Jump to content

ഹേമ മാലിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേമ മാലിനി
ജനനം
ഹേമ മാലിനി R. ചക്രവർത്തി.

(1948-10-16) ഒക്ടോബർ 16, 1948  (76 വയസ്സ്)
മറ്റ് പേരുകൾഡ്രീം ഗേൾ
ഹേമ ധർമേന്ദ്ര ഡിയോൾ
ഹേമ മാലിനി ഡിയോൾ
തൊഴിൽഅഭിനേത്രി, സംവിധായക, നിർമ്മാതാവ, രാഷ്ട്രീയ നേതാവ്
സജീവ കാലം1961- ഇതുവരെ
ജീവിതപങ്കാളി(കൾ)ധർമേന്ദ്ര (1980-ഇതുവര)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, എഴുത്തുകാരിയും സംവിധായികയും നിർമ്മാതാവും ഭരതനാട്യ നർത്തകിയും സർവ്വോപരി ഒരു രാഷ്ട്രീയക്കാരിയുമാണ് ഹേമ മാലിനി (Tamil: ஹேமமாலினி, ഹിന്ദി:हेमा मालिनी) (ജനനം: ഒക്ടോബർ 16, 1948). 1961 ൽ ഇതു സത്തിയം എന്ന തമിഴ് സിനിമയിലൂടെ അവർ ചലച്ചിത്ര ലോകത്ത് പ്രവേശിച്ചു. 1968ൽ സപ്നോ കാ സൗദാഗർ (1968) എന്ന ചിത്രത്തിൽ ആദ്യമായി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹേമ മാലിനി പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചു. 1970കളിലെ ഒരു ഹിന്ദി ചലച്ചിത്ര രംഗത്തെ പ്രധാന നടിയായിരുന്നു ഹേമ. ഷോലെ എന്ന വൻ വിജയമായിരുന്ന ചിത്രത്തിലെ നായിക കഥാപാത്രമായി അഭിനയിച്ചത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. തന്റെ മിക്ക ചിത്രങ്ങളിലും ഭാവി ഭർത്താവായ ധർമേന്ദ്രയ്‌ക്കൊപ്പവും അക്കാലത്തെ പ്രശസ്ത താരങ്ങളായിരുന്ന രാജേഷ് ഖന്ന, ദേവ് ആനന്ദ് എന്നിവരോടൊപ്പവുമാണ് അവർ അഭിനയിച്ചത്.[1] തുടക്കത്തിൽ "ഡ്രീം ഗേൾ" എന്ന പേരു നേടിയ ഹേമമാലിനി, 1977 ൽ അതേ പേരിലുള്ള ഒരു സിനിമയിലും അഭിനയിച്ചു.[2] ഹാസ്യ, നാടകീയ വേഷങ്ങളും ഒപ്പം നർത്തകിയെന്ന നിലയിലും അവർ അഭിനയിച്ചിട്ടുണ്ട്.[3][4][5][6] 1976 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ഇന്ത്യൻ നടിമാരിൽ ഒരാളായിരുന്നു അവർ.[7]

തന്റെ അഭിനയജീവിതത്തിലുടനീളം മികച്ച നടിക്കുള്ള 11 ഫിലിംഫെയർ പുരസ്കാര നാമനിർദ്ദേശങ്ങൾ ലഭിച്ച അവർ 1973 ൽ ഈ പുരസ്കാരം നേടിയിരുന്നു.[8] 2000 ൽ അവർ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും ഒപ്പം ഇന്ത്യൻ സർക്കാർ നൽകുന്ന നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീയും നേടിയിരുന്നു.[9] ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2012 ൽ സർ പദംപത് സിംഘാനിയ സർവകലാശാല അവർക്ക് ഓണററി ഡോക്ടറേറ്റ് നൽകി.[10] ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർപേഴ്‌സണായി ഹേമ മാലിനി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്കാരത്തിനും നൃത്തത്തിനുമുള്ള സംഭാവനയ്ക്കും സേവനത്തിനും ദില്ലിയിലെ ഭജൻ സോപോരിയിൽ നിന്ന് 2006 ൽ അവർക്ക് സോപോരി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് (SaMaPa) വിറ്റസ്ത അവാർഡ് ലഭിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2013 ൽ ആന്ധ്രാപ്രദേശ് സർക്കാരിൽ നിന്ന് എൻ‌ടി‌ആർ ദേശീയ അവാർഡും ലഭിച്ചു.[11]

