Jump to content

കെ.പി.ആർ. ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി.ആർ. ഗോപാലൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമിവി.ആർ. കൃഷ്ണയ്യർ
പിൻഗാമിഎൻ.ഇ. ബാലറാം
മണ്ഡലംതലശ്ശേരി
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപ്രഹ്ലാദൻ ഗോപാലൻ
മണ്ഡലംമാടായി
വ്യക്തിഗത വിവരങ്ങൾ
ജനനം
കുന്നത്ത് പുതിയവീട്ടിൽ രാമപുരത്ത് ഗോപാലൻ

(1909-06-00)ജൂൺ , 1909
മരണംഓഗസ്റ്റ് 5, 1997(1997-08-05) (പ്രായം 88)
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
As of നവംബർ 2, 2020
ഉറവിടം: നിയമസഭ

വടക്കേമലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു കുന്നത്ത് പുതിയവീട്ടിൽ രാമപുരത്ത് ഗോപാലൻ എന്ന കെ.പി.ആർ ഗോപാലൻ. ഒന്നാം കേരള നിയമസഭയിൽ മാടായി നിയോജകമണ്ഡലത്തെ (സി.പി.ഐ.) ഇദ്ദേഹം നിയമ സഭയിൽ പ്രതിനിധീകരിച്ചു. മൂന്നാം കേരള നിയമസഭയിൽ തലശ്ശേരിയിൽ നിന്നാണ് സി.പി.എം. പ്രതിനിധിയായി ഗോപാലൻ കേരള നിയമസഭയിലേക്കെത്തിയത്.[1]

1940-ലെ മൊറാഴ സമരത്തെ തുടർന്നു് ബ്രിട്ടീഷു് ഭരണകൂടം തൂക്കിക്കൊല്ലാൻ വിധിച്ചു. ഗാന്ധിജിയടക്കം ഇടപെട്ടതിനെ തുടർന്നു് ശിക്ഷ ഒഴിവാക്കി. 1937-ൽ രൂപംകൊണ്ട അഖില മലബാർ കർഷക സഘത്തിന്റെ പ്രധാന സംഘാടകനായിരുന്നു. മലബാർ ജില്ലാ ബോർഡംഗം (1939), കെ.പി.സി.സി. അംഗം (1937-40), 1946 മുതൽ സി.പി.ഐ. സംസ്ഥാന അംഗം, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചു. 1948-51 വരെ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കേളപ്പനൊപ്പം ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത ഗോപാലൻ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 1964-67 കാലഘട്ടത്തിൽ ദേശാഭിമാനിയുടെ മാനേജിംഗ് എഡിറ്ററായിരുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

1909 ജൂൺ ഒന്നിന് കണ്ണൂരിലെ കല്യാശ്ശേരിയിലാണ് കുന്നത്ത് പുതിയവീട്ടിൽ രാമപുരത്ത് ഗോപാലൻ എന്ന കെ.പി.ആർ.ഗോപാലൻ ജനിച്ചത്. പിതാവ് ഏറമ്പാല രയരപ്പൻ നായനാർ, മാതാവ് കുന്നത്ത് പുതിയവീട്ടിൽ പാട്ടിയമ്മ. സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.പി.ആർ. രയരപ്പനും സ്പോർട്സ് മാധ്യമപ്രവർത്തകനായിരുന്ന കെ.പി.ആർ. കൃഷ്ണനും അദ്ദേഹത്തിന്റെ അനുജന്മാരായിരുന്നു. കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.[2] രജിസ്ട്രേഷൻ വകുപ്പിൽ ഗുമസ്തനായിട്ടായിരുന്നു ആദ്യ ഉദ്യോഗം.

