Jump to content

പ്രാജിത (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാജിത (Auriga)
പ്രാജിത
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
പ്രാജിത രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Aur
Genitive: Aurigae
ഖഗോളരേഖാംശം: 6 h
അവനമനം: +40°
വിസ്തീർണ്ണം: 657 ചതുരശ്ര ഡിഗ്രി.
 (21-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
5, 8
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
65
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
6
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
4
സമീപ നക്ഷത്രങ്ങൾ: 3
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
കപെല്ല (α Aur)
 (0.08m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
QY Aur
 (20.0 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 3
ഉൽക്കവൃഷ്ടികൾ : Alpha Aurigids
Delta Aurigids
സമീപമുള്ള
നക്ഷത്രരാശികൾ:
കരഭം (Camelopardalis)
വരാസവസ് (Perseus)
ഇടവം (Taurus)
മിഥുനം (Gemini)
കാട്ടുപൂച്ച (Lynx)
അക്ഷാംശം +90° നും −40° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഉത്തരാർദ്ധഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്പ്രാജിത (Auriga). പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ ഇത് എളുപ്പം തിരിച്ചറിയാനാകുന്ന ഒരു നക്ഷത്രരാശിയാണ്‌. ആകാശഗംഗനക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു. 88 രാശികളുള്ള ആധുനിക നക്ഷത്രരാശികളുടെ പട്ടികയിലും 48 എണ്ണമുള്ള ടോളമിയുടെ പട്ടികയിലും പ്രാജിത ഉൾപ്പെടുന്നുണ്ട്. സാരഥി എന്നർത്ഥം വരുന്ന ലാറ്റിൽ വാക്കിൽ നിന്നാണ് ഓറിഗ എന്ന പേര് സ്വീകരിച്ചിട്ടുള്ളത്. പ്രാജിത എന്ന വാക്കിനും സൂതൻ, വണ്ടിക്കാരൻ എന്നെല്ലാമാണ് അർത്ഥം. ഗ്രീക്ക് ഇതിഹാസ കഥാപാത്രങ്ങളായ എറിത്തോണിയസ്, മിർട്ടിലസ് എന്നിവരുടെ ഐതിഹ്യങ്ങളുമായാണ് ഈ രാശി ബന്ധപ്പെട്ടു കിടക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സൂര്യാസ്തമയത്തിനു ശേഷം പ്രാജിത ആകാശത്തു തെളിഞ്ഞു കാണാം. ഈ രാശിയിലെ കാപ്പെല്ലയും മറ്റു രാശികളിലെ റീഗൽ, തിരുവാതിര, പോളക്സ്, പ്രോസിയോൺ, സിറിയസ് എന്നിവ ചേർന്ന് ശീതകാല പഞ്ചഭുജം എന്ന ഒരു ആസ്റ്ററിസം സൃഷ്ടിക്കുന്നു.

ചരിത്രവും ഐതിഹ്യവും

[തിരുത്തുക]

പ്രാജിതയെ കുറിച്ചുള്ള ആദ്യത്തെ രേഖപ്പെടുത്തൽ കണ്ടെത്തിയിട്ടുള്ളത് മെസപ്പൊട്ടേമിയയിൽ നിന്നാണ്. ഗാം എന്നാണ് അവർ അതിനു നൽകിയിരുന്ന പേര്. ആട്ടിടയന്മാരുപയോഗിച്ചിരുന്ന വളഞ്ഞ ഒരിനം വടിയുമായി ഈ പേര് ബന്ധപ്പെട്ടിരിക്കുന്നു. മുൽ.ആപിൻ എന്ന ബാബിലോണിയൻ നക്ഷത്ര കാറ്റലോഗിൽ ഇതിനെ ഗാംലം എന്നും മുൽ.ഗാം എന്നും മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ഇടവം രാശിയിൽ ഉൾപ്പെട്ടിരിക്കുന്ന എൽനാത്ത് എന്ന നക്ഷത്രം ഒരു കാലത്ത് പ്രാജിതയിലാണ് ഉൾപ്പെടുത്തിയിരുന്നത്. അറബി നാടോടികളായ ബെഡുയിൻ ജ്യോതിഃശാസ്ത്രജ്ഞർ നക്ഷത്രങ്ങളെയെല്ലാം മൃഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് അടയാളപ്പെടുത്തിയിരുന്നത്. ഓരോ നക്ഷത്രത്തെയും ഓരോ മൃഗങ്ങളുമായി അവർ ബന്ധപ്പെടുത്തിയിരുന്നു. പ്രാജിതയിലെ നക്ഷത്രങ്ങൾ ആടുകളുടെ കൂട്ടമായാണ് അവർ കണ്ടിരുന്നത്. ഗ്രീക്ക് ഇതിഹാസങ്ങളിലും ആടുമായാണ് ഈ രാശിയെ ആദ്യം ബന്ധിപ്പിച്ചിരുന്നത്.[1] എന്നാൽ പിന്നീട് ഇത് എറിക്‌തോണിയസുമായി ബന്ധിപ്പിക്കുകയാണുണ്ടായത്.[2]

