Jump to content

മോനിഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോനിഷ ഉണ്ണി
ജനനം(1971-01-24)24 ജനുവരി 1971[1]
മരണം5 ഡിസംബർ 1992(1992-12-05) (പ്രായം 21)
എക്സ് റേ ജങ്ഷൺ, ദേശിയപാത 66 ചേർത്തല, ആലപ്പുഴ
മരണ കാരണംകാറപകടം
ദേശീയതഭാരതീയൻ
തൊഴിൽസിനിമാനടി, നർത്തകി
സജീവ കാലം1986–1992
അറിയപ്പെടുന്നത്നഖക്ഷതങ്ങൾ
പെരുന്തച്ചൻ
കമലദളം
അധിപൻ
ഉന്ന നിനച്ചേൻ പാട്ടുപഠിച്ചേൻ

മോനിഷ ഉണ്ണി ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരമായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ[2]. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നിൽക്കുമ്പോൾ ഒരു കാറപകടത്തിൽ മരണപ്പെട്ടു.

ജീവിതരേഖ

[തിരുത്തുക]

1971-ൽ കേരളത്തിലെ കോഴിക്കോട്ട് പി. നാരായണനുണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരൻ സജിത്. അച്ഛൻ ഉണ്ണിക്ക് ബാംഗ്ലൂരിൽ തുകൽ വ്യവസായം ആയിരുന്നതിനാൽ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നർത്തകി കൂടിയായിരുന്ന അമ്മ ശ്രീദേവിയിൽ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. 9 വയസ്സുള്ളപ്പോൾ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു.1985-ൽ കർണ്ണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന കൗശിക അവാർഡ് ലഭിച്ചു. ബാംഗ്ലൂരിലെ സെന്റ് ചാൾസ് ഹൈസ്കൂളിൽ നിന്നും,ബിഷപ്പ് കോട്ടൺ ഗേൾസ് ഹൈസ്കൂളിൽ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട്‌ കാർമൽ കോളേജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും ലഭിച്ചു..[3]

അഭിനേത്രി

[തിരുത്തുക]

പ്രശസ്ത സാഹിത്യകാരനും,തിരക്കഥാകൃത്തും,ചലച്ചിത്രസംവിധായകനുമായ എം.ടി. വാസുദേവൻ നായർ മോനിഷയുടെ കുടുംബസുഹൃത്തായിരുന്നു.അദ്ദേഹമാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനത്തിന്‌ കാരണമായത്. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ' (1986) ആണ് ആദ്യചിത്രം. കൗമാരപ്രായത്തിലുള്ള ഒരു ത്രികോണ പ്രണയകഥയാണ് ഈ ചിത്രത്തിലേത്‌. മറ്റൊരു പുതുമുഖമായിരുന്ന വിനീത്‌ ആയിരുന്നു ഈ ചിത്രത്തിൽ മോനിഷയുടെ നായകൻ. ഈ ചിത്രത്തിൽ മോനിഷ അഭിനയിച്ച 'ഗൗരി' എന്ന ഗ്രാമീണ പെൺകുട്ടിക്കു 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ ലഭിച്ചു.[4] മലയാളത്തിനു പുറമേ പൂക്കൾ വിടും ഇതൾ (നഖക്ഷതങ്ങളുടെ റീമേക്ക്‌), ദ്രാവിഡൻ തുടങ്ങിയ തമിഴ്‌ ചലച്ചിത്രങ്ങളിലും, രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ (1988) എന്ന കന്നട ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഇതിനു പുറമേ, 'സാമഗാനം' എന്ന സീരിയലിലും (ദൂരദർശൻ - മലയാളം) അഭിനയിച്ചിട്ടുണ്ട്.

