പമ്പാനദി
Pampa River പമ്പ നദി | |
---|---|
Country | India |
Physical characteristics | |
പ്രധാന സ്രോതസ്സ് | Pulachimala 1,650 മീ (5,410 അടി) |
നദീമുഖം | Vembanad Lake & Thottappally Spillway |
നീളം | 176 കി.മീ (577,000 അടി) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 2,235 കി.m2 (863 ച മൈ) |
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഭഗീരഥി”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിലാണ്. പിന്നീടത് റാന്നി,പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശ്ശേരി,കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്. പൗരാണിക കാലത്ത് ബാരിസ് എന്ന പേരിലാണ് ഈ നദി അറിയപ്പെട്ടിരുന്നത്.[1]
ഭാരതത്തിന്റെ ആദി കാവ്യം ആയ രാമായണം പമ്പാ നദി യെ കുറിച്ച് വിവരം നൽകുന്നു ശ്രീ രാമൻ സഹോദരൻ ലക്ഷ്മണനും ഒന്നിച്ചു പമ്പാ തിരത്തു വരികയും ശബരി എന്ന സന്യാസിനിയുടെ ആദിഥ്യം സ്വീകരിക്കുകയും ചെയ്തു.
സാംസ്കാരികമായ അംശങ്ങൾ
[തിരുത്തുക]ഹിന്ദു മതവിശ്വാസികൾ പമ്പാ നദിയെ പുണ്യനദിയായി കരുതുന്നു. കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന ആറന്മുള വള്ളംകളി പമ്പാനദിയിലാണ് നടക്കുന്നത്. സ്വാമി അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യ കഥകളിൽ പമ്പാനദിക്ക് പ്രമുഖ സ്ഥാനമുണ്ട്. ശബരിമല തീർത്ഥാടനയാത്രയിൽ പമ്പാ സ്നാനം പ്രാധാന്യമുള്ള ഒരു ചടങ്ങായി അയ്യപ്പ ഭക്തർ അനുഷ്‌ഠിക്കുന്നു . മധ്യതിരുവിതാംകൂറിലെ തനത് കലാരൂപമായ പടയണി പമ്പാനദീതട സംസ്കാരത്തിന്റ തെളിവാണ്. കേരളത്തിലെ വ്യത്യസ്ത സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ പമ്പാനദിക്ക് അതിന്റേതായ സാന്നിദ്ധ്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച മാരാമൺ കൺവൻഷൻ, ചെറുകോൽപുഴ ഹിന്ദുമത കൺവൻഷൻ, റാന്നി ഹിന്ദുമത കൺവൻഷൻ എന്നിവ പമ്പാനദിയിലെ മണൽപ്പുറത്താണ് നടത്തുന്നത്. .
പ്രശസ്തമായ തീരങ്ങൾ
[തിരുത്തുക]നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആറന്മുള ക്ഷേത്രം, നിരവധിയായ ഹൈന്ദവ ദേവാലയങ്ങൾ,ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ പരുമലപ്പള്ളി, എടത്വാ പള്ളി, ക്രിസ്തു ശിഷ്യനായ സെന്റ്തോമസ് സ്ഥാപിച്ച നിരണം പള്ളി ,ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്ക,ഒരുകാലത്ത് കേരളത്തിലെ പഞ്ചസാര ഉല്പാദന കേന്ദ്രമായിരുന്ന പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി തുടങ്ങിയവ പമ്പയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