ഗ്രീക്ക് ഇതിഹാസങ്ങളിൽ ഏഥൻസിലെ ഒരു വീരയോദ്ധാവായിരുന്നു എറിക്‌തോണിയസ്. നാലു കുതിരകളെ കെട്ടിയ ഒരു രഥമുണ്ടായിരുന്നു അദ്ദേഹത്തിന്. ഈ രഥത്തിലിരുന്നാണ് എറിക്‌തോണിയസ് ഏഥൻസിനെ അക്രമിച്ചു കീഴടക്കിയ തെർമോപിലീ രാജാവായിരുന്ന ഏംഫിക്ടിയോണിനെ തോൽപിച്ച് ഏഥൻസിനെ സ്വതന്ത്രമാക്കിയത്. അതിനു ശേഷം അദ്ദേഹം അവിടത്തെ രാജാവായി അവരോധിക്കപ്പെട്ടു.[3][4] പിന്നീട് സീയൂസ് ദേവൻ എറിൿതോണിയസിനെ ആകാശത്തു പ്രതിഷ്ഠിച്ചു.[5][6]

മറ്റൊരു കഥ ഹെർമ്സിന്റെ മകനും ഈനോമേയ്സിന്റെ സാരഥിയുമായ മിർട്ടിലസുമായി ബന്ധപ്പെട്ടുള്ളതാണ്.[4] ഈനോമേയ്സിന്റെ മകളായ ഹിപ്പോഡാമിയയെ വിവാഹം ചെയ്യുന്നതിന് മിർട്ടിലസ് പിലോപ്സിനെ സഹായിച്ചു. ഇതിനു പ്രതിഫലം ആവശ്യപ്പെട്ട മിർട്ടിലസിനെ പിലോപ്സ് കൊന്നുകളയുകയാണുണ്ടായത്. ഹെർമ്സ് തന്റെ മകനെ ആകാശത്തു പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

മറ്റു ചില കഥകളിൽ അബ്സിർടസിന്റെ ശരീരഭാഗങ്ങളാണ് പ്രാജിതയിലെ നക്ഷത്രങ്ങൾ എന്നു പറയുന്നു. അബ്സിർടിസിന്റെ സഹോദരിയും ജാസന്റെ ഭാര്യയുമായ മീഡിയ സഹോദരനെ കൊന്ന് ശരീരത്തെ കഷണങ്ങളാക്കി മുറിച്ച് കടലിലെറിഞ്ഞു എന്നാണ് കഥ. ഈ ശരീരഭാഗങ്ങളാണത്രെ പ്രാജിതയിലെ ഓരോ നക്ഷത്രങ്ങളും.[7]

ഇതിലെ കാപ്പെല്ല എന്ന നക്ഷത്രം ഗ്രീക്ക് ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന ആടാണ്. ഈ ആടാണത്രെ സീയൂസ് ദേവനെ കുട്ടിക്കാലത്ത് പാലൂട്ടി വളർത്തിയത്.[8]

രഥത്തെയും അതിലിരിക്കുന്ന സാരഥിയേയും ചേർത്താണ് സാധാരണയായി പ്രാജിതയെ ചിത്രീകരിക്കാറുള്ളത്. സാരഥിയുടെ ഇടത്തേ തോളിൽ ഒരു ആടും കൈകളിൽ രണ്ട് ആട്ടിൻകുട്ടികളും ഉണ്ട്.[9] ഓരോ കാലഘട്ടത്തിലും ചിത്രീകരണത്തിൽ വ്യത്യസ്തതകൾ ഉണ്ടായിരുന്നു. വലത്തേ കൈയിലെ കടിഞ്ഞാൺ ചിലപ്പോൾ ചാട്ടവാർ ആയി മാറി. 1488ൽ ഹിജൈനസ് ഇതിനെ നാലു ചക്രങ്ങളുള്ള ഒരു വണ്ടിയായി ചിത്രീകരിച്ചു. ഈ വണ്ടി വലിച്ചിരുന്നത് രണ്ടു കാളകളും ഒരു കുതിരയും ഒരു സീബ്രയും ആയിരുന്നു. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജേക്കബ് മിസില്ലസ് രണ്ടു ചക്രങ്ങളുള്ള വണ്ടിയായാണ് ചിത്രീകരിച്ചത്. രണ്ടു കുതിരകളും രണ്ടു കാളകളും ആയിരുന്നു ഈ വണ്ടി വലിച്ചത്. തുർക്കിയിൽ നിന്നും കിട്ടിയ ചാർട്ടിൽ പ്രാജിതയെ ഒരു മ്യൂൾ (ആൺ കഴുതയും പെൺ കുതിരയും ഇണ ചേർന്ന് ഉണ്ടാകുന്ന ജീവി) ആയും ഫ്രാൻസിൽ നിന്നു കിട്ടിയതിൽ മുട്ടു കുത്തി നിൽക്കുന്ന ആദം ആയും ആണ് ചിത്രീകരിച്ചിരിക്കുന്നത്. ആദത്തിന്റെ തോളിൽ ഒരു ആടിനെയും ചിത്രീകരിച്ചിട്ടുണ്ട്.[10][11]

യുറാനിയാസ് മിററിൽ ചിത്രീകരിച്ചിരിക്കുന്ന പ്രാജിത.