രാഷ്ട്രീയം

[തിരുത്തുക]

കല്യാശ്ശേരി ഹയർ എലിമെന്ററി സ്കൂളിൽ പഠിക്കാൻ വന്ന ഒരു ഹരിജൻ ബാലനെ സവർണ്ണർ ചേർന്ന് തല്ലിയോടിച്ചു. ഈ ബാലനെ തിരികെ സ്കൂളിൽ പ്രവേശിപ്പിക്കുവാൻ വേണ്ടി വലിയൊരു പ്രക്ഷോഭം തന്നെ നടക്കുകയുണ്ടായി. ഗോപാലൻ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തുകൊണ്ടാണ്. ഗാന്ധിജിയുടെ മലബാർ സന്ദർശനവും, പയ്യന്നൂരിൽ നടന്ന കോൺഗ്രസ്സിന്റെ സമ്മേളനവും ഗോപാലനെ ദേശീയപ്രസ്ഥാനത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.[3]

കോൺഗ്രസ്സിന്റെ ലഖ്നൗ സമ്മേളനപ്രകാരം സ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കപ്പെട്ട 1930 ജനുവരി 26ന്[4] കല്യാശ്ശേരിയിൽ ഗോപാലന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയുണ്ടായി. കല്യാശ്ശേരിയിൽ പോലീസിന്റെ നിരോധനഉത്തരവു ലംഘിച്ച് പൊതുസമ്മേളനം നടത്തി അറസ്റ്റിലായി. ജയിലിൽ നിന്നും പുറത്തു വന്ന ഉടനെ കോഴിക്കോട്ട് എത്തി നിയമലംഘനപ്രസ്ഥാനത്തിൽ ചേർന്നു. വീണ്ടും ജയിൽവാസമനുഷ്ഠിക്കേണ്ടി വന്നു. ജയിലിൽവെച്ചു പരിചയപ്പെട്ട ദേശീയവിപ്ലവകാരികളുമായുള്ള സഹവാസം സ്വാതന്ത്ര്യ ലബ്ധിക്കായി കോൺഗ്രസ്സ് പിന്തുടരുന്നതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു മാർഗ്ഗത്തെക്കുറിച്ച് മറ്റു പലരേയും പോലെ ഗോപാലനും ചിന്തിക്കാൻ തുടങ്ങി.[5]

കേരളത്തിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്നപ്പോൾ അതിൽ അംഗമായി ചേർന്നു. അതിനു മുമ്പ് സമാനചിന്താഗതി വച്ചു പുലർത്തിയിരുന്നു ഒന്നു രണ്ട് സംഘടനകളിലും ഗോപാലൻ പ്രവർത്തിച്ചിരുന്നു. എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ മദിരാശിയിലേക്കു പോയ പട്ടിണിജാഥയുടെ സംഘാടകരിൽ പ്രമുഖനായിരുന്നു കെ.പി.ആർ.ഗോപാലൻ. ബക്കളത്ത് നടന്ന പത്താം രാഷ്ട്രീയസമ്മേളനത്തിന്റെ ആദ്യാവസനാക്കരനായിരുന്നു ഗോപാലൻ. ഇതിനു മുമ്പ് കർഷകരെ ജന്മിമാരുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കാനായി രൂപംകൊണ്ട കൊളച്ചേരി കർഷകസംഘത്തിന്റെ പ്രവർത്തകനായിരുന്നു. കൊളച്ചേരി കർഷകസംഘം പിന്നീട് അഖില മലബാർ സംഘമായി വളർന്നപ്പോഴും അതിന്റെ മുൻ നിരയിൽ ഗോപാലനുണ്ടായിരുന്നു.[6]

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്

[തിരുത്തുക]