പമ്പാനദിയുടെ തീരത്തുള്ള പ്രധാന പട്ടണങ്ങളും സ്ഥലങ്ങളും
[തിരുത്തുക]പമ്പ, കണമല, ഉന്നത്താനി, തോണിക്കടവ്, അത്തിക്കയം, റാന്നി-പെരുനാട്,വടശ്ശേരിക്കര, റാന്നി,പുല്ലൂപ്രം,വരവൂർ,പേരൂർച്ചാൽ,കീക്കൊഴൂർ, ചെറുകോൽ,ചെറുകോൽപ്പുഴ, മേലുകര,കോഴഞ്ചേരി,മാരാമൺ, ആറന്മുള,ചെങ്ങന്നൂർ, പരുമല, തേവേരി,വീയപുരം,തകഴി,കൈനകരി
പമ്പാനദി കടന്നു പോകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ
[തിരുത്തുക]- റാന്നി_പെരുനാട്
- വടശ്ശേരിക്കര
- നാറാണമ്മൂഴി
- റാന്നി
- വെച്ചൂച്ചിറ
- റാന്നി_പഴവങ്ങാടി
- റാന്നി_അങ്ങാടി
- ചെറുകോൽ
- അയിരൂർ
- കോഴഞ്ചേരി
- മല്ലപ്പുഴശ്ശേരി
- ആറന്മുള
- തോട്ടപ്പുഴശ്ശേരി
- കോയിപ്രം
- കടപ്ര
- നിരണം
- നെടുമ്പ്രം
- ചിറ്റാർ
- സീതത്തോട്
- കോന്നി
- അരുവാപുലം
- തണ്ണിത്തോട്
- മലയാലപ്പുഴ
- ഇരവിപേരൂർ
- കുറ്റൂർ
- ചെങ്ങന്നൂർ
- തിരുവൻവണ്ടൂർ
- പാണ്ടനാട്
- മാന്നാർ
- തലവടി
- എടത്വ
- വീയപുരം
- നെടുമുടി
- തകഴി
- മുട്ടാർ
- ചമ്പക്കുളം
- രാമങ്കരി
- കൈനകരി
- നീലംപേരൂർ
- കാവാലം
- പുളിങ്കുന്ന്
- വെളിയനാട്
അവസാനം വേമ്പനാട്ടുകായലിൽ പതിക്കുന്നു.
സ്ഥിതിവിവരം
[തിരുത്തുക]- നീളം - 176 കി. മീ.
- നദിതടപ്രദേശം - 2355 ച.കി.
- പോഷക നദികൾ- പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ
പമ്പാനദിയിലൂടെ ഒഴുകിയെത്തുന്ന മണലിന്റെ കണക്ക്
[തിരുത്തുക]വർഷം | ചരൽ ടണ്ണിൽ | മണൽ ടണ്ണിൽ | ചെളി ടണ്ണിൽ | ആകെ ടൺ |
---|---|---|---|---|
1986-87 | 6800 | 17000 | 70900 | 94700 |
87-88 | 9200 | 27500 | 94800 | 131500 |
88-89 | 8400 | 18100 | 112000 | 138500 |
89-90 | 8000 | 15800 | 143000 | 166800 |
90-91 | 1960 | 9620 | 42310 | 53890 |
91-92 | 3780 | 16260 | 61420 | 81460 |
92-93 | - | - | - | - |
93-94 | 9064 | 33058 | 88938 | 131060 |
94-95 | 8482 | 33315 | 96173 | 137970 |
95-96 | 10208 | 27765 | 81968 | 119141 |
96-97 | 6120 | 14177 | 68878 | 89175 |
97-98 | 2688 | 129009 | 77681 | 93278 |
98-99 | 6832 | 20522 | 74980 | 95272 |
ഉത്ഭവവും സഞ്ചാരവും
[തിരുത്തുക]പീരുമേട്ടിലെ 1650 മീ.ഉയരത്തിൽ പുളച്ചിമലകളിലെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു. ശബരിമല, ആറന്മുള, എന്നിവിടങ്ങളിൽ കൂടി പടിഞ്ഞാറേക്കു ഒഴുകി ആലപ്പുഴ ജില്ലയിൽ വച്ച് മണിമലയാർ, അച്ചൻകോവിലാർ എന്നിവയുമായി ചേർന്ന് വേമ്പനാട്ടു കായലിൽ പതിക്കുന്നു. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴിയിൽ പമ്പാനദിയുടെ ഒരു കൈവഴി അറബിക്കടലിൽ പതിക്കുന്നു.