നക്ഷത്രങ്ങൾ

[തിരുത്തുക]

കാപ്പെല്ല എന്നറിയപ്പെടുന്ന ആൽഫ ഓറിഗ ആണ് പ്രാജിതയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം.43 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഇത് ഒരു G-ടൈപ്പ് ഭീമൻ നക്ഷത്രമാണ്.[12] ഇതിന്റെ കാന്തിമാനം 0.08 ആണ്.[3] പ്രാചീന ഗ്രീക്ക് പുരാണങ്ങളിൽ അമാൽത്തിയ എന്നും വിളിക്കുന്നുണ്ട്. സിയൂസ് ദേവൻ ശിശുവായിരുന്ന കാലത്ത് പാലൂട്ടിയിരുന്ന ആടിന്റെ പേരാണ് അമാൽത്തിയ. അതുകൊണ്ട് ഇതിനെ അജനക്ഷത്രം എന്നും വിളിക്കാറുണ്ട്[9][8][13] അറേബ്യക്കാർ ഇതിനെ ആട് എന്ന് അർത്ഥം വരുന്ന അൽ-അയൂഖ് എന്നും സുമേറിയക്കാർ അജനക്ഷത്രം എന്ന് അർത്ഥം വരുന്ന മുൽ.അസ്.കാർ എന്നും വിളിച്ചു.[14] കാപ്പെല്ല ഒരു സ്പെക്ട്രോസ്കോപിക് ദ്വന്ദ്വനക്ഷത്രം ആണ്. 104 ദിവസങ്ങൾ കൊണ്ടാണ് ഇവ ഒരു പ്രാവശ്യം ഒന്നു കറങ്ങിവരുന്നത്. സഹനക്ഷത്രം ഒരു മഞ്ഞഭീമൻ ആണ്.[8] പ്രാഥമികനക്ഷത്രത്തിന്റെ ആരം സൂര്യന്റേതിനേക്കാൾ 11.7 മടങ്ങും പിണ്ഡം സൂര്യന്റേതിനേക്കാൾ 2.47 മടങ്ങും ആണുള്ളത്. ദ്വിദീയ നക്ഷത്രത്തിന്റെ ആരം സൂര്യന്റേതിനേക്കാൾ 8.75 മടങ്ങും പിണ്ഡം 2.44 മടങ്ങും ആണ്. രണ്ടു നക്ഷത്രങ്ങളും തമ്മിലുള്ള അകലം 11 കോടി കി.മീറ്ററുകൾ ആണ്.[15] കാപ്പെല്ലയുടെ കേവലകാന്തിമാനം 0.3ഉം തിളക്കം സൂര്യന്റെ 160 മടങ്ങും ആണ്.[16]

പ്രാജിത

മെൻകാലിനൻ എന്നു വിളിക്കുന്ന ബീറ്റ ഓറിഗ ഒരു A ടൈപ്പ് നക്ഷത്രമാണ്.[8][3][17] തേരോടിക്കുന്നവന്റെ തോൾ എന്നർത്ഥം വരുന്ന 'മാൻകിബ് ബ്ദു അൽ-ഇനാൻ' എന്ന അറബ് വാക്കിൽ നിന്നാണ് മെൻലിനൻ എന്ന പേര് ഉണ്ടായത്.[14] കാന്തിമാനം 1.9 ഉള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്നും 81 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.[17] 3.96 ദിവസങ്ങൾ കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്ന ദ്വന്ദ്വനക്ഷത്രമാണ് മെൻകാലിനൻ.[8] ഇതിന്റെ കേവലകാന്തിമാനം 0.6ഉം തിളക്കം സൂര്യന്റെ 50 മടങ്ങുമാണ്.[16]

ഹസാലേഹ്, കബ്ധിലിനാൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന അയോട്ട ഓറിഗ ഒരു കെ ടൈപ്പ് ഭീമൻ നക്ഷത്രമാണ്.[18] ഇതിന്റെ കാന്തിമാനം 2.69ഉം ഭൂമിയിൽ നിന്നുള്ള അകലം 494 പ്രകാശവർഷവുമാണ്.[3][16][18] ഇതിന്റെ കേവലകാന്തിമാനം -2.3ഉം തിളക്കം സൂര്യന്റെ 700 മടങ്ങുമാണ്.[16] ഇതിന്റെ കൊറോണയിൽ നിന്ന് എക്സ്-കിരണങ്ങൾ ഉൽസർജ്ജിക്കുന്നുണ്ട്.[19][20] കുതിരക്കാരന്റെ ചുമൽ എന്നർത്ഥമുള്ള അൽ-കബ് ധ്‍ഇൽ ഇനാൻ എന്ന അറബി വാക്കിൽ നിന്നാണ് കബ്ധിലിനാൻ എന്ന പേര് സ്വീകരിച്ചത്.

