Jump to content

സി. അച്യുതമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി. അച്യുതമേനോൻ
സി. അച്യുതമേനോൻ
കേരളത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയുംമുഖ്യമന്ത്രി
ഓഫീസിൽ
നവംബർ 1 1969 – ഓഗസ്റ്റ് 1 1970
മുൻഗാമിഇ.എം.എസ്. നമ്പൂതിരിപ്പാട്
ഓഫീസിൽ
ഒക്ടോബർ 1 1970 – മാർച്ച് 25 1977
പിൻഗാമികെ. കരുണാകരൻ
കേരളത്തിലെ ധനകാര്യമന്ത്രി
ഓഫീസിൽ
ഏപ്രിൽ 5 1957 – ഓഗസ്റ്റ് 31 1959
പിൻഗാമിആർ. ശങ്കർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഒക്ടോബർ 4 1970 – മാർച്ച് 22 1977
മുൻഗാമിപി.എസ്. നമ്പൂതിരി
പിൻഗാമിലോനപ്പൻ നമ്പാടൻ
മണ്ഡലംകൊടകര
ഓഫീസിൽ
ഏപ്രിൽ 4 1970 – ജൂൺ 26 1970
മുൻഗാമിഇ. ചന്ദ്രശേഖരൻ നായർ
പിൻഗാമികൊട്ടറ ഗോപാലകൃഷ്ണൻ
മണ്ഡലംകൊട്ടാരക്കര
ഓഫീസിൽ
ഏപ്രിൽ 5 1957 – സെപ്റ്റംബർ 10 1964
പിൻഗാമിസി.കെ. രാജൻ
മണ്ഡലംഇരിങ്ങാലക്കുട
വ്യക്തിഗത വിവരങ്ങൾ
ജനനം
ചേലാട്ട് അച്യുതമേനോൻ

(1913-01-13)ജനുവരി 13, 1913
പുതുക്കാട്
മരണംഓഗസ്റ്റ് 16, 1991(1991-08-16) (പ്രായം 78)
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിഅമ്മിണി അമ്മ
കുട്ടികൾഒരു മകൻ രണ്ട് മകൾ
മാതാപിതാക്കൾ
  • മഠത്തിൽ വീട്ടിൽ അച്യുത മേനോൻ (അച്ഛൻ)
  • ലക്ഷ്മിക്കുട്ടിയമ്മ (അമ്മ)
വസതിപുതുക്കാട്
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 - ഓഗസ്റ്റ് 16, 1991) സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.

ജീവിത രേഖ

[തിരുത്തുക]

തൃശൂർ ജില്ലയിൽ പുതുക്കാടിനടുത്ത് രാപ്പാൾ ദേശത്ത് മഠത്തിൽ വീട്ടിൽ കുട്ടൻമേനോൻ എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനുവരി 13-ന് ജനിച്ചു [1]. റവന്യൂ ഇൻസ്പെക്ടറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. നാലാം ക്ലാസ്സു മുതൽ ബി.എ. വരെ മെരിറ്റ് സ്കോളർഷിപ്പോടുകൂടിയാണ് ഇദ്ദേഹം പഠിച്ചത്. തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാർത്ഥി എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവർണ്ണമുദ്രകൾ നേടി. ഇന്റർമീഡിയറ്റിനു റാങ്കും സ്കോളർഷിപ്പും സമ്പാദിച്ചു; ബി.എ.യ്ക്കു മദിരാശി സർവകലാശാലയിൽ ഒന്നാമനായി ജയിച്ചു.

ഉന്നതനിലയിൽ ബി.എ.പാസ്സായ മകനെ ഐ.സി.എസ് പഠനത്തിനായി ഇംഗ്ലണ്ടിലേക്കയക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും, മകന്റെ നിർബന്ധത്തിനു വഴങ്ങി നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർക്കുകയായിരുന്നു. ബി.എൽ. പരീക്ഷയ്ക്കു തിരുവനന്തപുരം ലോ കോളജിൽ ഹിന്ദുനിയമത്തിൽ ഒന്നാം സ്ഥാനം നേടി 'വി. ഭാഷ്യം അയ്യങ്കാർ സ്വർണമെഡൽ' കരസ്ഥമാക്കി. സാമ്പത്തികമായി കഷ്ടപ്പെടുന്ന തന്റെ കുടുംബത്തിന് ഒരു സഹായമാവാനായി അഭിഭാഷകനായി ജോലിക്കു ചേർന്നു. ചിലപ്പോഴൊക്കെ സത്യത്തിനു വിരുദ്ധമായി കോടതിയിൽ കേസു നടത്തേണ്ടി വരും എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് അഭിഭാഷകജോലി അത്ര തൃപ്തി നൽകിയിരുന്നില്ല. [2]

രാഷ്ട്രീയജീവിതം

[തിരുത്തുക]

