Jump to content

കരഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Camelopardalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരഭം (Camelopardalis)
കരഭം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
കരഭം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Cam
Genitive: Camelopardalis
ഖഗോളരേഖാംശം: 6 h
അവനമനം: +70°
വിസ്തീർണ്ണം: 757 ചതുരശ്ര ഡിഗ്രി.
 (18-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
2, 8
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
36
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
0
സമീപ നക്ഷത്രങ്ങൾ: 0
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
β Cam
 (4.03m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 445
 (17.5 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : October Camelopardalids
സമീപമുള്ള
നക്ഷത്രരാശികൾ:
വ്യാളം (Draco)
ലഘുബാലു (Ursa Minor)
കൈകവസ് (Cepheus)
കാശ്യപി (Cassiopeia)
വരാസവസ് (Perseus)
പ്രാജിത (Auriga)
കാട്ടുപൂച്ച (Lynx)
സപ്തർഷിമണ്ഡലം (Ursa Major)
അക്ഷാംശം +90° നും −10° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഈ നക്ഷത്രഗണം ഭൂമദ്ധ്യരേഖയിൽ നിന്നും നോക്കുമ്പോൾ വടക്കുദിശയിലാണ് കാണപ്പെടുക. വലുതാണെങ്കിലും മങ്ങിയ നക്ഷത്രഗണമാണിത്. 4 മുതൽ 5 വരെ കാന്തികമാനമുള്ള നക്ഷത്രങ്ങളാണ് ഇതിലുള്ളത്. 1612-13 കാലത്ത് പെട്രസ് പ്ലാഷ്യസ് എന്ന ഡച്ച് ജ്യോതിഃശാസ്ത്രജ്ഞനാണ് ഈ ഗണത്തെ കുറിച്ച് ആദ്യമായി പ്രദിപാദിക്കുന്നത്.[1][2]

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച പേര് കാമിലോപാർഡാലിസ് (Camelopardalis) എന്നാണ്. ഇത് ജിറാഫ് എന്നർത്ഥം വരുന്ന ലാറ്റിൻ വാക്കാണ്. ഗ്രീക്കു ഭാഷയിലെ കാമെലോസ്, പാർഡാലിസ് എന്നീ വാക്കുകളിൽ നിന്നാണ് ഇതിന്റെ ഉൽഭവം. കാമെലോസ് എന്നാൽ ഒട്ടകം എന്നും പാർഡാലിസ് എന്നാൽ പുലി എന്നുമാണർത്ഥം. ഒട്ടകത്തെ പോലെ നീണ്ട കഴുത്തും പുലിയെ പോലെ പുള്ളികളുമുള്ളതു കൊണ്ടാവാം ജിറാഫിനെ കാമിലോപാർഡാനിസ് എന്നു വിളിച്ചത്.[3][4]

നക്ഷത്രങ്ങൾ

[തിരുത്തുക]

നക്ഷത്രരാശികളിൽ വലിപ്പം കൊണ്ട് കരഭം 18-ാം സ്ഥാനത്താണ്. തിളക്കം കുറഞ്ഞ നക്ഷത്രങ്ങൾ മാത്രമേ ഇതിലുള്ളു. കാന്തിമാനം 5നെക്കാൾ കൂടുതൽ തിളക്കള്ള നാല് നക്ഷത്രങ്ങൾ മാത്രമേ ഇതിലുള്ളു.[5]