പ്രാജിതയുടെ വടക്ക് ഭാഗത്ത് കിടക്കുന്ന കെ ടൈപ്പ് ഭീമൻ നക്ഷത്രമാണ് ഡെൽറ്റ ഓറിഗ.[21][16][21][22] 130 കോടി വർഷം പ്രായമുള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്നും 126 പ്രകാശവർഷം അകലെയാണ് കിടക്കുന്നത്.[22][21] ദൃശ്യകാന്തിമാനം 3.72ഉം കേവലകാന്തിമാനം 0.2ഉം തിളക്കം സൂര്യന്റെ 60 മടങ്ങുമാണ്.[16] സൂര്യന്റെ 12 മടങ്ങ് ആരവും രണ്ടു മടങ്ങ് പിണ്ഡവുമുള്ള ഈ നക്ഷത്രം ഒരു ഭ്രമണം പുർത്തിയാക്കാൻ ഒരു വർഷം എടുക്കുന്നു.[21]

അൽ-ഹുർ എന്ന ലാംഡ ഓറിഗ ഒരു ജി ടൈപ്പ് മുഖ്യധാരാ നക്ഷത്രമാണ്.[9][23] ഭൂമിയിൽ നിന്നും 41 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ ദൃശ്യകാന്തിമാനം 4.71ഉം കേവലകാന്തിമാനം 4.4ഉം ആണ്.[16][23] വളരെ കുറഞ്ഞ തോതിലുള്ള ഇൻഫ്രാറെഡ് വികിരണങ്ങളെ ഇതിൽ നിന്നും പുറത്തു വരുന്നുള്ളു.[24] 6 കോടി 20 ലക്ഷം വർഷം പ്രായമുള്ള ഈ നക്ഷത്രത്തിലെ ഹൈഡ്രജൻ എരിഞ്ഞു തീരാരായിരിക്കുന്നു. 83 കി.മീ/സെ. എന്ന വളരെ ഉയർന്ന റേഡിയൽ വെലോസിറ്റിയും ഈ നക്ഷത്രം കാണിക്കുന്നുണ്ട്. ഇതിന്റെ പിണ്ഡം 1.07 മടങ്ങും ആരം സൂര്യന്റെ 1.3 മടങ്ങും ഭ്രമണകാലം 26 ദിവസവുമാണ്. ഇതിലെ ഇരുമ്പിന്റെ സാന്നിദ്ധ്യം സൂര്യനിലുള്ളതിനേക്കാൾ 1.15 മടങ്ങ് ഉണ്ടെങ്കിലും കാർബൺ, നൈട്രജൻ എന്നിവ താരതമ്യേന കുറവാണ്.

ന്യൂ ഓറിഗ ഒരു ജി ടൈപ്പ് ഭീമൻ നക്ഷത്രമാണ്.[25] ഭൂമിയിൽ നിന്നും 230 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 3.97 ആണ്.[16] സൂര്യന്റെ 60 മടങ്ങ് തിളക്കമുണ്ട് ഈ നക്ഷത്രത്തിന്.[16] ഇതിന്റെ ആരം സൂര്യന്റെ 20 മടങ്ങും പിണ്ഡം സൂര്യന്റെ 3 മടങ്ങും ആണ്.

നക്ഷത്രം സ്പെക്ട്രൽ തരം ദൃശ്യകാന്തിമാനം[16] കേവലകാന്തിമാനം[16] ദൂരം (പ്രകാശവർഷം)
ടൗ ഓറിഗ G8III[26] 4.52 0.3 206[26]
ഉപ്സിലോൺ ഓറിഗ M0III[27] 4.74 −0.5 526[27]
പൈ ഓറിഗ M3II[28] 4.26 −2.4 758[28]
കാപ്പ ഓറിഗ G8.5IIIb[29] 4.25 0.3 177[29]
ഒമേഗ ഓറിഗ A1V[30] 4.94 0.6 171[30]
2 ഓറിഗ K3III[31] 4.78 −0.2 604[31]
9 ഓറിഗ F0V[32] 5.00 2.6 86[32]
മ്യൂ ഓറിഗ A4m[33] 4.86 1.8 153[33]
സിഗ്മാ ഓറിഗ K4III[34] 4.89 −0.3 466[34]
ചി ഓറിഗ B4Ib[35] 4.76 −6.3 3032[16]
ക്സൈ ഓറിഗ A2V[36] 4.99 0.8 233[36]

ഗ്രഹവ്യവസ്ഥ

[തിരുത്തുക]