1992 ഡിസംബർ 5-ന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ചേർത്തലയിൽ നിന്നും മുഹമ്മക്ക്കൂ പോകുകയായിരുന്ന KSRTC ബസും ആയി കൂട്ടിയിടിക്കുകയും, തലച്ചോറിനുണ്ടായ പരിക്കു മൂലം മോനിഷ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും ചെയ്തു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി അവിടെവച്ച് സംസ്കരിച്ചു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ വിവരണം
1984 പാവയ്യ തമിഴ് കെ ഐ രാജനാരായണന്റെ ' വിളൈവ് ' എന്ന ചെറുകഥയെ ആസ്പദമാക്കി യു എസ് വാസൻ സംവിധാനം ചെയ്ത 16 mm B / W ഷോർട്ട് ഫിലിം  
1986 നഖക്ഷതങ്ങൾ ഗൗരി മലയാളം ആദ്യചിത്രം. രചന:എം ടി  സംവിധാനം:ഹരിഹരൻ. മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ്. ദേശീയ അവാർഡ് (ഉർവശി അവാർഡ്) നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടി - ഇന്നുമത് തകർക്കപ്പെട്ടിട്ടില്ല.
1986 ഋതുഭേദം തങ്കമണി മലയാളം രചന:എം ടി സംവിധാനം:പ്രതാപ് പോത്തൻ
1986 സായംസന്ധ്യ വിനുമോൾ മലയാളം രചന:ഡെന്നിസ് ജോസഫ് സംവിധാനം:ജോഷി
1987 പൂക്കൾ വിടും തൂത് ഗൗരി തമിഴ് ആദ്യ തമിഴ്ചിത്രം. നഖക്ഷതങ്ങൾ - ന്റെ തമിഴ് റീമേക്ക്. സംവിധാനം: ശ്രീധർ രാജൻ.
1987 ലോയർ ഭാരതി ദേവി ലീല തെലുങ്ക് ആദ്യ തെലുങ്ക് ചിത്രം. സംവിധാനം: ജി റാം മോഹൻ റാവു.
1988 ആര്യൻ സൈനബ മലയാളം രചന:ടി ദാമോദരൻ സംവിധാനം:പ്രിയദർശൻ
1988 ചിരംജീവി സുധാകർ സന്ധ്യ, സരള (ഇരട്ട വേഷം) കന്നഡ ആദ്യ കന്നഡ ചിത്രം. സംവിധാനം:സിൻഗീതം ശ്രീനിവാസ റാവു
1988 കനകാംബരങ്ങൾ ശ്രീദേവി മലയാളം രചന:പുഷപരാജൻ സംവിധാനം:എൻ ശങ്കരൻ നായർ
1989 ദ്രാവിഡൻ സൽ‍മ തമിഴ് ആര്യൻ - ന്റെ തമിഴ് റീമേക്ക്. സംവിധാനം:ആർ കൃഷ്ണമൂർത്തി   
1989 അധിപൻ ഗീത മലയാളം രചന:ജഗദീഷ് സംവിധാനം:കെ മധു
1990 കുറുപ്പിന്റെ കണക്കുപുസ്തകം സതി മലയാളം രചന, സംവിധാനം:ബാലചന്ദ്രമേനോൻ
1990 വീണ മീട്ടിയ വിലങ്ങുകൾ ശ്രീദേവി മലയാളം രചന, സംവിധാനം: കൊച്ചിൻ ഹനീഫ
1990 പെരുന്തച്ചൻ കുഞ്ഞിക്കാവ് തമ്പുരാട്ടി മലയാളം രചന:എം ടി സംവിധാനം:അജയൻ(മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ്)
1990 കാഴ്ചയ്ക്കപ്പുറം അമ്മു മലയാളം രചന:ജി ഹിരൺ സംവിധാനം:വി ആർ ഗോപാലകൃഷ്ണൻ
1991 വേനൽക്കിനാവുകൾ നളിനി മലയാളം രചന:എം ടി സംവിധാനം:കെ എസ് സേതുമാധവൻ  
1991 കടവ് ദേവി മലയാളം രചന, സംവിധാനം:എം ടി
1992 ഉന്ന നെനച്ചേൻ പാട്ടു പഠിച്ചേൻ ധനം തമിഴ് രചന,സംവിധാനം:ഗുരു ധനപാൽ
1992 തലസ്ഥാനം രാധ മലയാളം രചന:രൺജി പണിക്കർ സംവിധാനം:ഷാജി കൈലാസ്
1992 ഒരു കൊച്ചു ഭൂമികുലുക്കം വിജി മലയാളം സംവിധാനം: ചന്ദ്രശേഖരൻ
1992 കുടുംബസമേതം തുളസി മലയാളം സംവിധാനം: ജയരാജ്
1992 കമലദളം മാളവിക നങ്ങ്യാർ മലയാളം രചന:എ കെ ലോഹിതദാസ് സംവിധാനം:സിബി മലയിൽ
1992 ചമ്പക്കുളം തച്ചൻ അമ്മു മലയാളം രചന:ശ്രീനിവാസൻ സംവിധാനം:കമൽ
1992 ചെപ്പടിവിദ്യ എൽസ മലയാളം അവസാനം അഭിനയിച്ച സിനിമ. സംവിധാനം: ജി എസ് വിജയൻ
1993 മൂൺട്രാവതു കൺ പ്രിയ തമിഴ് അവസാനം പുറത്തിറങ്ങിയ സിനിമ. രചന, സംവിധാനം: മണിവണ്ണൻ

അവലംബം

[തിരുത്തുക]
  1. "Monisha Biography". entertainment.oneindia.in. Archived from the original on 5 December 2013. Retrieved 24 Jan 2013.
  2. നഖക്ഷതങ്ങളിലെ അഭിനയത്തിന് ദേശീയ അവാർഡ്- ഐ.എം.ഡി.ബി പേജ്
  3. "മോനിഷയുടെ വെബ് ലോകം പേജ്". Archived from the original on 2007-04-02. Retrieved 2007-09-18.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-04-02. Retrieved 2007-09-18.

പുറത്തു നിന്നുള്ള കണ്ണികൾ

[തിരുത്തുക]