റുസ്സോ
കാലഘട്ടം | പതിനെട്ടാം നൂറ്റാണ്ടിലെ തത്ത്വചിന്ത (ആധുനികചിന്ത) |
---|---|
പ്രദേശം | ആധുനിക ചിന്ത |
ചിന്താധാര | സാമൂഹ്യ ഉടമ്പടി സിദ്ധാന്തം |
പ്രധാന താത്പര്യങ്ങൾ | രാഷ്ട്രമീമാംസ,സംഗീതം, വിദ്യാഭ്യാസം, സാഹിത്യം, ആത്മകഥ |
ശ്രദ്ധേയമായ ആശയങ്ങൾ | സമൂഹമനസ്സ്, ആത്മ-ഗൗരവം(amour-propre), മനുഷ്യന്റെ പ്രകൃത്യാലുള്ള നന്മ |
സ്വാധീനിച്ചവർ | |
പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ (Enlightenment) തത്ത്വചിന്തകന്മരിൽ പ്രമുഖനും, രാഷ്ട്രമീമാംസകനും, വിദ്യാഭ്യാസ ചിന്തകനും, ഉപന്യാസകാരനുമായിരുന്നു ജീൻ ഷാക്ക് റൂസ്സോ (ഇംഗ്ലീഷ്:Jean Jacques Rousseau. ജനനം: 28 ജൂൺ 1712; മരണം: 2 ജൂലൈ 1778). സസ്യശാസ്ത്രജ്ഞൻ സംഗീതജ്ഞൻ എന്നീ നിലകളിലും അദ്ദേഹം പ്രാഗല്ഭ്യം തെളിയിച്ചു.
ജനനം, ബാല്യം
[തിരുത്തുക]സ്വിറ്റ്സർലണ്ടിലെ ജനീവയിലാണ് അദ്ദേഹം ജനിച്ചത്. റുസ്സോയുടെ പിതാവ് ഒരു പാവപ്പെട്ട ക്ലോക്ക് നിർമ്മാതാവായിരുന്നു. പുറം വരുമാനത്തിനുവേണ്ടി ഒഴിവുസമയങ്ങളിൽ അദ്ദേഹം നൃത്തം പഠിപ്പിക്കുകയും ചെയ്തിരുന്നു. ജോലിസംബന്ധമായി അകലെ താമസിച്ചിരുന്ന പിതാവ്, അമ്മയോടുള്ള അഗാധപ്രേമം ഉളവാക്കിയ വിരഹദുഃഖം സഹിക്കാനാവാതെ ഒരിക്കൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയെന്നും ആ തിരിച്ചുവരവിന്റെ നിർഭാഗ്യഫലമായി താൻ പത്തു മാസം കഴിഞ്ഞു ജനിച്ചുവെന്നുമാണ് റുസ്സോ ആത്മകഥയിൽ പറയുന്നത്. [1] മാതാപിതാക്കളുടെ രണ്ടാമത്തെ കുട്ടിയായ റുസ്സോ ജനിച്ച് രണ്ടാഴ്ചക്കകം അമ്മ മരിച്ചു. പിതാവിന്റേയും, ജാക്വിലീൻ എന്നു പേരായ വളർത്തമ്മയുടേയും, ഒരു മാതൃസഹോദരിയുടേയും സംരക്ഷണയിൽ വളർന്ന അദ്ദേഹത്തിന്റെ ബാല്യം സന്തോഷപ്രദമായിരുന്നു. എല്ലാവരുടേയും ശ്രാദ്ധാകേന്ദ്രമായിരുന്ന അനുജനുമായി താരതമ്യപ്പെടുത്തുമ്പോൾ അവഗണിക്കപ്പെട്ട ഏഴുവയസ്സിനു മൂപ്പുള്ള റുസ്സോയുടെ ഏക സഹോദരൻ ചെറുപ്പത്തിലേ വീടുവിട്ടിറങ്ങിപ്പോയി. റുസ്സോയുടെ ആദ്യകാല വിദ്യാഭ്യാസം പിതാവിൽ നിന്നാണ് സിദ്ധിച്ചത്. അമ്മ സൂക്ഷിച്ചിരുന്ന കഥാപുസ്തകങ്ങളിലെ കഥകൾ പിതാവ് രാവെളുക്കുവോളമിരുന്ന് മകനു വായിച്ചുകൊടുത്തു. പിതാവിന്റെതന്നെ ഗ്രന്ഥശേഖരത്തിലെ ചരിത്രന്ഥങ്ങളും മറ്റുമാണ് പിന്നെ വായിച്ചത്. തന്നെ ഏറെ സ്വാധീനിച്ചതായി റുസ്സോ എടുത്തു പറയുന്ന ഒരു ഗ്രന്ഥം, ഏഴാമത്തെ വയസ്സിൽ വായിച്ചുകേട്ട, പ്രാചീനലേഖകനായ പ്ലൂട്ടാർക്കിന്റെ മഹത്ജീവിതസമാഹാരമാണ്.