പ്രാജിതയിലെ ഏതാനും നക്ഷത്രങ്ങൾക്ക് സ്വന്തമായി ഗ്രഹങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എച്ച്.ഡി.40979 ആണ് ഗ്രഹമുള്ള ഒരു നക്ഷത്രം. എച്ച്.ഡി.40979 ബി എന്ന ഈ നക്ഷത്രം 2002ൽ റേഡിയൽ വെലോസിറ്റി സങ്കേതം ഉപയോഗിച്ചാണ് കണ്ടെത്തിയത്. ഭൂമിയിൽ നിന്നും 33.3 പാർസെക്‌ അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന്റെ കാന്തിമാനം 6.74 ആണ്. സ്പെക്ട്രൽ തരം F8V വിഭാഗത്തിൽ പെടുന്ന ഈ നക്ഷത്രം വലിപ്പം കൊണ്ട് സൂര്യന് സമാനമാണ്. 1.1 സൗരപിണ്ഡവും 1.21 സൗരആരവുമാണ് ഇതിനുള്ളത്. ഗ്രഹത്തിന് വ്യാഴത്തിന്റെ 3.83 മടങ്ങ് പിണ്ഡമുണ്ട്. നക്ഷത്രത്തിൽ നിന്നും 0.83 AU അകലത്തിൽ കിടക്കുന്ന ഗ്രഹം 263.1 ദിവസമാണ് ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ എടുക്കുന്നത്.[37] എച്ച്.ഡി.45350 എന്ന നക്ഷത്രത്തിനും ഒരു ഗ്രഹമുണ്ട്. ഇതിന്റെ കാന്തിമാനം 7.88ഉം ഭൂമിയിൽ നിന്നുള്ള ദൂരം 49 പാർസെക്കുമാണ്. 1.02 സൗരപിണ്ഡവും 1.27 സൗര ആരവും ഇതിനുണ്ട്. 45350 ബി എന്ന ഈ ഗ്രഹത്തെ 2004ലാണ് കണ്ടെത്തിയത്. റേഡിയൽ വെലോസിറ്റി സങ്കേതം തന്നെയായിരുന്നു ഇതിനും ഉപയോഗിച്ചത്. വ്യാഴത്തിന്റെ 1.79 മടങ്ങ് പിണ്ഡമുള്ള ഈ ഗ്രഹം 890.76 ദിവസങ്ങൾ കൊണ്ടാണ് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്. നക്ഷത്രത്തിൽ നിന്ന് 1.92 AU അകലെയാണ് ഇതിന്റെ സ്ഥാനം.[38] എച്ച്.ഡി.43691 ബി ആണ് മറ്റൊരു ഗ്രഹം. 2007ൽ റേഡിയൽ വെലോസിറ്റി സങ്കേതം ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. മാതൃനക്ഷത്രത്തിൽ നിന്നും 0.24 AU അകലെയാണ് ഇതിന്റെ സ്ഥാനം. 36.96 ദിവസങ്ങൾ കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു. മാതൃനക്ഷത്രമായ എച്ച്.ഡി. 43691ന് 1.38 സൗരപിണ്ഡമുണ്ട്. ഭൂമിയിൽ നിന്നും 93.2 പാർസെക് അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 8.03 ആണ്.[39]

എച്ച്ഡി 49674 എന്ന നക്ഷത്രത്തിന് ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കാന്തിമാനം 8.1ഉം ഭൂമിയിൽ നിന്നുള്ള ദൂരം 40.7 പാർസെക്കും ആണ്. 1.07 സൗരമാസ്സും 0.94 സൗരആരവും ഉണ്ട്. ഈ നക്ഷത്രത്തിന്റെ എച്ച്ഡി 49674 ബി എന്ന ഗ്രഹം വ്യാഴത്തിനേക്കാൾ ചെറുതാണ്. ഇതിന്റെ പിണ്ഡം വ്യാഴത്തിന്റെ 0.115 (23/200) ഭാഗം മാത്രമേ വരു. ഗ്രഹവും നക്ഷത്രവും തമ്മിലുള്ള അകലം 0.058 ജ്യോതിർമാത്രയും പ്രദക്ഷിണകാലയളവ് 4.94 ദിവസങ്ങളും ആണ്. 2002ൽ റേഡിയൽ വെലോസിറ്റി സങ്കേതം ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്.[40] 2008ൽ ട്രാൻസിറ്റ് സങ്കേതം ഉപയോഗിച്ച് കണ്ടെത്തി നക്ഷത്രമാണ് ഹാറ്റ്-പി-9 ബി. വ്യാഴത്തിന്റെ 0.67 ഭാഗമാണ് ഈ ഗ്രഹത്തിന്റെ പിണ്ഡം. ആരം വ്യാഴത്തിന്റെ 1.4 മടങ്ങും. നക്ഷത്രവും ഗ്രഹവും തമ്മിലുള്ള അകലം 0.053 ജ്യോതിർമാത്രയാണ്. 3.92 ദിവസം കൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു. ഭൂമിയിൽ നിന്ന് 480 പാർസെക് അകലെ കിടക്കുന്നു. ഇതിന്റെ മാതൃനക്ഷത്രത്തിന് 1.28 സൗരപിണ്ഡവും 1.32 സൗരആരവുമുണ്ട്.[41]

ജ്യോതിശാസ്ത്രവസ്തുക്കൾ

[തിരുത്തുക]

പ്രാജിതയിൽ തുറന്ന താരവ്യൂഹങ്ങൾ കുറെയുണ്ട്. ഇവയിൽ ഏറെ തിളക്കമാർന്നവ എം 36, എം 37, എം 38 എന്നിവയാണ്. ഒരു ബൈനോക്കുലറോ ചെറിയ ദൂരദർശിനിയോ ഉപയോഗിച്ച് ഇവ നിരീക്ഷിക്കാം.[9] വലിയ ദൂരദർശിനികൾ ഉപയോഗിച്ചാൽ നക്ഷത്രങ്ങളെ വേർതിരിച്ചു കാണാം. പ്സൈ7 ഓറിഗയുടെ അടുത്തു കിടക്കുന്ന എൻ.ജി.സി. 2281, എപ്സിലോൺ ഓറിഗയുടെ അടുത്തുള്ള എൻ.ജി.സി. 1664, ഐ.സി. 410 എഇ ഓറിഗയെ പൊതിഞ്ഞു കിടക്കുന്ന ഐസി 405 എന്നിവയാണ് മറ്റു പ്രധാന നീഹാരികകൾ[13].