ഒട്ടേറെ നീർച്ചാലുകളും കാട്ടരുവികളും പമ്പയിൽ വിവിധ ഭാഗങ്ങളിൽനിന്നുംചേരുന്നു. അച്ചൻകോവിലാറ്, മണിമലയാറ്` എന്നിവ പമ്പയുടെ പ്രധാന പോഷകനദികൾ ആകുന്നു. പമ്പാ ത്രിവേണിയിൽ വച്ച് കക്കിയാറും ഞുണങ്ങാറും പമ്പയിൽ ചേരുന്നു. തുടർന്ന്, പുതുശ്ശേരി, അഴുത, പനംകുടന്ത എന്നിവയും പെരുനാട്ടിലെ മുക്കം എന്ന സ്ഥലത്തുവച്ച് കക്കാട്ടാറും പമ്പയുമായിച്ചേരുന്നു. പുന്നമേട് മലനിരകളിൽ നിന്നും ഉദ്ഭവിക്കുന്ന പമ്പ-കല്ലാർ വടശ്ശേരിക്കരയിൽനിന്നും പ്രധാന പോഷകനദിയായ മണിമലയാർ വളഞ്ഞവട്ടത്തുനിന്നും അച്ചൻകോവിലാർ വീയപുരത്തുനിന്നും പമ്പയിൽ ലയിക്കുന്നു.
പമ്പയിലെ ശരാശരി നീരൊഴുക്ക് ച. കി. മീ. ന് 2.96 കി. മീ. ആണ്. പമ്പയും കൈവഴികളും ചേർന്ന് 4466 കി. മീ നീളമുള്ളതായി കണക്കാക്കുന്നു. ആകെ വൃഷ്ടിപ്രദേശത്തിൽ 1550 ച. കി. മീ. പത്തനംതിട്ട ജില്ലയിലും ബാക്കി ഭാഗം ആലപ്പുഴ കോട്ടയം ജില്ലകളിലും സ്ഥിതിചെയ്യുന്നു. സഹ്യപർവ്വതനിരകളിൽനിന്നുള്ള 288 കൈവഴികൾചേർന്നാണ് പമ്പാനദി രൂപംകൊള്ളുന്നത്.
പമ്പാനദി നേരിടുന്ന വെല്ലുവിളികൾ
[തിരുത്തുക]പുണ്യനദിയായി കണക്കാക്കപ്പെടുന്ന പമ്പാനദി, ഇന്ന് നാശത്തിന്റെ വക്കിലാണ്. പമ്പാനദിയോടൊപ്പം പോഷകനദികളായ അച്ചൻകോവിലാർ മണിമലയാർ എന്നിവയും വിവിധതരം പാരിസ്ഥിതികപ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്നു. പമ്പയെയും അച്ചൻകോവിലിനെയും ബന്ധിപ്പിക്കുന്ന ഉത്രപ്പള്ളിയാറും മരണപാതയിലാണ്. ഈ രണ്ട് നദികളെയും ബന്ധിപ്പിക്കുന്ന കുട്ടംപേരൂർ ആറും ഇതേ പോലെ അകാലത്തിൽ മരിക്കാനാണ് സാധ്യത. 280 കൈവഴികളാണ് പമ്പയ്ക്കുള്ളതെന്ന് ഗവേഷകനായ ഡോ. സി പി രാജേന്ദ്രൻ കണ്ടെത്തിയിരുന്നു. എന്നാൽ ഭൂരിഭാഗം കൈവഴികളും ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ബാക്കിയുള്ളവകൂടി സംരക്ഷിച്ചില്ലെങ്കിൽ പമ്പാനദി ഓർമ്മയായി മാറും.പമ്പയുടെ താഴ്‌വഴികളായ ചെറുതോടുകൾ ഉൽഭവിക്കുന്ന കുന്നുകളെ പാറമടകൾക്കുവേണ്ടി കൊല്ലുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ക്വാറികൾക്കുവേണ്ടി സമീപ പ്രദേശത്തെ മണ്ണ് വ്യാപകമായി നീക്കുന്നതോടെ ഈ ഭാഗത്തെ വിശാലമായ ജൈവവൈവിധ്യം അപ്പാടെ നശിക്കുകയാണ്. 