നാടോടി ജീവിതവും 'അമ്മ'യും
[തിരുത്തുക]സന്തുഷ്ടമായ ഈ ബാല്യത്തിന് അന്ത്യം വന്നത് റുസ്സോക്ക് പത്ത് വയസ്സുള്ളപ്പോൾ ഒരു തർക്കത്തിൽ ജയിൽശിക്ഷയിൽ നിന്ന് രക്ഷപെടാനായി പിതാവിന് നാടുവിടേണ്ടി വന്നതോടെയാണ്. ജനീവയിൽ ബന്ധുക്കളുടെകൂടെ തുടർന്ന റൂസ്സോ ഔപചാരികവിദ്യാഭ്യാസം പൂർത്തിയാക്കുകയോ ഏതെങ്കിലും തൊഴിലിൽ പരിശീലനം നേടുകയോ ചെയ്തുകാണാനായുള്ള ബന്ധുക്കളുടെ ശ്രമങ്ങൾ വിഭലമായി. ഒരു ലോഹഫലകനിർമ്മാതാവിന്റെ (Engraver) അടുത്തു അദ്ദേഹം പരിശീലനത്തിനു ചേർന്നെങ്കിലും റുസ്സോയുടെ പ്രായോഗികഫലിതങ്ങളും ചില്ലറമോഷണവും ഒക്കെ അവിടെ മറ്റുള്ളവരുമായി ചേർന്നുപോകുന്നതിന് തടസ്സമായി. ഒടുവിൽ അദ്ദേഹം പരിശീലനം ഉപേക്ഷിച്ച് പതിനാറാമത്തെ വയസ്സിൽ നാടുവിട്ടു. കാൽവിനിസ്റ്റ് വിശ്വാസത്തിൽ വളർന്നു വന്ന റുസ്സോ ഇറ്റലിയിലെ സെവോയ് എന്ന സ്ഥലത്ത് ഒരു കത്തോലിക്കാ പുരോഹിതനെക്കണട് കത്തോലിക്കാ സഭയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇതിന്റെ പിന്നിലെ ലക്‌ഷ്യം സ്വാർഥമായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഈ പരിവർത്തനം റുസ്സോയെ, അതിനടുത്ത കാലത്ത് കത്തോലിക്കാവിശ്വാസം സ്വീകരിച്ച മദാം വാറൻസ് എന്ന ഇരുപത്തെട്ടുകാരി വിധവയുമായുള്ള പരിചയത്തിലെത്തിച്ചു. തുടർന്നുള്ള പതിറ്റാണ്ട്, ഇടക്കിടെ റുസ്സോ അവർക്കൊപ്പം കഴിഞ്ഞു. സുന്ദരിയും, ഉദാരമനസ്കയും ധനികയും ആയിരുന്ന അവർ റുസ്സോയുടെ വിദ്യാഭ്യാസത്തിലും പുരോഗതിയിലും താത്പര്യം കാണിച്ചു. അമ്മ(Maman) എന്നാണ് അദ്ദേഹം അവരെ വിളിച്ചിരുന്നതെങ്കിലും അവരുമായി റുസ്സോക്കുണ്ടായിരുന്നത് പരിചാരകന്റേയും സഹായിയുടേയും കാമുകന്റേയും ഭാഗങ്ങൾ ചേർന്ന വിചിത്രബന്ധമായിരുന്നു. ഇടക്ക് മദാം വാറൻസിനെ അദ്ദേഹം ഉപേക്ഷിച്ചു പോവുകയും മടങ്ങിവരുകയും ചെയ്തുകൊണ്ടിരുന്നു. 1738-ലാണ് റുസ്സോയുമായുള്ള ബന്ധം അവർ അവസാനിപ്പിച്ചത്. ഊരുചുറ്റലുകൽക്കിടയിലും റൂസ്സോ ചില്ലറജോലികൾക്കും പ്രേമബന്ധങ്ങൾക്കും അവസരം കണ്ടെത്തി. ഇടക്ക് ട്യൂഷൻ മാസ്റ്ററായി നോക്കിയെങ്കിലും ആ തൊഴിലും ഇഷ്ടമായില്ല. 1742-ൽ പാരീസിലെ അക്കാഡമിക്കു മുൻപിൽ ഒരു പുതിയ സംഗീതവ്യവസ്ഥ അവതരിപ്പിച്ചെങ്കിലും അത് വിജയിച്ചില്ല.
വെനീസിലെ ജോലി
[തിരുത്തുക]1743-ൽ ഒരു പരിചയക്കാരി അദ്ദേഹത്തിന് വെനീസിലെ ഫ്രഞ്ച് സ്ഥാനപതിയുടെ സെക്രട്ടറിയായി ജോലി നേടിക്കൊടുത്തു. എന്നാൽ സ്ഥാനപതി, വേതനം കൊടുക്കുന്ന കാര്യത്തിൽ പിന്നോക്കമായിരുന്നു. ആ ജോലി അദ്ദേഹം ഉപേക്ഷിച്ചു. [൧] സ്ഥാനപതിയിൽ നിന്ന് തനിക്കു കിട്ടാനുണ്ടായിരുന്ന പണം കിട്ടാൻ അദ്ദേഹം പാരീസിലെ അധികാരികളെ സമീപിച്ചു. കിട്ടാനുണ്ടായിരുന്ന വേതനം ഒടുവിൽ കിട്ടിയെങ്കിലും പാരീസിൽ നിന്ന് നീതി ലഭിക്കുന്നതിൽ ഉണ്ടായ താമസം റുസ്സോയെ ഫ്രാൻസിലെ ഭരണസംവിധാനത്തിനെതിരാക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പാരീസിൽ, തെരീസ