  • ആൽഫാ കാം ഭൂമിയിൽ നിന്ന് 5000 പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ഭീമൻ നക്ഷത്രമാണ്. 4.3 ആണ് ഇതിന്റെ കാന്തിമാനം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെ കിടക്കുന്ന നക്ഷത്രങ്ങളിൽ ഒന്നാണിത്.[2]
  • ബീറ്റ കാം ഈ രാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ്. ഇതിന്റെ ദൃശ്യകാന്തിമാനം 4.03 ആണ്. ഇതൊരു ഇരട്ട നക്ഷത്രമാണ്. പ്രധാന നക്ഷത്രം മഞ്ഞഭീമൻ ആണ്. ഇത് ഭൂമിയിൽ നിന്നും 1000 പ്രകാശവർഷം അകലെ കിടക്കുന്നു.[2]
  • 11 കാമിന്റെ കാന്തിമാനം 5.2 ആണ്. ഭൂമിയിൽ നിന്നുള്ള അകലം 650 പ്രകാശവർഷം ആണ്.[2]
  • 12 കാം ഭൂമിയിൽ നിന്നും 650 പ്രകാശവർഷം അകലെ കിടക്കുന്ന മറ്റൊരു നക്ഷത്രമാണ്. ഇതിന്റ കാന്തിമാനം 6.1 ആണ്.[2]
  • സ്ട്രൂവ് 1694 ദ്വന്ദ്വനക്ഷത്രം ആണ്. ഭൂമിയിൽ നിന്നും 300 പ്രകാശവർഷം അകലെയാണിത് സ്ഥിതി ചെയ്യുന്നത്. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 5.4ഉം രണ്ടാമത്തേതിന്റ കാന്തിമാനം 5.9ഉം ആണ്.[2]
  • സി.എസ് കാം ആണ് ഈ രാശിയിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 4.21 ആണ് ഇതിന്റെ കാന്തിമാനം. തിളക്കത്തിൽ നേരിയ തോതിലുള്ള വ്യത്യാസം കാണിക്കാറുണ്ട്.[6]

സെഡ് കാമിലോപാർഡാലിസ്, യു കാമിലോപാർഡാലിസ്, വി.സെഡ് കാമിലോപാർഡാലിസ്, ടി കാമിലോപാർഡാലിസ്, എക്സ് കാമിലോപാർഡാലിസ്, ആർ കാമിലോപാർഡാലിസ് എന്നിവ ചരനക്ഷത്രങ്ങൾ ആണ്. റു കാമിലോപാർഡാലിസ് ഒരു സെഫീഡ് ചരനക്ഷത്രം ആണ്.

2011ൽ കരഭം രാശിയിൽ ഒരു സൂപ്പർനോവ പ്രത്യപ്പെട്ടിരുന്നു.[7]

വിദൂരാകാശവസ്തുക്കൾ

[തിരുത്തുക]

കരഭത്തിന്റെ സ്ഥാനം താരോപഥതലത്തിൽ തന്നെ ആയതു കൊണ്ട് നിരവധി വിദൂരാകാശപദാർത്ഥങ്ങളെ ഇതിൽ കാണാനാവും.