എം 36

എം 36(എൻജിസി 1960) പ്രായം കുറഞ്ഞ ഒരു തുറന്ന താരവ്യൂഹം ആണ്. താരതമ്യേന തിളക്കം കൂടിയ അറുപതോളം നക്ഷത്രങ്ങളാണ് ഇതിലുള്ളത്.[42] 3900 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 6ഉം വിസ്താരം 14 പ്രകാശവർഷവും ആണ്.[3][8][13] ഇതിന്റ ആപേക്ഷികവ്യാസം 12 കോണീയ മിനിട്ട് ആണ്.[42] പ്രാജിതയിലെ താരവ്യൂഹങ്ങളിൽ തിളക്കം കൂടിയ നക്ഷത്രങ്ങൾ ഉൾപ്പെട്ടതും ചെറുതും നക്ഷത്രസാന്ദ്രത കൂടിയതുമായ താരവ്യൂഹമാണ് എം 36.[4] 1749ൽ ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനായ ഗ്വില്ലൗമെ ലെ ജെന്റിൽ ആണ് ഇത് കണ്ടെത്തിയത്. പ്രാജിതയിൽ ആദ്യം കണ്ടെത്തിയ പ്രധാന താരവ്യൂഹവും എം 36 തന്നെയായിരുന്നു. ഇതിൽ വളരെ കൂടിയ ഭ്രമണവേഗതയുള്ള ബി ടൈപ്പ് നക്ഷത്രങ്ങൾ ആണ് കൂടുതലുള്ളത്.[13]

എം 37

എം 36നേക്കാൾ വലിയ താരവ്യൂഹമാണ് എം 37(എൻജിസി 2099). ഭൂമിയിൽ നിന്നും 4,200 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 150 നക്ഷത്രങ്ങളുള്ള ഈ വ്യൂഹത്തിന്റെ കേന്ദ്രത്തിൽ ഓറഞ്ചു നക്ഷത്രങ്ങളാണ് കൂടുതലുള്ളത്.[8][4] ഏകദേശം 25 പ്രകാശവർഷമാണ് ഇതിന്റെ വ്യാസം.[13] ഇതിന്റെ കാന്തിമാനം 5.6 ആണ്. പ്രാജിതയിലെ ഏറ്റവും തിളക്കം കൂടിയ താരവ്യൂഹമാണിത്.[3] ഇതിന്റെ ദൃശ്യവ്യാസം 23.0 കോണീയമിനുട്ട് ആണ്.[42] 1764ൽ ചാൾസ് മെസ്യേയ് ആണ് എം 37 കണ്ടെത്തിയത്. ധാരാളം ജ്യോതിഃശാസ്ത്രജ്ഞർ ഇതിന്റെ ഭംഗിയെ പ്രകീർത്തിച്ചിട്ടുണ്ട്. "ദീപ്തനക്ഷത്രങ്ങളുടെ സാങ്കൽപികമേഘം" എന്നാണ് റോബർട്ട് ബേൺഹാം ജൂനിയർ വിശേഷിപ്പിച്ചത്. ചാൾസ് പിയാസി സ്മിത്ത് "ചിതറക്കിടക്കുന്ന സ്വർണ്ണധൂളികൾ" എന്നു പറഞ്ഞു.[13] എം 36ലെ നക്ഷ്ത്രങ്ങളെക്കാൾ പ്രായം കൂടിയവയാണ് എം 37ലെ നക്ഷത്രങ്ങൾ. ഏകദേശം 20 കോടി വർഷമായിരിക്കും ഇവയുടെ പ്രായം എന്നു കണക്കാക്കിയിരിക്കുന്നു. കൂടുതലും സ്പെക്ട്രൽ തരം എയിൽ വരുന്ന നക്ഷത്രങ്ങളാണ്. ചുരുങ്ങിയത് 12 ചുവപ്പുഭീമൻ നക്ഷത്രങ്ങളെങ്കിലും ഇതിൽ കാണുമെന്നാണ് കരുതുന്നത്.[13] 9നും 11നും ഇടയിൽ കാന്തിമാനം ഉള്ള നക്ഷത്രങ്ങളാണ് എം 37ലുള്ളത്.[42]

എം 38

ഭൂമിയിൽ നിന്നും 3900 പ്രകാശവർഷങ്ങൾക്കകലെ കിടക്കുന്ന വലിയൊരു തുറന്ന താരവ്യൂഹമാണ് എം 38.[13] ഏകദേശം നൂറ് നക്ഷത്രങ്ങളാണ് ഇതിലുള്ളത്.[13] 6.4 ആണ് ഇതിന്റ കാന്തിമാനം.[3][4] എം 36 കണ്ടെത്തിയ 1749ൽ ഫ്രഞ്ച് ജ്യോതിഃശാസ്ത്രജ്ഞനായ ഗ്വില്ലൗമെ ലെ ജെന്റിൽ തന്നെയാണ് എം 38ഉം കണ്ടെത്തിയത്. ഇതിന്റെ ദൃശ്യവ്യാസം 20 കോണീയ സെക്കന്റും യഥാർത്ഥ വ്യാസം 25 പ്രകാശവർഷവും ആണ്. എ, ബി ടൈപ്പ് മുഖ്യധാരാ നക്ഷത്രങ്ങളാണ് ഈ വ്യൂഹത്തിൽ പ്രധാനമായും ഉള്ളത്. എം 38 ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 7.9 ആണ്.[13] എം 38ന് അടുത്തായി വളരെ മങ്ങിയ എൻജിസി 1907 എന്ന ഒരു താരവ്യൂഹമുണ്ട്. ഭൂമിയിൽ നിന്നും 4500 പ്രകാശവർഷം അകലെയാണ് ഈ താരവ്യൂഹം സ്ഥിതിചെയ്യുന്നത്.[8] 8.2 ആണ് ഇതിന്റെ കാന്തിമാനം. 9 മുതൽ 12 വരെയാണ് ഇതിലെ നക്ഷത്രങ്ങളുടെ കാന്തിമാനം.[42]