[തിരുത്തുക]പാരീസിൽ റുസ്സോ ഫ്രഞ്ച് വിജ്ഞാനകോശത്തിന്റെ നിർമ്മാതാക്കളിൽ പ്രമുഖനായിരുന്ന ദീദറോയുമായി പരിചയപ്പെടുകയും വിജ്ഞാനകോശത്തിനായി ചില ലേഖങ്ങൾ എഴുതുകയും ചെയ്തു. 1745-ൽ പാരീസിലെ താമസത്തിനിടെ അദ്ദേഹം, ഹോട്ടലിലെ തുന്നൽക്കാരിയായിരുന്ന(seamstress) തെരീസയുമായി പരിചയപ്പെട്ടു. സൗന്ദര്യമോ ബുദ്ധിശക്തിയോ തൊട്ടുതീണ്ടിയിട്ടില്ലായിരുന്ന തെരീസയെ അദ്ദേഹം വിവാഹം ചെയ്തില്ലെങ്കിലും അവർ അദ്ദേഹത്തിന്റെ ആജീവനാന്തര സഹചാരിയായി. റുസ്സോയുടെ സുഹൃത്തുക്കളേയും ജീവചരിത്രകാരന്മാരെയും അത്ഭുതപ്പെടുത്തിയ ബന്ധമായിരുന്നു ഇത്. അവർക്ക് അഞ്ചു കുട്ടികൾ ജനിച്ചു. എന്നാൽ ഈ കുട്ടികളിൽ ഒന്നിനെപ്പോലും വളർത്താൻ റുസ്സോ മിനക്കെട്ടില്ല. ജനിച്ച ഉടനെ അവരെ അനാഥാലയങ്ങളിലെ അമ്മത്തൊട്ടിലുകളിൽ രഹസ്യമായി ഉപേക്ഷിക്കാൻ ഏർപ്പാടു ചെയ്യുകയണ് റുസ്സോ ചെയ്തത്. പിൽക്കാലത്ത് ശിശുപാലനത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും കുറിച്ച് ഏറെ പുകഴ്ത്തപ്പെട്ട ക്ലാസ്സിക്ക് നോവലായ എമിൽ(Emile) എഴുതിയ റുസ്സോയുടെ യശസ്സിനുമേൽ, നിഴൽവീഴ്ത്തിനിൽക്കുന്ന പെരുമാറ്റമായി ഇത് വിശേഷിക്കപ്പെടാറുണ്ട്.
മത്സരപ്രബന്ധം, സംഗീതശില്പം
[തിരുത്തുക]1753-ൽ ഫ്രാൻസിൽ ഡീഴോ നഗരത്തിലെ അക്കാദമി, ശാസ്ത്ര-സാഹിത്യങ്ങൾ മനുഷ്യരുടെ സന്മാർഗബോധത്തെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധമത്സരം നടത്തി. മനുഷ്യന് പ്രകൃത്യാ ഉള്ള നന്മയെ ഇല്ലാതാക്കി അടിമത്തത്തിലേക്കു നയിക്കുകയാണ് ശാസ്ത്രവും സാഹിത്യവും ചെയ്തതെന്നും എല്ലാ ശാസ്ത്രത്തിന്റേയും ഉല്പത്തി തിന്മയിലാണെന്നും നന്മയും ശാസ്ത്രവും ചേർന്നുപോവുകയില്ലെന്നും വാദിച്ച് റുസ്സോ എഴുതിയ ശാസ്ത്ര-സാഹിത്യവിചാരം (Discourse on the Arts and the Sciences) എന്ന പ്രബന്ധം സമ്മാനാർഹനായതോടെ അദ്ദേഹം പെട്ടെന്ന് പ്രശസ്തിയിലേക്കുയർന്നു. 1752-ൽ, റുസ്സോയുടെ സൃഷ്ടിയായ ഗ്രാമജ്യോതിഷി (Village Soothsayer) എന്ന ഓപ്പറ രാജകൊട്ടാരത്തിൽ അവതരിപ്പിച്ച് വൻവിജയമായത്, സംഗീതജ്ഞനെന്ന നിലയിലും റുസ്സോയെ പ്രശസ്തനാക്കി. എന്നാൽ അതിന്റെ പേരിൽ ലൂയി പതിനഞ്ചാമൻ രാജാവ് വച്ചുനീട്ടിയ അജീവനാന്ത പെൻഷൻ റുസ്സോ സ്വീകരിച്ചില്ല.