200 അടി വരെ താഴ്ചയിലാണ് ക്വാറിക്കുവേണ്ടി പമ്പയുടെ പ്രധാന കൈവഴിതോട് ഒഴുകുന്ന പൊൻമല കുന്നിനെ നശിപ്പിക്കുന്നത്. കുന്നുകൾ ഇല്ലാതാകുന്നത് പുഴയിലേക്കുള്ള കൈവഴികളെ നശിപ്പിക്കുന്നു. ഇത് നീരൊഴുക്ക് ഇല്ലാതാക്കുന്നു. ഇതിന് പരിഹാരമായി പമ്പയെ ജൈവവൈവിധ്യ മേഖലയായി പ്രഖ്യാപിക്കണം. ഇതോടെ മാത്രമെ പമ്പയുടെ സമീപ പ്രദേശങ്ങളിലുള്ള ക്വാറികളുടെ പ്രവർത്തനം തടയാനുള്ള നടപടികൾ ഉണ്ടാകൂ.[4]പമ്പയുടെ കൈവഴികളിലെ ജലനിലവാരം ഭയാനകമായി താഴ്ന്നനിലയിലാണെന്നു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നദിയിൽ ബയോളജിക്കൽ ഓക്സിജൻ ഡിമാന്റും (ബിഒഡി), കോളിഫോം ബാക്ടീരിയയും അമിതമായി വർധിക്കുകയും ഡിസോൾഡ് ഓക്സിജൻ (ഡിഒ) ഇല്ലാതാകുകയും ചെയ്തതായി കണ്ടെത്തിയത്. ദാഹജലത്തിനും, കുളിക്കുന്നതിനും, കൃഷിക്കും, മത്സ്യബന്ധനത്തിനുമടക്കം നിത്യാവശ്യങ്ങൾക്കായി 40 ലക്ഷം പേരാണ് പമ്പാനദിയും ജലവും ഉപയോഗിക്കുന്നത്. ശബരിമലയിലെത്തുന്ന തീർഥാടകരും പമ്പയിൽ കുളിച്ചാണ് സന്നിധാനത്തെത്തുക. ഒരു ലിറ്റർ വെള്ളത്തിൽ ബിഒഡിയുടെ അളവ് രണ്ട് മില്ലിഗ്രാമിൽ കൂടരുത്. പരമാവധി മൂന്ന് വരെയെത്താം. അതിനുമപ്പുറമായാൽ ഇത് അപകടകരമാകും. ഡിസോൾട്ട് ഓക്സിജന്റെ അളവാകട്ടെ ഒരു ലിറ്റർ വെള്ളത്തിൽ ആറ് മില്ലിഗ്രാം വരെയുണ്ടാകണം. അത് നാല് മില്ലിഗ്രാമിലും താഴുന്നത് ജലത്തെ വിഷലിപ്തമാക്കും. പമ്പയുടെ കൈവരികളിൽ നടത്തിയ പഠനത്തിൽ ഡിഒയുടെ അളവ് 0, 0.7 തുടങ്ങിയ അളവുകളിലാണ് കണ്ടെത്തിയിട്ടുള്ളത്. ബിഒഡിയുടെ അളവാകട്ടെ 10 മി.ഗ്രാമിലും അധികരിച്ചിരിക്കുകയാണ്. [5]
ഇടവപ്പാതിക്കുപോലും പമ്പയിൽ ആവശ്യമായ ജലം നിറയുന്നില്ല. പുഴയുടെ മദ്ധ്യത്തിൽ പലയിടത്തും മണൽപ്പുറ്റുകൾ നിറഞ്ഞിരിക്കുന്നു. [6]പമ്പയിലും പോഷകനദികളിലുമായി 3124 ദശലക്ഷം ഘനമീറ്റർ ജലം അധികമായുണ്ടെന്നാണ് ഔദ്യോഗികകണക്ക്. ഈ അടിസ്ഥാനത്തിലാണ് പമ്പ-വൈപ്പാർ നദീസംയോജനശ്രമം നടക്കുന്നത്. സി. ഇ. 2050-ഓടെ പമ്പയുടെ പോഷകനദിയായ അച്ചൻകോവിലാറ്റിൽ ആവശ്യമുള്ളതിനേക്കാൾ 459 ദശലക്ഷം ഘനമീറ്ററും പമ്പയിൽ 3537 ദശലക്ഷം ഘനമീറ്ററും ശുദ്ധജലത്തിന്റെ കുറവുണ്ടാകുമെന്ന് സെന്റർ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് വിദഗ്ദ്ധർ നടത്തിയ പഠനം വ്യക്തമാക്കുന്നു. കുട്ടനാട്ടിലെയ്ക്ക് 12,582 ദശലക്ഷം ഘനമീറ്റർ ജലം പമ്പയിൽനിന്നും എത്തുന്നതായാണ് കണക്ക്. എന്നാൽ 22,263 ദശലക്ഷം ഘനമീറ്റർ ജലമാണ് കുട്ടനാടിന്റെ ആവശ്യം.
