Jump to content

കിരൺ ഖേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിരൺ ഖേർ
ജനനം
കിരൺ ടക്കർ സിംഗ്

(1955-06-14) ജൂൺ 14, 1955  (69 വയസ്സ്)
മറ്റ് പേരുകൾകിരൺ ടക്കർ സിംഗ് ഖേർ [1]
ജീവിതപങ്കാളി(കൾ)അനുപം ഖേർ (1985 - present)
ഗൗതം ബെറി (വേർപിരിഞ്ഞു)
കുട്ടികൾസികന്ദർ ഖേർ

കിരൺ ഖേർ (ജനനം ജൂൺ 14, 1955) ഒരു ബോളിവുഡ് അഭിനേത്രിയും ടെലിവിഷൻ അവതാരകയുമാണ്. ബോളിവുഡ് നടനായ അനുപം ഖേറിന്റെ പത്നിയാണ് കിരൺ ഖേർ. 2000-ൽ പുറത്തിറങ്ങിയ ബരിവാലി എന്ന ബംഗാളി ചലച്ചിത്രത്തിലെ അഭിനയത്തിനു ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിരുന്നു.2014മുതൽ ബിജെപി സ്ഥാനാർത്ഥിയായി ചണ്ഡിഗഡ് മണ്ഡലത്തിലെ ലോകസ്ഭാംഗമാണ്. [2]

ആദ്യകാല ജീവിതം

[തിരുത്തുക]

കിരൺ ഖേർ മുംബൈയിലാണ് ജനിച്ചത്; വളർന്നത് ചണ്ഢീഗഡിലും. സിഖ് കുടുംബമാണ് കിരണിന്റേത്. ചണ്ഡീഗഡിൽ സ്കൂൾ പഠനം കഴിഞ്ഞ് അവിടത്തന്നെയുള്ള പഞ്ചാബ് യൂണിവേർസിറ്റിയിൽ കോളേജ് പഠനവും കിരൺ പൂർത്തിയാക്കി. കിരണിന്റെ സഹോദരി കൻവർ ടക്കർ സിങ്ങിന് അർജ്ജുന അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ സഹോദരിയുടെകൂടെ ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നു കിരൺ. കിരണിന്റെ അമ്മയും തന്റെ കോളേജ് ദിനങ്ങളിൽ കളികളിലും നാടകങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു[3]. കിരണിന്റെ സഹോദരൻ അമന്ദീപ് സിംഗ് 2003-ൽ മരണപ്പെട്ടു. ഒരു ചിത്രകാരൻ ആയിരുന്നു അദ്ദേഹം.[4].

അഭിനയജീവിതം

[തിരുത്തുക]

1983-ൽ പുറത്തിറങ്ങിയ അസ്ര പ്യാർ ദാ ആയിരുന്നു കിരൺ ഖേറിന്റെ ആദ്യ ചലച്ചിത്രം. തന്റെ ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയതോടുകൂടി, മകനായ സിക്കന്ദർ ഖേറിനെ വളർത്തുവാനായി കിരൺ സിനിമകളിൽ നിന്ന് ഒരു ഇടവേള എടുത്തു.[5] എന്നാലും തന്റെ രണ്ടാം ഭർത്താവായ അനുപം ഖേറിന്റെ കൂടെ സിനിമയിൽ വസ്ത്രാലങ്കാരം ചെയ്യാറുണ്ടായിരുന്നു കിരൺ. ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ (1995) എന്ന സിനിമയുടെ പേര് നിർദ്ദേശിച്ചതും കിരണാണ്. അക്കാലത്ത് 1998-ൽ പുറത്തിറങ്ങിയ പെസ്റ്റ്റോഞ്ജി (Pestonjee) എന്ന ഒരു സിനിമയിൽ മാത്രമേ കിരൺ അഭിനയിക്കുകയുണ്ടായുള്ളൂ. അനുപം ഖേറും ഈ സിനിമയിൽ അഭിനയിച്ചിരുന്നു.