അസമത്വവിചാരം, നവ എലോയീസ്
[തിരുത്തുക]പ്രശസ്തിയിലെത്തിയ റുസ്സോയെ, അദ്ദേഹം ഉപേക്ഷിച്ചുപോന്ന ജനീവനഗരം ക്ഷണിച്ചു. 1754-ൽ റുസ്സോ ജനീവ സന്ദർശിച്ചു. അതോടൊപ്പം, കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ച്, ജനീവയുടെ ഔദ്യോഗിക മതമായിരുന്ന കാൽവിനിസം വീണ്ടും സ്വീകരിക്കുകയും ചെയ്തു. അതേവർഷം തന്നെ റുസ്സോ, അസമത്വത്തിന്റെ ഉല്പത്തിയും അടിസ്ഥാനവും (A Discourse on Inequality) എന്ന പേരിൽ മറ്റൊരു പ്രബന്ധമെഴുതി. മനുഷ്യർ പ്രകൃത്യാ നല്ലവരാണെന്നും സംസ്കാരവും സ്ഥാപനങ്ങളുമാണ് അവരെ ദുഷിപ്പിക്കുന്നതെന്നും സംസ്കാരത്തെ ഉപേക്ഷിച്ച് പ്രാകൃതാവസ്ഥയിലേക്കു മടങ്ങുകയാണ് അസമത്വത്തിനും തിന്മകൾക്കു പരിഹാരമെന്നും വാദിച്ച ഈ പ്രബന്ധം സമ്മാനാർഹമായില്ലെങ്കിലും വലിയ വിവാദമുയർത്തി. റുസ്സോ അയച്ചുകൊടുത്ത പ്രബന്ധം വായിച്ച പ്രമുഖ ചിന്തകൻ വോൾട്ടയർ റുസ്സോക്ക് ഇങ്ങനെ എഴുതി:-
“ | മനുഷ്യവർഗത്തിനെതിരായ താങ്കളുടെ പുതിയ പ്രബന്ധം അയച്ചുതന്നതിന് നന്ദി. എല്ലാവരേയും വിഡ്ഢികളാക്കാൻ ഇതിനുമുൻപ് ആരും ഇത്രയേറെ ബുദ്ധി പ്രയോഗിച്ചു കണ്ടിട്ടില്ല. അതു വായിക്കുന്നവർക്ക് നാലു കാലിൽ നടക്കാൻ തോന്നും. നിർഭാഗ്യവശാൽ, പത്തറുപത് വർഷം മുൻപ് ഉപേക്ഷിച്ച ആ ശീലം വീണ്ടും തുടങ്ങാൻ ബുദ്ധിമുട്ടുള്ള സ്ഥിതിയിലാണ് ഞാൻ.[2] | ” |
പാരീസിൽ മടങ്ങിയെത്തിയ റുസ്സോക്ക് താമസിക്കാൻ കിട്ടിയത് പ്രഭുവനിതയായ മദാം എപിനറി ഒരുക്കിയ 'തപോവനം' ആയിരുന്നു. അവിടെ താമസിച്ച് 1756-ൽ എഴുതിയ നവ എലോയീസ് (Novelle Heloise) എന്ന നോവലും ഒരു വൻ വിജയമായിരുന്നു. 1761-ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. സ്വതന്ത്രചിന്തയുടേയും ധനികവർഗത്തെ ആക്രമിച്ചതിന്റേയും പേരിൽ അതും വിമർശിക്കപ്പെട്ടു.
സാമൂഹ്യ ഉടമ്പടി, എമിൽ
[തിരുത്തുക]ഇതിനിടെ, ദീദറോ ഉൾപ്പെടെയുള്ള പരീസിലെ സുഹൃത്തുക്കളുമായി പിണങ്ങിയ റുസ്സോ, മോണ്ട്‌ലൂയി(Montlouis) എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെവച്ചാണ് അദ്ദേഹം പ്രസിദ്ധകൃതികളായ സാമൂഹ്യ ഉടമ്പടിയും (Social Contract) എമിലും (Emile) എഴുതിയത്. മനുഷ്യസമൂഹങ്ങളുടെ തുടക്കം വ്യക്തിമനസ്സും പൊതുമനസ്സും തമ്മിലുള്ള ഒരുടമ്പടിയിലാണെന്നും, തനിക്കു സംരക്ഷണം തരണം എന്ന വ്യവസ്ഥയിലാണ് വ്യക്തി, തന്റെ മനസ്സിനെ പൊതുമനസ്സിന് വിധേയമാക്കാൻ സമ്മതിക്കുന്നതെന്നുമാണ് റുസ്സോ സാമൂഹ്യ ഉടമ്പടിയിൽ വാദിച്ചത്. രാജാക്കന്മാരുടെ അധികാരം ദൈവദത്തമാണെന്ന വാദത്തെ അട്ടിമറിക്കുന്ന നിലപാടായിരുന്നു ഇത്. ഭരിക്കപ്പെടുന്നവരുടെ നേരിട്ടോ ആല്ലാതെയോ ഉള്ള സമ്മതം ഭരണകൂടങ്ങൾക്ക് ആവശ്യമാണെന്ന് സ്ഥാപിച്ച ഈ കൃതിയിലെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന സമവാക്യമാണ് പിന്നീട് ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യമായത്. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു; എന്നാൽ എല്ലായിടത്തും അവൻ ബന്ധനത്തിലാണ് എന്ന ഏറെ ഉദ്ധരിക്കപ്പെടാറുള്ള വാക്യം ഈ കൃതിയുടെ ആദ്യ അദ്ധ്യായത്തിലാണ്.[3]
അതേവർഷം തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു കൃതി റുസ്സോയുടെ വിദ്യാഭ്യാസചിന്തകൾ ഉൾക്കൊള്ളുന്ന എമിൽ (Emile) എന്ന നോവലാണ്. പുസ്തകങ്ങൾക്കു പകരം പ്രകൃതിയേയും കുട്ടികളുടെ ജന്മവാസനകളേയും ആശ്രയിക്കുന്ന ഒരു വിദ്യാഭ്യാസപദ്ധതിയാണ് ഈ കൃതിയിൽ റുസ്സോ മുന്നോട്ടു വച്ചത്. സംഘടിതമതങ്ങളുടെ വിശ്വാസപ്രമാണങ്ങൾക്കു പകരം സ്വാഭാവിക മതത്തിനെ (Natural Religion) ആശ്രയിക്കുന്ന മതബോധനത്തിനു വേണ്ടിയും റുസ്സോ ഇതിൽ വാദിച്ചു. പിലക്കാലത്തെ വിദ്യാഭ്യാസചിന്തയെ ഏറെ സ്വാധീനിച്ച് ഒരു മൗലിക കൃതിയാണിത്. റുസ്സോയുടെ മറ്റുകൃതികളിലെപ്പോലെ, ഇതിലേയും ഭാഷാശൈലി അതിസുന്ദരമാണ്. ഈ രണ്ടു കൃതികളും, പ്രത്യേകിച്ച് എമിലിലെ, ഒരു സെവോയ് വികാരിയുടെ വിശ്വാസപ്രഖ്യാപനം (The Confession of Faith of a Savoyard Vicar) എന്ന ഭാഗം, വലിയ എതിർപ്പുകൾ വിളിച്ചുവരുത്തി. രണ്ട് കൃതികളും ഫ്രാൻസിൽ നിരോധിക്കപ്പെട്ടു. റുസ്സോ തടങ്കൽ ഭീഷണിയിലായ റുസ്സോക്ക് ഫ്രാൻസ് വിട്ടുപോകേണ്ടി വന്നു.
