Jump to content

കണ്ണാടിപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കണ്ണാടിപ്പുഴ. ശോകനാശിനിപ്പുഴ, ചിറ്റൂർപ്പുഴ എന്നീ പേരുകളിലും കണ്ണാടിപ്പുഴ അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലൂടെയാണ് നദി ഒഴുകുന്നത്.

തമിഴ്‌നാട്ടിലെ ആനമല മലനിരകളിൽ നിന്നുത്ഭവിയ്ക്കുന്ന പാലാറ്, ആളിയാറ്, ഉപ്പാറ് എന്നീ നദികൾ കേരള അതിർത്തിയിൽ വച്ച് കൂടിച്ചേർന്നാണ് കണ്ണാടിപ്പുഴ പിറവിയെടുക്കുന്നത്. ചിറ്റൂർ, കൊടു‌മ്പ്, കണ്ണാടി, തിരുനെല്ലായി തുടങ്ങി പാലക്കാടിന്റെ തെക്കേ അതിർത്തികളിൽക്കൂടി ഒഴുകി പാലക്കാടിന് പടിഞ്ഞാറുള്ള പറളിയിൽ വച്ച് ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. കണ്ണാടിപ്പുഴയും കൽ‌പ്പാത്തിപ്പുഴയും ഗായത്രിപ്പുഴയും ചേർന്ന് പാലക്കാടിന്റെ ഒരു വലിയ ഭാഗം ഭൂപ്രദേശത്തും ജലസേചനം നടത്തുന്നു. പാലക്കാട് കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് ഈ സുലഭമായ ജല ലഭ്യത കൊണ്ടായിരിക്കാം. എന്നാൽ, ഇന്ന് ഈ നദികൾ നാശത്തിന്റെ വക്കിലാണ്. അമിതമായ മലിനീകരണവും മണൽ വാരലുമാണ് ഇതിനുകാരണം. തന്മൂലം നെൽകൃഷിയ്ക്കും വൻ നാശം സംഭവിച്ചിട്ടുണ്ട്.

മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ തന്റെ അവസാനകാലം ചെലവഴിച്ച ചിറ്റൂർ തുഞ്ചൻ ഗുരുമഠം, ചിറ്റൂർ ഗവണ്മെന്റ് കോളേജ്, കൊടുമ്പ് മഹാദേവക്ഷേത്രം, തിരുവാലത്തൂർ രണ്ടുമൂർത്തി ഭഗവതിക്ഷേത്രം, പാലൂർ മഹാദേവക്ഷേത്രം തുടങ്ങി നിരവധി പ്രസിദ്ധ സ്ഥാപനങ്ങളും ദേവാലയങ്ങളും കണ്ണാടിപ്പുഴയുടെ തീരത്തായുണ്ട്.

കണ്ണാടിപ്പുഴയുടെ പോഷകനദികൾ

[തിരുത്തുക]

ഇവയും കാണുക

[തിരുത്തുക]