ബോളിവുഡിന്റെ ചരിത്രത്തിലെ അഭിവൃദ്ധി നേടിയ നടിമാരിൽ ഒരാളാണ് ഹേമ മാലിനി.[12] 2003 മുതൽ 2009 വരെ ഹേമ മാലിനി ഭാരതീയ ജനതാ പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റിന്റെ ഉപരിസഭയായ രാജ്യ സഭയിൽ അംഗമായിരുന്നു.[13] 2014 ലെ തെരഞ്ഞെടുപ്പിൽ അവർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചാരിറ്റബിൾ, സോഷ്യൽ സംരംഭങ്ങളിൽ അവർ ഏർപ്പെടുന്നു. നിലവിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസിന്റെ (ISKCON) ശാശ്വതാംഗം കൂടിയാണ് ഹേമ മാലിനി.[14] നൃത്തം, അഭിനയം എന്നിവയിൽ അവർ വിമർശകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ആദ്യകാലവും കുടുംബവും

[തിരുത്തുക]

ഹേമ മാലിനി R. ചക്രവർത്തി ജനിച്ചത് തമിഴ് നാടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ അമ്മൻ‌കുടി എന്ന സ്ഥലത്താണ്. V.S.R. ചക്രവർത്തി, ഹയ ലക്ഷ്മി എന്നിവരുടെ പുത്രിയായി[15][16] ഒരു തമിഴ് അയ്യങ്കാർ[17] ബ്രാഹ്മണ കുടുംബത്തിലായിരുന്ന അവരുടെ ജനനം. ചെന്നൈയിലെ ആന്ധ്ര മഹിളാ സഭയിൽ പഠനം നടത്തിയ അവരുടെ ഇഷ്ടവിഷയം ചരിത്രമായിരുന്നു.[18] പതിനൊന്നാം ക്ലാസ് വരെ DTEA മന്ദിർ മാർഗിലെ വിദ്യാഭ്യാസത്തിനുശേഷം അഭിനയ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു.[19]

ധർമേന്ദ്രയുമായുള്ള അവരുടെ ആദ്യ ചിത്രം തും ഹസീൻ മെയ്ൻ ജവാൻ (1970) ആയിരുന്നു.[20] 1980 ൽ ഇരുവരും വിവാഹിതരായി.[21][22] അക്കാലത്ത് വിവാഹിതനായിരുന്ന ധർമേന്ദ്രയ്ക്ക് പിൽക്കാലത്ത് ബോളിവുഡ് താരങ്ങളായി മാറിയ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നീ ആൺകുട്ടികളും, വിജീത, അജീത എന്നീ പെൺകുട്ടികളുമായി നാലു മക്കളുണ്ടായിരുന്നു. ഹേമ മാലിനിയ്ക്കും ധർമേന്ദ്രക്കും ഇഷാ ഡിയോൾ (ജനനം 1981),[23] അഹാന ഡിയോൾ (ജനനം 1985) എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്.[24][25][26]

ഫൂൽ ഔർ കാന്റെ, റോജ, അന്നയ്യ എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച മധു രഘുനാഥ് ഹേമ മാലിനിയുടെ ഭാഗിനേയിയാണ്. 2015 ജൂൺ 11 ന് ഇളയമകൾ അഹാന ഡിയോൾ തന്റെ ആദ്യ സന്തതിയായ ഡാരിയൻ വോഹ്രയ്ക്ക് ജന്മം നൽകിയതോടെ ഹേമ മാലിനി മുത്തശ്ശിയായി. 2017 ഒക്ടോബർ 20 ന് മൂത്തപുത്രിയായ ഇഷാ ഡിയോൾ തക്താനി, രാധ്യ തക്താനി എന്ന പെൺകുട്ടിക്ക് ജന്മം നൽകിയപ്പോൾ അവർ രണ്ടാം തവണയും മുത്തശ്ശിയായി.[27]

ആദ്യകാലവേഷങ്ങൾ

[തിരുത്തുക]

