Jump to content

സ്രാവ് (നക്ഷത്രരാശി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സ്രാവ് (Dorado)
സ്രാവ്
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സ്രാവ് രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Dor
Genitive: Doradus
ഖഗോളരേഖാംശം: 5 h
അവനമനം: −65°
വിസ്തീർണ്ണം: 179 ചതുരശ്ര ഡിഗ്രി.
 (72-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
14
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
1
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Dor
 (3.27m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
ζ Dor
 (38.00 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
വാസി (Caelum)
ഘടികാരം (Horologium)
വല (Reticulum)
ജലസർപ്പം (Hydrus)
മേശ (Mensa)
പതംഗമത്സ്യം (Volans)
ചിത്രലേഖ (Pictor)
അക്ഷാംശം +20° നും −90° നും ഇടയിൽ ദൃശ്യമാണ്‌
ജനുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു


ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ സ്രാവ് (Dorado). ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്. ആകാശഗംഗയുടെ ഉപഗ്രഹഗാലക്സിയായ വലിയ മഗല്ലനിക് മേഘം (Large Magellanic Cloud) ഇതിലും മേശ രാശിയിലുമായാണ്‌ സ്ഥിതി ചെയ്യുന്നത്. 16-ാം നൂറ്റാണ്ടിലാണ് ഇതിന് ഒരു പേരു നൽകി പുതിയ നക്ഷത്രരാശിയായി ഗണിക്കാൻ തുടങ്ങിയത്. Dorado എന്ന സ്പാനിഷ്‌ വാക്ക് സൂചിപ്പിക്കുന്നത് ഒരിനം സ്രാവിനെയാണ്. Dorado എന്നത് ഒരു സ്പാനീഷ് വാക്കായതിനാൽ ഇതിലെ നക്ഷത്രങ്ങൾക്ക് പേരു നൽകുമ്പോൾ ഇതിന്റെ ലാറ്റിൻ രൂപമായ ഡൊറാഡസ് എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. ക്രാന്തിവൃത്തത്തിന്റെ ദക്ഷിണധ്രുവം ഈ രാശിയിലാണ്‌ സ്ഥിതിചെയ്യുന്നത്

ചരിത്രം

[തിരുത്തുക]

പീറ്റർ ഡിർക്‌സൂൺ കെയ്സർ, ഫ്രെഡറിക് ഡി ഹൗട്ട്മാൻ എന്നിവരുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി പെട്രസ് പ്ലാൻഷ്യസ് നാമകരണം ചെയ്ത പന്ത്രണ്ട് നക്ഷത്രസമൂഹങ്ങളിൽ ഒന്നാണ് സ്രാവ്.[1] ഡോൾഫിൻ മത്സ്യമായും വാൾ മത്സ്യമായും സ്രാവിനെ ആദ്യകാലങ്ങളിൽ ചിത്രീകരിച്ചിരുന്നു.[2] ഒരു സ്വർണ്ണമത്സ്യമായും ഇത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[1] 17, 18 നൂറ്റാണ്ടുകളിൽ ഈ നക്ഷത്രസമൂഹം സിഫിയാസ് എന്നും അറിയപ്പെട്ടിരുന്നു. വാൾമത്സ്യത്തെ തന്നെയാണ് സിഫിയാസ് എന്നു പറയുന്നത്. പിന്നീട് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന ഡൊറാഡോ എന്ന പേര് ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു.

നക്ഷത്രങ്ങൾ

[തിരുത്തുക]

ഭൂമിയിൽ നിന്ന് 176 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന നീല നക്ഷത്രമാണ് ആൽഫ ഡോറാഡസ്. ഇതിന്റെ കാന്തിമാനം 3.3 ആണ്. സ്രാവ് നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണിത്. ബീറ്റ ഡൊറാഡസ് ഒരു സെഫീഡ് ചരനക്ഷത്രമാണ്. കുറഞ്ഞ കാന്തിമാനം 4.1ഉം കൂടിയ കാന്തിമാനം 3.5ഉം ഉള്ള മഞ്ഞ അതിഭീമൻ നക്ഷത്രമാണിത്. 9 ദിവസവും 20 മണിക്കൂറുമാണ് ഇങ്ങനെ തിളക്കം മാറി വരാൻ എടുക്കുന്ന സമയം. ഭൂമിയിൽ നിന്ന് ആയിരത്തി നാല്പത് പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[1]

ഈ നക്ഷത്രരാശിയിലെ നിരവധി ചരനക്ഷത്രങ്ങളിൽ ഒന്നാണ് ആർ ഡൊറാഡസ്.[3] എസ് ഡോർ വലിയ മഗല്ലനിക് മേഘത്തിലെ ഒരു അതിഭീമൻ നക്ഷത്രമാണ്. എസ് ഡൊറാഡസ് ചരനക്ഷത്രങ്ങളുടെ പ്രോട്ടോടൈപ്പാണ് ഇത്. ഗാമ ഡൊറാഡസ് ചരനക്ഷത്രങ്ങളുടെ പ്രോട്ടോടൈപ്പാണ് ഗാമ ഡോറാഡസ്.

