ജ്യോതിഷം തുടങ്ങിയ വിഷയങ്ങളെയെല്ലാം ഈ മാസികയിലെ ലേഖനങ്ങൾ സ്പർശിച്ചു[2].
ഇതും കാണുക
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 സക്കറിയ, പ്രൊ. സ്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട്. അച്ചടി: ഡി. സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (60/91-92 S.No.1824 DCB1287 BPM 16 MPL-2000-1091) (ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യം മൂന്നാം രൂപം (മലയാളം പതിപ്പു്) ed.). കോട്ടയം: ഡി.സി. ബുക്ക്സ്, കോട്ടയം - 686 001.
{{cite book}}
: Cite has empty unknown parameters:|accessyear=
,|accessmonth=
,|month=
,|price=
, and|chapterurl=
(help); Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ 2.0 2.1 2.2 2.3 2.4 2.5 2.6 http://pressacademy.org/content/history-media-kerala കേരളത്തിലെ മാദ്ധ്യമങ്ങളുടെ ചരിത്രം
- ↑ http://www.india9.com/i9show/Rajyasamacharam-66418.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-05. Retrieved 2011-08-26.