ഹേമമാലിനിയുടെ വിദ്യാഭ്യാസം കഴിഞ്ഞത് ചെന്നൈയിലാണ്. ആദ്യ അഭിനയം ഇതു സത്തിയം (1961) എന്ന തമിഴ് ചിത്രത്തിലേയും 1965 ലെ പാണ്ഡവ വനവാസം എന്ന തെലുങ്ക് ചിത്രത്തിലേയും നർത്തകിയുടെ ചെറിയ വേഷങ്ങൾ ആയിരുന്നു. പക്ഷേ ഇതിനു ശേഷം സിനിമയിൽ അഭിനയിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് 1968 ൽ ബോളിവുഡ്ഡിൽ സപ്നോം കാ സൗദാഗർ [28]എന്ന ചിത്രത്തിൽ രാജ് കപൂറിനൊപ്പം നായികയായി അഭിനയിച്ചു. 1970 ൽ ദേവ് ആനന്ദ് നായകനായി അഭിനയിച്ച ജോണി മേരാ നാം എന്ന ചിത്രം വിജയമായിരുന്നു. അതിനു ശേഷം ഹേമ ഒരു സൂപ്പർ സ്റ്റാർ ആയി വളരുകയായിരുന്നു. 1972 ൽ ഇരട്ട വേഷത്തിൽ ധർമേന്ദ്രയുടെ നായികയായി അഭിനയിച്ച സീത ഓറ് ഗീത എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയർ മികച്ച നടിയുടേ പുരസ്കാരം ലഭിച്ചു.[29] ബോളിവുഡിൽ ഹേമ സ്വപ്ന സുന്ദരി എന്നർഥം വരുന്ന ഡ്രീം ഗേൾ എന്നാണ് അറിയപ്പെട്ടിരുന്നത്.[30]

ഹേമ നായികയായി അഭിനയിച്ച ജോണി മേര നാം എന്ന ചിത്രം ഒരു മികച്ച വിജയമായതോടെ ആന്താസ് (1971), ലാൽ പഥാർ (1971) തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ വേഷങ്ങൾ ഒരു താരമായി ചിരപ്രതിഷ്ഠ നേടുന്നതിന് അവരെ സഹായിച്ചു.[31] 1972 ൽ സീത ഔർ ഗീതയിൽ ധർമേന്ദ്ര, സഞ്ജീവ് കുമാർ എന്നിവർക്കൊപ്പം ഇരട്ട വേഷത്തിൽ അഭിനയിക്കുകയും ഈ സിനിമ മികച്ച വിജയം നേടിയതോടെ അവർ താരറാണിയായി മാറി. ഈ ചിത്രത്തിനുള്ള വേഷം മികച്ച നടിക്കുള്ള അവാർഡും അവർക്ക് സമ്മാനിച്ചു.[32] സന്യാസി, ധർമ്മാത്മ, പ്രതിഗ്യ, ഷോലെ, ത്രിശൂൽ എന്നിവങ്ങനെ അവർ അഭിനയിച്ച വിജയകരമായ ചിത്രങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്.

എഴുപതുകളിലെ ഏറ്റവും മികച്ച താര ജോഡികളിലൊന്നായിരുന്ന ഹേമ മാലിനിയും ധർമേന്ദ്രയും ചേർന്ന് ഷറഫാത്ത്, തും ഹസീൻ മെയ്ൻ ജവാൻ, നയാ സമാന, രാജാ ജാനി, സീത ഔർ ഗീത, പഥർ ഔർ പായൽ, ദോസ്ത് (1974), ഷോലെ (1975), ചരസ്, ജുഗ്നു, ആസാദ് (1978), ദില്ലഗി (1978) തുടങ്ങി 28 ചിത്രങ്ങളിൽ അഭിനയിച്ചു.

ആന്താസ്, പ്രേം നഗർ എന്നീ ചിത്രങ്ങളിൽ രാജേഷ് ഖന്നയുടെ നായികയായുള്ള വേഷങ്ങൾ പ്രശംസ പിടിച്ചുപറ്റി. എന്നിരുന്നാലും ഈ ജോഡികളുടെ മെഹബൂബ, ജന്ത ഹവാൽദാർ തുടങ്ങിയ ചിത്രങ്ങൾ ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല.