ദൂരദർശിനി കണ്ടുപിടിച്ചതിനു ശേഷം ഭൂമിയുടെ ഏറ്റവും അടുത്തായി നിരീക്ഷിക്കപ്പെട്ട സൂപ്പർനോവയാണ് സൂപ്പർനോവ 1987എ. SNR 0509-67.5 400 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതും അസാധാരണമായ തിളക്കമുണ്ടായിരുന്നതുമായ ടൈപ്പ് 1എ സൂപ്പർനോവയുടെ അവശിഷ്ടമാണ്. HE 0437-5439 എന്ന നക്ഷത്രം ക്ഷീരപഥം-മഗല്ലനിക് ക്ലൗഡ് സിസ്റ്റത്തിൽ നിന്ന് അതിവേഗം അകന്നു പോയിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ്.

ജ്യോതിശാസ്ത്രവസ്തുക്കൾ

[തിരുത്തുക]
ടാറണ്ടുള നീഹാരിക

വലിയ മഗല്ലനിക് മേഘത്തിന്റെ സ്രാവ് രാശിയിലെ ഭാഗത്ത് 1987ൽ ഒരു സൂപ്പർനോവാസ്ഫോടനമുണ്ടായി. ഇത് SN1987A എന്നറിയപ്പെടുന്നു. ദൂരദർശിനികൾ കണ്ടുപിടിക്കപ്പെട്ടതിനുശേഷം ഭൂമിക്ക് ഏറ്റവുമടുത്തുണ്ടായ സൂപ്പർനോവാസ്ഫോടനമാണിത്. ഇതിന്റെ അവശിഷ്ടത്തിന്‌ പ്രകാശമേറിവരികയാണെന്ന് 2007ൽ ഒരു പഠനം തെളിയിച്ചു[4].

ടാറണ്ടുള നീഹാരിക (Tarantula Nebula) എന്നറിയപ്പെടുന്ന NGC 2070 ഈ നക്ഷത്രരാശിയിലെ നീഹാരികയാണ്‌. ഇത് വലിയ മഗല്ലനിക് മേഘത്തിന്റെ ഭാഗമാണ്‌. സർപ്പിളാകൃതിയിലുള്ള സീഫർട്ട് ഗാലക്സിയായ NGC 1566ഉം ഈ നക്ഷത്രരാശിയിലാണ്‌.

വലിയ മഗല്ലനിക് ക്ലൗഡിൽ സ്ഥിതി ചെയ്യുന്ന ഒരു എമിഷൻ നെബുലയാണ് N 180B. NGC 1566 ഒരു സർപ്പിള ഗാലക്സിയാണ്. NGC 1755, NGC 1850, NGC 1854 എന്നിവ ഗോളീയ താരവ്യൂഹങ്ങളാണ്. NGC 1763 മൂന്ന് ടൈപ് B നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട നല്ല തിളക്കമുള്ള നെബുലയാണ്. NGC 1820, NGC 1869,NGC 1901, NGC 1910 എന്നിവ തുറന്ന താരവ്യൂഹങ്ങളാണ്.

NGC 2080 "ഗോസ്റ്റ് ഹെഡ് നെബുല" എന്നും അറിയപ്പെടുന്നു. ഇത് വലിയ മഗല്ലനിക് മേഖത്തിലെ 50 പ്രകാശവർഷം വിസ്താരമുള്ള ഒരു എമിഷൻ നെബുലയാണ്. രണ്ട് വ്യത്യസ്ത വെളുത്ത പാടുകൾ ഉള്ളതിനാലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഇവ നമുക്കടുത്തുള്ള രണ്ട് നക്ഷത്രരൂപീകരണ മേഖലകളാണ്. പടിഞ്ഞാറു ഭാഗത്തുള്ളത് ചാർജ്ജിത ഓക്സിജന്റെ സാന്നിദ്ധ്യം കാരണം പച്ചനിറത്തിൽ കാണപ്പെടുന്നു. ഓക്സിജന്റെയും ഹൈഡ്രജന്റെയും ഉദ്‌വമനം മൂലം മധ്യഭാഗം മഞ്ഞ നിറത്തിലാണ്. ഹൈഡ്രജൻ ആൽഫ ഉദ്‌വമനം കാരണം തെക്കൻ ഭാഗം ചുവപ്പാണ്.

1,000 പ്രകാശവർഷം വിസ്താരമുള്ള ഒരു സൂപ്പർബബിൾ ആണ് N44. ഇത് വലിയ മെഗല്ലാനിക് മേഖത്തിലാണുള്ളത്. വളരെ ഉയർന്ന താപനിലയുള്ള 40 നക്ഷത്രങ്ങളാണ് ഇതിന്റെ മദ്ധ്യത്തിലുള്ളത്. ഇവയാണ് ഇതിന്റെ കുമിള രൂപത്തിലുള്ള ഘടനക്കു കാരണം. ഇതിനുള്ളിൽ N44F എന്ന മറ്റൊരു കുമിളയുണ്ട്. ഇതിനുള്ളിലും അവിശ്വസനീയമാം വിധം തപനിലയിള്ള ഒരു നക്ഷത്രമുണ്ട്. 35 പ്രകാശവർഷമാണ് ഇതിന്റെ വ്യാസം.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Ridpath & Tirion 2017, pp. 142–143.
  2. Staal 1988, p. 244.
  3. "R Doradus". SIMBAD. Retrieved 28 July 2012.
  4. http://www.sciencedaily.com/releases/2007/02/070223143408.htm