തൃശ്ശൂർ കോടതിയിൽ അല്പകാലം അഭിഭാഷകനായി ജോലിചെയ്തതിനുശേഷം അദ്ദേഹം കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കൊച്ചിൻ കോൺഗ്രസ്സിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. ജില്ലാ സെക്രട്ടറിയും, പ്രസിഡന്റുമായും സേവനമനുഷ്ഠിച്ചിരുന്നു. 1937-ൽ തൃശൂരിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി ഇദ്ദേഹമായിരുന്നു. 1940 ൽ കർഷകരെ സംഘടിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെട്ടു. ഇക്കാലയളവിലാണ് വി.ആർ.കൃഷ്ണനെഴുത്തച്ഛനുമായി ചേർന്നു പ്രവർത്തിക്കുന്നത്. [3] അയിത്തത്തിനെതിരേയും, ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയിൽ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. കൊച്ചിയിൽ നടന്ന വൈദ്യുതപ്രക്ഷോഭത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിരുന്നു.[4][5] രണ്ടാംലോകമഹായുദ്ധകാലത്ത് തേക്കിൻകാട് മൈതാനിയിൽ നടത്തിയ ഒരു യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു.

1942 ഇൽ അദ്ദേഹം സി.പി.ഐ. യിൽ അംഗമായി. മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിൽ അദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തു. കൊച്ചി പ്രജാമണ്ഡലത്തിലും പിന്നീട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും തുടർന്ന് അതിന്റെ എക്സിക്യൂട്ടീവിലും കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായി. 1943 ൽ പാർട്ടി നിരോധിച്ചപ്പോൾ നാലുവർഷക്കാലത്തിലേറെ ഒളിവിൽ കഴിയേണ്ടി വന്നു. ഒളിവിലിരിക്കേ തന്നെ തൃശ്ശൂർ മുനിസിപ്പിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തു.[6]

പല തവണ തടവുശിക്ഷ അനുഭവിക്കുകയും ഒളിവിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിഞ്ഞ കാലത്താണ്, 1952-ൽ തിരു-കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1957-ലും 1960-ലും 70-ലും നടന്ന തെരഞ്ഞെടുപ്പുകളിലും ഇദ്ദേഹം വിജയം വരിച്ചു.[7] ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയിൽ (1957-59) അച്യുതമേനോൻ ധനകാര്യമന്ത്രി ആയിരുന്നു. 1968-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

കേരള മുഖ്യമന്ത്രി

[തിരുത്തുക]

മുഖ്യമന്ത്രിയെന്ന നിലയിൽ ഒരു പാട് റെക്കോർഡുകളുടെ ഉടമയാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി അദ്ദേഹമാണ് (2364) ദിവസം. കേരള നിയമസഭയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും വേറെ ആരുമല്ല. കാലാവധി പൂർത്തിയാക്കിയ ശേഷവും അടിയന്തരാവസ്ഥയെ തുടർന്ന്, ഒന്നര വർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ് മന്ത്രിയും അച്യുതമേനോൻ തന്നെ. തുടർച്ചയായി രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. ആറു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന അച്യുതമേനോൻ രാഷ്ട്രീയ സ്ഥിരതായാർന്ന ഭരണത്തിലൂടെ സംസ്ഥാനത്തെ വികസനത്തിൻ്റെ പാതയിലേയ്ക്ക് നയിച്ച പ്രഗത്ഭനായ ഭരണതന്ത്രജ്ഞനാണ്. അദ്ദേഹത്തിൻ്റെ ഭരണകാലം (1969-1970, 1970-1977) കേരളത്തിൻ്റെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. പൊതുജീവിതത്തിൽ മൂല്യബോധത്തിൻ്റെയും സൗമ്യതയുടേയും മുഖമുദ്രയായിരുന്ന ജീവിതമായിരുന്നു സി.അച്യുതമേനോൻ്റെത്. ചെറിയൊരു ഇടവേള ഒഴിച്ച് രണ്ട് തവണയായി ആകെ 2640 ദിവസം അദ്ദേഹം കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരുന്നു. [8]

1969-ൽ കേരളത്തിലെ ഐക്യമുന്നണി ഗവൺമെന്റ് രൂപവത്കരിച്ചപ്പോൾ മേനോൻ മുഖ്യമന്ത്രിയായി. 1970-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിനുശേഷവും (1977 വരെ) അച്യുതമേനോൻ തന്നെയായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പലതവണ തെരഞ്ഞെടുക്കപ്പെട്ട അച്യുതമേനോൻ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ദേശീയ കൌൺസിൽ അംഗമായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ഇദ്ദേഹം മോസ്കോ സന്ദർശിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ നാട്ട് രാജ്യവും മദ്രാസ് പ്രസിഡൻസിയും തമ്മിലുള്ള കരാർ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി തമിഴ്‌നാടുമായുള്ള മുല്ലപ്പെരിയാർ അണക്കെട്ട് കരാർ തുടരാൻ കേരളം ഒപ്പുവെച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയായിരുന്നു. ഈ ഉടമ്പടി കേരളത്തിന്റെ താൽപ്പര്യങ്ങളെ ഉന്മൂലനം ചെയ്യുകയും മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം ഇന്ന് കാണുന്ന സാഹചര്യത്തിന്റെ പ്രധാന കാരണമായി മാറുകയും ചെയ്തു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [9] [10]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1970 കൊടകര നിയമസഭാമണ്ഡലം സി. അച്യുതമേനോൻ സി.പി.ഐ എൻ.വി. ശ്രീധരൻ എസ്.ഒ.പി
1970*(1) കൊട്ടാരക്കര നിയമസഭാമണ്ഡലം സി. അച്യുതമേനോൻ സി.പി.ഐ.
1960 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം സി. അച്യുതമേനോൻ സി.പി.ഐ. പി. അച്യുതമേനോൻ പി.എസ്.പി.
1957 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം സി. അച്യുതമേനോൻ സി.പി.ഐ. കെ.ടി. അച്യുതൻ കോൺഗ്രസ് (ഐ.)

