Jump to content

വക്കം ഖാദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വക്കം ഖാദർ

സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു വക്കം ഖാദർ എന്ന വക്കം അബ്​ദുൽഖാദർ (25 മേയ്​ 1917 - 10 സെപ്​റ്റംബർ 1943). 1943 സെപ്​റ്റംബർ 10ന്​ ബ്രിട്ടീഷ്​ ഗവൺമെന്റ് തൂക്കിലേറ്റി. [1]

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ 1917 മേയ്​ 25ന്​ വാവാക്കുഞ്ഞ്​ -ഉമ്മുസൽമ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്ത്​ തന്നെ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ സജീവമായി. 1938ൽ ഖാദറിന്​ 21 വയസ്സുള്ളപ്പോൾ പിതാവി​ന്റെ താൽപര്യപ്രകാരം മലേഷ്യയിലേക്ക്​ പോയി അവിടെ പൊതുമരാമത്ത്​ വകുപ്പിൽ എൻജിനീയറിങ്​ സെക്​ഷനിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും തുടർന്നില്ല.

സ്വാതന്ത്ര്യ സമരത്തിൽ

[തിരുത്തുക]

മലേഷ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു പോരാടിയിരുന്ന ഇന്ത്യ ഇൻഡിപെൻഡൻറ്​ ലീഗിൽ ചേർന്നു പ്രവർത്തിച്ചു. ഇൻഡിപെൻഡൻറ്​ ലീഗുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന മലേഷ്യയിലെ കേരള മുസ്​ലിംകളുടെ കൂട്ടായ്​മ കേരള മുസ്​ലിം യൂനിയ​ന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. നേതാജി സുഭാഷ്​ ചന്ദ്രബോസ്​ സ്വാതന്ത്ര്യ പോരാട്ടത്തിന്​ രൂപവത്​കരിച്ച ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്ന ഖാദർ മർമപ്രധാന വിഭാഗത്തി​ന്റെ ചുമതലക്കാരനായി. ഐ.എൻ.എ ഭടന്മാർക്ക്​ പരിശീലനത്തിന്​ രൂപവത്​കരിച്ച സ്വരാജ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന്​ പരിശീലനം പൂർത്തിയാക്കിയശേഷം ഖാദർ ധീരന്മാരുടെ കോർയൂനിറ്റായ ചാവേർ സ്​ക്വാഡിൽ പ്രമുഖനായി. ബ്രിട്ടീഷ്​ ഭരണം തകർക്കാൻ രഹസ്യനീക്കത്തിന്​ ഐ.എൻ.എ നിയോഗിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായി ഇന്ത്യയിലെത്തി. 1942 സെപ്​റ്റംബർ 18ന്​ രാത്രി 10 നാണ്​ അവർ മലേഷ്യയിലെ പെനാങ്ക്​ തുറമുഖത്തുനിന്ന്​ ഒരു അന്തർവാഹിനിയിൽ ഇന്ത്യയിലേക്ക്​ പുറപ്പെട്ടത്​. ഒമ്പത്​ ദിവസത്തെ കടലിനടിയിലെ യാത്രക്കു ശേഷം മലബാറിലെ താനൂർ കടപ്പുറത്ത്​ എത്തി. ഉടൻ പൊലീസ്​ പിടിയിലാവുകയും പിന്നീട്​ ബ്രിട്ടീഷ്​ പട്ടാളം മദ്രാസിലെ സെന്റ്​ ജോർജ്​ ഫോർട്ട്​ ജയിലിൽ അടക്കുകയും ചെയ്​തു.

അറസ്റ്റിലായ സംഘത്തെ മദ്രാസ് സെൻട്രൽ ജയിലിലെത്തിച്ച് കൊടുംപീഡനങ്ങൾക്കിരയാക്കി. പിന്നീട് സ്പെഷ്യൽ കോടതിയിൽ വിചാരണനടത്തി ശിക്ഷവിധിച്ചു. ഇവരുടെമേൽ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് കേസെടുത്തത്.