1980–1997 -വ്യാവസായിക വിജയങ്ങൾ

[തിരുത്തുക]

80 കളിൽ ക്രാന്തി, നസീബ്, സാത്തേ പെ സാത്തേ, രജപുത് തുടങ്ങിയ ബിഗ് ബജറ്റ് സിനിമകളിൽ  അഭിനയിക്കുകയും അവയിൽ മിക്കതും ബോക്സോഫീസിൽ വിജയംവരിക്കുകയുംചെയ്തു. അമ്മയായതിനുശേഷവും ആന്ധി തൂഫാൻ, ദുർഗ, രാംകാലി, സീതാപൂർ കി ഗീത, ഏക് ചാദർ മെയിലി സി, റിഹായ്, ജമൈ രാജ തുടങ്ങിയ സിനിമകളിൽ നായികാ പ്രാധാന്യമുള്ള വേഷങ്ങളിൽ തുടർന്നു.

ഈ കാലയളവിൽ, ഭർത്താവ് ധർമേന്ദ്രയ്‌ക്കൊപ്പമുള്ള അവരുടെ സിനിമകളിൽ ആലിബാബ ഔർ 40 ചോർ, ബഗാവത്, സാമ്രാട്ട്, റസിയ സുൽത്താൻ, രാജ് തിലക് എന്നിവ ഉൾപ്പെടുന്നു. ദർദ്, ബന്ദിഷ്, കുദ്രത്, ഹം ഡോനോ, രജപുത്, ബാബു, ദുർഗ, സീതാപൂർ കി ഗീത, പാപ് കാ അന്ത് തുടങ്ങിയ സിനിമകളിൽ രാജേഷ് ഖന്നയുടെ നായികയായും തുടരുകയും ഇവയിൽ ചിലത് ശരാശരി വിജയങ്ങളായിത്തീരുകയും ചെയ്തു.

1992 ൽ ഷാരൂഖ് ഖാൻ, ദിവ്യ ഭാരതി എന്നിവരെ വച്ച് ദിൽ ആശ്ന ഹേ എന്ന ചിത്രം നിർമ്മിക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ഭാഗിനേയി മധു രഘുനാഥ്, നടൻ സുദേഷ് ബെറി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹിനി (1995) എന്ന രണ്ടാമത്തെ ചിത്രത്തിന്റെയും നിർമ്മാണത്തോടൊപ്പം സംവിധാനവും അവർ നിർവ്വഹിച്ചു. തുടർന്ന് നൃത്തത്തിലും ടെലിവിഷൻ ജോലികളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇടയ്ക്കിടെ മാത്രമേ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ.[33]  1997 ൽ വിനോദ് ഖന്നയുടെ പുത്രൻ അക്ഷയ് ഖന്നയുടെ അരങ്ങേറ്റം കുറിച്ചതും അദ്ദേഹം നിർമ്മിച്ചതുമായ ഹിമാലയ പുത്ര എന്ന ചിത്രത്തിൽ അഭിനയിച്ചു.

2000 – ഇതുവരെ

[തിരുത്തുക]

വർഷങ്ങളോളം സിനിമാ രംഗത്തു നിന്ന് വിട്ടുനിന്നശേഷം ബാഗ്ബാൻ (2003)[34] എന്ന ചിത്രത്തിലൂടെ ഹേമ മാലിനി അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുകയും ഈ ചിത്രത്തിലെ വേഷത്തിന്  ഫിലിംഫെയറിന്റെ മികച്ച നടിക്കുള്ള അവാർഡ് നാമനിർദേശം ലഭിക്കുകയും ചെയ്തു. 2004 ൽ പുറത്തിറങ്ങിയ വീർ-സാറ എന്ന സിനിമയിലും 2007 ൽ പുറത്തിറങ്ങിയ ലാഗാ ചുനാരി മെയ്ൻ ദാഗിലും അവർ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. 2010 ൽ തന്റെ സഹതാരമായിരുന്ന രേഖയ്‌ക്കൊപ്പം സാദിയാൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2011 ൽ ടെൽ മി ഓ ഖുദ എന്ന മൂന്നാമത്തെ ചലച്ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അവർ ഇതിൽ ഭർത്താവ് ധർമേന്ദ്രയേയും മകൾ ഇഷാ ഡിയോളിനേയും അഭിനയിപ്പിച്ചുവെങ്കിലും ഇത് ഒരു ബോക്സ് ഓഫീസ് പരാജയമായിരുന്നു.[35][36] 2017 ൽ വിനോദ് ഖന്നയുടെ അവസാന ചിത്രമായിരുന്ന ഏക് തി റാണി ഐസി ഭി എന്ന ചിത്രത്തിൽ ഗ്വാളിയറിലെ വിജയ രാജെ സിന്ധ്യയുടെ വേഷത്തിൽ അദ്ദേഹത്തിന്റെ പത്നിയായി അഭിനയിച്ചു. ഗുൽ ബഹാർ സിങ് സംവിധാനം ചെയ്ത ഈ ചിത്രം 21 ഏപ്രിൽ 2017 നാണ് പുറത്തിറങ്ങിയത് ഹേമമാലിനിയുടെ ഏറ്റവും പുതിയ ചിത്രം രാജ്കുമാർ റാവു, രാകുൽ പ്രീത് സിങ് എന്നിവരോടൊപ്പം അഭിനയിച്ച് 2020 ജനുവരി 3 നു പുറത്തിറങ്ങിയ ഷിംല മിർച്ചിയാണ്.[37]