വേമ്പനാട്ടുകായലിന്റെ ജലസ്രോതസ്സ് പമ്പ മാത്രമാണ്. പമ്പയുടെ നീരൊഴുക്കിന്റെ കുറവ് വേമ്പനാടുകായലിന്റെ നാശത്തിനിടയാക്കും. അടുത്ത അമ്പതു കൊല്ലത്തിനിടയിൽ വേമ്പനാട്റ്റുകായൽ ഇല്ലാതായിത്തീരുമെന്നു ശാസ്തർജ്ഞർ കണ്ടെത്തിയിട്ടുണ്ട്. 1834ൽ വേമ്പനാട്ടുകായലിന്റെ വിസ്തൃതി 363.29 ചതുരശ്ര കി. മീറ്റർ ആയിരുന്നു. 1917ൽ അത് 290.85 ചതുരശ്ര കി. മീറ്റർ ആയി കുറഞ്ഞു. 1970ൽ 227.23 ചതുരശ്ര കി. മീറ്റർ; 1990ൽ ഇത് 213.28 ചതുരശ്ര കി. മീറ്റർ മാത്രമായിയെന്ന് കോഴിക്കോട് ആസ്ഥാനമായ സെൻട്രൽ വാട്ടർ റിസോഴ്സ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റിന്റെ പഠനം വ്യകതമാക്കി. 1¼ നൂറ്റാണ്ടിനിടയ്ക്ക് 150 കി. മീറ്റർ കായൽ നഷ്ടമായി. കായലിന്റെ ആഴവും ഇതുപോലെ നഷ്ടമായി. അമ്പതുവർഷമ്മുമ്പു വരെ 6.7 മീറ്റർ ശരാശരി ആഴമുണ്ടായിരുന്ന കായലിന് 2000ത്തിൽ നടത്തിഅയ് അപ്ഠനത്തിൽ 4.4 മീറ്റർ മാത്രമായിരുന്നു ശരാശരി ആഴം. 2010ൽ ഇത് 3.5 മീറ്ററിനും 2.5 മീറ്ററിനും ഇടയിൽ മാത്രമായി ചുരുങ്ങി. കായലിന്റെ ജലസംഭരണശേഷി 2.449 ഘന കിലോമീറ്ററിൽനിന്നും 0.60 ഘന കിലോമീറ്ററായി കുറഞ്ഞു. [7][8]
മലിനീകരണം, മണൽഖനനം, കയ്യേറ്റം, നീരൊഴുക്കിൽ വന്ന കുറവ്, അധിനിവേശ സസ്യങ്ങളുടെ വളർച്ച, നീർത്തടങ്ങളുടെയും തോടുകളുടെയും ശോഷണം എന്നിവ മൂലം പമ്പാനദിയിലെ ജൈവവൈവിധ്യം നാശത്തെ നേരിടുകയാണ്. പമ്പയിലെയും കരകളിലേയും അപൂർവ്വസസ്യങ്ങളും മത്സ്യങ്ങളും ജന്തുക്കളും ഇന്ന് വംശനാശഭീഷണിയിലാണ്.