  • എൻജിസി 2403 : ഭൂമിയിൽ നിന്നും ഒരു കോടി 20 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ താരാപഥം എം 81 താരാപഥ ഗ്രൂപ്പിലെ ഒരംഗമാണ്.[8][2] ദീർഘവൃത്താകാര താരാപഥത്തിന്റെയും സർപ്പിള താരാപഥത്തിന്റെയും സ്വഭാവമാണ് ഇതിനുള്ളത്. ഇതിന്റെ ഭുജങ്ങൾ വളരെ മങ്ങിയതാണ്. മദ്ധ്യഭാഗം തള്ളിനിൽക്കുന്നതും ആണ്. 18-ാം നൂറ്റാണ്ടിൽ വില്യം ഹെർഷൽ ആണ് ഈ താരാപഥത്തെ ആദ്യമായി കണ്ടെത്തുന്നത്.[8] ഇതിന്റെ കാന്തിമാനം 8 ആണ്. വിസ്താരം ഏകദേശം 0.25° ഉണ്ട്.[2]
  • എൻജിസി 1502 : കാന്തിമാനം 6.9 ഉള്ള ഈ തുറന്ന താരവ്യൂഹം ഭൂമിയിൽ നിന്നും 3000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഇതിൽ ഏകദേശം 45 നക്ഷത്രങ്ങൾ തിളക്കമേറിയവയാണ്. കാന്തിമാനം 7 ഉള്ള ഒരു ഇരട്ട നക്ഷത്രം ഇതിന്റെ കേന്ദ്രത്തിലുണ്ട്.[9] ഇതിന്റെ 1.4° തെക്കുഭാഗത്തായി എൻജിസി 1501 എന്ന ഒരു ഗ്രഹ നീഹാരിക ഉണ്ട്.
  • സ്റ്റോക്ക് 23 : കരഭത്തിന്റെയും കാശ്യപിയുടെയും അതിരിലായി സ്ഥിതി ചെയ്യുന്ന തുറന്ന തുറന്ന താരവ്യൂഹമാണിത്. ഇത് പാസ്മിനോസ് ക്ലസറ്റർ എന്നും അറിയപ്പെടുന്നു. വളരെ കുറച്ചു നക്ഷത്രങ്ങൾ മാത്രമേ ഇതിലുള്ളു.
  • ഐസി 342 : ഐസി 342/മാഫീ താരാപഥ ഗ്രൂപ്പിലെ തിളക്കം കൂടിയ രണ്ടു താരാപഥങ്ങളിൽ ഒന്നാണ് ഐസി 342.
  • എൻജിസി 1569 : കാന്തിമാനം11.9 ഉള്ള ഒരു ഇറെഗുലർ ഗാലക്സിയാണ് എൻജിസി 1569. ഭൂമിയിൽ നിന്നും ഒരു കോടി ഒരു ലക്ഷം പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. വളരെ ഉയർന്ന തോതിൽ നക്ഷത്ര രൂപീകരണം നടക്കുന്ന ഒരു താരാപഥം കൂടിയാണിത്.
  • എൻജിസി 2655 : 10.1 കാന്തിമാനമുള്ള ഒരു ലെന്റിക്കുലാർ ഗാലക്സിയാണ് ഇത്.
  • എംഎസ് 0735.6+7424 : ഭൂമിയിൽ നിന്നും 260 കോടി പ്രകാശവർഷം അകലെ കിടക്കുന്ന ഒരു ഗാലക്സി ക്ലസ്റ്റർ ആണിത്. ഇതിൽ നിന്നുള്ള എക്സ്-റേ ഉൽസർജ്ജനത്തിന്റെ തോത് വളരെ ഉയർന്നതാണ്. 6 ലക്ഷം പ്രകാശവർഷം വ്യാസമുള്ള രണ്ടു ദ്വാരങ്ങൾ ഇതിനുള്ളിലുണ്ട്. വളരെയേറെ പിണ്ഡമുള്ള ഒരു അതിസ്ഥൂല തമോദ്വാരവും ഇതിലുണ്ട്.[8]
  • ടോംബാഗ് 5 : വളരെ മങ്ങിയ ഒരു തുറന്ന താരവ്യൂഹമാണിത്. ഭൂമിയിൽ നിന്നും 5800 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ കാന്തിമാനം 8.4 ആണ്. നക്ഷത്ര സാന്ദ്രത വളരെ കുറഞ്ഞ ഒരു താരവ്യൂഹമാണിത്. നൂറിലേറെ നക്ഷത്രങ്ങളുള്ള ഈ വ്യൂഹത്തിൽ ഭൂരിഭാഗം നക്ഷത്രങ്ങളുടെയും കാന്തിമാനം 15ഉം 16ഉം ഒക്കെയാണ്.[10][11]
  • എൻജിസി 2146 : കാന്തിമാനം 11 ഉള്ള ഒരു സർപ്പിള താരാപഥമാണ് ഇത്. വളരെ ഉയർന്ന തോതിൽ നക്ഷത്രരൂപീകരണം നടക്കുന്ന താരാപഥം കൂടിയാണിത്.
  • എംഎസിഎസ് 0647-ജെഡി : അറിയപ്പെടുന്നതിൽ ഏറ്റവും അകലെ കിടക്കുന്ന താരാപഥങ്ങളിൽ ഒന്നാണിത്. ഭൂമിയിൽ നിന്നും 1326 കോടി പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.