എൻജിസി 1893 ആണ് മറ്റൊരു തുറന്ന താരവ്യൂഹം. കാന്തിമാനം 9നും 12നും ഇടയിൽ വരുന്ന ഏകദേശം 30 നക്ഷത്രങ്ങൾ ഇതിലുണ്ട്. 12 കോണീയ മിനിട്ട് ആണ് ഇതിന്റെ ദൃശ്യവ്യാസം. 7.5 ആണ് ഇതിന്റെ കാന്തിമാനം. ഇതിനടുത്ത് ഐസി 410 എന്ന ഒരു തിളക്കം കുറഞ്ഞ നെബുല ഉണ്ട്. 40 കോണീയ മിനിട്ട് ആണ് ഇതിന്റെ ദൃശ്യവ്യാസം.[43][42]. 1500 പ്രകാശവർഷം അകലെ കിടക്കുന്ന എൻജിസി 2281 എന്ന താരവ്യൂഹത്തെയും പ്രാജിതയിൽ കാണാം. കാന്തിമാനം 5.4 ആയ ഇതിന്റ ദൃശ്യവ്യാസം 14.0 കോണീയസെക്കന്റ് ആണ്. ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 8 ആണ്. 9നും 10നും ഇടയിൽ കാന്തിമാനമുള്ള 12 നക്ഷത്രങ്ങളും 11നും 13നും ഇടയിൽ കാന്തിമാനമുള്ള 20 നക്ഷത്രങ്ങളുമുണ്ട്.[8][42]

എം 36ന് ഒരു ഡിഗ്രി വടക്കായി എൻജിസി 1931 എന്ന നെബുല കാണാം. ഇതിന്റെ കാന്തിമാനം 10.1 ആണ്.[42] കുറച്ചു വലിയ ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ നിലക്കടലയുടെ ആകൃതിയിൽ ഈ നെബുല കാണാൻ കഴിയും. അതുപോലെ നെബുലയോടു ചേർന്നു നിൽക്കുന്ന ഒരു കൂട്ടം നക്ഷത്രങ്ങളെയും കാണാം.[44] ഭൂമിയിൽ നിന്നും 6000 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.[45]

18 കോണീയ മിനിട്ട് വ്യാസമുള്ള താരതമ്യേന വലിപ്പം കൂടിയ തുറന്ന താരവ്യൂഹമാണ് എൻജിസി 1664. ഇതിന്റെ കാന്തിമാനം 7.6 ആണ്. 7.7 കാന്തിമാനമുള്ള എൻജിസി 1778 എന്ന താരവ്യൂഹത്തിന്റെ വ്യാസം 7 കോണീയ മിനിട്ട് മാത്രമാണ്. 25 നക്ഷത്രങ്ങളാണ് ഇതിലുള്ളത്. എൻജിസി 1778നെക്കാൾ നക്ഷത്രസാന്ദ്രത കൂടിയതെങ്കിലും അതിനെക്കാൾ ചെറിയ താരവ്യൂഹമാണ് എൻജിസി 1857. ഇതിന്റെ വ്യാസം 6 കോണീയമിനിട്ടും ഉൾക്കൊള്ളുന്ന നക്ഷത്രങ്ങളുടെ എണ്ണം 40ഉം ആണ്. വളരെ മങ്ങിയ മറ്റൊരു തുറന്ന താരവ്യൂഹമാണ് എൻജിസി 2126. 10.2 ആണ് ഇതിന്റെ കാന്തിമാനം. 40 നക്ഷത്രങ്ങളുള്ള ഇതിന്റെ വ്യാസം 6 കോണീയ മിനിട്ട് ആണ്.[16]

ഉൽക്കാവർഷം

[തിരുത്തുക]

ആൽഫാ ഒറിഗീഡ്സ്, സീറ്റാ ഒറിഗീഡ്സ് എന്നീ രണ്ട് ഉൽക്കാവർഷങ്ങൾ ഉള്ള രാശിയാണ് പ്രാജിത. ഇതിൽ ശ്രദ്ധേയമായ ആൽഫാ ഒറിഗീഡ്സിനെ ഇപ്പോൾ ഒറിഗീഡ്സ് എന്നു പറയുന്നു. 1935, 1986, 1994, 2007 എന്നീ വർഷങ്ങളിൽ ഇതിൽ നിന്നും വളരെ ശക്തമായ ഉൽക്കാവീഴ്ചകൾ ഉണ്ടായി.[46] കീസ് (C/1911N1) എന്ന ധൂമകേതുവുമായി ബന്ധപ്പെട്ടതാണ് ഈ ഉൽക്കാവർഷം.[47] ക്ലാസ്സ് 2 വിഭാഗത്തിൽ വരുന്ന ഒറിഗീഡ്സ് ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെയാണ് കാണുന്നത്. സെപ്റ്റംബർ 1നാണ് ഏറ്റവും ഉച്ചസ്ഥായിയിലെത്തുന്നത്. താരതമ്യേന വേഗത കൂടിയ ഇവയുടെ ഭൂമിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള വേഗത ഏകദേശം 67കി.മീ./സെ. ആണ്. 9 മുതൽ 30 വരെ ഉൽക്കകളാണ് ഒരു മണിക്കൂറിൽ കാണാൻ സാദ്ധ്യതയുള്ളത്.[48][49][50]