ഇംഗ്ലണ്ടിൽ, ആത്മകഥ
[തിരുത്തുക]കുറേക്കാലം സ്വിറ്റ്സർലണ്ടിൽ പലയിടങ്ങളിലായി താമസിച്ചെങ്കിലും, അവിടേയും റുസ്സോ എതിർപ്പുകൾ നേരിട്ടു. വൃണിതനായ അദ്ദേഹം, 1763-ൽ ജനീവയിലെ പൗരത്വം ഉപേക്ഷിക്കുകപോലും ചെയ്തു.[൨] റുസ്സോക്ക് തുണയുമായി ഒടുവിൽ എത്തിയത് ഇംഗ്ലണ്ടും അവിടത്തെ പ്രമുഖ ചിന്തകൻ ഡേവിഡ് ഹ്യൂമും ആണ്. 1766-ൽ റുസ്സോ തെരീസക്കൊപ്പം ഇംഗ്ലണ്ടിലെത്തി അവിടെ താമസമാക്കി.[൩] അവിടെവച്ചാണ് അദ്ദേഹം കുംബസ്സാരങ്ങൾ (Confessions) എന്ന പ്രസിദ്ധമായ കൃതി എഴുതിയത്. മുന്തിയ ഒരു ക്ലാസ്സിക്കായി പരിഗണിക്കപ്പെടുന്നെങ്കിലും ആത്മകഥയെന്ന നിലയിൽ ആ കൃതി പൂർണ്ണമായും വിശ്വസനീയമല്ല എന്ന് പറയപ്പെടുന്നു. പൊടിപ്പും തൊങ്ങലും ചേർത്താണ് അത് എഴുതിയത് എന്നാണ് പരാതി.[4] എന്നിരുന്നാലും തന്നെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പല ഏറ്റുപറച്ചിലുകളും ഈ 'കുംബസ്സാരത്തിൽ' ഉൾപ്പെടുത്താൻ റുസ്സൊ മടിച്ചില്ല. ജോലിസ്ഥലത്ത് താൻ നടത്തിയ ഒരു മോഷണത്തിന്റെ ഉത്തരവാദിത്ത്വം ഒരു പാവം സഹപ്രവർത്തകയിൽ വച്ചുകെട്ടുന്നത്, ദേശാടനത്തിനിടയിൽ ഒപ്പമണ്ടായിരുന്നയാൾ അപസ്മാരം വന്ന് വഴിയിൽ വീണപ്പോൾ, അതുകണ്ട് ചുറ്റുംകൂടിയവർക്കിടയിൽ അയാളെ ഉപേക്ഷിച്ച് കടന്നു കളയുന്നത്, ഒക്കെ ഇതിൽപ്പെടും. [൪]
സസ്യശാസ്ത്രപഠനം
[തിരുത്തുക]പ്രകൃതിയെ സ്നേഹിച്ചിരുന്ന റുസ്സോ കാര്യമായി പഠിക്കാൻ ശ്രമിച്ച വിഷയങ്ങളിലൊന്ന് സസ്യശാസ്ത്രമാണ്. 1760-കളിൽ, സാമൂഹ്യഉടമ്പടിയും എമിലും മറ്റും ഉണ്ടാക്കിയ എതിർപ്പുകൾക്കിടയിൽ സ്വിറ്റ്സർലണ്ടിൽ കഴിയുമ്പോഴാൺ അദ്ദേഹത്തിന്റെ ശ്രദ്ധ അദ്യമായി ഈ വിഷയത്തിലേക്ക് തിരിഞ്ഞത്. സസ്യജാതികളെ വർഗ്ഗീകരിക്കുന്നതിന് കാൾ ലിനേയസ് ആവിഷ്കരിച്ച ലിന്നേയൻ രീതി റുസ്സോ മനസ്സിലാക്കി. എന്നാൽ വർഗ്ഗീകരണത്തിന്റെ സാങ്കേതികതകളേക്കാൾ റുസ്സോക്ക് താത്പര്യം, പര്യവേഷണയാത്രകളിലൂടെ സസ്യജാതികളെ നേരിട്ടറിഞ്ഞും മാതൃകകൾ ശേഖരിച്ചും പഠിക്കുന്നതിലായിരുന്നു. സ്വിറ്റ്സർലണ്ടിലും, ഇംഗ്ലണ്ടിലും, ഫ്രാൻസിലും താമസിക്കുമ്പോൾ, അദ്ദേഹം ഇത്തരം അനേകം യാത്രകൾ നടത്തി. പലപ്പോഴും അവ ഒറ്റക്കായിരുന്നു. റുസ്സോയുടെ അവസാനകാലത്തെ രചനകളിൽ ഒരു പ്രധാന ഭാഗം ഈ പഠനങ്ങളുടെ ഫലമാണ്. പൂർത്തിയാകാത്ത ഒരു സസ്യശാസ്ത്രനിഘണ്ടു, സസ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചുള്ള ഒരു ഗ്രന്ഥം എന്നിവ ഇവയിൽ പെടും. പിന്നീട് എഴുതിയ ഏകാന്തപഥികന്റെ ആത്മഗതം എന്ന ഗ്രന്ഥത്തിൽ സസ്യശാസ്ത്രപഠനം നൽകുന്ന ആനന്ദവും പ്രയോജനവും റുസ്സോ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. പ്രകൃതിപഠനത്തിൽ തനിക്കുള്ള താത്പര്യം റുസ്സോയിൽ നിന്ന് കിട്ടിയതാണെന്ന് പ്രസിദ്ധ ജർമ്മൻ കവി ഗെയ്ഥേ പറഞ്ഞിട്ടുണ്ട്. [5]