പമ്പയുടെ മാലിന്യപ്രശ്നം പരിഹരിക്കാനായി ഗംഗ നദിയുടെ മാതൃകയിൽ പമ്പാനദി സംരക്ഷിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം ആലോചിച്ചിട്ടുണ്ട്. ഇതിനായി ഒരു പഠനസംഘത്തെ ജെസി അയ്യർഉടെ നേതൃത്വത്തിൽ കേരളത്തിലേയ്ക്ക് അയചു. 2016 ജൂൺ മാസം അവർ പഠനം നടത്തി റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറി. [9]
പമ്പാനദിയിലെ പാലങ്ങൾ
[തിരുത്തുക]പമ്പാനദിക്കു കുറുകെ ചെറുതും വലുതുമായ പത്തിലധികം പാലങ്ങളുണ്ട്. ഇവയിൽ മിക്കതും മണൽവാരൽ മൂലം തകർച്ചാഭീഷണിയിലാണ്. ഇവയിൽ റാന്നി പാലം 1997 ജൂലൈ 29നു തകർന്നുവീണു. പ്രകൃതിക്ഷോഭം കൂടാതെ തകർന്നുവീണ ലോകത്തിലെതന്നെ ഏക കോൺക്രീറ്റ് നിർമ്മിതി പാലമാണിത്. ഇതിന്റെ തകർച്ചയ്ക്കു കാരണം മണൽ വാരലും തോട്ടയിടീലുമാണെന്ന് പൊതുമരാമത്ത് പറയുന്നു. [10]ചെറുകോൽപ്പുഴ പാലം, കോഴഞ്ചേരി പാലം, ആറാട്ടുപുഴ പാലം, കുമ്പഴ പാലം, കറുത്തവടശ്ശേരിക്കടവ് പാലം, ഇടനാട് പാലം, കല്ലിശ്ശേരി പാലം പേരൂർച്ചാൽ പാലം തുടങ്ങിയവ ഇങ്ങനെ അപകടഭീഷണി നേരിടുന്ന പാലങ്ങളാണ്. ഇവ കൂടാതെ ആങ്ങമൂഴി പാലം, സീതത്തോട് പാലം, വടശ്ശേരിക്കര പാലം, കണമല പാലം,പന്നായി പാലം, മിത്രമഠം പാലം, ഉപദേശിക്കടവ് പാലം, വീയപുരം പാലം ,തകഴി പാലം.
സസ്യജാലങ്ങൾ
[തിരുത്തുക]നീലക്കൊടുവേലി, നോഹയുടെ പെട്ടകം പണിതതെന്നു കരുതപ്പെടുന്ന നിറമ്പല്ലി എന്ന അപൂർവ്വയിനം സസ്യം ഇന്ന് 18 മരങ്ങൾ മാത്രമേയുള്ളുവെന്ന് വനംവകുപ്പ് പറയുന്നു. ഗൂഡ്രിക്കൽ റേഞ്ചിൽ ആണത്രേ ഇവ കാണപ്പെടുന്നത്. പമ്പയുടെ വൃഷ്ടിപ്രദേശത്തുണ്ടായിരുന്ന കരിമരം ഇന്ന് ഏതാണ്ട് പൂർണ്ണമായി നഷ്ടമായി. വെള്ള അകിൽ, ഈട്ടി എന്നിവ കടുത്ത വംശനാശഭീഷണിയിലാണ്. ഗൂഡ്രിക്കൽ റേഞ്ചിലുള്ള അരണമുടിയിൽ കാണപ്പെടുന്ന വള്ളി ഈറ്റ, കാനക്കമുക് എന്നിവ വനംവകുപ്പ് സംരക്ഷിച്ചുവരുന്നു. [11]
ജന്തുജാലങ്ങൾ
[തിരുത്തുക]പമ്പയിൽ 79 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ 30 ഇനവും വംശനാശഭീഷണിയിലാണ്. നദിയിലെ മണൽ ഒഴിഞ്ഞതും മാലിന്യങ്ങളുമാണ് ഇവയുടെ നാശത്തിനു കാരണം. പമ്പാ നദിയിൽ ഓക്സിജന്റെ അളവു കുറഞ്ഞുവരുന്നു. ഇത് ജന്തുജാലങ്ങൾക്ക് വൻഭീഷണിയാണ്. [12]
പമ്പയിലെ മത്സ്യസമ്പത്തു കുറയാൻ കാരണങ്ങൾ
[തിരുത്തുക]- വൃഷ്ടിപ്രദേശത്തെ വ്യാപക വനനശീകരണം.