ഡിസംബർ 11മുതൽ ജനുവരി 21വരെ കാണപ്പെടുന്ന ഉൽക്കാവർഷമാണ് സീറ്റാ ഒറിഗീഡ്സ്. ആൽഫാ ഒറിഗീഡ്സിനെ അപേക്ഷിച്ചി വളരെ ദുർബലമായ ഒന്നാണിത്. ഇത് ഉച്ചസ്ഥായിയിലെത്തുന്ന ജനുവരി 1ന് മണിക്കൂറിൽ പരമാവധി കാണാൻ കഴിയുന്ന ഉൽക്കകളുടെ എണ്ണം 1-5 ആണ്. 1886ൽ വില്യം ഡെന്നിംഗ് ആണ് ആദ്യമായി ഇതു നിരീക്ഷിക്കുന്നത്.[51] മറ്റൊന്ന് ഡെൽറ്റാ ഒറിഗീഡ്സ് ആണ്. ഇതും വളരെ ദുർബലമാണ്. സെപ്റ്റംബർ 22മുതൽ ഒക്ടോബർ 23വരെയാണ് ഇത് കാണപ്പെടുന്നത്. ഒക്ടോബർ 5,6 ദിവസങ്ങളിലാണ് ഇത് ഉച്ചസ്ഥായിയിലെത്തുന്നത്.[52]

അവലംബം

[തിരുത്തുക]
  1. Rogers, Mesopotamian Traditions 1998.
  2. Rogers, Mediterranean Traditions 1998.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Moore & Tirion 1997, p. 130–131.
  4. 4.0 4.1 4.2 4.3 4.4 Ridpath & Tirion 2009, p. 67.
  5. Ridpath, Star Tales Auriga.
  6. Krupp 2007.
  7. Staal 1988, p. 109.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 8.7 8.8 Ridpath & Tirion 2001, pp. 86–88.
  9. 9.0 9.1 9.2 9.3 Pasachoff 2006.
  10. Allen 1899, pp. 83–91.
  11. Olcott 2004, pp. 65–69.
  12. SIMBAD Alpha Aurigae.
  13. 13.00 13.01 13.02 13.03 13.04 13.05 13.06 13.07 13.08 13.09 Burnham 1978, pp. 261–296.
  14. 14.0 14.1 Davis 1944.
  15. Torres, Claret & Young 2009, p. 1365.
  16. 16.00 16.01 16.02 16.03 16.04 16.05 16.06 16.07 16.08 16.09 16.10 16.11 16.12 Moore 2000, pp. 338–340, Table 14.12.
  17. 17.0 17.1 SIMBAD Beta Aurigae.
  18. 18.0 18.1 SIMBAD Iota Aurigae.
  19. Kaler 2009.
  20. Kashyap et al. 1994.
  21. 21.0 21.1 21.2 21.3 Kaler 2008.
  22. 22.0 22.1 SIMBAD Delta Aurigae.
  23. 23.0 23.1 SIMBAD Lambda Aurigae.
  24. Hopkins & Stencel 2007.
  25. SIMBAD Nu Aurigae.
  26. 26.0 26.1 SIMBAD Tau Aurigae.
  27. 27.0 27.1 SIMBAD Upsilon Aurigae.
  28. 28.0 28.1 SIMBAD Pi Aurigae.
  29. 29.0 29.1 SIMBAD Kappa Aurigae.
  30. 30.0 30.1 SIMBAD Omega Aurigae.
  31. 31.0 31.1 SIMBAD 2 Aurigae.
  32. 32.0 32.1 SIMBAD 9 Aurigae.
  33. 33.0 33.1 SIMBAD Mu Aurigae.
  34. 34.0 34.1 SIMBAD Sigma Aurigae.
  35. SIMBAD Chi Aurigae.
  36. 36.0 36.1 SIMBAD Xi Aurigae.
  37. Exoplanet Encyclopedia HD 40979 b.
  38. Exoplanet Encyclopedia HD 45350 b.
  39. Exoplanet Encyclopedia HD 43691 b.
  40. Exoplanet Encyclopedia HD 49674 b.
  41. Exoplanet Encyclopedia HAT-P-9 b.
  42. 42.0 42.1 42.2 42.3 42.4 42.5 42.6 42.7 Thompson & Thompson 2007, pp. 94–101.
  43. Higgins 1992.
  44. Harrington 1992.
  45. Levy 2005, pp. 97–99.
  46. Jenniskens 2006, pp. 175–178.
  47. Jenniskens 2006, p. 82.
  48. Lunsford, Activity.
  49. Lunsford, Showers.
  50. Levy 2008, pp. 117–118.
  51. Levy 2008, pp. 103–104.
  52. Levy 2008, p. 119.