ജീവിതാന്ത്യം
[തിരുത്തുക]ഇംഗ്ലണ്ടിലെ താമസത്തിനിടെ, തനിക്കെതിരെ എല്ലവരും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന ചിന്ത റുസ്സോയെ അലട്ടാൻ തുടങ്ങി. പിന്നീട് അദ്ദേഹത്തെ ഏറെ ഞെരുക്കിയ മനോവിഭ്രാന്തിയുടെ തുടക്കമായിരുന്നു അത്. ഉപകർത്താവായ ഡേവിഡ് ഹ്യൂമിനെപ്പോലും അദ്ദേഹത്തിന് സംശയമായി. 1767-ൽ ഫ്രാൻസിലേക്കു മടങ്ങിയ റുസ്സോ പലയിടങ്ങളിലും താമസിച്ചശേഷം 1770-ൽ പാരീസിലെത്തി. അടുത്ത എട്ടു വർഷം അദ്ദേഹം അവിടെ കഷ്ടാവസ്ഥയിൽ കഴിഞ്ഞു. ഉപജീവനത്തിനായി സംഗീതരചനകൾ പകർത്തിയെഴുതുകയും മറ്റും ചെയ്യേണ്ടി വന്നു. അതേസമയം ഇക്കാലത്തും അദ്ദേഹം ഏകാന്തപഥികന്റെ ആത്മഗതം (Reveries of a solitary Walker), ജീൻ ഷാക്കിനെ വിധിക്കുന്ന റുസ്സോ (Rousseau: Judge of Jean Jacques) തുടങ്ങിയ രചനകൾ നടത്തി. അദ്ദേഹത്തിന്റെ മാനസികനില വഷളായി. അതുവരെ വിശ്വസ്തയായിരുന്ന തെരീസ, കുതിരകളെ നോക്കുന്ന ഒരു ചെറുപ്പക്കാരനുമായി ചങ്ങാത്തത്തിലായത് അതിന്റെ കാരണങ്ങളിലൊന്നായിരുന്നു എന്നു പറയപ്പെടുന്നു. [6] 1778-ൽ പെട്ടെന്നുണ്ടായ മരണം, അത്മഹത്യ ആയിരുന്നു എന്നു കരുതുന്നവരുണ്ട്.
വിലയിരുത്തൽ
[തിരുത്തുക]റുസ്സോയുടെ രചനകൾ പിൽക്കാലചിന്തയേയും ചരിത്രത്തത്തേയും അതിശയകരമാംവിധം സ്വാധീനിച്ചു. മനപൂർവമല്ലെങ്കിലും ഫ്രാൻസിന്റെ മണ്ണിനെ 1789-ൽ തുടങ്ങിയ വിപ്ലവത്തിനൊരുക്കുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. വിപ്ലവത്തിന് നാന്ദി കുറിച്ച സംഭവമായ ബസ്റ്റില്ലിന്റെ പതനം നടക്കാൻ റുസ്സോ മരിച്ച് പതിനൊന്നു വർഷമേ വേണ്ടി വന്നുള്ളു. രാഷ്ട്രമീമാംസക്കപ്പുറം, സന്മാർഗ്ഗത്തിന്റേയും വിദ്യാഭ്യാസത്തിന്റേയും മതത്തിന്റേയും മേഖലകളിലും റുസ്സോയുടെ സ്വാധീനം പ്രകടമായിട്ടുണ്ട്. പിൽക്കാലചിന്തകന്മാരിൽ റുസ്സോ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ഇമ്മാനുവേൽ കാന്റിനെ ആണ് എന്നു പറയപ്പെടുന്നു. [൫] കാന്റിന്റെ സന്മാർഗചിന്തയുടെ ഒരു പ്രധാന സ്വഭാവം, ധാർമ്മികതയുടെ മാനങ്ങൾ സാർവലൗകികമായിരിക്കും എന്ന അവകാശവാദമാണ്. ഇതിന് റുസ്സോയുടെ, പൊതുമനസ്സ്(General Will) എന്ന ആശയവുമായി ഏറെ സമാനതയുണ്ട്.[7] എമിലിന്റെ രചനവഴി റുസ്സോ വിദ്യാഭ്യാസചിന്തയിന്മേലും തന്റെ ധിഷണയുടെ നിഴൽപ്പാട് അവശേഷിപ്പിച്ചു.
