Jump to content

ടെക്കീല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tequila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പലതരത്തിലുള്ള ടെക്വില മദ്യം
മെക്സിക്കോയിലെ ടെക്വിലയും അഗേവ് ചെടിയും ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങൾ. കടും പച്ച ടെക്വിലയും ഇളം പച്ച അഗേവ് ചെടിയും.

പടിഞ്ഞാറൻ മെക്സിക്കൻ സംസ്ഥാനമായ ജലിസ്കോയിലെ ടെക്വില എന്ന നഗരത്തിലെ ‍അഗേവ് ചെടിയിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ഒരു മദ്യമാണ് ടെക്വില (ഇംഗ്ലീഷ്: Tequila).

ഈ പ്രദേശത്തെ സവിശേഷമായ അഗ്നിപർവ്വതാവശിഷ്ടങ്ങളുള്ള മണ്ണ് ടെക്വില നിർമ്മിക്കുന്ന നീല അഗേവ് ചെടിയുടെ വളർച്ചക്ക് വളരെ അനുയോജ്യമാണത്രേ. ഓരോ വർഷവും ഏകദേശം 300 ദശലക്ഷം മരങ്ങളിൽ നിന്ന് ടെക്വില നിർമ്മാണത്തിനായി വിളവെടുക്കുന്നുണ്ട്. ജലിസ്കോ സംസ്ഥാനത്തിലും പരിമിതമായ മറ്റു ചില സ്ഥലങ്ങളിലും മാത്രമായി നീല അഗേവ് ചെടിയുടെ കൃഷി നിയമം മൂലം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്.

38–40% വരെയാണ് ടെക്വിലയിലെ ആൽക്കഹോളിന്റെ അളവ്.

ചരിത്രം

[തിരുത്തുക]
അഗേവ് ചെടി

പതിനാറാം നൂറ്റാണ്ടിലാണ് ടെക്വില നിർമ്മാണം മെക്സിക്കോയിൽ തുടങ്ങിയത്. മെക്സിക്കോയിലെ പാരമ്പര്യ വർഗ്ഗമായ ആസ്ടെക് വർഗ്ഗക്കാരാണ് ആദ്യമായി അഗേവ് ചെടിയിൽ‍ നിന്ന് മദ്യമുണ്ടാക്കാൻ തുടങ്ങിയത്. പക്ഷേ അത് വളരെ പരിമിതമായ നിലയിലായിരുന്നു. 1600-ലാണ് അഗേവ് ചെടിയിൽ നിന്ന് മദ്യമുണ്ടാക്കുന്ന ഒരു ഫാക്റ്ററി ജലിസ്കോയിൽ പ്രവർത്തനമാരംഭിക്കുന്നത്. ഇപ്പോൾ ലോകമെമ്പാടും ജനപ്രിയമായിരിക്കുന്ന ടെക്വില ആദ്യമായി വൻ‌തോതിൽ നിർമ്മാണമാരംഭിച്ചത് 1800-കളിൽ മെക്സിക്കോയിലെ ഗ്വാഡലാജറയിലാണ്.

ടെക്വില ഗ്രാമത്തിലെ മുനിസിപ്പൽ അദ്ധ്യക്ഷനായിരുന്ന ഡോൺ സിനോബിയോ സോസ എന്ന വ്യക്തിയാണ് സോസ ടെക്വില എന്ന നാമത്തിൽ യു.എസിലേക്ക് ടെക്വില കയറ്റുമതി തുടങ്ങിയത്.

സമകാലിക ചരിത്രം

[തിരുത്തുക]

'അ‍ൾട്രാ പ്രീമിയം', 'സൂപ്പർ പ്രീമിയം' തുടങ്ങിയ വിശിഷ്ട ടെക്വില ഗണങ്ങളുടെ വിൽപ്പന 2002 വരെ 30 ശതമാനത്തോളം ഉയർന്നതായി കണക്കാക്കപ്പെടുന്നു. ടെക്വിലയിലെ ചില ബ്രാന്റുകൾ വ്യക്തികളുടെയും കുടുംബങ്ങളുടെയും പേരിലാണെങ്കിലും കോർപ്പറേറ്റ് കമ്പനികൾ ടെക്വില നിർമ്മാണത്തിലേക്ക് കടന്നു കഴിഞ്ഞു. എങ്കിലും വെറും നൂറോളം ഡിസ്റ്റിലറികളിലാണ് രണ്ടായിരത്തിലേറെ ബ്രാന്റുകളിലെ ടെക്വിലയുടെ നിർമ്മാണം നടത്തുന്നത്. ഈ ഡിസ്റ്റിലറികളെല്ലാം ഒരേ പ്രദേശത്ത് നിന്നാണ് പ്രവർത്തിക്കുന്നതും.