കിരണിന്റെ അഭിനയത്തിലേയ്ക്കുള്ള തിരിച്ച് വരവ് ഫെറോസ് ഖാൻ എഴുതിയ സാൽഗിര എന്ന നാടകത്തിലൂടെയായിരുന്നു.[6]. തുടർന്ന് സീ ടി.വി യിൽ കിരൺ പുരുഷേത്ര എന്ന പരിപാടി അവതരിപ്പിക്കുവാൻ തുടങ്ങി. ആണുങ്ങളുടെ ലൈംഗികതയേയും സ്ത്രീകളുടെ പ്രശ്നങ്ങളേയും ഒരേ സമയം ചർച്ചയ്ക്കെടുത്ത ഈ പരിപാടി കിരണിനെ പ്രശസ്തയാക്കി.[7]. ഇതിനെക്കൂടാതെ കിരൺ ഖേർ റ്റുഡേ, ജാഗ്തേ രഹോ വിത് കിരൺ ഖേർ എന്നീ രണ്ട് ടി.വി പരിപാടികളും ഇതേ സമയത്ത് കിരൺ അവതരിപ്പിച്ചിരുന്നു [8]. കരൺ അർജ്ജുൻ (1995) എന്ന സിനിമയിലൂടെ കിരൺ ബോളിവുഡ് ചലച്ചിത്രലോകത്തേയ്ക്ക് മടങ്ങി വന്നു. അതിനടുത്ത വർഷം ശ്യാം ബെനഗലിന്റെ സർദാരി ബീഗം എന്ന സിനിമയിൽ കിരൺ അഭിനയിക്കുകയും ഈ സിനിമയിലെ അഭിനയത്തിൻ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിക്കുകയും ചെയ്തു.

2000-ൽ കിരൺ റിതുപർണോ ഗോഷിന്റെ ബംഗാളി ചലച്ചിത്രം ബരിവാലിയിൽ അഭിനയിച്ചു.[9]. ഈ സിനിമയിലെ അഭിനയത്തിന് കിരണിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. എന്നാൽ ഈ സിനിമയിൽ കിരണിനു ശബ്ദം നൽകിയ റീത കൊയ്‌രാള തനിക്കും ഈ അവാർഡിന്റെ പങ്ക് വേണമെന്ന അവകാശവാദവുമായി രംഗത്തെത്തി. തുടർന്ന്, താൻ സംഭാഷണങ്ങൾക്കായി മണിക്കൂറുകൾ അധ്വാനിച്ചിരുന്നു എന്ന് കിരണും അവകാശപ്പെട്ടു. ഈ അവാർഡ് കിരൺ റീതയുമായി പങ്കുവച്ചില്ല.[9][10].

2002-ൽ കിരൺ ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, ഐശ്വര്യ റായ് എന്നിവർ വേഷമിട്ട ദേവദാസ് എന്ന സിനിമയിൽ അഭിനയിച്ചു. ഈ സിനിമയിലെ അഭിനയത്തിന് കിരണിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിനുള്ള നാമനിർദ്ദേശം ലഭിക്കുകയുണ്ടായി.

2003-ൽ കിരൺ ഹാമോഷ് പാനി എന്നൊരു സിനിമയിൽ അഭിനയിച്ചു. ഈ സിനിമയിൽ വിഭജനകാലത്ത് തട്ടിയെടുക്കപ്പെട്ടുകൊണ്ടുപോയ ഒരു പെൺകുട്ടിയുടെ വേഷമായിരുന്നു കിരണിന്. ഈ കഥാപാത്രം ആത്മഹത്യ ചെയ്യാനുള്ള മാതാപിതാക്കളുടെ ഉപദേശത്തെ വകവയ്ക്കാതെ തന്നെ തട്ടിയെടുത്തുകൊണ്ടുപോയ ആളെത്തന്നെ വിവാഹം കഴിക്കുകയും അയാളുടെ മരണശേഷം കുട്ടികളെ ഖുറാൻ പഠിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സിയ ഉൾ ഹഖിന്റെ ഭരണകാലത്ത് ഈ പെൺകുട്ടിക്ക് ഒരു മതതീവ്രവാദിയാകേണ്ടിവരുന്നു. ശക്തമായ ഈ സ്ത്രീ കഥാപാത്രം ധാരാളം പുരസ്കാരങ്ങൾ വാരിക്കൂട്ടി.[11][12] സ്വിറ്റ്സർലാന്റിൽ വച്ച് നടന്ന ലൊകാർണൊ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, കറാച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, അർജന്റീനയിലെ സീപീയിലും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലും വച്ച് നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച നടിക്കുള്ള അവാർഡ് കിരണിനു ലഭിച്ചു.[9][13][14] ലൊകാർണോയിലെ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള സ്വർണ്ണ ലെപ്പാർഡ് അവാർഡ് ഈ സിനിമയ്ക്കും ലഭിച്ചു.[15]. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ആഞ്ചലസ് (IFFLA) 2004-ൽ ഈ നടിയെ ആദരിച്ചു.[16][17]