രാഷ്ടീയ രംഗം

[തിരുത്തുക]

1999 ൽ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥിയും മുൻ ബോളിവുഡ് നടനുമായിരുന്ന വിനോദ് ഖന്നയ്ക്ക് വേണ്ടി പഞ്ചാബിലെ ഗുരുദാസ്പൂരിലെ ലോക്സഭാ മണ്ഡലത്തിൽ ഹേമ മാലിനി പ്രചാരണം നടത്തി. 2004 ഫെബ്രുവരിയിൽ അവർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു.[38] 2003 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ നാമനിർദ്ദേശത്തിൽ അവർ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ എംപിയായി സേവനമനുഷ്ഠിച്ചു. 2010 മാർച്ചിൽ ഹേമ മാലിനിയെ ബിജെപിയുടെ ജനറൽ സെക്രട്ടറിയാക്കുകയും 2011 ഫെബ്രുവരിയിൽ പാർട്ടി ജനറൽ സെക്രട്ടറിയായി അനന്ത് കുമാർ അവരെ ശുപാർശ ചെയ്യുകയും ചെയ്തു.[39] 2014 ലെ ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ അവർ മഥുര മണ്ഡലത്തിൽനിന്ന് നിലവിലുണ്ടായിരുന്ന അംഗം ജയന്ത് ചൗധരിയെ (ആർ‌എൽ‌ഡി) 3,30,743 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[40][41][42][43] \

സാമൂഹിക പ്രശ്നങ്ങളിലെ ഇടപെടൽ

[തിരുത്തുക]

മൃഗങ്ങളുടെ അവകാശ സംഘടനയായ പെറ്റ ഇന്ത്യയുടെ പിന്തുണക്കാരിലൊരാളാണ് ഹേമ മാലിനി. മുംബൈയിലെ തിരക്കേറിയ തെരുവുകളിൽ നിന്ന് കുതിരവണ്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2009 ൽ അവർ മുംബൈ മുനിസിപ്പൽ കമ്മീഷണർക്ക് ഒരു കത്തെഴുതിയിരുന്നു.[44] കാളപ്പോര് (ജല്ലിക്കെട്ട്) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2011 ൽ അവർ അന്നത്തെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ജയറാം രമേശിന് കത്തെഴുതി.[45] "പെറ്റ പേഴ്‌സൺ ഓഫ് ദ ഇയർ" എന്ന സ്ഥാനപ്പേരും അവർ നേടി.[46]  

മറ്റു മേഖലകൾ

[തിരുത്തുക]
ഹേമ മാലിനി ഒരു നൃത്ത വേദിയിൽ.