ടെക്വിലയിൽ മറ്റു നിറങ്ങളോ മണമോ ചേർത്താൽ അവയെ ടെക്വില എന്ന പേരിൽ വിൽക്കാൻ മെക്സിക്കോയിലെ ടെക്വിലാ നിയന്ത്രണ കൗൺസിൽ അനുമതി നൽകിയിരുന്നില്ല. 2004-ൽ ചില നിയന്ത്രണങ്ങളോടു കൂടി ഇതിനു അനുമതി നൽകി- ശുദ്ധ അഗേവ് ടെക്വിലയിൽ ഇവ ചേർക്കരുതെന്ന് മാത്രം.

ജൂലൈ 2006-ൽ ജലിസ്കോയിലെ ടെക്വില ലേ .925. എന്ന ഒരു കമ്പനി ഒരു ലിറ്റർ ടെക്വില 225,000 ഡോളറിന് വിറ്റ് ഗിന്നസ് പുസ്തകത്തിൽ‍ സ്ഥാനം നേടി. ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യബോട്ടിലിന്റെ വിൽപനയായിരുന്നു അത്. ഇതിന്റെ ബോട്ടിലിൽ രണ്ട് കിലോഗ്രാം സ്വർണവും പ്ലാറ്റിനവും അടങ്ങിയിരുന്നു.

2008-ൽ ടെക്വിലയിൽ നിന്ന് വജ്രം നിർമ്മിക്കാമെന്ന് ചില മെക്സിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തി. ടെക്വിലയെ 800 ഡിഗ്രീക്കു മേൽ ചൂടാക്കി ബാഷ്പീകരിച്ചാണ് ഇത് സാധിച്ചത്. എണ്ണമറ്റ വാണിജ്യ-വ്യവസായ സാധ്യതകൾ ഈ കണ്ടുപിടിത്തത്തിലുണ്ടെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നിർമ്മാണ രീതി

[തിരുത്തുക]
ടെക്വില വീപ്പകൾ

പാരമ്പര്യ അറിവുകൾ വെച്ചാണ് അഗേവ് ചെടിയുടെ കൃഷി നടക്കുന്നത്. ആധുനിക കൃഷി സങ്കേതങ്ങൾ ഇവയെ ഏറെയൊന്നും മാറ്റിയിട്ടില്ല. അഗേവ് ചെടിയുടെ വിളവെടുപ്പു സമയം ഈ കൃഷിയിൽ പരിചയസമ്പന്നരായ ആളുകളാണ് തീരുമാനിക്കുന്നത്. അഗേവ് ചെടിയുടെ ഫലത്തിൽ പഞ്ചസാരയുടെ അളവ് നന്നേ കുറവാവുന്ന ഇളം പ്രായത്തിലും നന്നേ കൂടുതലാവുന്ന മൂപ്പെത്തിയ പ്രായത്തിലുമല്ലാതെ 'കോവ' എന്ന കത്തി കൊണ്ട് ഇത് മുറിച്ചെടുക്കുന്നു. പിന്നീട് ഇതിന്റെ നീരെടുത്ത് വീപ്പകളിൽ സൂക്ഷിച്ച് 'ഫെർമന്റേഷൻ ' നടത്തുകയാണ് ചെയ്യുന്നത്. 'ഫെർമന്റേഷൻ ' നടത്തിയ ദ്രാവകത്തെ പിന്നീട് വാറ്റിയെടുത്ത് ഓർഡിനാരിയോ എന്ന വെളുത്ത ദ്രാവകമാക്കി മാറ്റുന്നു. ഈ ദ്രാവകത്തെ വീണ്ടും വാറ്റിയാണ് വെള്ള/ സിൽവർ ടെക്വിലയാക്കി മാറ്റുന്നത്. ചില കമ്പനികൾ ഇതിന്റെ ഒന്നു കൂടി വാറ്റിയെടുക്കാറുണ്ട്. എന്നിട്ട് നേർപ്പിച്ച് ബോട്ടിലിലാക്കുകയോ 'പഴകൽ പ്രക്രിയ'ക്കായി വീപ്പകളിൽ സൂക്ഷിക്കുകയോ ചെയ്യുന്നു.