അതേസമയം, അങ്ങേയറ്റം സങ്കീർണ്ണമായ വ്യക്തിത്വമായിരുന്നു റുസ്സോയുടേത്. തത്ത്വചിന്തയിലേയും വ്യക്തിജീവിതത്തിലേയും അദ്ദേഹത്തിന്റെ നിലപാടുകൾ മനസ്സിലാക്കാൻ ശ്രമിച്ചവരെ വിഷമിപ്പിച്ചിട്ടുണ്ട്. ജ്ഞാനോദയചിന്തകന്മാരിൽ വിശകലനത്തിന് തീരെ വഴങ്ങാത്തവൻ എന്ന് റുസ്സോ വിശേഷിക്കപ്പെടുന്നു. [8] ഒരേകാര്യത്തിൽ തന്നെ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളും പെരുമാറ്റവും അദ്ദേഹത്തിൽ നിന്നു വരുന്നത് ആരേയും അമ്പരപ്പിക്കും. തനിക്കു ജനിച്ച അഞ്ചു കുട്ടികളെ അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിച്ച റുസ്സോ തന്നെ പിന്നീട് കുട്ടികളുടെ വിദ്യാഭാസത്തെക്കുറിച്ച് എഴുതപ്പെട്ട കൃതികളിൽ എല്ലാക്കാലത്തേയും ക്ലാസ്സിക്കായ എമിലിൽ ഇങ്ങനെ എഴുതി:-
“ | പിതാവിന്റെ ചുമതല നിർവഹിക്കാൻ വയ്യാത്തവന് പിതാവാകാൻ അവകാശമില്ല. ദാരിദ്ര്യവും, ജോലിത്തിരക്കും ഒന്നും ഒരാൾക്ക് സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള ഉത്തരവാദിത്തം നിർവഹിക്കാതിരിക്കുന്നതിനുള്ള ന്യായീകരണമല്ല. അല്പമെങ്കിലും ഹൃദയാലുതയുള്ള ഒരുവൻ പവിത്രമായ ഈ ഉത്തരവാദിത്തം അവഗണിച്ചാൽ പിന്നീട് അതോർത്ത് ചുടുകണ്ണീർ പൊഴിക്കും; അവന് ഒരിടത്തും ആശ്വാസം കിട്ടുകയില്ല.[9] | ” |
എന്നാൽ, തന്റെ കുട്ടികളെ ഉപേക്ഷിച്ചു കളഞ്ഞതിൽ തനിക്കു ദുഃഖമൊന്നുമില്ലെന്നും ആ പ്രവൃത്തി ശരിയും നിയമാനുസൃതവും ആയിരുന്നെന്നും സത്യസന്ധനായ പൗരനേയും നല്ല പിതാവിനേയും പോലെയാണ് താൻ പെരുമാറിയതെന്നും അതോടെ താൻ പ്ലേറ്റോയുടെ മാതൃകാരാജ്യത്തെ പൗരനെപ്പോലെയായി എന്നും ഒക്കെ റുസ്സോ ആത്മകഥയിൽ പിന്നീട് എഴുതി.[10]
പ്രധാന കൃതികൾ
[തിരുത്തുക]- 1736 ആധുനിക സംഗീതം ഒരു പഠനം ( Dissertation sur la musique moderne.)
- 1750 ശാസ്ത്രവും കലയും ഒരു ചർച്ച ( Discours sur les sciences et les arts)
- 1752 നാർസിസ്സസ്- ആത്മാനുരാഗി ഹാസ്യനാടകം (Narcisse ou l’Amant de lui-même)
- 1752 നാട്ടുജോത്സ്യൻ: സംഗീതനാടകം (Le Devin du village )
- 1754 മനുഷ്യർക്കിടയിലെ അസമത്വം- അടിസ്ഥാനപരമായ കാര്യകാരണങ്ങൾ ( Discours sur l'origine et les fondements de l'inégalité parmi les hommes)
- 1755 രാഷ്ട്രീയ സമ്പദ്വ്യവസ്ഥ (Économie politique).
- 1758 ദെലോംബേറിനൊരു കത്ത്- നാടകരംഗത്തെപ്പറ്റി (Lettre à D'Alembert sur les spectacles)
- 1761 ഷൂലി അഥവാ നവ ഇലൂയിസ് (Julie ou la Nouvelle Héloïse).