- വൃഷ്ടിപ്രദേശത്തു നടക്കുന്ന കാർഷികപ്രവർത്തനങ്ങൾ
- കാർഷികമേഖലകളിൽനിന്നും പട്ടണങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും ആശുപത്രികളിൽനിന്നും മറ്റുമുള്ള രാസവസ്തുക്കളടങ്ങിയ മാലിന്യപ്രവാഹം.
- ചെറുകുഞ്ഞുങ്ങളെപ്പോലും അകപ്പെടുത്തുവൻ കഴിവുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം.
- അശാസ്ത്രിയവും നാശോന്മുഖവുമായ മീൻപിടിത്ത സമ്പ്രദായങ്ങൾ.(തോട്ട ഇടീൽ, നഞ്ചു കലക്കൽ മുതലായവ)
- അശാസ്ത്രീയമായ മണൽ ഖനനംമൂലം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകരൽ
- വിദേശീയ മത്സ്യങ്ങൾ വ്യാപകമാവുന്നതുമൂലം തദ്ദേശീയ മത്സ്യങ്ങളുടെ നാശം.
പമ്പയും പോഷകനദികളും ഒട്ടേറെ അലംകാര മത്സ്യങ്ങളുടെ കലവറയായിരുന്നു. ഇവയെ വാണിജ്യപരമായി പിടിച്ചതിന്റെ ഫലമായി അവ വംശനാശഭീഷണിയിലായി.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-22. Retrieved 2017-01-20.
- ↑ https://books.google.co.in/books?id=efcsBAAAQBAJ&pg=PR7&lpg=PR7&dq=cess/sand&source=bl&ots=8morC7UWDx&sig=xUAdfyWhw5VnwSMZl1ILlYy-OB4&hl=en&sa=X&ved=0ahUKEwjIt6qWhcbNAhUMqY8KHfcFDZYQ6AEIMjAE#v=onepage&q=cess%2Fsand&f=false
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/cess-studying-depletion-of-mineral-content-in-sand/article1141504.ece
- ↑ http://janayugomonline.com/%E0%B4%AA%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B5%88%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%86-%E0%B4%B5%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%86/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deshabhimani.com/news/kerala/latest-news/477508
- ↑ http://www.thehindu.com/news/national/kerala/as-pampa-shrinks-life-ebbs-away/article5752744.ece
- ↑ http://www.manoramaonline.com/environment/environment-news/kerala-lakes-future.html
- ↑ http://www.mangalam.com/news/district-detail/6929-pathanamthitta.html
- ↑ http://www.mediaonetv.in/news/kerala/7139-Centre-team-visits-for-sanctions-project-for-cleaning-of-Pamba-river/
- ↑ http://www.thehindu.com/2002/07/08/stories/2002070801490500.htm
- ↑ http://www.mangalam.com/news/district-detail/6929-pathanamthitta.html
- ↑ http://www.mangalam.com/news/district-detail/6929-pathanamthitta.html
സ്രോതസ്സുകൾ
[തിരുത്തുക]- ദേശീയ ജല വികസന വകുപ്പ്
- കേരള സർക്കാർ Archived 2006-09-02 at the Wayback Machine
- ആലപ്പുഴ ജില്ലയുടെ വെബ്സൈറ്റ്
- പുഴകൾ
- പമ്പാനദി പരിസ്ഥിതിപഠനം - എൻ. കെ. സുകുമാരൻ നായർ റെയിൻബോ ബുക് പബ്ലിഷേഴ്സ്