നർത്തന രംഗം

[തിരുത്തുക]

പരിശീലനം ലഭിച്ച ഒരു ഭരതനാട്യ നർത്തകിയാണ് ഹേമ മാലിനി. അവരുടെ പെൺമക്കളായ ഇഷാ ഡിയോളും അഹാന ഡിയോളും പരിശീലനം ലഭിച്ച ഒഡീസി നർത്തകികളാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പരമ്പര എന്ന പേരിലുള്ള ഒരു നിർമ്മാണത്തിൽ അവർ മാലിനിക്കൊപ്പം നൃത്തം അവതരിപ്പിച്ചു.[47][48] ഖജുരാഹോ നൃത്തോത്സവത്തിൽ തന്റെ പെൺമക്കളോടൊപ്പം അവർ നൃത്തം അവതരിപ്പിച്ചു.[49]

കുച്ചിപ്പുടിയിൽ വേമ്പാടി ചിന്ന സത്യവും മോഹിനിയാട്ടത്തിൽ കലാമണ്ഡലം ഗുരു ഗോപാലകൃഷ്ണൻ എന്നിവർ ഹേമ മാലിനിയുടെ ഗുരുക്കളാണ്. തുളസിദാസിന്റെ രാംചരിത മാനസിൽ നരസിംഹം, രാമൻ ഉൾപ്പെടെ നിരവധി നൃത്ത വേഷങ്ങൾ അവർ അവതരിപ്പിച്ചിട്ടുണ്ട്.[50] 2007 ൽ, ദസറയുടെ തലേന്നാൾ നടന്ന പരിപാടിയിൽ മൈസൂറിൽ അവിടെ സതി, പാർവതി, ദുർഗ എന്നീ വേഷങ്ങൾ ചെയ്തിരുന്നു.[51] നാട്യ വിഹാർ കലാകേന്ദ്ര എന്ന പേരിലുള്ള ഒരു നൃത്ത വിദ്യാലയം ഹേമ മാലിനിയ്ക്ക് സ്വന്തമായുണ്ട്.[52]

ടെലിവിഷൻ

[തിരുത്തുക]

പുനീത് ഇസ്സാർ സംവിധാനം ചെയ്ത ജയ് മാതാ കി (2000) പോലുള്ള ടെലിവിഷൻ പരമ്പരകളിൽ ഹേമ മാലിനി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ ദുർഗാദേവിയുടെ വേഷമാണ് അവർ അവരിപ്പിച്ചത്.[53] മറ്റ് ടെലിവിഷൻ പരമ്പരകളിൽ, സഹാറ വൺ ചാനലിലെ കാമിനി ദാമിനിയിൽ ഇരട്ട സഹോദരിമാരായും, അവർ സംവിധാനം ചെയ്ത നൂപൂർ എന്ന പരമ്പരയിൽ ഒരു ഭരതനാട്യം നർത്തകിയുമായും അഭിനയിച്ചു.[54]

പ്രൊഡക്ഷൻ, പ്രൊമോഷണൽ ജോലി

[തിരുത്തുക]

ഹിന്ദി വനിതാ മാസികയായ ന്യൂ വുമണിന്റെയും മേരി സഹേലിയുടെയും എഡിറ്ററായിരുന്നു മാലിനി. 2000-ൽ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആദ്യ വനിതാ ചെയർപേഴ്‌സണായി മാലിനി മൂന്ന് വർഷത്തേക്ക് നിയമിതയായി.

2007-ൽ, മിനറൽ വാട്ടർ പ്യൂരിഫയർ സിസ്റ്റത്തിന്റെ നിർമ്മാതാക്കളായ കെന്റ് ആർഒ സിസ്റ്റംസുമായി മാലിനി ഒരു പ്രൊമോഷണൽ കരാറിൽ ഏർപ്പെട്ടു. ചെന്നൈയിലെ ടെക്സ്റ്റൈൽ ഷോറൂമായ പോത്തിസിന്റെ ബ്രാൻഡ് അംബാസഡറായും മാലിനി മാറി.

പ്രധാന പുരസ്കാരങ്ങൾ

[തിരുത്തുക]

ഫിലിംഫെയർ പുരസ്കാരങ്ങൾ

[തിരുത്തുക]

മറ്റുള്ളവ

[തിരുത്തുക]

നേട്ടങ്ങൾ

[തിരുത്തുക]

പാരമ്പര്യം

[തിരുത്തുക]

ജൂൺ 2021 വരെ, മാലിനിയെക്കുറിച്ചുള്ള മൂന്ന് ജീവചരിത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു: ഹേമ മാലിനി: ദിവ അൺവെയിൽഡ് (2005) കൂടാതെ രാം കമൽ മുഖർജിയുടെ ഹേമമാലിനി: ബിയോണ്ട് ദി ഡ്രീം ഗേൾ (2017), ഭാവന സോമയ്യയുടെ ഹേമമാലിനി: ദി ഓതറൈസ്ഡ് ബയോഗ്രഫി (2007)

സിനിമകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. A dream called Hema Malini. Rediff.com. Accessed 24 September 2009.
  2. A dream called Hema Malini. Rediff.com. Accessed 24 September 2009.
  3. Abhinetri (1970) Archived 2012-11-10 at the Wayback Machine The Hindu 3 December 2010. Accessed 30 June 2011.
  4. "Top Actresses. Box Office India. Accessed 8 January 2008". Archived from the original on 17 October 2013.
  5. Friday Review Chennai / Tribute : Bollywood's macho man bids goodbye. Archived 2009-05-06 at the Wayback Machine The Hindu 1 May 2009 Accessed 14 June 2011.
  6. Top Box Office Draws of Indian Cinema.[പ്രവർത്തിക്കാത്ത കണ്ണി] IBOS. Accessed 24 September 2009.
  7. "Hema Malini was one of the highest-paid actresses in 1976-1980 - Times of India". The Times of India (in ഇംഗ്ലീഷ്). 30 July 2015. Retrieved 27 September 2019.
  8. "Filmfare Awards". imdb. 1973. Retrieved 20 July 2017.
  9. Padma Vibhushan, Padma Bhushan, Padma Shri awardees. Archived 2010-04-14 at the Wayback Machine The Hindu 27 January 2000 Accessed 14 June 2011.
  10. Here comes Dr. Hema Malini! Archived 17 ഒക്ടോബർ 2012 at the Wayback Machine The Times of India 2 October 2012. Accessed 2 October 2012.
  11. Correspondent, Special (5 April 2017). "S.P. Balasubrahmanyam, Hema Malini bag NTR awards". The Hindu. {{cite news}}: |last= has generic name (help)
  12. http://www.ibosnetwork.com/asp/topactors.asp?isactress=true[പ്രവർത്തിക്കാത്ത കണ്ണി]
  13. Smt. Hema Malini, Member of Parliament (Rajya Sabha)- Bio Data Press Information Bureau of India.
  14. "Janmashtami 2019: BJP MP Hema Malini sings bhajan, offers prayer at ISKCON temple; video goes viral". CatchNews.com (in ഇംഗ്ലീഷ്). Retrieved 2020-07-11.
  15. "My dad opposed my marriage: Hema". IBNLive.com. Archived from the original on 2016-08-08. Retrieved 21 February 2016.
  16. Hema Malini. Living Media International Limited 2004 p23.
  17. India Today International. Living Media International Limited. 2004. p. 23.
    "I'm a pukka Iyengar Brahmin...".
  18. My Fun Days. Telegraph India 29 June 2011. Accessed 6 July 2011.
  19. Detailed Profile, Smt. Hema Malini, Members of Parliament (Rajya Sabha), Who's Who, Government: National Portal of India. India.gov.in Accessed 6 July 2011.
  20. "Hema Malini-Biography, Career, Awards and Net Worth". 20 May 2017.
  21. "Hema Malini Drives into Mathura Nagari". New Indian Express. 2 April 2014. Archived from the original on 2016-08-08. Retrieved 18 June 2016.
  22. "From Hema Malini-Dharmendra, Rekha-Vinod Mehra to Aamir Khan-Reena: Bollywood's most controversial and secret marriages". Daily News and Analysis. 3 January 2014. Retrieved 18 June 2016.
  23. Times of India 30/6/12
  24. Joshi T. Ahana Deol and boyfriend VJ Aditya working together in Guzaarish. Mid-day.com 26 May 2009 Accessed 6 July 2011.
  25. Metro Plus Mangalore, Cinema : Sister act! Archived 2013-09-05 at the Wayback Machine The Hindu 10 October 2009 Accessed 6 July 2011.
  26. Next in line. The Telegraph, Kolkota. 3 March 2011. Accessed 6 July 2011.
  27. "First Child". Times Of India. Retrieved 25 October 2017.
  28. Hema Malini: Bollywood's dreamgirl. Rediff.com 25 October 2002. Accessed 1 July 2011
  29. Revisiting Seeta Aur Geeta. Rediff.com 25 May 2009 Accessed July 2011
  30. Hema Malini: Bollywood's dreamgirl. Rediff.com 25 October 2002. Accessed 1 July 2011
  31. Hema Malini: Bollywood's dreamgirl. Rediff.com 25 October 2002. Accessed 1 July 2011