- 1762 എമിൽ അഥവാ വിദ്യാഭ്യാസത്തെപ്പറ്റി (Émile ou De l'éducation )—
- 1762 സവ്വായിലെ പാതിരിയുടെ വിശ്വാസപ്രമാണങ്ങൾ (La Profession de foi du vicaire savoyard)
- 1762 സാമൂഹ്യ ഉടമ്പടി -രാഷ്ട്രീയമായ ശരികളെപ്പറ്റി (Du contrat social)
- 1762 റുസ്സോയുടെ പിഗ്മാലിയൻ (Pygmalion)
- 1764 കത്തുകൾ-മലനാട്ടിൽനിന്ന് (Lettres de la montagne)
- 1770 കുറ്റസമ്മതം (Les Confessions)(പ്രസിദ്ധീകരിച്ചത് 1782)
- 1772 കോർസിക്കക്കൊരു ഭരണഘടന ( മരണാനന്തര പ്രസിദ്ധീകരണം)( Projet de constitution pour la Corse)
- 1772 പോളണ്ടിലെ ഭരണകൂടത്തെപ്പറ്റി (മരണാനന്തര പ്രസിദ്ധീകരണം)(Considérations sur le gouvernement de Pologne)
- 1781 ഭാഷയുടെ ഉത്പത്തി- പ്രബന്ധം (1781 മരണാനന്തര പ്രസിദ്ധീകരണം) (Essai sur l'origine des langues)
- 1782 സംവാദം : റൂസ്സോയും ഷാക്കിന്റെ വിധികർത്താവും തമ്മിൽ (മരണാനന്തര പ്രസിദ്ധീകരണം)(Rousseau juge de Jean-Jacques )
- 1776 ഏകാന്ത പഥികന്റെ വിചാരധാരകൾ, (അപൂർണം,മരണാനന്തര പ്രസിദ്ധീകരണം 1782) (Rêveries du promeneur solitaire)
കുറിപ്പുകൾ
[തിരുത്തുക]൧ ^ സ്ഥാനപതിയുമായി പിരിയുന്നതിന് തൊട്ടുമുൻപുള്ള കൂടിക്കാഴ്ച റുസ്സൊ ആത്മകഥയിൽ നാടകീയമായി വിവരിച്ചിട്ടുണ്ട്. "വേലക്കാരോട് എന്നെ മുറിക്ക് പുറത്താക്കാൻ പറയും എന്ന് അയാൾ പറഞ്ഞപ്പോൾ എനിക്കു കലിവന്നു. ചാടിയെഴുന്നേറ്റ് മുറി അകത്തുനിന്ന് കുറ്റിയിട്ട ശേഷം അയാൾക്ക് നേരേ അടിവച്ചുനീങ്ങിക്കോൺട് ഞാൻ പറഞ്ഞു: വേണ്ട പ്രഭോ, ഈ കലഹത്തിൽ വേലക്കാരെ പങ്കാളികളാക്കേണ്ട. വരൂ, ഇത് ഇവിടെ നമുക്കിടയിൽ തീർക്കാം". (Confessions നാലാം വാല്യം ഒന്നാം പുസ്തകത്തിൽ നിന്ന്)
൨ ^ റുസ്സോ താൻ ജനീവയിലെ പൗരനാണന്നതിൽ അഭിമാനം കൊണ്ടിരുന്നു. സ്വതന്ത്രരാഷ്ട്രത്തിലെ പൗരനും പരമാധികാരത്തിലെ പങ്കാളിയും ആയാണ് താൻ ജനിച്ചതെന്ന് അദ്ദേഹം സാമൂഹ്യ ഉടമ്പടിയുടെ തുടക്കത്തിൽ തന്നെ എഴുതിയിട്ടുണ്ട്.
൩ ^ തെരീസയെ ലണ്ടണിലെത്തിച്ചത് സാമുവൽ ജോൺസന്റെ പ്രഖ്യാതജീവചരിത്രകാരനായ ജെയിംസ് ബോസ്വെൽ ആണ് എന്നു പറയപ്പെടുന്നു.(Jean Jacques Rousseau - 100 Great Lives Edited by John Canning)
൪ ^ പാപങ്ങൾ ഏറ്റുപറയുന്ന റുസ്സോപോലും പലപ്പോഴും അവിശ്വസിക്കപ്പെടുന്നു. തനിക്കു അഞ്ചു കുട്ടികൾ ജനിച്ചെന്നും അവരെ അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിച്ചെന്നും പറയുന്നത്പോലും കഥയാണോ എന്നു സംശയിക്കുന്നവരുണ്ട്.(Jean Jacques Rousseau - Classic Encyclopedia - [1])
൫ ^ ആദ്യവായനയിൽ ഭാഷയുടെ സൗന്ദര്യത്തിൽ മയങ്ങി ഉള്ളടക്കത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെവന്നിരുന്നതുകൊണ്ട്, ഇമ്മാനുവേൽ കാന്റിന്, റുസ്സോയുടെ കൃതികൾ മനസ്സിലാകാൻ രണ്ടുവട്ടം വായിക്കണമായിരുന്നത്ര. കണിശമായ ദിനചര്യക്ക് പേരുകേട്ടിരുന്ന കാന്റിന്റെ പ്രഭാതത്തിലെ നടത്തിന്റെ സമയം ഇടക്ക് ആകെ തെറ്റിയിരിക്കുന്നതായി കണ്ടു. അദ്ദേഹം ആ ദിവസങ്ങളിൽ റുസ്സോയുടെ എമിലിൽ മുഴുകിയിരിക്കുകയായിരുന്നു. (Bertrand Russel - History of Western Philosophy)
അവലംബം
[തിരുത്തുക]- ↑ Confessions ആദ്യ അദ്ധ്യായം
- ↑ Bertrand Russel - History of Western Philosophy
- ↑ constitution.org - സാമൂഹ്യ ഉടമ്പടി, GDH Cole-ന്റെ ഇംഗ്ലീഷ് പരിഭാഷ http://www.constitution.org/jjr/socon.htm
- ↑ "The details of Rousseau's life are well-known, if a bit embellished, in his Confessions" - http://cepa.newschool.edu.het/profiles/rousseau.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Illustratedgarden.org - Jean Jacques Rousseau - http://www.illustratedgarden.org/mobot/rarebooks/author.asp?creator=Rousseau,%20Jean-Jacques&creatorID=11 Archived 2008-04-01 at the Wayback Machine.
- ↑ Jean Jacques Rousseau - 100 Great Lives Edited by John Canning
- ↑ http://www.iep.utm.edu/r/rousseau.htm
- ↑ "The most enigmatic of all philosophers of 18th century Enlightenment" - The History Guide - Lectures on Twentieth Century Europe - http://historyguide.org/europe/rousseau.html Archived 2008-03-03 at the Wayback Machine.
- ↑ എമിലി ഒന്നാം പുസ്തകം
- ↑ Confessions നാലാം വാല്യം , രണ്ടാം പുസ്തകം