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായ പാറപ്പുറം സമ്മേളനത്തിൽ കെ.പി.ആറും പങ്കെടുത്തിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിനു തൊട്ടുപുറകേ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനത്തെ പോലീസ് സായുധമായി തന്നെ നേരിട്ടു. മട്ടന്നൂരും, മൊറാഴയിലും വെടിവെപ്പുണ്ടായി. മൊറാഴയിൽ പോലീസ് ഇൻസ്പെക്ടറായിരുന്ന കുട്ടികൃഷ്ണമേനോൻ മരണമടഞ്ഞു.[7] കേസ് ചാർജ്ജ് ചെയ്യപ്പെട്ട 33 പ്രതികളിൽ ഒന്നാം പ്രതി കെ.പി.ആർ ഗോപാലനായിരുന്നു. ഒളിവിൽ കഴിഞ്ഞുവെങ്കിലും ഏതാനും മാസങ്ങൾക്കകം പോലീസ് പിടിയിലായി. സെഷൻസ് കോടതി ഏഴു വർഷം തടവിനുശിക്ഷിച്ചെങ്കിലും, സർക്കാരിന്റെ അപ്പീലിന്മേൽ ഹൈക്കോടതി വധശിക്ഷയാക്കി ഉയർത്തി. നെഹ്രുവിനേപ്പോലുള്ള ദേശീയ നേതാക്കൾ വരെ ഇടപെട്ടു, പിന്നീട് വധശിക്ഷ കഠിനതടവാക്കി മാറ്റുകയും, 1946 ൽ അദ്ദേഹം ജയിൽ മോചിതനാവുകയും ചെയ്തു.[8]

ഒന്നാമത്തെ പൊതുതിരഞ്ഞെടുപ്പിൽ മാടായി നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു നിയമസഭയിലെത്തി. 1967 ൽ തലശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് വീണ്ടും നിയമസഭയിലെത്തി.[9] 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിന്റെയൊപ്പം നിന്നു. ദേശാഭിമാനി നേതൃത്വം സി.പി.ഐ(എം) ഏറ്റെടുത്തപ്പോൾ അതിന്റെ മാനേജിംഗ് എഡിറ്ററായി പ്രവർത്തിച്ചു. 1968 ൽ പാർട്ടി വിട്ട് വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപീകരിച്ചു. ഈ സമയത്ത് ജനകോടി എന്നൊരു വാരിക ആരംഭിക്കുകയുണ്ടായി. ജീവിതാവസാനം വരേയും കമ്മ്യൂണിസ്റ്റായി തന്നെ ജീവിച്ചു. ഭാര്യ വയക്കര പടന്നക്കോട്ട് കോമളവല്ലി. 1997 ഓഗസ്റ്റ് 5-ന് കെ.പി.ആർ. അന്തരിച്ചു.

അവലംബം

[തിരുത്തുക]
  1. "മൂന്നാം നിയമസഭ". കേരള സർക്കാർ.
  2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 212. ISBN 81-262-0482-6. കെ.പി.ആർ.ഗോപാലൻ
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 213. ISBN 81-262-0482-6. കെ.പി.ആർ.ഗോപാലൻ-ദേശീയപ്രസ്ഥാനത്തിലേക്ക്
  4. http://www.deshabhimani.com/news-special-aksharamuttam-latest_news-435053.html
  5. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 215. ISBN 81-262-0482-6. കെ.പി.ആർ.ഗോപാലൻ-ഇടതുപക്ഷ ചിന്താഗതികൾ
  6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 216. ISBN 81-262-0482-6. കെ.പി.ആർ.ഗോപാലൻ-കർഷകസംഘം നേതാവ്
  7. കെ.കെ.എൻ, കുറുപ്പ് (1998). മോഡേൺ കേരള - സ്റ്റഡീസ് ഇൻ സോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ്. സൗത്ത് ഏഷ്യ ബുക്സ്. p. 121-122. ISBN 978-8170990949.
  8. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 217. ISBN 81-262-0482-6. കെ.പി.ആർ.ഗോപാലൻ - മൊറാഴ വെടിവെപ്പ്
  9. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 218. ISBN 81-262-0482-6. കെ.പി.ആർ.ഗോപാലൻ - നിയമസഭാസാമാജികൻ