ഉൽക്കാവർഷം

[തിരുത്തുക]

മെയ് മാസത്തിൽ കരഭത്തിൽ നിന്ന് ഉൽക്കാവർഷം ഉണ്ടാവാറുണ്ട്. 209/ലീനിയർ എന്ന ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് ഇത്.

ബഹിരാകാശപര്യവേഷണം

[തിരുത്തുക]

വോയേജർ 1 കരഭത്തിന്റെ ദിശയിലാണ് നീങ്ങുന്നത്. ഈ ഗണത്തിലെ ഏതെങ്കിലും നക്ഷത്രത്തിനടുത്ത് എത്തണമെങ്കിൽ അത്രയും കാലം പ്രവർത്തിക്കാനുള്ള ഊർജ്ജം പേടകത്തിന് ലഭ്യമാകേണ്ടതുണ്ട്.

ചരിത്രം

[തിരുത്തുക]
1823ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച യുറാനിയാസ് മിററിൽ നിന്നുള്ള ചിത്രം.[12]

കരഭം ടോളമിയുടെ 48 നക്ഷത്രഗണങ്ങളുടെ പട്ടികയിൽ ഉള്ള രാശിയല്ല.[13]1613ൽ പെട്രസ് പ്ലാനഷ്യസ് ആണ് ഇത് സൃഷ്ടിച്ചത്.[2] ഒരു വർഷത്തിനു ശേഷം ജേക്കബ് ബാർട്ഷ് ഇത് അദ്ദേഹത്തിന്റെ അറ്റ്ലസിൽ ചേർത്തു. ഇതിനോട് താൽപര്യം തോന്നിയ ജൊഹാൻസ് ഹെവലിയസും കാമിലോപാർഡാലി ഹെവലി എന്ന പേരിൽ അദ്ദേഹത്തിന്റെ രാശികളെ കുറിച്ചുള്ള കൃതിയിൽ വിശദാംശങ്ങളോടു കൂടി ചേർത്തു. 1810ൽ വില്യം ക്രോസ്‍വെൽ സ്ക്വിറസ് വൊളാൻസ് എന്ന പേരിൽ കാമിലോപാർഡാലിസിൽ നിന്നൊരു ഭാഗം വേർതിരിച്ചെടുത്ത് ഒരു രാശി ഉണ്ടാക്കി. പറക്കുന്ന അണ്ണാൻ എന്നായിരുന്നു ഈ പേരിന്റെ അർത്ഥം. എന്നാൽ ഈ രാശി തുടർന്ന് സ്വീകരിക്കപ്പെടുകയുണ്ടായില്ല.[14]

അവലംബം

[തിരുത്തുക]
  1. Knowledge Encyclopedia Space!. Dorling Kindersley Ltd. 2015. p. 164.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Ridpath 2001, പുറങ്ങൾ. 92–93.
  3. Lewis, Charlton T.; Short, Charles. "camelopardalis". A Latin Dictionary. Perseus Digital Library. Retrieved 8 June 2012.
  4. Liddell, Henry George; Scott, Robert. "καμηλοπάρδαλις". A Greek-English Lexicon. Perseus Digital Library. Retrieved 8 June 2012.
  5. Staal 1988, പുറം. 241.
  6. Norton 1973, പുറങ്ങൾ. 118–119.
  7. Boyle, Rebecca (3 January 2011). "10-Year-Old Canadian Girl Is The Youngest Person Ever to Discover a Supernova". Popular Science. Retrieved 8 June 2012.
  8. 8.0 8.1 8.2 Wilkins & Dunn 2006.
  9. Revised NGC/IC Data 2013. Dr. Wolfgang Steinicke.
  10. Levy 2005, പുറം. 89.
  11. Levy 2005, പുറം. 91.
  12. "The constellations Camelopardalis, Tarandus and Custos Messium". National Museums Scotland.
  13. Ley, Willy (December 1963). "The Names of the Constellations". For Your Information. Galaxy Science Fiction. pp. 90–99.
  14. Kanas, Nick (2007). Star maps: history, artistry, and cartography. New York City: Springer. p. 131. ISBN 0-387-71668-8.