എനിമി ഏജന്റ് ഓർഡിനൻസ് നമ്പർ വൺ ഓഫ് 1943

[തിരുത്തുക]

ഈ കേസ് കൈകാര്യം ചെയ്യാൻ 'എനിമി ഏജന്റ്സ് ഓർഡിനൻസ് നമ്പർ വൺ ഓഫ് 1943' എന്നൊരു ഓർഡിനൻസ് പുറപ്പെടുവിച്ച് അതിന് ബ്രിട്ടീഷ് സർക്കാർ 1939 സപ്തംബർ മുതലുള്ള മുൻകാലപ്രാബല്യം നൽകുകയും ചെയ്തു.[2]

ഇന്ത്യയുടെ ഭരണവ്യവസ്ഥിതിയെ അട്ടിമറിക്കാൻ ജപ്പാന്റെ പ്രതിഫലംപറ്റുന്ന ഏജന്റായി പ്രവർത്തിച്ചുവെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാറിന്റെ രഹസ്യങ്ങൾ ചോർത്തിക്കൊടുത്ത് രാജാധികാരത്തെ അപമാനിച്ചുവെന്നുമാണ് ഖാദറിന്റെയും സംഘത്തിന്റെയും പേരിൽ ചുമത്തിയ കുറ്റം. വക്കം ഖാദർ, ഫൗജാസിങ്, സത്യേന്ദ്ര ചന്ദ്ര ബർഹാൻ, ബോണി ഫെയ്സ് പെരേര, അനന്തൻ നായർ എന്നിവരെ അഞ്ചുവർഷത്തെ കഠിനതടവിനുശേഷം തൂക്കിക്കൊല്ലാൻ വിധിച്ചു. അപ്പീൽ കോടതിയിൽ തിരുവനന്തപുരംകാരനായ ബോണി ഫെയ്സ് മാത്രം രക്ഷപ്പെട്ടു. 1943 സെപ്​റ്റംബർ 10ന്​ ഖാദറിനെയും സംഘത്തെയും തൂക്കിലേറ്റി.

കത്തുകൾ

[തിരുത്തുക]

മരണത്തിനു മുമ്പ് പിതാവിനും സുഹൃത്ത് ബോണി ഫെയ്സിനും അയയ്ക്കാനായി നൽകിയ കത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

വക്കം ഖാദർ തപാൽ സ്റ്റാമ്പ്
  • ഐഎൻഎ ഹീറോ വക്കം ഖാദർ എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • ഐ.എൻ.എ ഹീറോ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ പ്രവർത്തിച്ചു വരുന്നു.
  • വക്കം ഖാദറിന്റെയും ഫൗജാ സിംഗിന്റെയും സത്യേന്ദ്ര ചന്ദ്ര ബർഹാന്റെയും ഓർമ്മയക്കായി 1998 ൽ തപാൽ വകുപ്പ് സ്റ്റാമ്പും പ്രഥമ ദിന കവറും പുറത്തിറക്കിയിട്ടുണ്ട്.
  • വക്കം കായിക്കരയിൽ വക്കം ഖാദർ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. ഡെസ്ക്, വെബ് (10 സെപ്റ്റംബർ 2019). "വക്കം അബ്​ദുൽ ഖാദർ: സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്​തപുഷ്​പം | Madhyamam". www.madhyamam.com. madhyamam. Retrieved 16 ഓഗസ്റ്റ് 2021. {{cite web}}: External link in |ref= (help); zero width space character in |title= at position 10 (help)
  2. പൊയ്ത്തുംകടവ്, ശിഹാബുദ്ദീൻ. "വക്കം ഖാദറിന്റെ കാൽപാടുകൾ ആരാണ് മായ്ച്ചു കളയുന്നത്?". DoolNews (in ഇംഗ്ലീഷ്). DoolNews. Retrieved 16 ഓഗസ്റ്റ് 2021.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]