സാഹിത്യജീവിതം

[തിരുത്തുക]

പ്രതിഭാധനനായ ഒരു സാഹിത്യകാരൻകൂടിയായിരുന്നു അച്യുതമേനോൻ. ബഹുകാര്യവ്യഗ്രമായ രാഷ്ട്രീയജീവിതത്തിനിടയ്ക്ക് അനുഭവിക്കേണ്ടിവന്ന ജയിൽവാസം ഇദ്ദേഹത്തിനു ഗ്രന്ഥരചനയ്ക്ക് അവസരം നല്കി. എച്ച്.ജി. വെൽസിന്റെ ലോകചരിത്രസംഗ്രഹം പരിഭാഷയും, സോവിയറ്റ് നാടും ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ രണ്ടു ഗ്രന്ഥങ്ങളാണ്.

പ്രധാന പുസ്തകങ്ങൾ

[തിരുത്തുക]
തൃശ്ശൂർ കുട്ടനെല്ലൂരിലെ ശ്രീ. സി. അച്ചുതമേനോൻ സർക്കാർ കോളേജ് അങ്കണത്തിന്റെ പ്രവേശനകവാടം
  • ലോകചരിത്രസംഗ്രഹം (പരിഭാഷ)
  • സോവിയറ്റ് നാട്
  • കിസാൻ പാഠപുസ്തകം
  • കേരളം-പ്രശ്നങ്ങളും സാധ്യതകളും
  • സ്മരണയുടെ ഏടുകൾ
  • വായനയുടെ ഉതിർമണികൾ
  • ഉപന്യാസമാലിക
  • പെരിസ്ട്രോയിക്കയും അതിന്റെ തുടർച്ചയും
  • മനുഷ്യൻ സ്വയം നിർമ്മിക്കുന്നു (വിവർത്തനം)
  • എന്റെ ബാല്യകാലസ്മരണകൾ (ആത്മകഥ)
  • സി. അച്യുതമേനോൻ സമ്പൂർണ കൃതികൾ (15 വാല്യങ്ങൾ))

ഇവയ്ക്കുപുറമേ നിരവധി ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

ആത്മാർഥത കൊണ്ടും ആർജവം കൊണ്ടും ബഹുജനപ്രീതിനേടിയ രാഷ്ട്രീയനേതാവായിരുന്നു അച്യുതമേനോൻ. അച്യുതമേനോന്റെ കത്തുകളും ഡയറിക്കുറിപ്പുകളും മരണാനന്തരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ബാല്യകാലസ്മരണകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1978)[11] സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിക്കുകയുണ്ടായി. മികച്ച പൊതു പ്രവർത്തനത്തിനുള്ള 1991-ലെ വി. ഗംഗാധരൻ സ്മാരക അവാർഡ് അച്യുതമേനോന് ലഭിക്കുകയുണ്ടായി. ഏറെക്കാലം വാർദ്ധക്യസഹജമായ അസുഖങ്ങൾ അലട്ടിയ അച്യുതമേനോൻ 78-ആം വയസ്സിൽ 1991 ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു. അമ്മിണിയമ്മയായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്.

അവലംബം

[തിരുത്തുക]
  1. "കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ". കേരള സർക്കാർ. Archived from the original on 2012-06-05. Retrieved 2008-07-25. സി.അച്യുതമേനോൻ
  2. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 16. ISBN 81-262-0482-6. അഭിഭാഷകജോലി
  3. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 16. ISBN 81-262-0482-6. രാഷ്ട്രീയപ്രവർത്തനങ്ങൾ
  4. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 123. ISBN 978-81-87480-76-1. തൃശൂരിലെ വൈദ്യുതപ്രക്ഷോഭം
  5. കെ.പി., പത്മനാഭമേനോൻ (1996). കൊച്ചി രാജ്യ ചരിത്രം.
  6. സി., ഭാസ്കരൻ (2010). കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ. ചിന്ത പബ്ലിഷേഴ്സ്. p. 18-19. ISBN 81-262-0482-6. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ
  7. "സി.അച്യുതമേനോൻ". കേരള നിയമസഭ.
  8. Balarama Digest 2011 June 11 issue
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-23.
  10. http://www.keralaassembly.org
  11. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

ഇതും കാണുക

[തിരുത്തുക]
മുൻഗാമി കേരളത്തിലെ മുഖ്യമന്ത്രിമാർ
1969– 1977
പിൻഗാമി