2005-ൽ സഹാറ വൺ എന്ന ചാനലിൽ സം‌പ്രേക്ഷണം ചെയ്തുവന്നിരുന്ന പ്രാതിമ എന്ന സീരിയലിൽ സുനന്ദ എന്ന കഥാപാത്രം ചെയ്യുകയുണ്ടായി. ദിൽ ന ജാനേ ക്യൂ (സീ ടി.വി), ഇസി ബഹാനേ, ചൗസത് പന്നേ എന്നിവയാണ് കിരൺ അഭിനയിച്ച മറ്റ് സീരിയലുകൾ.[18]. അക്കാലത്ത് സിനിമയിൽ കിരൺ അഭിനയിച്ച പ്രധാന കഥാപാത്രങ്ങൾ മേ ഹൂ നാ (2004), ഹം തും (2004), വീർ സാറ (2004), മംഗൽ പാണ്ടേ: ദ റൈസിങ്ങ് (2005) എന്നിവയിലാണ്.[19]. രംഗ് ദേ ബസന്തി (2006) എന്ന ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരത്തിനു രണ്ടാമത് നാമനിർദ്ദേശം ലഭിച്ചു. ഫനാ (2006), കഭി അൽവിദാ നാ കെഹ്ന (2006) എന്നിവയാണ് തുടർന്ന് പുറത്തിറങ്ങിയ ചിത്രങ്ങൾ.

2008-ൽ കിരണിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ സിംഗ് ഈസ് കിങ്ങ്, സാസ് ബഹു ഔർ സെൻസെക്സ്, ദോസ്താന എന്നിവയാണ്. ഇവയിൽ എല്ലാം ഹാസ്യകഥാപാത്രങ്ങളായിരുന്നു കിരണിന്.

അവലംബം

[തിരുത്തുക]
  1. "Showtime Jan 1988". Archived from the original on 2008-12-10. Retrieved 2009-01-03.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-04. Retrieved 2019-08-26.
  3. Always there, from tiny steps to big leaps Indian Express, May 12, 2002
  4. All love and Kher Archived 2008-12-10 at the Wayback Machine The Hindu, Aug 19, 2004.
  5. Films are to entertain, not preach: Kirron Kher Archived 2009-03-30 at the Wayback Machine The Peninsula, April 28, 2008.
  6. Once more, with feeling Archived 2008-12-10 at the Wayback Machine.
  7. The Making of Neoliberal India: Nationalism, Gender, and the Paradoxes of Globalization, by Rupal Oza, Published by CRC Press, 2006. ISBN 0-415-95186-0. Page 63.
  8. Kirron Kher’s stock zooms higher! Times of India, Sept 22, 2008.
  9. 9.0 9.1 9.2 'Art knows no boundary' Daily Star, December 3, 2003.
  10. Kiron Kher in the middle of controversy apunkachoice.com. Aug 12, 2000 .
  11. 56th Locarno International Film Festival in Switzerland The Tribune, August 18, 2003.
  12. Kiron Kher's film releases in New York Rediff.com, October 8, 2004.
  13. Visiting Pakistan was like a pilgrimage: Kiron Kher Times of India, Jul 20, 2004.
  14. Mrs Kher comes calling - page 2 Times of India, Oct 16, 2004.
  15. Silent waves, still waters Archived 2008-12-10 at the Wayback Machine The Hindu, Dec 2, 2004.
  16. IFFLA 2004 Film Schedule, 8:00pm: Tribute to Kirron Kher Archived 2009-01-16 at the Wayback Machine Indian Film Festival of Los Angeles (IFFLA).
  17. a tribute to award-winning actress Kiron Kher Tribune , March 22, 2004.
  18. Many shades, same delight Archived 2005-02-07 at the Wayback Machine The Hindu, Jan 31, 2005.
  19. Kiron Kher