വർഗീകരണം

[തിരുത്തുക]

പഴക്കമനുസരിച്ച് ടെക്വിലയെ താഴെ പറയും വിധം പലതായി തരം തിരിച്ചിട്ടുണ്ട്:

  • വൈറ്റ്/ സിൽവർ (പഴക്കമില്ലാത്തത്/ രണ്ടു മാസത്തിൽ കുറവ് പഴക്കമുള്ളത്)
  • ഗോൾഡൻ (സിൽവർ ടെക്വിലയുടെയും ഏജ്‌ഡ്/ എക്സ്ട്രാ ഏജ്‌ഡ് ടെക്വിലയുടെയും മിശ്രണം)
  • റെസ്റ്റഡ് (രണ്ടു മാസം വരെ പഴക്കമുള്ളത്)
  • ഏജ്‌ഡ്‌ (ഒരു വർഷം വരെ പഴക്കമുള്ളത്)
  • എക്സ്ട്രാ ഏജ്‌ഡ് (1-3 വർഷം വരെ പഴക്കമുള്ളത്))

കഴിക്കുന്ന വിധം

[തിരുത്തുക]

ടെക്വില കഴിക്കുന്ന രീതി സവിശേഷമാണ്. വളരെ ചെറിയ, വിസ്താരം കുറഞ്ഞ ഗ്ലാസുകളാണ് ടെക്വില കഴിക്കാനുപയോഗിക്കുന്നത്. ചെറുനാരങ്ങയുടെ ഒരു കഷ്ണവും അല്പം ഉപ്പും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. കൈയിലെ ചൂണ്ടുവിരലിൽ ഉപ്പ് പറ്റിച്ചെടുത്ത് ഗ്ലാസിലെ ടെക്വില കഴിച്ച ശേഷം ചെറുനാരങ്ങ കഷ്ണവും ചൂണ്ടുവിരലിലെ ഉപ്പും നുണയുന്നു. ടെക്വിലയുടെ "പൊളളൽ" ശമിപ്പിക്കാൻ ഉപ്പിനു കഴിയുമെന്ന് കരുതുന്നു.

കോക്‌ടെയിലുകൾ

[തിരുത്തുക]
മാർഗരിത്ത

മാർഗരിത്ത

[തിരുത്തുക]

രണ്ട് ഔൺസ് ടെക്വില, മധുരനാരങ്ങ ജ്യൂസ്, പകുതി കഷ്ണം ചെരുനാരങ്ങ നീര്, ഉപ്പ് എന്നിവയിൽ ഐസ് ചേർത്ത് നന്നായി ഉടച്ചെടുക്കുന്നു. ശേഷം മാർഗരിത്ത ഗ്ലാസ്സിലൊഴിച്ച് ചെറുനാരങ്ങ അരിഞ്ഞെടുത്തത് വെച്ച് അലങ്കരിക്കുന്നു.

ടെക്വില, വോഡ്‌ക, ഏതെങ്കിലും ഒരു പഴച്ചാർ എന്നിവയെടുത്ത് കോക്‌ടെയിൽ മിക്സറിൽ പൊടിച്ച ഐസും ചേർത്ത് നന്നായി ഉടച്ചെടുക്കുന്നു. പിന്നീട് നീളമുള്ള ഗ്ലാസ്സിലൊഴിച്ച് ഉപയോഗിക്കുന്നു.

ജിറാഫ്

[തിരുത്തുക]

ടെക്വില, മുന്തിരി ജ്യൂസ്, രണ്ട് ഐസ് കഷ്ണങ്ങൾ എന്നിവയാണ് ചേരുവകൾ ‍‌.ഗ്ലാസിൽ ടെക്വില പകർന്ന് ഐസ് കഷ്ണങ്ങളിട്ട ശേഷം പതുക്കെ ഇളക്കുന്നു. നന്നായി അലിഞ്ഞതിനു ശേഷം മുന്തിരി ജ്യൂസ് ചേർക്കു‍ന്നു

പൈനാപ്പിൾ ലീപ്

[തിരുത്തുക]

ടെക്വില (1.25 ഭാഗം), പൈനാപ്പിൾ ജ്യൂസ് (2 ഭാഗം) ചെറുനാരങ്ങാ നീരു (1 ഭാഗം), മാതള നീര് (കാൽ ഭാഗം), ഐസ് പൊടിച്ചത് (ആവശ്യത്തിന്) എന്നിവ കോക്‌ടെയിൽ മിക്സറിൽ ചേർത്ത് സം‌യോജിപ്പിച്ചാണ് പൈനാപ്പിൾ ലീപ് എന്ന കോക്‌ടെയിൽ തയ്യാറാക്കുന്നത്.

ഇതുംകൂടി

[തിരുത്തുക]

മദ്യം

അവലംബം

[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]