  32. The Winners – 1972– The 51st Filmfare Awards. The Times of India. 14 June 2011.
  33. Hema Malini: Bollywood's dreamgirl. Rediff.com 25 October 2002. Accessed 1 July 2011
  34. Hema Malini: Bollywood's dreamgirl. Rediff.com 25 October 2002. Accessed 1 July 2011
  35. Kalyani Prasad Keshri (26 July 2010). "Dream Girl | Esha Deol". Entertainment.oneindia.in. Archived from the original on 2011-02-21. Retrieved 4 December 2011.
  36. "Hema Malini's Diwali wish for Tell Me O Khuda". Hindustan Times. 25 October 2011. Archived from the original on 28 November 2011. Retrieved 4 December 2011.
  37. "Shimla Mirchi trailer: Rajkummar Rao romances Hema Malini, Rakul Preet in Ramesh Sippy's comeback directorial". www.timesnownews.com (in ഇംഗ്ലീഷ്). 26 December 2019. Retrieved 29 December 2019.
  38. Hema Malini joins BJP. Archived 2004-04-03 at the Wayback Machine The Hindu 20 February 2004 Accessed 14 June 2011.
  39. Karnataka News : BJP picks Hema Malini for RS. Archived 2011-02-26 at the Wayback Machine The Hindu 19 February 2011 Accessed 14 June 2011.
  40. Hema Malini makes dream debut in Mathura. Zeenews 2014.
  41. Constituency wise. Archived 2014-05-29 at the Wayback Machine ECI results.
  42. Hema Malini joins BJP. Archived 2004-04-03 at the Wayback Machine The Hindu 20 February 2004 Accessed 14 June 2011.
  43. Karnataka News : BJP picks Hema Malini for RS. Archived 2011-02-26 at the Wayback Machine The Hindu 19 February 2011 Accessed 14 June 2011.
  44. Hema Malini campaigns for being vegetarian Archived 2016-01-06 at the Wayback Machine Zee News 8 October 2013
  45. Ban Tamil Nadu's jallikattu: Hema Malini. Times of India 4 July 2011.
  46. Hema Malini named PETA Person of the Year. Deccan Herald 19 December 2011.
  47. Star daughter awaits a big hit Archived 2012-11-10 at the Wayback Machine, The Hindu 16 June 2002 Accessed 14 June 2011.
  48. Friday review Hyderabad / Dance : Goddess of valour. Archived 2012-11-10 at the Wayback Machine The Hindu 25 March 2011 Accessed 14 June 2011.
  49. Hema Malini mesmerises at Khajuraho Dance Festival. Archived 2012-11-10 at the Wayback Machine The Hindu 3 February 2011. Accessed 6 July 2011.
  50. Friday review Hyderabad / Dance : Hema's celestial dance recital. Archived 2009-03-26 at the Wayback Machine The Hindu 7 April 2006 Accessed 14 June 2011.
  51. Kumar K. Hema Malini presents 'Durga' to a standing ovation. Archived 2007-10-24 at the Wayback Machine The Hindu 22 October 2007. Accessed 6 July 2011.
  52. Hema Malini enthrals audience. The Hindu 13 September 2010. Accessed 25 June 2016.
  53. Godly choices. The Sunday Tribune 30 March 2003. Accessed 10 January 2012.
  54. Hema Malini: Bollywood's dreamgirl. Rediff.com 25 October 2002. Accessed 1 July 2011
  55. "Cinema Express awards presented". Archived from the original on 2008-09-07. Retrieved 2008-12-23.
  56. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-12. Retrieved 2008-12-23.
  57. "swfilm". Archived from the original on 2007-07-03. Retrieved 2007-07-03.
  58. The awards season begins - Sify.com
  59. The Sunday Tribune - Spectrum
  60. "Hema upbeat about first international retrospective- Hindustan Times". Archived from the original on 2009-01-07. Retrieved 2008-12-23.

കൂടുതൽ വായനക്ക്

[തിരുത്തുക]
  • Somaaya, Bhawana (2007). Hema Malini: the authorized biography. New Delhi: Lotus Collection. ISBN 8174364676.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]